Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ചില ബിജെപി-ആർഎസ്എസ് നേതാക്കളുടെ കാൽചുവട്ടിലാണ് ഇപ്പോൾ സർക്കാർ; ജനങ്ങളുടെ ശക്തിയെന്താണെന്ന് അധികം വൈകാതെ നരേന്ദ്ര മോദിയും അമിത് ഷായും അറിയും; ശക്തമായ വെല്ലുവിളി ഉയർത്തി രാഹുൽ ഗാന്ധി രംഗത്ത്

ചില ബിജെപി-ആർഎസ്എസ് നേതാക്കളുടെ കാൽചുവട്ടിലാണ് ഇപ്പോൾ സർക്കാർ; ജനങ്ങളുടെ ശക്തിയെന്താണെന്ന് അധികം വൈകാതെ നരേന്ദ്ര മോദിയും അമിത് ഷായും അറിയും; ശക്തമായ വെല്ലുവിളി ഉയർത്തി രാഹുൽ ഗാന്ധി രംഗത്ത്

ന്യൂഡൽഹി: ബിജെപി - ആർഎസ്എസ് നേതൃത്വത്തിലെ ഏതാനും ചിലരുടെ കാൽച്ചുവട്ടിലാണു രാജ്യമെന്നും ജനങ്ങളുടെ യഥാർഥ ശക്തി എന്താണെന്നു നരേന്ദ്ര മോദിയും കൂട്ടരും വൈകാതെ തിരിച്ചറിയുമെന്നും കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. പാർട്ടിയുടെ ഇതര പിന്നാക്ക സമുദായ (ഒബിസി) വിഭാഗം സംഘടിപ്പിച്ച ദേശീയ കൺവൻഷനിനാണ് രാഹുൽ നിലപാട് വ്യക്തമാക്കിയത്. വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ ഒബിസി വോട്ടുകൾ ലക്ഷ്യമിട്ടുള്ള പ്രചാരണത്തിനാണ് രാഹുൽ തുടക്കമിടുന്നത്. ഇതാദ്യമായാണ് കോൺഗ്രസ് പാർട്ടിയുടെ ഒബിസി ഘടകം സമ്മേളനം സംഘടിപ്പിക്കുന്നത്. കേരള ഘടകം ചെയർമാൻ പി.സുഭാഷ് ചന്ദ്രബോസ് ഉൾപ്പെടെ പാർട്ടിയുടെ ഒബിസി വിഭാഗം നേതാക്കളുമായി കഴിഞ്ഞ ദിവസം രാഹുൽ കൂടിക്കാഴ്ച നടത്തിയിരുന്നു.

ഇനിയുള്ള ദിവസങ്ങളിൽ പ്രതിപക്ഷ കക്ഷികൾ ബിജെപിക്കെതിരെ ഒന്നിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. നിയമസഭ, ലോക്‌സഭ, രാജ്യസഭ എന്നിവിടങ്ങളിലേക്കു പിന്നാക്ക വിഭാഗക്കാർക്കു കൂടുതൽ പ്രാതിനിധ്യം നൽകാൻ താൻ പ്രയത്‌നിക്കും. രാജ്യ പുരോഗതിക്കായുള്ള പ്രവർത്തനങ്ങളിൽ അവർക്കു താക്കോൽ സ്ഥാനങ്ങൾ നൽകും. മോദി, ബിജെപി അധ്യക്ഷൻ അമിത് ഷാ, ആർഎസ്എസ് മേധാവി മോഹൻ ഭഗവത് എന്നിവരാണ് ഇന്നു രാജ്യം ഭരിക്കുന്നത്. മൂന്നു പേരല്ല, ജനങ്ങളാണു രാജ്യം ഭരിക്കേണ്ടതെന്ന് അവർ തിരിച്ചറിയും. ചില വ്യവസായികൾക്കു വേണ്ടിയാണു മോദി പ്രവർത്തിക്കുന്നത്. മോദിയുടെ പ്രതിച്ഛായ വളർത്താൻ അവർ കോടികൾ ചെലവഴിക്കുന്നു. പ്രത്യുപകാരമായി സർക്കാരിന്റെ എല്ലാ ആനുകൂല്യങ്ങളും അവർക്കു ലഭിക്കുന്നു.

വ്യവസായികൾക്കായി രണ്ടര ലക്ഷം കോടി രൂപയുടെ വായ്പ എഴുതിത്ത്ത്തള്ളിയ സർക്കാർ കർഷകരുടെ ദുരിതങ്ങൾ കാണുന്നില്ല. രാജ്യത്തു വിദഗ്ധ തൊഴിലാളികളുടെ ക്ഷാമമുണ്ടെന്ന മോദിയുടെ വാദം തെറ്റാണ്. വൈദഗ്ധ്യത്തിൽ ഇന്ത്യക്കാർ ആരുടെയും പിന്നിലല്ല; പക്ഷേ, അവർക്കു വേണ്ടത്ര അവസരം ലഭിക്കുന്നില്ല. അവർ ചെയ്യുന്ന ജോലിയുടെ ഫലം മറ്റു ചിലർ തട്ടിയെടുക്കുന്നു - രാഹുൽ കുറ്റപ്പെടുത്തി. അതിനിടെ മോദി ഭരിക്കുന്നതു രാജ്യത്തെ ഏതാനും ചിലർക്കു വേണ്ടിയാണെന്ന രാഹുൽ ഗാന്ധിയുടെ പരാമർശത്തിനു മിനിട്ടുകൾക്കകം മറുപടിയുമായി ബിജെപി. ഒബിസി വിഭാഗങ്ങളെ കോൺഗ്രസ് വോട്ടുബാങ്ക് ആയി ഉപയോഗിക്കുകയാണെന്നായിരുന്നു ബിജെപിയുടെ പ്രതികരണം.

വർഷങ്ങളോളം രാജ്യത്തെ ഭരിച്ച കോൺഗ്രസ് പാർട്ടി, ഒബിസിക്കാരുടെ ജീവിതദുരിതങ്ങൾ എക്കാലവും വിസ്മരിച്ചതായി കേന്ദ്രമന്ത്രിമാരായ പ്രകാശ് ജാവദേക്കറും റാംകൃപാൽ യാദവും സംയുക്ത പത്രസമ്മേളനത്തിൽ ആരോപിച്ചു. ഒബിസി വിഭാഗത്തിനു ഭരണഘടനാപദവി നൽകുന്നതിനെ അംഗീകരിക്കുന്നുണ്ടോയെന്ന കാര്യം രാഹുൽ ഗാന്ധി പരസ്യമാക്കണമെന്നും ബിജെപി ആവശ്യപ്പെട്ടു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP