Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മോദിയെയും നിതീഷിനെയും അധികാരത്തിൽ എത്തിച്ച പ്രശാന്ത് പ്രിയങ്ക ഗാന്ധിയെ യു പി മുഖ്യമന്ത്രിയാക്കുമോ? ഉത്തർപ്രദേശിന്റെ മനസു കീഴടക്കാൻ തന്ത്രജ്ഞന്റെ മനസിലുള്ളത് പ്രിയങ്ക തന്നെ; യുപിയിലൂടെ രംഗത്തിറക്കി ദേശീയ നേതാവാക്കുമെന്ന് സൂചന

മോദിയെയും നിതീഷിനെയും അധികാരത്തിൽ എത്തിച്ച പ്രശാന്ത് പ്രിയങ്ക ഗാന്ധിയെ യു പി മുഖ്യമന്ത്രിയാക്കുമോ? ഉത്തർപ്രദേശിന്റെ മനസു കീഴടക്കാൻ തന്ത്രജ്ഞന്റെ മനസിലുള്ളത് പ്രിയങ്ക തന്നെ; യുപിയിലൂടെ രംഗത്തിറക്കി ദേശീയ നേതാവാക്കുമെന്ന് സൂചന

ലഖ്‌നൗ: ദേശീയ തലത്തിൽ കോൺഗ്രസ് രാഷ്ട്രീയത്തിന്റെ പ്രാധന്യം വർദ്ധിച്ചുവരുന്ന സമയമാണിപ്പോൾ. കേരള മാതൃകയിൽ മുന്നണി സംവിധാനത്തിലൂടെ പാർട്ടി തിരിച്ചു വരവിന്റെ പാതയിലാണ്. ബിഹാറിൽ വിജയിച്ചതാണ് ഈ തന്ത്രം. ഗുജറാത്തിലും പാർട്ടി തിരിച്ചുവരവിന്റെ പാതയിലാണ്. എന്നാൽ ദേശീയ രാഷ്ട്രീയത്തിൽ നിർണ്ണായകമായ ഉത്തർപ്രദേശ് തിരഞ്ഞെടുപ്പിൽ പുതിയ തന്ത്രങ്ങൾ ആവിഷ്‌ക്കരിക്കുകയാണ് കോൺഗ്രസ്. ഇതിനായി പ്രിയങ്ക ഗാന്ധിയെ രംഗത്തിറക്കാനാണ് കോൺഗ്രസ് ഉദ്ദേശിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ. കോൺഗ്രസ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് പ്രിയങ്ക വധേരയെ ഉയർത്തിക്കാട്ടുമെന്ന് റിപ്പോർട്ട്.

രാഷ്ട്രീയ തന്ത്രജ്ഞൻ പ്രശാന്ത് കിഷോർ ഇതുസംബന്ധിച്ച് കോൺഗ്രസ് നേതൃത്വത്തിന് നിർദ്ദേശം നൽകിയതായാണ് 'ദ ഇക്കണോമിക്‌സ് ടൈംസ്' റിപ്പോർട്ട് ചെയ്യുന്നത്. 2017ലാണ് യു.പി നിയമസഭാ തെരഞ്ഞെടുപ്പ്. 2014ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ നരേന്ദ്ര മോദിയുടെ പ്രചാരണത്തിന് ചുക്കാൻ പിടിച്ച പ്രശാന്ത് കിഷോർ കഴിഞ്ഞ വർഷം നടന്ന ബിഹാർ തെരഞ്ഞെടുപ്പിൽ നിതീഷ് കുമാറിനു വേണ്ടി തന്ത്രങ്ങൾ മെനഞ്ഞിരുന്നു. യു.പി തെരഞ്ഞെടുപ്പിൽ പ്രശാസ്തിന്റെ സേവനം ലഭ്യമാക്കാൻ കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി അദ്ദേഹവുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. രാഹുൽ ഗാന്ധിക്കായിരിക്കും പ്രശാന്ത് റിപ്പോർട്ട് സമർപ്പിക്കുക.

യു.പി നിയമസഭയിൽ ആകെയുള്ള 403 പേരിൽ ആകെ 29 അംഗങ്ങളാണ് കോൺഗ്രസിനുള്ളത്. 2014ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ 80ൽ രണ്ടു സീറ്റുകൾ മാത്രമാണ് കോൺഗ്രസിനു നേടാൻ കഴിഞ്ഞത്. എന്നാൽ ഗാന്ധി കുടുംബത്തോട് ആഭിമുഖ്യമുള്ളതു കൊണ്ടും പ്രിയങ്ക ഗാന്ധിയെ രംഗത്തിറക്കുക കൂടി ചെയ്താൽ അത് പാർട്ടിക്ക് വൻ നേട്ടമായി മാറുമെന്നാണ് പൊതുവികാരം. അതുകൊണ്ട് തന്നെ ഈ സാധ്യത പരമാവധി ഉപയോഗപ്പെടുത്താനാണ് പ്രശാന്ത് കിഷോർ നിർദ്ദേശിച്ചിരിക്കുന്നത്.

സംസ്ഥാന രാഷ്ട്രീയത്തിലൂടെ ദേശീയ രാഷ്ട്രീയത്തിലേക്ക് പ്രിയങ്കയെ ഉയർത്തി കൊണ്ടുവരിക എന്നതാണ് പദ്ധതി. പ്രിയങ്കയെ രംഗത്തിറക്കിയാൽ അത് ബിജെപിക്കും മറ്റു കക്ഷികൾക്കുമുള്ള ഉചിതമായ മറുപടിയാകും. ഇതോടെ ചതുഷ്‌കോണ മത്സര പ്രതീതി സൃഷ്ടിക്കാൻ സാധിക്കുമെന്നും കണക്കുകൂട്ടുന്നു. രോഗബാധിതയായ സോണിയ ഗാന്ധി അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാനും സാധ്യതയില്ല. ഈ സാഹചര്യത്തിൽ റായ്ബറേലി ലോക്‌സഭാ മണ്ഡലത്തിൽ പ്രിയങ്കയാകും അടുത്ത സ്ഥാനാർത്ഥിയായി വരികയും. ഇതിലേക്കെല്ലാമുള്ള മുന്നൊരുക്കമെന്ന നിലയിലാണ് പ്രിയങ്കയെ യുപി മുഖ്യമന്ത്രി സ്ഥാനാർത്ഥിയാക്കാമെന്ന നിർദ്ദേശം പ്രശാന്ത് കിഷോർ മുന്നോട്ടുവച്ചിരിക്കുന്നത്.

നേരത്തെ ബിജെപിയുമായി തെറ്റി ബിഹാറിൽ നിതീഷ് കുമാറിന്റെ പാളയത്തിലെത്തിയ പ്രശാന്ത് ചാണക്യതന്ത്രങ്ങളുമായി അവിടെയും തിളങ്ങി. വൻ ഭൂരിപക്ഷത്തോടെയാണു ബിഹാറിൽ നിതീഷും ലാലുവും അടങ്ങിയ മഹാസഖ്യം അധികാരത്തിലേറിയത്. പഞ്ചാബ് തെരഞ്ഞെടുപ്പിന് വേണ്ടിയും പ്രശാന്ത് കിഷോറിനെ കോൺഗ്രസ് സമീപിച്ചിരുന്നതായും നേരത്തെ വാർത്തകൾ ഉണ്ടായിരുന്നു. ബിഹാറിൽ ബിജെപിയെ തകർക്കാൻ സഹായിച്ച പ്രശാന്തിനു കാബിനറ്റ് പദവിയുള്ള മുഖ്യമന്ത്രിയുടെ ഉപദേഷ്ടാവ് സ്ഥാനമാണു നിതീഷ് കുമാർ നൽകിയത്.

38 കാരനായ പ്രശാന്ത് ലോക്‌സഭാ തെരഞ്ഞെടുപ്പിനു മുമ്പേ 2012ലെ ഗുജറാത്ത് തെരഞ്ഞെടുപ്പിലും മോദിയെ വിജയത്തിലെത്തിച്ചത് പ്രശാന്ത് കിഷോർ ആയിരുന്നു. മോദി വിജയമാവർത്തിച്ചപ്പോൾ ബുദ്ധി കേന്ദ്രമായ പ്രശാന്ത് കിഷോറിനെ വൻ പ്രതിഫലം നൽകി ബിഹാർ തെരഞ്ഞെടുപ്പിൽ ലാലുനിതീഷ് സഖ്യം ഒപ്പം ചേർക്കുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP