Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

സമാധാന കരാറിന്റെ വെളിച്ചത്തിൽ ബിജെപി ഇന്ന് നാഗാലാന്റിൽ പോളിംഗിന് എത്തുന്നത് തികഞ്ഞ വിജയ പ്രതീക്ഷയോടെ; സ്ഥാനാർത്ഥികളെ നിർത്താൻ പോലും ആവാതെ കോൺഗ്രസ്; മേഖാലയിൽ ക്രിസ്ത്യൻ വികാരം തണുപ്പിക്കാൻ ആവാത്തത് ബിജെപിക്ക് തിരിച്ചടിയാകും; രണ്ട് സംസ്ഥാനങ്ങൾ ഇന്ന് തെരഞ്ഞെടുപ്പിനെ നേരിടുമ്പോൾ

സമാധാന കരാറിന്റെ വെളിച്ചത്തിൽ ബിജെപി ഇന്ന് നാഗാലാന്റിൽ പോളിംഗിന് എത്തുന്നത് തികഞ്ഞ വിജയ പ്രതീക്ഷയോടെ; സ്ഥാനാർത്ഥികളെ നിർത്താൻ പോലും ആവാതെ കോൺഗ്രസ്; മേഖാലയിൽ ക്രിസ്ത്യൻ വികാരം തണുപ്പിക്കാൻ ആവാത്തത് ബിജെപിക്ക് തിരിച്ചടിയാകും; രണ്ട് സംസ്ഥാനങ്ങൾ ഇന്ന് തെരഞ്ഞെടുപ്പിനെ നേരിടുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

ഷില്ലോംഗ്: മേഘാലയയിലും നാഗാലാൻഡിലും ഇന്നു നിയമസഭാ തെരഞ്ഞെടുപ്പ് നടക്കും. ഇരു സംസ്ഥാനങ്ങളിലും 59 മണ്ഡലങ്ങളിലേക്കാണ് ഇന്നു തെരഞ്ഞെടുപ്പ് നടക്കുക. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ നടത്തിയ വൻ പ്രചാരണമാണ് ബിജെപിയുടെ ഇത്തവണത്തെ തിരഞ്ഞെടുപ്പിലെ വിജയപ്രതീക്ഷ. എന്നാൽപോലും മേഖാലയിൽ ഉയർന്ന ക്രിസ്ത്യൻ വികാരം തണുപ്പിക്കാൻ ആവാത്തത് ബിജെപിക്ക് തിരിച്ചടിയാകമോയെന്ന ആശങ്കയും ബിജെപിക്കുണ്ട്. മാർച്ച് മൂന്നിനു ഫലം പ്രഖ്യാപിക്കും.നേരത്തെ തിരഞ്ഞെടുപ്പു നടന്ന ത്രിപുരയിലും അന്ന് വോട്ടെണ്ണും.

അസം, അരുണാചൽ പ്രദേശ്, മണിപ്പുർ എന്നീ സംസ്ഥാനങ്ങൾ പിടിച്ചെടുത്ത ബിജെപി വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ നടത്തിയ ഹൈ വോൾട്ടേജ് പ്രചാരണമാണ് ഇത്തവണത്തെ തിരഞ്ഞെടുപ്പിന്റെ സവിശേഷത. മേഘാലയയിൽ കഴിഞ്ഞ പത്തു വർഷമായി കോൺഗ്രസ് സർക്കാരാണു ഭരിക്കുന്നത്. നാഗാലാൻഡിൽ ഒരു മണ്ഡലത്തിൽ സ്ഥാനാർത്ഥി എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. മേഘാലയയിൽ സ്ഥാനാർത്ഥിയുടെ നിര്യാണത്തെത്തുടർന്ന് ഒരു മണ്ഡലത്തിൽ തെരഞ്ഞെടുപ്പ് മാറ്റിവച്ചിരിക്കുകയാണ്.

നാഗാ സമാധാനശ്രമങ്ങളാണ് ഇത്തവണത്തെ തിരഞ്ഞെടുപ്പിന്റെ മുഖ്യവിഷയം. വിശാല നാഗാലാൻഡിനായി പ്രക്ഷോഭം നടത്തുന്ന തീവ്രഗ്രൂപ്പുകളുമായി സമാധാനക്കരാർ ഒപ്പിട്ടത്തിനു ശേഷമുള്ള ആദ്യ നിയമസഭാ തിരഞ്ഞെടുപ്പാണിത്. അസം, അരുണാചൽ പ്രദേശ്, മണിപ്പൂർ എന്നീ സംസ്ഥാനങ്ങളിലെയും മ്യാന്മാറിലെയും ജീവിക്കുന്ന നാഗർമാരെക്കൂടി ഉൾപ്പെടുത്തി വിശാല നാഗാലാൻഡിനു വേണ്ടി കലാപങ്ങൾ സൃഷ്ടിക്കുന്ന തീവ്രവാദ ഗ്രൂപ്പുകളുമായി 2015ൽ ആണു കരാർ ഒപ്പിടുന്നത്. കരാറിനെ ചരിത്രസംഭവമായി വിശേഷിപ്പിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി വാഗ്ദാനങ്ങളുടെ പെരുമഴയാണ് നൽകിയിട്ടുള്ള്.

കഴിഞ്ഞ തവണ 11 സീറ്റിൽ മൽസരിച്ച ബിജെപി ഒരു സീറ്റിലാണു ജയിച്ചത്. ജയിച്ച എല്ലാ കോൺഗ്രസ് എംഎൽഎമാരും ഭരണകക്ഷിയായ നാഗാലാൻഡ് പീപ്പിൾസ് ഫ്രണ്ടിൽ(എൻപിഎഫ്)ചേരുകയും എൻസിപിയുടെ മൂന്ന് എംഎൽഎമാർ തങ്ങളോടൊപ്പം ചേരുകയും ചെയ്തതോടെ നാാഗാലാൻഡിലെ ഏറ്റവും വലിയ രണ്ടാത്തെ പാർട്ടിയെന്ന ബഹുമതി മിന്നൽ വേഗത്തിലാണു ബിജെപിക്കു ലഭിച്ചത്. വികസനവും സുസ്ഥിര ഭരണവും തിരഞ്ഞെടുപ്പ് വിഷമായി ഉയർത്തിക്കൊണ്ടു വരാൻ ഇത്തവണ ഇവിടെ ബിജെപിക്ക് കഴിഞ്ഞിട്ടുമുണ്ട്.

എത്രയെത്ര കന്യാസ്ത്രീകളെയും അച്ചന്മാരെയുമാണ് അന്യനാടുകളിൽ നിന്നു രക്ഷപ്പെടുത്തി ഇന്ത്യയിലെത്തിച്ചതെന്ന് മേഘാലയയിലെ ഗാരോ കുന്നുകളിലുമെത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി വികാരഭരിതനായി പറഞ്ഞെങ്കിലും മേഘാലയയിൽ ബിജെപി നേരിടുന്നതു കടുത്ത വെല്ലുവിളി. ന്യൂനപക്ഷവിരുദ്ധരെന്ന ഇമേജിൽ നിന്നു രക്ഷപ്പെടാൻ ബിജെപി നേതൃത്വം ആഞ്ഞുശ്രമിക്കുന്നുണ്ടെങ്കിലും ജനസംഖ്യയുടെ 83 ശതമാനം ക്രിസ്ത്യൻ വിശ്വാസികളുള്ള മേഘാലയയിൽ പാർട്ടിക്ക് അസുഖകരങ്ങളായ ഒട്ടേറെ ചോദ്യങ്ങൾ നേരിടേണ്ടിവരുന്നു.

കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 58 സീറ്റിൽ മൽസരിച്ച കോൺഗ്രസ് എട്ടെണ്ണത്തിൽ ജയിച്ചിരുന്നു. ഇത്തവണ 23 പേർ മൽസര രംഗത്തുണ്ടായിരുന്നെങ്കിലും അഞ്ചു പേർ പിന്നീടു പിന്മാറി. തിരഞ്ഞെടുപ്പിനു ശേഷം സഖ്യമുണ്ടാക്കുന്നതിനെക്കുറിച്ച് എൻപിഎഫുമായി കോൺഗ്രസ് രഹസ്യചർച്ചകളും നടത്തിയിട്ടുണ്ട്.

രാഷ്ട്രീയ അനിശ്ചിതാവസ്ഥയുള്ള മേഘാലയയിൽ കഴിഞ്ഞ കുറെക്കാലമായി പ്രാദേശിക പാർട്ടികളും സ്വതന്ത്രരുമാണ് ആരു ഭരിക്കണമെന്നു തീരുമാനിക്കുന്നത്. ടോസിട്ട് മന്ത്രിയെ തീരുമാനിക്കുക, ജയിച്ച സ്വതന്ത്രനെ മുഖ്യമന്ത്രിയാക്കുക തുടങ്ങിയ അപൂർവതകളുള്ള മേഘാലയ രാഷ്ട്രീയത്തിൽ ഇത്തവണ കരുത്തരായ പ്രാദേശിക പാർട്ടികൾ കൂടുതൽ പ്രതീക്ഷകളുമായി മത്സരരംഗത്തുണ്ട്.

നാഗാലാൻഡിൽ പ്രാദേശിക പാർട്ടിയായ നാഗാലാൻഡ് പീപ്പിൾസ് ഫ്രണ്ടും. നാഗാലാൻഡിലും മേഘാലയയിലും ത്രികോണ മൽസരമാണ്. കോൺഗ്രസിനും ബിജെപിക്കും പുറമെ പ്രാദേശിക കക്ഷികളും കരുത്തു പ്രകടിപ്പിക്കുന്നു. മേഘാലയയിൽ കോൺഗ്രസിനും ബിജെപിക്കും ശക്തമായ വെല്ലുവിളിയുമായി പ്രാദേശിക പാർട്ടിയായ നാഷനൽ പീപ്പിൾസ് പാർട്ടിയുണ്ട്. യുണൈറ്റഡ് ഡെമോക്രാറ്റിക് പാർട്ടി (യുഡിപി), ഹിൽ പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടി (എച്ച്എസ്‌പിഡിപി), ഗാരോ നാഷനൽ കൗൺസിൽ (ജി എൻസി )എന്നിവർ അപൂർവമായ പ്രാദേശിക പാർട്ടികളുടെ കൂട്ടുകെട്ടും തിരഞ്ഞെടുപ്പിന് മുമ്പായി രൂപീകരിച്ചിരുന്നു. ക്രൈസ്തവരുടെ വോട്ടാണു മേഘാലയയുടെ ഗതി നിർണയിക്കുക. ഒറ്റയ്ക്കു മൽസരിക്കുന്ന ബിജെപി തിരഞ്ഞെടുപ്പിനു ശേഷവും കൂട്ടുകെട്ടുണ്ടാക്കില്ലെന്നു പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും എൻപിപിയുമായി രഹസ്യധാരണയുണ്ടെന്ന് എതിരാളികൾ ആക്ഷേപിക്കുന്നു.

നാഗാലാൻഡിൽ പുതുതായി രൂപീകരിച്ച നാഷനലിസ്റ്റ് ഡെമോക്രാറ്റിക് പീപ്പിൾസ് പാർട്ടിയുമായി (എൻഡിപിപി) ചേർന്നാണു ബിജെപി മൽസരിക്കുന്നത്. ഭരണകക്ഷിയായ എൻപിഎഫ് ഒറ്റയ്ക്കു മൽസരിക്കുന്നു. 60 അംഗ സഭയിൽ 18 സീറ്റിൽ മാത്രമാണു കോൺഗ്രസ് മൽസരിക്കുന്നത്. നാഗാ സമാധാനശ്രമങ്ങളാണ് തിരഞ്ഞെടുപ്പിന്റെ മുഖ്യവിഷയം. വിശാല നാഗാലാൻഡിനായി പ്രക്ഷോഭം നടത്തുന്ന തീവ്രഗ്രൂപ്പുകളുമായി സമാധാനക്കരാർ ഒപ്പിട്ടതിനു ശേഷമുള്ള ആദ്യത്തെ നിയമസഭാ തിരഞ്ഞെടുപ്പാണിത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP