Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മകൻ തന്നെ രാജാവെന്ന യാഥാർത്ഥ്യം തിരിച്ചറിഞ്ഞ് ഒടുവിൽ മുലായം കീഴടങ്ങുന്നു; തന്റെ ഭാഗക്കാരായ 38 പേരെ സ്ഥാനാർത്ഥികളാക്കാൻ മകന് മുന്നിൽ ലിസ്റ്റ് സമർപ്പിച്ച് സമാജ് വാദി പാർട്ടിയുടെ പഴയ പടക്കുതിര; ശിവ്പാലും മകനും മരുമകളും ഉൾപ്പെട്ട ലിസ്റ്റ് ഇനിയും തർക്കം ഒഴിവാക്കാൻ അഖിലേഷ് പരിഗണിച്ചേക്കും

മകൻ തന്നെ രാജാവെന്ന യാഥാർത്ഥ്യം തിരിച്ചറിഞ്ഞ് ഒടുവിൽ മുലായം കീഴടങ്ങുന്നു; തന്റെ ഭാഗക്കാരായ 38 പേരെ സ്ഥാനാർത്ഥികളാക്കാൻ മകന് മുന്നിൽ ലിസ്റ്റ് സമർപ്പിച്ച് സമാജ് വാദി പാർട്ടിയുടെ പഴയ പടക്കുതിര; ശിവ്പാലും മകനും മരുമകളും ഉൾപ്പെട്ട ലിസ്റ്റ് ഇനിയും തർക്കം ഒഴിവാക്കാൻ അഖിലേഷ് പരിഗണിച്ചേക്കും

ലക്‌നൗ: ഒടുവിൽ അച്ഛൻ മകന് പൂർണമായും കീഴടങ്ങുന്നു. തിരഞ്ഞെടുപ്പ് കമ്മീഷൻ സമാജ് വാദി പാർട്ടിയുടെ അദ്ധ്യക്ഷൻ അഖിലേഷ് യാദവ് തന്നെയെന്ന നിലപാടിലേക്ക് എത്തിയതിന് പിന്നാലെ തനിക്ക് വേണ്ടപ്പെട്ട 38 പേരെക്കൂടി പാർട്ടി സ്ഥാനാർത്ഥികളാക്കണമെന്ന് മകനുമുന്നിൽ അപേക്ഷ നൽകിയിരിക്കുകയാണ് പാർട്ടി സ്ഥാപകൻ കൂടിയായ മുലായം ഇപ്പോൾ.

അഖിലേഷിന്റെ കൈകളിലേക്ക് പാർട്ടി പൂർണമായും എത്തിയെന്ന് മുലായം തിരിച്ചറിഞ്ഞു കഴിഞ്ഞെന്നും തന്റെ ആൾക്കാരെ കൂടി സ്ഥാനാർത്ഥികൾ ആക്കണമെന്ന് അദ്ദേഹം അഭ്യർത്ഥിച്ചത് ഇതിന്റെ തെളിവാണെന്നുമുള്ള വിലയിരുത്തലിലാണ് ഇതോടെ രാഷ്ട്രീയ നിരീക്ഷകർ. ഇത് പൂർണമായും മകന് കീഴടങ്ങുന്നതിന്റെ വ്യക്തമായ ലക്ഷണമാണെന്നും പാർട്ടി തന്റെ ചൊൽപ്പടിയിൽ നിന്ന് വിട്ടുപോയന്ന യാഥാർത്ഥ്യത്തോട് അദ്ദേഹം പൊരുത്തപ്പെട്ടു കഴിഞ്ഞെന്നും ഇതോടെ വ്യക്തമാകുന്നു.

അതേസമയം, സ്ഥാനാർത്ഥി നിർണയത്തിന്റെ കാര്യത്തിൽ തുടങ്ങിയ പ്രശ്‌നങ്ങളാണ് വാസ്തവത്തിൽ സമാജ് വാദിയിലെ പ്രശ്‌നങ്ങൾക്ക് തുടക്കമിട്ടത്. ഇപ്പോഴും അത് നിലനിൽക്കുന്നതായും അഖിലേഷ് പൂർണമായും തഴഞ്ഞവരെ വീണ്ടും തിരുകി കയറ്റാനാണ് മുലായം ശ്രമിക്കുന്നതെന്നും സംസാരമുണ്ട്. എന്നാൽ കോൺഗ്രസുമായി സഖ്യത്തിലേക്ക് അഖിലേഷ് നീങ്ങുന്ന സാഹചര്യത്തിൽ ഒറ്റയ്ക്ക് മത്സരിക്കാതെ മുന്നണിയുണ്ടായാൽ എത്രത്തോളം സമാജ് വാദി അംഗങ്ങൾക്ക് സീറ്റ് ലഭിക്കുമെന്ന കാര്യത്തിൽ ഇപ്പോഴും അനിശ്ചിതത്വമുണ്ട്. അതിനിടെയാണ് അഖിലേഷിന്റെ ശത്രുവായ ഇളയച്ഛൻ ശിവ്പാൽ യാദവിന്റെ മകനും അദ്ദേഹത്തിന്റെ ഭാര്യയ്ക്കുമുൾപ്പെടെ തന്റെ പക്ഷത്തുനിന്ന് 38 പേർക്ക് പാർട്ടി സീറ്റ് നൽകണമെന്ന് ആവശ്യപ്പെട്ട് മുലായം മകന് മുന്നിൽ എത്തിയിരിക്കുന്നത്.

ഇന്നലെ വൈകീട്ട് തന്റെ ബന്ധുകൂടിയായ പാർട്ടി ജനറൽ സെക്രട്ടറി രാംഗോപാൽ യാദവിനെ സന്ദർശിച്ച് അഖിലേഷ് പാർട്ടി സ്ഥാനാർത്ഥികളുടെ അന്തിമ ലിസ്റ്റ് തയ്യാറാക്കിയെന്നാണ് സൂചനകൾ. ഏഴു ഘട്ടമായി നടക്കുന്ന തിരഞ്ഞെടുപ്പിലെ ആദ്യ രണ്ടു ഘട്ടങ്ങളിലേക്കുള്ള സ്ഥാനാർത്ഥികളെ പാർട്ടി ഇന്ന് വൈകുന്നേരത്തോടെ പ്രഖ്യാപിച്ചേക്കും.

ശിവ്പാലിന്റെ മകൻ ആദിത്യയെ ജസ്വന്ത് നഗറിൽ നിന്നും ഇളയ മരുമകളായ അപർണ യാദവിന് ലക്‌നൗവിൽ നിന്നും മത്സരിക്കാൻ അവസരം നൽകണമെന്നാണ് മുലായത്തിന്റെ പ്രധാന അഭ്യർത്ഥന. മുലായവും ശിവ്പാലും നേരത്തെ തയ്യാറാക്കിയ സ്ഥാനാർത്ഥി പട്ടികയിൽ ഉണ്ടായിരുന്ന പ്രധാനികളുടെ പേര് ഉൾപ്പെടുത്തിയാണ് ഇപ്പോൾ അഖിലേഷിന്റെ മുന്നിൽ സമർപ്പിച്ചിരിക്കുന്നത്.

മുൻ മന്ത്രി ഓം പ്രകാശ് സിങ്, നാരദ് റായി, അംബിക ചൗധരി, ഷദാബ് ഫാത്തിമ എന്നിവരുടെ പേരുകൾ ലിസ്റ്റിലുണ്ടെന്നാണ് സൂചന. അച്ഛൻ തന്ന ലിസ്റ്റിൽ നിന്നുള്ളവരെ പരമാവധി അഖിലേഷ് ഉൾക്കൊള്ളിച്ചേക്കുമെന്ന വിവരങ്ങളും പുറത്തുവരുന്നുണ്ട്. കാരണം തിരഞ്ഞെടുപ്പിന്റെ വക്കിലെത്തി നിൽക്കുമ്പോൾ പുതിയ തർക്കങ്ങൾ ഉണ്ടാകേണ്ടെന്ന നിലപാടിലേക്ക് അഖിലേഷ് എത്തിയെന്നാണ് റിപ്പോർട്ടുകൾ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP