Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

മറഞ്ഞിരുന്ന് രാഹുൽ നിയന്ത്രണം ഏറ്റെടുത്തു; ഏപ്രിലിൽ കോൺഗ്രസ് പ്രസിഡന്റാകും; പാർലമെന്ററി പാർട്ടി നേതാവായി സോണിയയും; ഗാന്ധികുടുംബത്തിന്റെ നിയന്ത്രണം നിലനിർത്താനുള്ള അവസാന പരീക്ഷണങ്ങൾക്ക് തുടക്കം

മറഞ്ഞിരുന്ന് രാഹുൽ നിയന്ത്രണം ഏറ്റെടുത്തു; ഏപ്രിലിൽ കോൺഗ്രസ് പ്രസിഡന്റാകും; പാർലമെന്ററി പാർട്ടി നേതാവായി സോണിയയും; ഗാന്ധികുടുംബത്തിന്റെ നിയന്ത്രണം നിലനിർത്താനുള്ള അവസാന പരീക്ഷണങ്ങൾക്ക് തുടക്കം

രാഷ്ട്രീയത്തിൽ നിന്നും അവധിയെടുത്ത കോൺഗ്രസ് ഉപാധ്യക്ഷൻ ഒളിച്ചോടിയതല്ലെന്നും ശക്തമായി തിരിച്ച് വന്ന് ഏപ്രിലിൽ കോൺഗ്രസ് പ്രസിഡന്റ് സ്ഥാനം ഏറ്റെടുക്കുമെന്നുമാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. അണിയറയിലാണെങ്കിലും ഇപ്പോൾ തന്നെ പാർട്ടിയുടെ നിയന്ത്രണം രാഹുൽ ഏറ്റെടുത്തു കഴിഞ്ഞെന്നും സൂചനയുണ്ട്. രാഹുൽ പ്രസിഡന്റ് സ്ഥാനം ഏറ്റെടുക്കുമെങ്കിലും കോൺഗ്രസിന്റെ പാർലമെന്ററി പാർട്ടി നേതാവ് സോണിയ തന്നെയായിരിക്കും. കോൺഗ്രസിൽ ഗാന്ധികുടുംബത്തിന്റെ നിയന്ത്രണം നിലനിർത്താനുള്ള അവസാന പരീക്ഷണങ്ങൾ ഈ വിധമാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. ഇതും വിജയിച്ചില്ലെങ്കിൽ ഗാന്ധികുടുംബത്തിന് രാഷ്ട്രീയത്തോട് വിടചൊല്ലാമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ ഇപ്പോഴെ അഭിപ്രായപ്പെടുന്നത്.

രാഹുൽ ഗാന്ധിക്ക് പാർട്ടിയിൽ ഇപ്പോഴും സ്വാധീനമുണ്ടെങ്കിലും അതിന്റെ ഫലം ലഭിക്കാത്തതാണ് പ്രശ്‌നമായിരിക്കുന്നത്. ഇതുവരെ രാഹുൽ പാർട്ടിപ്രവർത്തനം നടത്തിയത് സോണിയയുടെ നിയന്ത്രണത്തിലാണ്. എന്നാൻ അവധിക്ക് ശേഷം മടങ്ങിയെത്തുന്ന അദ്ദേഹം സ്വന്തം തീരുമാനങ്ങൾ അനുസരിച്ചായിരിക്കും പ്രവർത്തിക്കുകയെന്നാണ് സൂചന.

2013ൽ ജയ്പൂരിൽ വച്ച് നടന്ന ചിന്തൻ ബൈഠക് പോലുള്ള കോൺക്ലേവിൽ വച്ച് ഏപ്രിലിൽ രാഹുൽ കോൺഗ്രസ് പ്രസിഡന്റായി അവരോധിക്കപ്പെടുക. പാർലമെന്റ് അവധിക്കാലത്ത് മാർച്ച് 28നും ഏപ്രിൽ 15നുമിടയിലാണ് കോൺഗ്രസ് എഐസിസി സെഷൻ വിളിച്ച് കൂട്ടാൻ പദ്ധതിയിട്ടിരിക്കുന്നത്. ഈ നേതൃമാറ്റം ഇനിയും വൈകിക്കൂടെന്നാണ് പാർട്ടിയുടെ തീരുമാനം. പ്രസിഡന്റ് സ്ഥാനമേറ്റെടുക്കാൻ സോണിയ രാഹുലിനെ പ്രേരിപ്പിക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്.

ഈയടുത്ത കാലത്ത് പാർട്ടിക്കുണ്ടായ തകർച്ചയുടെ പശ്ചാത്തലത്തിൽ നേതൃത്ത്വം പുതിയ തലമുറയ്ക്ക് കൈമാറണമെന്ന് മുതിർന്ന സംഘടനാ മാനേജർമാർ അഭിപ്രായപ്പെടുകയും ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ കോൺഗ്രസിന് അഞ്ച് സംസ്ഥാനങ്ങളിൽ പുതിയ അധ്യക്ഷന്മാരെ നിയമിച്ചിട്ടുമുണ്ട്. ഇതനുസരിച്ച് ഡൽഹിയിൽ അജയ് മാക്കനും മഹാരാഷ്ട്രയിൽ അശോക് ചവാനുമാണു പാർട്ടിയെ നയിക്കുക. ഉത്തം റെഡ്ഡി (തെലങ്കാന), ഗുലാം അഹമ്മദ് മിർ (ജമ്മു കശ്മീർ), ഭരത് സിങ് സോളങ്കി (ഗുജറാത്ത്) എന്നിവരാണ് പുതുതായ നിയമിക്കപ്പെട്ട് മറ്റ് കോൺഗ്രസ് അധ്യക്ഷന്മാർ. മുൻ എംപിയും എഐസിസി ജനറൽ സെക്രട്ടറിയുമായ സഞ്ജയ് നിരുപത്തെ മുംബൈ റീജനൽ കോൺഗ്രസ് കമ്മിറ്റി അധ്യക്ഷനായും എഐസിസി അവരോധിച്ചിട്ടുണ്ട്. 

ഈ അധ്യക്ഷപദവിയോടെ മഹാരാഷ്ട്രയിലെ മുൻ മുഖ്യമന്ത്രി അശോക് ചവാനു സംസ്ഥാന രാഷ്ട്രീയത്തിലേക്കുള്ള തിരിച്ചുവരവിനുള്ള അവസരം കൂടി ലഭിച്ചിരിക്കുകയാണ്. ആദർശ് ഹൗസിങ് സൊസൈറ്റി ക്രമക്കേടിൽ കുടുങ്ങി മുഖ്യമന്ത്രിസ്ഥാനം നഷ്ടപ്പെട്ട ചവാനു കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിലെ ജയത്തിലൂടെയാണ് മറാത്താ രാഷ്ട്രീയത്തിലേക്കുള്ള രണ്ടാംവരവിന് കളമൊരുങ്ങിയത്. നിയമസഭാ തിരഞ്ഞെടുപ്പിലെ മോശം പ്രകടനത്തിന്റെ പശ്ചാത്തലത്തിൽ എംപിസിസി അധ്യക്ഷൻ മണിക്‌റാവു താക്കറെ രാജി പ്രഖ്യാപിച്ചു നാലുമാസം കഴിഞ്ഞാണു പുതിയ അധ്യക്ഷനെ നിയമിച്ചിരിക്കുന്നത്. ശിവസേനയിൽനിന്നു കോൺഗ്രസിലെത്തിയ സഞ്ജയ് നിരുപമിന്റെ പോരാട്ടവീര്യത്തിലാണു ഹൈക്കമാൻഡ് പ്രതീക്ഷ പുലർത്തുന്നത്. ഡൽഹി തിരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടിയുടെ പേരിലാണ് അർവിന്ദർ സിങ് ലാവ്‌ലിയെ അധ്യക്ഷ സ്ഥാനത്ത് നിന്ന് കോൺഗ്രസ് നീക്കം ചെയ്തിരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP