Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

തന്നേക്കാൾ മകൻ വളർന്നെന്നു മനസ്സിലായപ്പോൾ പെരുന്തച്ചൻ കോംപ്ലക്‌സ് മാറ്റിവച്ചു കീഴടങ്ങി മുലായം; ഭിന്നതകൾക്കൊടുവിൽ പാർട്ടി അഖിലേഷിന്റെ സമ്പൂർണ നിയന്ത്രണത്തിലേക്ക്; ബിജെപിയുടെ സ്വപ്‌നങ്ങൾ നടന്നേക്കില്ല

തന്നേക്കാൾ മകൻ വളർന്നെന്നു മനസ്സിലായപ്പോൾ പെരുന്തച്ചൻ കോംപ്ലക്‌സ് മാറ്റിവച്ചു കീഴടങ്ങി മുലായം; ഭിന്നതകൾക്കൊടുവിൽ പാർട്ടി അഖിലേഷിന്റെ സമ്പൂർണ നിയന്ത്രണത്തിലേക്ക്; ബിജെപിയുടെ സ്വപ്‌നങ്ങൾ നടന്നേക്കില്ല

ലക്‌നോ: ലക്‌നോവിലെ വിക്രമാദിത്യ മാർഗിലുള്ള മുലായം സിങ്ങിന്റെ വസതി മരങ്ങൾ തിങ്ങിനിറഞ്ഞു കാണാൻ പറ്റാത്ത അവസ്ഥയിലാണ്. ഇതിനോടു ചേർന്നുതന്നെയുള്ള അഖിലേഷ് യാദവി തികച്ചും വ്യത്യസ്ഥമാണ്, പുറത്തുനിന്നു നോക്കിയാൽതന്നെ കാണാം. പക്ഷേ രണ്ടു ഭവനങ്ങളും അകത്തുപരസ്പരം ബന്ധിപ്പിച്ചിരിക്കുന്നു. സമാജ്‌വാദിയെന്ന കുടുംബ പാർട്ടിയും ഇതുപോലതന്നെ. അഭിപ്രായവ്യത്യാസങ്ങൾക്കിടയിലും ഉള്ളിൽ പരസ്പരം ബന്ധിക്കപ്പെട്ടിരിക്കുന്നു.

കുടുംബപ്പോരിനൊടുവിൽ പൊട്ടിത്തെറിച്ചു പിളർപ്പിലേക്കെന്നു സൂചന നല്കിയ സമാജ് വാദി പാർട്ടിയിൽ ഒടുക്കം മഞ്ഞുരുകലുണ്ടായിരിക്കുന്നു. മകൻ അഖിലേഷ് തന്നോളം വളർന്നുവെന്നു തിരിച്ചറിഞ്ഞ അച്ഛൻ മുലായം ഒടുക്കം വിട്ടുവീഴ്ചയ്ക്കു തയാറായി. പടിവാതിൽക്കലെത്തിനിൽക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ സമാജ് വാദിയിലെ ഭിന്നതകൾ മുതലാക്കാമെന്നു കരുതിയ ബിജെപിക്കാണു കാര്യങ്ങൾ തിരിച്ചടിയായിരിക്കുന്നത്.

നിയമസഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥി നിർണയവുമായി ബന്ധപ്പെട്ടാണ് സമാജ് വാദി പാർട്ടിയിൽ പൊട്ടിത്തെറിയുണ്ടായത്. അച്ഛനും മകനും ദിവസവും പോർവിളികൾ മുഴക്കി രംഗത്തെത്തിയപ്പോൾ പാർട്ടി പിളരാൻ പോകുകയാണെന്നു ദേശീയ രാഷ്ട്രീയനിരീക്ഷകർ മുഴുവൻ പ്രവചിച്ചു. എന്നാൽ എല്ലാ പ്രതീക്ഷകളും അസ്ഥാനത്താക്കിക്കൊണ്ട് ചൊവ്വാഴ്ച മുലായവും അഖിലേഷും തമ്മിൽ നടന്ന കൂടിക്കാഴ്ച പ്രശ്‌നപരിഹാരത്തിലേക്കു നയിക്കുന്നതായി.

സമാജ് വാദി പാർട്ടിയിൽ പ്രശ്‌നങ്ങൾ തലപൊക്കിത്തുടങ്ങിയത് ഇപ്പോഴൊന്നുമല്ല. മുൻ നിയമസഭാ തെരഞ്ഞെടുപ്പിൽ മുന്നിൽനിന്നു നയിച്ച് വൻ ഭൂരിപക്ഷം നേടിക്കൊടുത്ത അഖിലേഷിനു പാർട്ടിയിൽ സ്വാധീനം വർധിച്ചതു മുതൽ യാദവ കുടുംബ പാർട്ടിയിൽ അസ്വസ്ഥതകൾ തലപൊക്കിത്തുടങ്ങിയിരുന്നു. അഖിലേഷിനെ മുഖ്യമന്ത്രിയാക്കേണ്ട സ്ഥിതിയിലേക്കു കാര്യങ്ങൾ നീങ്ങിയപ്പോൾ എതിർപ്പുകളും ശക്തമായിരുന്നു. പക്ഷേ ജനങ്ങൾക്കിടയിൽ അഖിലേഷിനുള്ള സ്വാധീനം കണ്ടില്ലെന്നു നടിക്കാൻ മുലായത്തിനായില്ല. അഖിലേഷിനെ മുഖ്യമന്ത്രിയാക്കുകയെന്ന തീരുമാനം അദ്ദേഹത്തിനെടുക്കേണ്ടിവന്നു.

മുലായത്തിന്റെ സഹോദരനും സമാജ് വാദിയുടെ ഉത്തർപ്രദേശ് അധ്യക്ഷനുമായ ശിവപാൽ യാദവാണ് അഖിലേഷിനെ എതിർത്തിരുന്ന പ്രധാനി. മുഖ്യമന്ത്രിയെന്ന നിലയിൽ അഖിലേഷ് കൈക്കൊണ്ടിരുന്ന പല തീരുമാനങ്ങളിലും ശിവപാൽ യാദവിന് എതിർപ്പുണ്ടായിരുന്നു. ഏതാനും മാസങ്ങൾക്കു മുമ്പ് അഴിമതിആരോപണത്തിന്റെ പേരിൽ ശിവപാൽ യാദവിന്റെ വിശ്വസ്തരെ തന്റെ മന്ത്രിസഭയിൽനിന്ന് അഖിലേഷ് പുറത്താക്കിയത് പാർട്ടിയിലെ ഭിന്നത രൂക്ഷമാക്കി. അതിന്റെ തുടർച്ചയാണ് നിയമസഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥി നിർണയവുമായി ബന്ധപ്പെട്ട് അടുത്ത ദിവസങ്ങളിൽ സമാജ് വാദി പാർട്ടിയിൽ പുകഞ്ഞത്.

പാർട്ടി പോരിൽ സഹോദരൻ ശിവപാൽ യാദവിനൊപ്പമായിരുന്നു മുലായം. മകൻ തന്നോട് ആലോചിക്കാതെ കാര്യങ്ങൾ ചെയ്യുമ്പോൾ സഹോദരനൊപ്പം നിൽക്കുന്നതാണ് ഉചിതമായ തീരുമാനം എന്ന് അദ്ദേഹം കരുതി. അഖിലേഷിനൊപ്പമുണ്ടായിരുന്നത് അദ്ദേഹത്തിന്റെ അമ്മാവൻ രാംഗോപാൽ യാദവായിരുന്നു. ഒടുക്കം അഖിലേഷ്-രാംഗോപാൽ യാദവ് കൂട്ടുകെട്ട് സമാജാവാദിയിലെ എതിർപ്പില്ലാ ശബ്ദമായി മാറിയിരിക്കുന്നു.

ഒരു മാസത്തിനകം നടക്കാൻ പോകുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ പാർട്ടിയെ മുന്നിൽ നിന്നു നയിക്കാൻ അഖിലേഷല്ലാതെ മറ്റൊരു നേതാവില്ലെന്നതാണ് വിട്ടുവീഴ്ച ചെയ്യാൻ മുലായത്തെ പ്രേരിപ്പിച്ച കാര്യം. ഏറെ വികസനപ്രവർത്തനങ്ങളുമായി ജനങ്ങൾക്കിടയിൽ സ്വീകാര്യനാണ് അഖിലേഷ്. അദ്ദേഹത്തെ മാറ്റി നിർത്തി തെരഞ്ഞെടുപ്പിനെ നേരിടാനിറങ്ങാനുള്ള ധൈര്യം മുലായത്തിനും ശിവപാൽ യാദവിനും ഇല്ലെന്നതാണു സത്യം. തൊണ്ണൂറു ശതമാനം എംഎൽഎമാരുടെ പിന്തുണ തനിക്കുണ്ടെന്ന് അവകാശപ്പെടുന്ന അഖിലേഷ് പാർട്ടി പിളർത്തി മത്സരിച്ചാൽ മുലായവും ശിവപാലും അടുത്ത അഞ്ചുവർഷം വീട്ടിൽത്തന്നെ ചൊറിയുംകുത്തിയിരിക്കേണ്ട സ്ഥിതിയാകും. അതോടൊപ്പം തന്നെ മായാവതിയുടെ ബഹുജൻ സമാജ്‌വാദി പാർട്ടിക്കും ബിജെപിക്കും വലിയ അവസരങ്ങളായിരിക്കും ഇത് തുറന്നിടുക. എന്തായാലും അധികം സമയം എടുക്കാതെതന്നെ കാര്യങ്ങൾ തിരിച്ചറിഞ്ഞ മുലായം മകന്റെ വളർച്ചയിൽ പെരുന്തച്ഛൻ കോംപ്ലക്‌സ് കാണിക്കാതെ ബുദ്ധിപൂർവും കരുക്കൾ നീക്കിയിരിക്കുന്നു.

നിയമസഭാ തെരഞ്ഞെടുപ്പിലേക്ക് 403 പേരുടെ സ്ഥാനാർത്ഥിപട്ടികയാണ് അഖിലേഷ് ആദ്യം നല്കിയത്. എന്നാൽ, അഖിലേഷിന്റെ മന്ത്രിമാരടക്കം 46 വിശ്വസ്ത എംഎൽഎമാർക്ക് സീറ്റ് നിഷേധിച്ചാണ് മുലായവും സഹോദരൻ ശിവപാൽ യാദവും ചേർന്ന് സ്ഥാനാർത്ഥി പട്ടിക പുറത്തിറക്കിയത്. അഖിലേഷ് യാദവിനെ മുഖ്യമന്ത്രിസ്ഥാനാർത്ഥിയായി ഉയർത്തിക്കാട്ടില്ലെന്നും മുലായം വ്യക്തമാക്കി. ഇതേത്തുടർന്ന് അഖിലേഷ് അനുയായികളുടെ പ്രത്യേക യോഗം ചേർന്നു. ഒഴിവാക്കപ്പെട്ടവരെ ഉൾപ്പെടുത്തി പട്ടിക പരിഷ്‌കരിക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും മുലായവും ശിവപാലും നിരസിച്ചു. ഇതോടെ അഖിലേഷ് സ്വന്തം പട്ടിക പുറത്തിറക്കി. തിനു പിന്നാലെ മുലായം വെള്ളിയാഴ്ച വിളിച്ചുചേർത്ത യോഗത്തിൽ അഖിലേഷിനെ ആറു വർഷത്തേക്കു പാർട്ടിയിൽനിന്നു സസ്‌പെൻഡ് ചെയ്തു. എന്നാൽ അഖിലേഷ് വിഭാഗം ഇതിനോട് പ്രതികരിച്ചത് അദ്ദേഹത്തെ പാർട്ടിയുടെ ദേശീയ അധ്യക്ഷനായി തെരഞ്ഞെടുത്തു പാർട്ടി പിടിച്ചെടുത്തുകൊണ്ടായിരുന്നു. പുതിയ പദവി ഏറ്റെടുത്തതിന് തൊട്ടുപിന്നാലെ, രണ്ടുദിവസം മുമ്പ് തന്നെയും ഉറ്റ അനുയായി രാംഗോപാൽ യാദവിനെയും പാർട്ടിയിൽ നിന്ന് പുറത്താക്കിയതായി പ്രഖ്യാപിച്ച ഇളയച്ഛൻ ശിവ്പാൽ യാദവിനെ അഖിലേഷ് പാർട്ടിയുടെ യുപി അധ്യക്ഷ സ്ഥാനത്തുനിന്ന് നീക്കി. അച്ഛൻ മുലായത്തിനെ പാർട്ടി ഉപദേഷ്ടാവായി നിലനിർത്തിക്കൊണ്ടാണ് അഖിലേഷ് പാർട്ടി പിടിച്ചെടുത്തത്്. ഇതിനിടെ പാർട്ടി ചിഹ്നമായ സൈക്കിൾ സ്വന്തമാക്കാനും ഇരുപക്ഷവും ശ്രമം തുടങ്ങി.

ഇതിനിടെ, ാർട്ടി പിളരാതിരിക്കാൻ മുതിർന്ന നേതാവ് അസംഖാൻ ഇടപെട്ടു നടത്തിയ അനുരഞ്ജന ചർച്ചകളിലാണ് മുലായവും അഖിലേഷും ഒത്തുതീർപ്പു ഫോർമുല അംഗീകരിച്ചത്. ഇതുപ്രകാരം നേതാജി എന്നു വിളിക്കപ്പെടുന്ന മുലായം പാർട്ടിയുടെ സ്ഥാപക പ്രസിഡന്റായി തുടരും. വിമത യോഗത്തിൽ അച്ഛനെ വെല്ലുവിളിച്ച് ഏറ്റെടുത്ത ദേശീയ പ്രസിഡന്റ് സ്ഥാനം അഖിലേഷ് ഒഴിയും. അതേസമയം, ഒത്തു തീർപ്പു ഫോർമുലയുടെ ഭാഗമായി തന്നെ നിരന്തരം എതിർക്കുന്ന ശിവപാൽ യാദവിനെ ഉത്തർപ്രദേശിൽനിന്നുതന്നെ കെട്ടുകെട്ടികണമെന്ന് അഖിലേഷ് ആവശ്യപ്പെട്ടിട്ടുണ്ട്. പാർട്ടി പിളർപ്പൊഴിവാക്കാൻ സഹോദരനെ കയ്യൊഴിയേണ്ട അവസ്ഥിലായിരിക്കുകയാണ് മുലായം. ഇതോടൊപ്പം തെരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥികളെ നിർണയിക്കാനുള്ള അധികാരവും തനിക്കു നല്കണമെന്ന് അഖിലേഷ് ആവശ്യപ്പെട്ടിട്ടുണ്ട്. ഉപാധികളോട് മുലായം പ്രതികരിച്ചിട്ടില്ല. സ്ഥാനാർത്ഥികളെ തീരുമാനിക്കുന്നതിൽ അഖിലേഷിന്റെ അഭിപ്രായം പരിഗണിക്കാമെന്ന് മുലായം നിലപാടെടുത്തതായാണ് സൂചന.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP