Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മോദിയുടെ വിദ്യാഭ്യാസ യോഗ്യത വിവാദം ആക്കാനുള്ള കെജരീവാളിന്റെ ശ്രമം നടന്നേക്കില്ല; ഒന്നാം ക്ലാസിൽ മോദി ബിരുദാനന്തര ബിരുദം നേടിയിട്ടുണ്ടെന്ന് വ്യക്തമാക്കുന്ന സൂചനകൾ പുറത്ത്

മോദിയുടെ വിദ്യാഭ്യാസ യോഗ്യത വിവാദം ആക്കാനുള്ള കെജരീവാളിന്റെ ശ്രമം നടന്നേക്കില്ല; ഒന്നാം ക്ലാസിൽ മോദി ബിരുദാനന്തര ബിരുദം നേടിയിട്ടുണ്ടെന്ന് വ്യക്തമാക്കുന്ന സൂചനകൾ പുറത്ത്

മറുനാടൻ മലയാളി ബ്യൂറോ

അഹമ്മദാബാദ്: പ്രധാനമന്ത്രി നരേന്ദ്ര മോദി ബിരുദാനന്തര ബിരുദധാരിയെന്ന് റിപ്പോർട്ടുകൾ. 1983 ൽ പൊളിറ്റിക്കൽ സയൻസിൽ മോദി ബിരുദാനന്തര ബിരുദം നേടിയിട്ടുണ്ടെന്നാണ് വെളിപ്പെടുത്തൽ.ഗുജറാത്ത് സർവ്വകലാശാല വൈസ് ചാൻസിലർ എം.എൻ പട്ടേൽ ഇക്കാര്യം വെളിപ്പെടുത്തിയതായാണ് ദേശീയ മാദ്ധ്യമങ്ങൾ നൽകുന്ന സൂചന. നരേന്ദ്ര മോദിയുടെ വിദ്യാഭ്യാസ രേഖകൾ പുറത്തുവിടണമെന്ന് ആവശ്യപ്പെട്ട് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജരീവാൾ വിവരാവകാശ കമ്മീഷണ് കത്തെഴുതിയിരുന്നു. ഇതോടെയാണ് വിവാദം കൊഴുത്തത്. തെറ്റായ വിവരങ്ങൾ നൽകിയ മോദിക്ക് ബിരുദാനന്തര ബിരുദമില്ലെന്ന് വരുത്താനായിരുന്നു ഈ രാഷ്ട്രീയ നീക്കം.

അതാണ് പൊളിയുന്നത്. പൊളിറ്റിക്കൽ സയൻസിൽ 62.3 ശതമാനം മാർക്കോടെ മോദി വിജയിച്ചതായാണ് വിവരങ്ങൾ. ആദ്യ വർഷം നാനൂറിൽ 237 മാർക്കും രണ്ടാം വർഷം 262 മാർക്കുമാണ് മോദി നേടിയിട്ടുള്ളത്. രണ്ടാം വർഷം പൊളിറ്റിക്കൽ സയൻസിൽ 64, യൂറോപ്യൻ ആൻഡ് സോഷ്യൽ പൊളിറ്റിക്കൽ തോട്‌സ് 62, ആധുനിക ഇന്ത്യ 69, പൊളിറ്റിക്കൽ സൈക്കോളജി 67 എന്നിങ്ങനെയാണ് മാർക്കുകൾ. നരേന്ദ്ര മോദിയുടെ റോൾ നമ്പരും പുറത്തുവന്നിട്ടുണ്ട്. 71 ആയിരുന്നു മോദിയുടെ റോൾ നമ്പർ. വിസ്‌നഗറിലെ എം.എൻ സയൻസ് കോളേജിൽ നിന്നുമാണ് മോദി ബിരുദാന്തര ബിരുദം നേടിയിരിക്കുന്നത്.

2014 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഡൽഹി സർവ്വകലാശാലയിൽ നിന്ന് ബി.എയും ഗുജറാത്ത് സർവ്വകലാശാലയിൽ നിന്ന് ബിരുദാന്തര ബിരുദവും നേടിയതായി മേഡി സത്യവാങ്മൂലം നൽകിയിരുന്നു. എന്നാൽ വിവരാവകാശ പ്രകാരമുള്ള അപേക്ഷയ്ക്ക് മറുപടിയായി തങ്ങളുടെ പക്കൽ വിവരങ്ങളൊന്നുമില്ലെന്ന് ഡൽഹി സർവ്വകലാശാല പറഞ്ഞിരുന്നു.ഗുജറാത്ത് സർവ്വകലാശാലയിലും പ്രധാനമന്ത്രിയുടെ ഓഫീസിലും അപേക്ഷകൾ നൽകിയെങ്കിലും ഇക്കാര്യം പുറത്തുവന്നിരുന്നില്ല. ഇതിനിടെയാണ് നരേന്ദ്ര മോദിയുടെ വിദ്യാഭ്യാസ രേഖകൾ പുറത്തുവിടണമെന്ന ആവശ്യവുമായി കെജരീവാൾ എത്തിയത്. ഇതോടെ മോദിയുടെ വിദ്യാഭ്യാസത്തെ സംബന്ധിച്ച വിവരങ്ങൾ കണ്ടെത്താൻ വിവരാവകാശ കമ്മീഷൻ ഗുജറാത്ത്, ഡൽഹി സർവ്വകലാശാലകളോട് നിർദേശിച്ചിരുന്നു. ഇതിനിടെയാണ് മോദിയുടെ ബിരുദാന്തര ബിരുദത്തിന്റെ വിവരങ്ങൾ പുറത്തുവന്നത്.

പ്രധാനമന്ത്രിയുടെ വിദ്യാഭ്യാസ യോഗ്യതയെപ്പറ്റിയുള്ള സത്യാവസ്ഥ പുറത്തുവിടുന്നതിൽ കേന്ദ്ര ഇൻഫർമേഷൻ കമ്മീഷൻ ഭയക്കുകയാണെന്നായിരുന്നു കെജരീവാൾ ആരോപിച്ചിരുന്നത്ു. പ്രധാനമന്ത്രിയുടെ വിദ്യാഭ്യാസ യോഗ്യത പുറത്തുവിടണമെന്ന് കമ്മീഷനോട് കെജരീവാൾ രേഖാമൂലം ആവശ്യപ്പെടുകയായിരുന്നു. വിദ്യാഭ്യാസ യോഗ്യത പുറത്തുവിടാനുള്ള ധൈര്യം കാണിക്കണമെന്ന് ഇൻഫർമേഷൻ കമ്മീഷനോട് കെജരീവാൾ പറഞ്ഞു. 2014ൽ തിരഞ്ഞെടുപ്പിൽ മത്സരിക്കുമ്പോൾ മോദി തന്റെ വിദ്യാഭ്യാസ യോഗ്യത വെളിപ്പെടുത്തിയിരുന്നു. അതനുസരിച്ച് അദ്ദേഹത്തിന് ഡൽഹി സർവകലാശാലയിൽനിന്ന് ബിരുദവും ഗുജറാത്ത് സർവകലാശാലയിൽനിന്ന് ബിരുദാനന്തര ബിരുദവുമുണ്ട്. എന്നാൽ, ഇത് വിശ്വാസ യോഗ്യമല്ലെന്നും യഥാർഥ വസ്തുതകൾ പുറത്തുവിടണമെന്നും ചീഫ് ഇൻഫർമേഷൻ കമ്മീഷണർ എം.ശ്രീധർ ആചാ്യര്യലുവിന് അയച്ച കത്തിൽ കെജരീവാൾ പറഞ്ഞു. ' എന്റെ വിദ്യാഭ്യാസത്തെപ്പറ്റിയുള്ള വിവരങ്ങൾ പുറത്തുവിടുന്നതിൽ യാതൊരു വിഷമവുമില്ല. എന്നാൽ മോദിയുടെ വിദ്യാഭ്യാസ യോഗ്യതയെപ്പറ്റിയുള്ള വിവരങ്ങൾ നിങ്ങൾ എന്തുകൊണ്ട് പുറത്തുവിടുന്നില്ല?കെജരീവാൾ കത്തിൽ ചോദിച്ചു.

ഡൽഹി മുഖ്യമന്ത്രിയെന്ന നിലയ്ക്ക് കെജരീവാൾ സ്വന്തം വിവരങ്ങൾ പുറത്തുവിടാൻ തയ്യാറാകാത്തത് എന്തുകൊണ്ടെന്ന് ഇൻഫർമേഷൻ കമ്മീഷൻ ചോദിച്ചിരുന്നു. ഇതിനുള്ള മറുപടിയിലാണ് ധൈര്യമുണ്ടെങ്കിൽ മോദിയുടെ വിദ്യാഭ്യാസ യോഗ്യത വെളിപ്പെടുത്താൻ കമ്മീഷനോട് കെജരീവാൾ ആവശ്യപ്പെട്ടത്. 'എന്നെക്കുറിച്ചുള്ള വിവരങ്ങളെല്ലാം പുറത്തുവിടണമെന്ന് നിങ്ങൾ ആഗ്രഹിക്കുന്നു. അതിൽ എനിക്ക് എതിർപ്പുമില്ല. എന്നാൽ, എന്തുകൊണ്ടാണ് മോദിയുടെ വിദ്യാഭ്യാസ യോഗ്യതയെക്കുറിച്ചുള്ള വിവരങ്ങൾ മൂടിവെക്കുന്നത്? അത് ജനങ്ങളിൽ സംശയമുണ്ടാക്കുന്നതാണ്'കെജരീവാൾ പറഞ്ഞു. പ്രധാനമന്ത്രിയുടെ ഡിഗ്രിയെക്കുറിച്ച് വിവരം നൽകണമെന്ന് ആവശ്യപ്പെട്ട് ലഭിച്ച അപേക്ഷ ഈ മാസമാദ്യം ഡൽഹി സർവകലാശാല തള്ളിയിരുന്നു.

മോദിയുടെ ബിരുദത്തിന്റെ വിശദാംശങ്ങൾ പരിശോധിക്കുന്നതിന് റോൾ നമ്പറോ മറ്റു രേഖകളോ ഇല്ലെന്നതായിരുന്നു സർവകലാശാല ഇതിന് ന്യായീകരണമായി പറഞ്ഞത്. 1978ൽ നരേന്ദ്ര മോദി എന്നു പേരുള്ള എത്രയാളുകൾ കറസ്‌പോണ്ടൻസായി ഡിഗ്രി നേടിയിട്ടുണ്ട് എന്നതായിരുന്നു ഡൽഹി സ്വദേശി ചോദിച്ച ചോദ്യം. ഇതോടെ ഉയർന്ന വിവാദങ്ങളാണ് ഗുജറാത്ത് സർവ്വകലാശാലയുടെ വെളിപ്പെടുത്തലോടെ അവസാനമാകുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP