Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ആദ്യം ഗാന്ധിജി; പിന്നെ നെഹ്‌റു, ഇപ്പോൾ ഇന്ദിരയും: ദേശീയ ബിംബങ്ങളെയും മോദി കൊണ്ട് പോകുന്നു; പ്രതിഷേധിക്കാൻ പോലും ആവാതെ കോൺഗ്രസ്സ് നേതൃത്വം

ആദ്യം ഗാന്ധിജി; പിന്നെ നെഹ്‌റു, ഇപ്പോൾ ഇന്ദിരയും: ദേശീയ ബിംബങ്ങളെയും മോദി കൊണ്ട് പോകുന്നു; പ്രതിഷേധിക്കാൻ പോലും ആവാതെ കോൺഗ്രസ്സ് നേതൃത്വം

മോദി അധികാരത്തിൽ ഏറിയപ്പോൾ കോൺഗ്രസ്സുകാർ പ്രതീക്ഷിച്ചത് കോൺഗ്രസ്സിന്റെ ബിംബങ്ങൾ എല്ലാം അടർത്തി മാറ്റുമെന്നായിരുന്നു. അത്തരത്തിൽ ആയിരുന്നു മോദിയുടെ തുടക്കവും. നെഹ്‌റു - ഗാന്ധി കുടുംബത്തിന്റെ പേരിൽ രാജ്യത്ത് പ്രഖ്യാപിച്ച പദ്ധതികളിൽ പലതിന്റെയും പേര് സംഘപരിവാര നേതാക്കളുടെ പേരിലേക്ക് മാറ്റിയപ്പോൾ കോൺഗ്രസ്സുകാർ പ്രതിഷേധത്തിന് പടകൂട്ടിയതാണ്. മാദ്ധ്യമങ്ങളും ആ വഴിക്ക് മാത്രമെ ചിന്തിച്ചിരുന്നുള്ളു. എന്നാൽ മോദി പെട്ടന്ന് തന്ത്രം മാറ്റിയിരിക്കുന്നു. കോൺഗ്രസ്സിന്റെ ബിംബങ്ങൾ ജനവികാരം ഉയർത്തുന്ന ദേശീയ ബംബങ്ങൾ ആണെങ്കിൽ അവയൊക്കെ കോൺഗ്രസ്സുകാരേക്കാൾ മാന്യമായി പ്രചരിപ്പിച്ച് സ്വന്തമാക്കാൻ ആണ് മോദിയുടെ കൂർമ്മ ബുദ്ധിയുടെ തീരുമാനം. അങ്ങനെയാണ് ഗാന്ധി ജയന്തിയെ ദേശീയ ആഘോഷമാക്കി മോദി കയ്യടി നേടിയത്. ഇതാ ഇപ്പോൾ കോൺഗ്രസ്സിന്റെ സ്വന്തമായ നെഹ്‌റുവിനെയും ഇന്ദിരയെയും സ്വന്തമാക്കാൻ മോദി ഒരുങ്ങുന്നു. പ്രതിഷേധിക്കാൻ പോലും ആവാത്ത നിരാശയിലാണ് കോൺഗ്രസ്സ് ഇപ്പോൾ.

കോൺഗ്രസ് ഭരിക്കുന്ന ഹരിയാനയിൽ ഒരു തെരഞ്ഞെടുപ്പു റാലിയിൽ മോദി നടത്തിയ പ്രസംഗത്തിൽ കോൺഗ്രസിനെ കടന്നാക്രമിച്ചപ്പോൾ തന്നെ മുൻ പ്രധാനമന്ത്രിമാരായ ജവഹർലാൽ നെഹ്‌റുവും ഇന്ദിരാ ഗാന്ധിയും കുട്ടികളെ ആരോഗ്യകരമായ ജീവിതം നയിക്കാൻ പ്രചോദിപ്പിച്ചിരുന്നവരാണെന്ന് പറയാനും മോദി സങ്കോചം കാണിച്ചില്ല. മാത്രവുമല്ല, ഈ കോൺഗ്രസ് നേതാക്കളുടെ ജന്മദിനത്തോടനുബന്ധിച്ച് രാജ്യത്തുടനീളമുള്ള സ്‌കൂളുകളിൽ പ്രത്യേക പരിപാടിയും പ്രധാനമന്ത്രി പ്രഖ്യാപിച്ചു. നെഹ്‌റുവിന്റെ ജന്മദിനമായ നവംബർ 14 മുതൽ ഇന്ദിരാ ഗാന്ധിയുടെ ജന്മദിനമായ നവംബർ 19 വരെ കുട്ടികൾക്കു വേണ്ടിയുള്ള പ്രത്യേക പ്രചാരണം നടത്താനാണ് മോദി ആഹ്വാനം ചെയ്തത്. 'ഈ അഞ്ചു ദിവസങ്ങളിൽ എല്ലാ സ്‌കൂളുകളിലും അംഗൻവാടികളുലും ശുചിത്വ പ്രാചരണം സംഘടിപ്പിക്കണം. നമ്മുടേത് തൊട്ടുകൂടായ്മയുടെ രാഷ്ട്രീയമല്ല,' മോദി പറഞ്ഞു.

ആ ദിവസം 'ചാഛ നെഹ്‌റു'വിനെ അനുസ്മരിക്കാനും മോദി കുട്ടികളോടാവശ്യപ്പെട്ടപ്പോൾ അത് നെഹ്‌റുവിനോടുള്ള അപ്രതീക്ഷിത ബഹുമാന പ്രകടനവുമായി. തുടർച്ചയായി വന്ന കോൺഗ്രസ് സർക്കാരുകൾ സുപ്രധാന സംഭാവനകൾ നൽകിയ നേതാക്കളായ നെഹ്‌റുവിനെയും ഇന്ദിരയെയും മുതലെടുത്തുവെന്ന് മോദി കരുതുന്നുണ്ടാകാമെന്ന് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു. ഈ മുറുമുറുപ്പ് കോൺഗ്രസ് ഇതര മറ്റു പാർട്ടികളും പങ്കുവയ്ക്കുന്നുണ്ടെങ്കിലും നെഹ്‌റുവിന്റേയും ഇന്ദിരയുടേയും പൈത്യകവുമായുള്ള ബിജെപിയുടെ പോരിന് മറ്റൊരു അടിസ്ഥാനമാണുള്ളത്. മതേതരത്വവും സോഷ്യലിസവും സംബന്ധിച്ച അഭിപ്രായ ഐക്യത്തോടുള്ള എതിർപ്പാണത്.

കഴിഞ്ഞ വർഷം ഒക്ടോബറിൽ ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ അന്നത്തെ പ്രധാനമന്ത്രി മന്മോഹൻ സിംഗിനെ വേദിയിലിരുത്തി മോദി നെഹ്‌റുവിനെതിരേ ഒളിയമ്പെറിഞ്ഞിരുന്നു. സർദാർ പട്ടേൽ രാജ്യത്തിന്റെ പ്രഥമ പ്രധാനമന്ത്രിയായിരുന്നെങ്കിൽ ഇന്ത്യയുടെ വിധിയും മുഖവും മറ്റൊന്നാകുമെന്നായിരുന്നു മോദി പറഞ്ഞത്. നെഹ്‌റു രൂപം നൽകിയ സംവിധാനത്തിനെതിരേ നേരിട്ടൊരു ആക്രമണത്തിന് മോദി മുതിർന്നിട്ടില്ലെങ്കിലും ആസൂത്രണ കമ്മീഷൻ പിരിട്ടുവിട്ടതുൾപ്പെടെയുള്ളവ ആ വഴിക്കുള്ള നീക്കങ്ങളായി വിലയിരുത്തപ്പെട്ടു. എന്നാൽ കഴിഞ്ഞ ദിവസം മോദിയുടെ സ്വരമാകെ മാറി.

'പണ്ഡിറ്റ് നെഹറുവിന്റെ 125-ാം ജന്മദിനം ആഘോഷിക്കുമ്പോൾ എല്ലാ സ്‌കൂളുകളും കുട്ടികൾക്ക് ശുചിത്വത്തെ കുറിച്ചുള്ള പാഠങ്ങൾ പകർന്നു കൊടുക്കണം,' എല്ലാ സ്‌കൂളുകളോടും ഇതിന്റെ ഭാഗമാകാൻ ആവശ്യപ്പെട്ടു കൊണ്ട് മോദി പറഞ്ഞു. 'നെഹ്‌റുവിനോട് ബഹുമാനമുള്ളവരെല്ലാം ഈ അഞ്ചു ദിവസത്തെ ശുചിത്വ പരിപാടിയിൽ സ്‌കൂൾ കുട്ടികളോടൊപ്പം പങ്കാളികളാകണം,' മോദി കൂട്ടിച്ചേർത്തു. ഗാന്ധി ജയന്തിയോടനുബന്ധിച്ച് ദേശവ്യാപകമായി പ്രധാനമന്ത്രി മോദി ആഹ്വാനം ചെയ്ത ശുചിത്വ പ്രചാരണം മോദി നടത്തുന്ന മുതലെടുപ്പാണെന്ന് കോൺഗ്രസ് ആരോപിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഇപ്പോൾ നെഹ്‌റുവിനെയും ഇന്ദിരയെയും കൂടി മോദി വാഴ്‌ത്തിയിരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP