Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ചെറുപ്പക്കാരായ നേതാക്കളെ തെരഞ്ഞെടുത്ത് മുൻനിരയിൽ കൊണ്ടുവന്നു പാർട്ടിക്ക് പുതുജീവൻ നൽകാൻ രാഹുൽ; മുങ്ങിയ കപ്പലിൽ കയറാൻ പേടിച്ച് യുവനേതാക്കൾ; ഉന്നദ പദവി തിരസ്‌കരിച്ച് കേരളത്തിലെ ചെറുപ്പക്കാരും

ചെറുപ്പക്കാരായ നേതാക്കളെ തെരഞ്ഞെടുത്ത് മുൻനിരയിൽ കൊണ്ടുവന്നു പാർട്ടിക്ക് പുതുജീവൻ നൽകാൻ രാഹുൽ; മുങ്ങിയ കപ്പലിൽ കയറാൻ പേടിച്ച് യുവനേതാക്കൾ; ഉന്നദ പദവി തിരസ്‌കരിച്ച് കേരളത്തിലെ ചെറുപ്പക്കാരും

ന്യൂഡൽഹി: പാർട്ടിയെ ശക്തിപ്പെടുത്തി മുന്നേറ്റത്തിന് തയ്യാറാക്കാൻ പദ്ധതികളുമായി കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി. സോണിയാ ഗാന്ധിയിൽ നിന്ന് പാർട്ടി പ്രസിഡന്റ് പദം ഉടൻ ഏറ്റെടുത്തില്ലെങ്കിലും പാർട്ടിയിൽ ഒന്നമനായി രാഹുൽ തന്നെ തുടരും. ഈ സാഹചര്യത്തിൽ പുതിയ ടീമിനെ രൂപപ്പെടുത്താനുള്ള നീക്കത്തിലാണ് രാഹുൽ. എന്നാൽ രാഹുലിന്റെ ടീമിന്റെ ഭാഗമാകാൻ കേരളത്തിൽ നിന്നുള്ള പല നേതാക്കളും മടിക്കുകയാണ്. ദേശീയ തലത്തിൽ തിരിച്ചുവരവിനുള്ള സാധ്യത വിരളമാണ്. അതുകൊണ്ട് കേരളത്തിൽ നിന്ന് കളം മാറി ഡൽഹിയിലെത്തിയിട്ടും ഗുണമുണ്ടാകില്ലെന്നാണ് ഇവരുടെ വിലയിരുത്തൽ.

ഡിസംബർ അവസാനത്തോടെ കർണാടകയിൽ നടക്കുന്ന എഐസിസി പ്ലീനറി സമ്മേളനത്തിൽ രാഹുൽ ഗാന്ധി എഐസിസി പ്രസിഡന്റായേക്കുമെന്നു സൂചനയുണ്ട്. ഈ സാഹചര്യത്തിലാണ് പുതിയ ടീമിനെ കണ്ടെത്താനുള്ള ശ്രമങ്ങൾ രാഹുൽ ഗാന്ധി തുടങ്ങിയത്. ഇതിനായാണ് തെരഞ്ഞെടുത്ത നൂറോളം നേതാക്കളുടെ അവസാനവട്ട കൂടിക്കാഴ്ച ഈ മാസം ഒന്നു മുതൽ നാല് വരെ ഡൽഹിയിൽ തുഗ്ലക്ക് റോഡിലുള്ള രാഹുൽ ഗാന്ധിയുടെ വീട്ടിൽ നടന്നത്. ഈ കൂടിക്കാഴ്ചയ്ക്കായി കേരളത്തിൽ നിന്നു തിരഞ്ഞെടുക്കപ്പെട്ട ഏഴ് നേതാക്കളും ഒരേ സ്വരത്തിലാണ് ഡൽഹി കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്നതിന്റെ ബുദ്ധിമുട്ട് അറിയിച്ചത്. ഏഴു പേരും വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ മൽസരിക്കാൻ താൽപര്യമുള്ളവരാണെന്നാണ് അറിയുന്നത്.

എഐസിസി ഭാരവാഹികളുടെ പൂർണസമയ പ്രവർത്തനമാണ് രാഹുൽ ഗാന്ധി ആവശ്യപ്പെടുന്നത്. നിയമസഭാ തെരഞ്ഞെടുപ്പിൽ പൂർണസമയവും തങ്ങളുടെ പ്രവർത്തനം സംസ്ഥാനത്തിനാവശ്യമുണ്ടെന്നാണ് നേതാക്കൾ രാഹുൽ ഗാന്ധിയെ ധരിപ്പിച്ചതെന്നാണ് അറിയുന്നത്. ന്തായാലും കോൺഗ്‌സിൽ ടീം രാഹുലിനു രൂപം നൽകാനുള്ള ശ്രമങ്ങൾ വീണ്ടും സജീവമാണ്. എംഎൽഎമാരായ കെ.മുരളീധരൻ, പി.സി.വിഷ്ണുനാഥ് എന്നിവരുൾപ്പെട്ട സംഘവുമായി പാർട്ടി ഉപാധ്യക്ഷൻ രാഹുൽഗാന്ധി ചർച്ച നടത്തിയിട്ടുണ്ട്. കേരളത്തിൽ തന്നെ രാഷ്ട്രീയ പ്രവർത്തനം നടത്തി രാഹുലിനെ സഹായിക്കാമെന്നാണ് ഇവരുടെ നിലപാട്.

കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി നടത്തിയ കൂടിക്കാഴ്ചയിലാണ് വരാൻ പോകുന്ന നിയമസഭാ തിരഞ്ഞെടുപ്പു ചൂണ്ടിക്കാട്ടി യുവനേതാക്കൾ ഡൽഹി കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്നതിനുള്ള ബുദ്ധിമുട്ട് ധരിപ്പിച്ചത്. കെപിസിസി ജനറൽ സെക്രട്ടറിമാരായ സതീശൻ പാച്ചേനി, എം. ലിജു, എംഎൽഎമാരായ ടി.എൻ. പ്രതാപൻ, വി.ടി. ബലറാം, ഹൈബി ഈഡൻ, ഷാഫി പറമ്പിൽ, രാജീവ് ഗാന്ധി പഞ്ചായത്തീരാജ് സംഘടൻ ദേശിയ കൺവീനർ അനിൽ അക്കര എന്നിവരെയാണ് കേരളത്തിൽ നിന്നു രാഹുൽ ഗാന്ധി കൂടിക്കാഴ്ചയ്ക്കു ക്ഷണിച്ചത്.

ഏതായാലും കേരളത്തിൽ നിന്ന് രാഹുലിന്റെ ടീമിൽ പല പ്രമുഖരും കേരളത്തിൽ നിന്ന് ഉണ്ടാകുമെന്നാണ് സൂചന. രാഹുലിനൊപ്പം ചേരാൻ മുരളീധരൻ തയ്യാറാകുമോ എന്നതാണ് ശ്രദ്ധേയം. അങ്ങനെ വന്നാൽ മുരളീധരന് ദേശീയ നേതൃത്വത്തിൽ അർഹിക്കുന്ന പ്രാധാന്യം ലഭിക്കും. എന്നാൽ കേന്ദ്ര ഭരണത്തിൽ കോൺഗ്രസിന് തിരിച്ചെത്താൻ കഴിയുമെന്ന വിലയിരുത്തലുകളൊന്നും ഇല്ലാത്തതിനാൽ ഇത്തരമൊരു നീക്കത്തോട് മുരളീധരൻ അടക്കമുള്ളവർക്ക് താൽപ്പര്യക്കുറവുണ്ട്. ഏതായാലും കേരളത്തിൽ നിന്നുള്ള നേതാക്കളുമായി രാഹുൽ ചർച്ച ചെയ്തത് ദേശീയ രാഷ്ട്രീയവും പാർട്ടി സ്വീകരിക്കേണ്ട രാഷ്ട്രീയ തന്ത്രങ്ങളുമായിരുന്നു. എഐസിസി ജനറൽ സെക്രട്ടറി ഷക്കീൽ അഹമ്മദിനു പുറമേ വിവിധ സംസ്ഥാനങ്ങളിൽനിന്നു തിരഞ്ഞെടുക്കപ്പെട്ടവരും പങ്കെടുത്തു.

രാഹുൽ അപ്രഖ്യാപിത അവധിക്കു പോകും മുൻപു തുടങ്ങിയ ചർച്ചാപരിപാടി അടുത്ത കാലത്താണു പുനരാരംഭിച്ചത്. ആദ്യവട്ട ചർച്ചകളിൽ സംഘടനാ തെരഞ്ഞെടുപ്പിനായിരുന്നു ഊന്നൽ. സംഘടനാ തെരഞ്ഞെടുപ്പു തൽക്കാലം ഉണ്ടാവില്ലെന്നു വ്യക്തമായതിനു പിന്നാലെയാണു രണ്ടാം വട്ട ചർച്ചകൾ. ദേശീയ തലത്തിൽ പ്രവർത്തിക്കാൻ തയാറുള്ള മുതിർന്ന നേതാക്കളെയും യുവാക്കളെയും കണ്ടെത്തുകയാണു പ്രധാന ലക്ഷ്യം. തെരഞ്ഞെടുക്കപ്പെടുന്നവരെയെല്ലാം എഐസിസിയിലോ ദേശീയ ദൗത്യങ്ങൾക്കോ നിയോഗിക്കണമെന്നില്ല. ചിലർ സംസ്ഥാനങ്ങളിൽ തന്നെ രാഹുൽ ടീമംഗങ്ങളായി പ്രവർത്തിക്കും. തെരഞ്ഞെടുപ്പു മാറ്റിവച്ചതോടെ എഐസിസി പുനഃസംഘടന അനിവാര്യമായിട്ടുണ്ട്.

സജീവ അംഗത്വം പുനഃസ്ഥാപിക്കൽ, അംഗത്വ പ്രചാരണത്തിന് ആധുനിക സങ്കേതങ്ങൾ, ഭാരവാഹികളുടെ കാലാവധി അഞ്ചുവർഷത്തിൽനിന്നു മൂന്നു വർഷമാക്കൽ തുടങ്ങിയ ഭേദഗതികൾ എഐസിസിയുടെ പരിഗണനയിലുണ്ട്. എഐസിസി സമ്മേളനത്തിൽ അംഗീകാരം ലഭിക്കുന്നതോടെയാണ് ഇവ പ്രാബല്യത്തിൽ വരിക. സജീവാംഗത്വം റദ്ദാക്കിയതും ഭാരവാഹികളുടെ കാലാവധി അഞ്ചു വർഷമാക്കിയതും എഐസിസിയുടെ ബുറാഡി (2010) സമ്മേളനത്തിലാണ്. ഇതിനു മുൻകയ്യെടുത്തതു രാഹുൽ ഗാന്ധിയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP