Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കോൺഗ്രസ് സംഘടനാ തെരഞ്ഞെടുപ്പുകൾ മരവിപ്പിക്കാൻ എഐസിസി തീരുമാനം; തിരിച്ചടി കിട്ടിയത് സുധീരനെ പുറത്താക്കാൻ കച്ചകെട്ടിയിറങ്ങിയ ഗ്രൂപ്പുനേതാക്കൾക്ക്

കോൺഗ്രസ് സംഘടനാ തെരഞ്ഞെടുപ്പുകൾ മരവിപ്പിക്കാൻ എഐസിസി തീരുമാനം; തിരിച്ചടി കിട്ടിയത് സുധീരനെ പുറത്താക്കാൻ കച്ചകെട്ടിയിറങ്ങിയ ഗ്രൂപ്പുനേതാക്കൾക്ക്

ന്യൂഡൽഹി: ഗ്രൂപ്പുകളികളിലൂടെ കെപിസിസി പ്രസിഡന്റ് വി എം സുധീരനെ പുകച്ചു പുറത്തുചാടിക്കാൻ ശ്രമിക്കുന്ന കേരളത്തിലെ എ-ഐ നേതാക്കൾക്കു കനത്ത തിരിച്ചടിയായി എഐസിസി തീരുമാനം. കോൺഗ്രസ് സംഘടനാ തെരഞ്ഞെടുപ്പുകൾ തൽക്കാലത്തേക്കു മരവിപ്പിക്കാനാണ് എഐസിസി തീരുമാനിച്ചത്. ഇന്നു ഡൽഹിയിൽ ചേർന്ന കോൺഗ്രസ് പ്രവർത്തക സമിതിയിലാണ് തീരുമാനം.

പ്രസിഡന്റിനെ തെരഞ്ഞെടുക്കാൻ സമവായ സാധ്യതകൾ പരിശോധിക്കാമെന്ന നിലപാടിലാണ് എഐസിസി. ഇതിനുശേഷം തെരഞ്ഞെടുപ്പു മതിയെന്ന തീരുമാനത്തിലാണ് എഐസിസി എത്തിയത്. സംഘടനാ തെരഞ്ഞെടുപ്പിനു മുമ്പ് എഐസിസി സമ്മേളനം ചേരാനും ധാരണയായി.

മദ്യനയത്തിന്റെ പേരിൽ ഒറ്റപ്പെട്ട കെപിസിസി പ്രസിഡന്റ് വി എം സുധീരനെ പുകച്ചു പുറത്തുചാടിക്കാൻ തെരഞ്ഞെടുപ്പിലൂടെ കഴിയുമെന്ന ഗ്രൂപ്പു നേതാക്കളുടെ വിശ്വാസത്തിന്റെ കടയ്ക്കലാണ് എഐസിസി കത്തിവച്ചത്. സമവായ സാധ്യതകൾ പരിഗണിച്ചശേഷം മാത്രം തെരഞ്ഞെടുപ്പെന്ന ലക്ഷ്യം ഒടുവിൽ വിരൽ ചൂണ്ടുക വി എം സുധീരനിലേക്കു തന്നെയാകും. മദ്യനയത്തിന്റെ കാര്യത്തിൽ കടുംപിടിത്തം പിടിക്കുന്ന സുധീരനെ തെരഞ്ഞെടുപ്പിന്റെ പേരിൽ തളയ്ക്കാമെന്ന ധാരണയിലായിരുന്നു എ-ഐ ഗ്രൂപ്പു നേതാക്കൾ. എഐസിസി തീരുമാനം വന്നതോടെ സുധീരനെതിരെ കരുക്കൾ നീക്കിയിരുന്ന കേരളത്തിലെ പ്രധാന നേതാക്കളെല്ലാം പ്രതിസന്ധിയിൽ ആയിരിക്കുകയാണ്.

അതിനിടെ, രാഹുൽ ഗാന്ധി എഐസിസി ഉപാധ്യക്ഷനായി തുടരുമെന്ന തീരുമാനവും പ്രവർത്തക സമിതി കൈക്കൊണ്ടു. രാഹുൽ ഗാന്ധിയെ വർക്കിങ് പ്രസിഡന്റ് ആക്കിയേക്കുമെന്ന തരത്തിൽ ഉയർന്ന അഭ്യൂഹങ്ങൾക്ക് വിരാമിട്ടാണ് പ്രവർത്തക സമിതി യോഗം അവസാനിച്ചത്. ഈ വിഷയം യോഗം ചർച്ച ചെയ്തില്ലെന്ന് നേതാക്കൾ പറഞ്ഞു. നേരത്തെ രാഹുലിനെ വർക്കിങ് പ്രസിഡന്റ് ആക്കണമെന്ന് ദിഗ്‌വിജയ് സിങ് അടക്കമുള്ള നേതാക്കൾ ആവശ്യപ്പെട്ടിരുന്നു. ഡൽഹി തെരഞ്ഞെടുപ്പു ചുമതല അജയ് മാക്കനു നൽകാനും ധാരണയായി.

സംഘടനാപരമായി പാർട്ടിയെ ശക്തിപ്പെടുത്താൻ വേണ്ട നടപടികൾ സ്വീകരിക്കണമെന്നും യോഗത്തിൽ ആവശ്യമുയർന്നു. ബിജെപി സർക്കാരിനെതിരായ പ്രക്ഷോഭങ്ങൾ ശക്തിപ്പെടുത്താനും യോഗത്തിൽ തീരുമാനിച്ചു. ഭൂമി ഏറ്റെടുക്കൽ നിയമഭേദഗതിക്കും ഓർഡിനൻസ്‌രാജിനും എതിരെ പാർട്ടി സമരം ചെയ്യും.

നിലവിലെ സംഘടനാരീതിയിൽ പാർട്ടിക്ക് മുന്നോട്ടുപോകാൻ കഴിയില്ലെന്ന വികാരമാണ് നാല് മണിക്കൂർ നീണ്ടു നിന്ന യോഗത്തിൽ പൊതുവെ ഉയർന്നുവന്നത്. സംഘടനാപരമായി പാർട്ടിയെ ശക്തിപ്പെടുത്തുന്നതിനുള്ള ശ്രമങ്ങൾ സംസ്ഥാന തലത്തിൽ നിന്നു തന്നെ ആരംഭിക്കണമെന്ന് പാർട്ടി അധ്യക്ഷ സോണിയാഗാന്ധി പറഞ്ഞു. പൊതുവെ കോൺഗ്രസ് പാവങ്ങൾക്ക് എതിരാണെന്ന വികാരം സമൂഹത്തിലുണ്ടെന്നും ഇത് മാറ്റാൻ പാവങ്ങൾക്കൊപ്പം നിന്ന് പ്രവർത്തിക്കണമെന്ന് അഭിപ്രായം ഉയർന്നു. വിലക്കയറ്റം, എണ്ണവില തുടങ്ങിയ കാര്യങ്ങളെ കുറിച്ചും ചർച്ച യോഗം ചർച്ച ചെയ്തു. മന്മോഹൻ സിങ് സംസാരിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP