Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വെള്ളിയാഴ്ച നിയമസഭ വിളിച്ച് വിശ്വാസവോട്ടെടുപ്പ് നടത്താനുള്ള ആലോചനയിൽ ഗവർണർ; സർക്കാർ രൂപീകരിക്കാൻ അവകാശവാദം ഉന്നയിച്ച് പളനിസ്വാമിയും പനീർശെൽവവും ഗവർണറെ കണ്ടു; 124 എംഎൽഎമാരുടെ പിന്തുണയുണ്ടെന്ന് ശശികലയുടെ വിശ്വസ്തന്റെ അവകാശവാദം

വെള്ളിയാഴ്ച നിയമസഭ വിളിച്ച് വിശ്വാസവോട്ടെടുപ്പ് നടത്താനുള്ള ആലോചനയിൽ ഗവർണർ; സർക്കാർ രൂപീകരിക്കാൻ അവകാശവാദം ഉന്നയിച്ച് പളനിസ്വാമിയും പനീർശെൽവവും ഗവർണറെ കണ്ടു; 124 എംഎൽഎമാരുടെ പിന്തുണയുണ്ടെന്ന് ശശികലയുടെ വിശ്വസ്തന്റെ അവകാശവാദം

ചെന്നൈ: അഴിമതിക്കേസിൽ ശിക്ഷിക്കപ്പെട്ട ശശികല ജയിലിനുള്ളിലായതോടെ തമിഴ്‌നാട്ടിൽ അധികാര വടംവലി ഒ.പനീർശെൽവവും എടപ്പാടി കെ. പളനിസ്വാമിയും തമ്മിലായി. ശശികല പക്ഷം അണ്ണാഡിഎംകെ നിയമസഭാകക്ഷി നേതാവായി തെരഞ്ഞെടുത്ത എടപ്പാടി കെ. പളനിസ്വാമിയും വിമതശബ്ദം ഉയർത്തിയ കാവൽ മുഖ്യമന്ത്രി ഒ. പനീർശെൽവവും ഗവർണർ സി. വിദ്യാസാഗർ റാവുവുമായി കൂടിക്കാഴ്ച നടത്തി. 124 എംഎൽഎമാരുടെ പിന്തുണയുണ്ടെന്നും തന്നെ മന്ത്രിസഭ രൂപീകരിക്കാൻ ക്ഷണിക്കണമെന്നും വീണ്ടും പളനിസ്വാമി ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം ഗവർണറുമായി കൂടിക്കാഴ്ച നടത്തിയപ്പോഴും പളനിസ്വാമി ഇതേ ആവശ്യമായിരുന്നു മുന്നോട്ടുവച്ചത്.

ഏഴു മുപ്പതോടെയാണ് പളനിസ്വാമി കൂടിക്കാഴ്ചയ്ക്ക് എത്തിയത്. തൊട്ടു പിന്നാലെ കാവൽ മുഖ്യമന്ത്രി പനീർസെൽവവും രാജ്ഭവനിലെത്തി ഗവർണറെ കണ്ടു. തുടർന്ന് രാജ്ഭവനു പുറത്തേക്ക് കാറിൽപോയ പനീർശെൽവം മാദ്ധ്യമപ്രവർത്തകരോടു സംസാരിക്കാൻ തയാറായില്ല.

അതിനിടെ, വെള്ളിയാഴ്ച ഗവർണർ വിശ്വാസവോട്ടെടുപ്പ് നടത്തിയേക്കുമെന്ന് റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്. ഇരുപക്ഷത്തോടും പിന്തുണയ്ക്കുന്ന എംഎൽഎമാരുടെ പട്ടിക നൽകാൻ ഗവർണർ ആവശ്യപ്പെട്ടുവെന്നാണ് സൂചന.

മഹാബലിപുരത്ത് എംഎൽഎമാരെ പാർപ്പിച്ചിരിക്കുന്ന റിസോർട്ടിൽ ചേർന്ന അണ്ണാ ഡിഎംകെ നിയമസഭാകക്ഷി യോഗമാണ് എടപ്പാടി കെ.പളനിസാമിയെ പുതിയ നേതാവായി തിരഞ്ഞെടുത്തത്. അനധികൃത സ്വത്തു സമ്പാദനക്കേസിൽ വിധി ശശികലയ്ക്കു പ്രതികൂലമായതിനെ തുടർന്നായിരുന്നു ഇത്.

124 എംഎൽഎമാരുടെ പിന്തുണയുണ്ടെന്നാണ് ശശികല പക്ഷത്തിന്റെ അവകാശവാദം. എന്നാൽ, നിയമസഭയിൽ ശക്തിതെളിയിക്കുമെന്നാണ് പനീർസെൽവത്തിന്റെ വാദം. ഇതോടെ, സർക്കാർ രൂപീകരിക്കാൻ ഗവർണർ ആദ്യം ആരെ ക്ഷണിക്കുമെന്നത് നിർണായകമായി.

എംപിമാരുടെ പിന്തുണയുണ്ടെങ്കിലും പതിനൊന്ന് എംഎൽഎമാരാണ് പനീർശെൽവത്തോടൊപ്പം ഇപ്പോഴുള്ളത്. ശശികല ജയിലിലായതോടെ കൂടുതൽ എംഎൽഎമാരുടെ പിന്തുണ തങ്ങൾക്ക് ലഭിക്കുമെന്നാണ് പനീർശെൽവം വിഭാഗം പ്രതീക്ഷിക്കുന്നത്.

ശശികല വിഭാഗം എംഎൽഎമാർ പളനിസാമിയെ പിന്തുണച്ച് കൂവത്തൂരിലെ റിസോർട്ടിൽ തന്നെ തുടരുകയാണ്. പുതിയ സർക്കാരുണ്ടാകുന്നതുവരെ റിസോർട്ടിൽ തുടരുമെന്നാണ് എംഎൽഎമാരുടെ നിലപാട്. വൈകിട്ട് നാലു മണിക്കു മുൻപ് റിസോർട്ട് ഒഴിഞ്ഞില്ലെങ്കിൽ ബലം പ്രയോഗിക്കുമെന്ന് പൊലീസ് മുന്നറിയിപ്പ് നൽകിയിരുന്നു. ഉത്തരമേഖലാ ഐജിയും കാഞ്ചീപുരം എസ്‌പിയും എംഎൽഎമാരുമായി സംസാരിച്ചെങ്കിലും ഫലമുണ്ടായില്ല. ഇടയ്ക്ക് പൊലീസും എംഎൽഎമാരും തമ്മിൽ വാക്കേറ്റമുണ്ടാവുകയും ചെയ്തു. റിസോർട്ടിന് പുറത്ത് ഇപ്പോഴും കനത്ത പൊലീസ് സന്നാഹം തുടരുകയാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP