Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കൻഷിറാമിനെ മഹാനേതാവെന്ന് വിളിച്ച് ബിഎസ്‌പിയെ ഒപ്പം ചേർക്കാൻ രാഹുൽ; എസ്‌പിയും ആർജെഡിയുമായുള്ള ബന്ധം ഊഷ്മളമാക്കും; എൻസിപിയുമായുള്ള തർക്കങ്ങൾ മുഴുവൻ തീർക്കും; മമതയുടെ ആവശ്യങ്ങളെല്ലാം അംഗീകരിക്കും; ടിഡിപി-ടിആർഎസ്-ബിജെഡി നേതാക്കളെയും ഒപ്പം നിർത്തും; തമിഴ്‌നാട്ടിലും സഖ്യം ഉറപ്പ്: മോദിക്കെതിരെ വിശാല ഐക്യത്തിന് വേണ്ടി എന്തു വിട്ടുവീഴ്‌ച്ചയും ഉറപ്പു നൽകി കോൺഗ്രസ്; ഒറ്റപ്പെടുന്നത് സിപിഎം

കൻഷിറാമിനെ മഹാനേതാവെന്ന് വിളിച്ച് ബിഎസ്‌പിയെ ഒപ്പം ചേർക്കാൻ രാഹുൽ; എസ്‌പിയും ആർജെഡിയുമായുള്ള ബന്ധം ഊഷ്മളമാക്കും; എൻസിപിയുമായുള്ള തർക്കങ്ങൾ മുഴുവൻ തീർക്കും; മമതയുടെ ആവശ്യങ്ങളെല്ലാം അംഗീകരിക്കും; ടിഡിപി-ടിആർഎസ്-ബിജെഡി നേതാക്കളെയും ഒപ്പം നിർത്തും; തമിഴ്‌നാട്ടിലും സഖ്യം ഉറപ്പ്: മോദിക്കെതിരെ വിശാല ഐക്യത്തിന് വേണ്ടി എന്തു വിട്ടുവീഴ്‌ച്ചയും ഉറപ്പു നൽകി കോൺഗ്രസ്; ഒറ്റപ്പെടുന്നത് സിപിഎം

മറുനാടൻ ഡെസ്‌ക്ക്

ന്യൂഡൽഹി: സമീപകാലത്തു നടന്ന ഉപതിരഞ്ഞെടുപ്പുകളെ വിലയിരുത്തി ബിജെപി വീണ്ടും അധികാരത്തിൽ വരില്ലെന്ന് പ്രവചിക്കുക അസാധ്യമായ കാര്യമാണ്. 21 സംസ്ഥാനങ്ങൾ ഭരിക്കുന്ന പാർട്ടിയായി ബിജെപി മാറിയിട്ടുണ്ട്. അതുകൊണ്ട് തന്നെ മോദിയെ നേരിടാൻ ഒറ്റക്ക് ഒരു കക്ഷിക്കും സാധിക്കില്ലെന്ന ബോധ്യം എല്ലായിടത്തു നിന്നും ഉണ്ടായിട്ടുണ്ട്. അതുകൊണ്ട് തന്നെ ദേശീയ തലത്തിൽ മോദിക്കെതിരെ വിശാല ഐക്യം രൂപീകരിക്കാൻ ഒരുങ്ങുകയാണ് കോൺഗ്രസ്. രാഹുൽ ഗാന്ധി തന്നെ അതിന്റെ അമരക്കാരനാകുമെന്ന കാര്യം ഉറപ്പാണ്. കോൺഗ്രസ് തലപ്പത്തു തലമുറമാറ്റം പ്രഖ്യാപിച്ച് എഐസിസി പ്ലീനറി സമ്മേളനത്തിന് ഇന്നു തുടക്കമകാുമ്പോൾ ചർച്ചയാകുക എങ്ങനെ ബിജെപിക്ക് തടയിടാം എന്നതാകും. അത് ലക്ഷ്യമിട്ടു കൊണ്ടുള്ള പ്രവർത്തനങ്ങൾ യോഗത്തിൽ ഉരുത്തിരിയും.

ബിജെപിവിരുദ്ധ ജനമുന്നേറ്റത്തിനു തുടക്കം കുറിക്കുക എന്നതാവും ത്രിദിന സമ്മേളനത്തിന്റെ മുഖ്യലക്ഷ്യം. ഇന്നു വൈകിട്ട് അഞ്ചിനു പാർട്ടി സ്റ്റിയറിങ് കമ്മിറ്റി വിവിധ പ്രമേയങ്ങൾ ചർച്ചചെയ്ത് അംഗീകരിക്കും. രാഷ്ട്രീയ, കാർഷിക, രാജ്യാന്തര, സാമ്പത്തിക പ്രമേയങ്ങളാണു സമ്മേളനത്തിൽ ചർച്ചചെയ്യുക. നാളെ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ ആമുഖ പ്രസംഗത്തിനു ശേഷം പ്രതിനിധി സമ്മേളനത്തിനു തുടക്കമാകും. കൃഷി, യുവജനകാര്യം, അഴിമതി, ആഭ്യന്തരസുരക്ഷ, സമ്പദ്വ്യവസ്ഥ, ന്യൂനപക്ഷ, പട്ടികജാതിവർഗ വിഭാഗങ്ങൾ എന്നീ വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന ലഘു ഗ്രന്ഥങ്ങൾ സമ്മേളനത്തിൽ പ്രസിദ്ധീകരിക്കും.

ബിജെപി പ്രചാരണത്തെ തടയാനുള്ള അടിസ്ഥാന വിവരങ്ങൾ പാർട്ടി പ്രവർത്തകർക്കു പ്രയോജനപ്പെടുംവിധം പുസ്തകത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് എഐസിസി വൃത്തങ്ങൾ അറിയിച്ചു. പ്രവർത്തക സമിതി അംഗങ്ങളുടെ നാമനിർദ്ദേശം സമ്മേളനത്തിനിടെയുണ്ടാകുമോ എന്നു വെളിപ്പെടുത്തിയിട്ടില്ല. ഭാവി നയപരിപാടികൾ പ്രഖ്യാപിച്ചു ഞായറാഴ്ച വൈകിട്ടു രാഹുൽ ഗാന്ധി നടത്തുന്ന പ്രസംഗത്തോടെയാവും പ്ലീനറി സമ്മേളനത്തിനു സമാപനം.

പ്ലീനറി സമ്മേളനം കഴിയുന്നതോടെ രാഹുൽ നേരിട്ട് കളത്തിലിറങ്ങി ഐക്യ രൂപീകരണ ചർച്ചകളിലേക്ക് കടക്കുമെന്നാണ് അറിയുന്നത്. ഇതിന്റെ തുടക്കമെന്നോണം കർഷിറാമിനെ പുകഴ്‌ത്തി അദ്ദേഹം രംഗത്തു വന്നു കഴിഞ്ഞു. അടുത്തിടെ നടന്ന ഉപതിരഞ്ഞെടുപ്പിൽ എസ് പി - ബിഎസ്‌പി സഖ്യം വലിയ മുന്നേറ്റമാണ് നടത്തിയത്. അതുകൊണ്ട് തന്നെ വലിയ പ്രതീക്ഷയിലാണ് രാഹുൽ.

ബിഎസ്‌പിയെ കൈയിലെടുക്കാൻ കൻഷിറാമിനെ പുകഴ്‌ത്തി രാഹുൽ

ബഹുജൻ സമാജ് പാർട്ടി സ്ഥാപകൻ കാൻഷി റാമിനെ പുകഴ്‌ത്തി കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ ട്വീറ്റ് ഇന്നലെ പുറത്തുവന്നതും സഖ്യരൂപീകരണ ചർച്ചകളുടെ തുടക്കമായി വിലയിരുത്തുന്നു. ഇന്ത്യ കണ്ട മികച്ച സാമൂഹിക പരിഷ്‌കർത്താവായിരുന്നു അദ്ദേഹമെന്നാണ് രാഹുൽ ട്വിറ്ററിൽ കുറിച്ചത്. കാൻഷി റാമിന്റെ ജന്മദിനാഘോഷത്തിന്റെ ഭാഗാമായാണ് രാഹുലിന്റെ വാക്കുകൾ. ത്തർപ്രദേശിൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ ബിഎസ്‌പി-എസ്‌പി സഖ്യം ബിജെപിയെ തുരത്തി രണ്ട് ലോക്സഭാ സീറ്റുകളിൽ വിജയം നേടിയതിന്റെ പിന്നാലെയാണ് രാഹുലിന്റെ പുകഴ്‌ത്തൽ എന്നത് ശ്രദ്ധേയമാണ്.

സമൂഹത്തിൽ തിരസ്‌കരിക്കപ്പെട്ട ജനവിഭാഗത്തെ മുഖ്യധാരയിലേക്ക് എത്തിക്കാൻ ആത്മാർഥമായ ശ്രമം നടത്തുകയും ഇതുവഴി ഇന്ത്യൻ രാഷ്ട്രീയത്തിൽ തന്റെതായ വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തിയാണ് അദ്ദേഹമെന്ന് രാഹുൽ ഗാന്ധിയുടെ പിറന്നാൾ സന്ദേശത്തിൽ പറയുന്നു. ാഹുൽ ഗാന്ധിയുടെ പ്രസ്താവന ബിഎസ്‌പി പ്രസിഡന്റ് മായാവതിക്കുള്ള സന്ദേശമാണെന്നാണ് രാഷ്ട്രീയ വിലയിരുത്തലുകൾ. ബിഎസ്‌പിയുടെ നേതൃത്വത്തിലേക്ക് മായാവതിയെ ഉയർത്തിയത് കാൻഷി റാമാണ്. ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ മണ്ഡലമായ ഗോരഖ്പൂരിലും ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യയുടെ മണ്ഡലത്തിലും നടന്ന ഉപതിരഞ്ഞെടുപ്പിൽ ബിഎസ്‌പി, എസ്‌പിക്ക് പിന്തുണ പ്രഖ്യാപിച്ചിരുന്നു.

തിരഞ്ഞെടുപ്പ് വിജയത്തിന് ശേഷം അഖിലേഷ് യാദവ് മായാവതിയുമായി കൂടിക്കാഴ്ച നടത്തുകയും 2019 ലോക്സഭാ തിരഞ്ഞെടുപ്പിൽ ഒരുമിച്ച് നിൽക്കാൻ ധാരണയാകുകയും ചെയ്തതായാണ് റിപ്പോർട്ട്. ഉപതിരഞ്ഞെടുപ്പ് നടന്ന രണ്ട് മണ്ഡലത്തിലും കോൺഗ്രസിന് കെട്ടിവെച്ച പണം നഷ്ടപ്പെടുന്ന സ്ഥിതിയാണുണ്ടായത്. 2017-ൽ ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ്-എസ്‌പി സഖ്യം രൂപീകരിച്ചിരുന്നെങ്കിലും കനത്ത തിരിച്ചടിയാണ് ബിജെപി നൽകിയത്.

ആന്ധ്രയിൽ ടിഡിപിയും തെലുങ്കാനയിൽ ടിആർംഎസിനെയും ഒപ്പം കൂട്ടും

ആന്ധ്രാപ്രദേശിന് പ്രത്യേക പദവി എന്ന വിഷയത്തിൽ ബിജെപിയുമായി ഇടഞ്ഞ് നിൽക്കുന്ന ടി.ഡി.പി എൻ.ഡി.എ മുന്നണി വിടാൻ ഒരുങ്ങുകയാണ്. പാർലമെന്റിൽ വൈ.എസ്.ആർ കോൺഗ്രസ് കൊണ്ടുവരുന്ന അവിശ്വാസ പ്രമേയത്തെ പിന്തുണയ്ക്കാനും ടി.ഡി.പി തീരുമാനിച്ചിട്ടുണ്ട്. പ്രത്യേക പദവി നൽകുമെന്ന വാഗ്ധാനം പാലിക്കാത്തതിൽ പ്രതിഷേധിച്ച് ടി.ഡി.പി തങ്ങളുടെ എംപിമാരെ മുന്നണിയിൽ നിന്ന് പിൻവലിച്ചിരുന്നു. ഉചിതമായ തീരുമാനം പിന്നീട് അറിയിക്കുമെന്ന് ടി.ഡി.പി നേതാവും ആന്ധ്രാ മുഖ്യമന്ത്രിയുമായ ചന്ദ്രബാബു നായിഡുവും അറിയിച്ചിരുന്നു.

ഭാവി തീരുമാനങ്ങൾ പ്രഖ്യാപിക്കുന്നതിനായി മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു അമരാവതിയിൽ പാർട്ടി പോളിറ്റ്ബ്യൂറോ യോഗം വിളിച്ചിട്ടുണ്ട്. പ്രത്യേക പദവിക്കായി കൂടുതൽ സമ്മർദം ചെല്ലുത്താൻ ഉചിതമായ തീരുമാനം മുന്നണി വിടുക എന്നത് മാത്രമാണെന്നാണ് ടി.ഡി.പി കരുതുന്നത്. ഭൂരിപക്ഷം എംഎ‍ൽഎമാരും എംപിമാരും ഇക്കാര്യം പാർട്ടി നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. ഇതിന് പുറമെ വൈ.എസ്.ആർ കോൺഗ്രസിൽ നിന്നുള്ള സമ്മർദവും ടി.ഡി.പിയെ വലക്കുന്നുണ്ട്.

ആന്ധ്രാപ്രദേശിന് പ്രത്യേക പദവി നൽകില്ലെന്ന കേന്ദ്ര ധനമന്ത്രി അരുൺ ജെയ്റ്റ്ലിയുടെ പ്രസ്താവന വന്നതോടെയാരുന്നു ടി.ഡി.പി-എൻ.ഡി.എ ബന്ധം കൂടുതൽ വഷളായത്. കേന്ദ്രത്തിന് പുറമെ ആന്ധ്രാപ്രദേശ് സർക്കാരിലും ബിജെപിയുമായി സഖ്യത്തിലാണ് ടി.ഡി.പി. മുന്നണി വിടുമെന്ന സൂചന വന്നതോടെ ആദ്യം ആന്ധ്രാ സർക്കാരിൽ നിന്ന് ബിജെപിയാണ് തങ്ങളുടെ എംഎ‍ൽഎമാരെ പിൻവലിച്ചത്. തുടർന്ന് കേന്ദ്രസർക്കാരിൽ നിന്ന് ടി.ഡി.പി തങ്ങളുടെ എംപിമാരെ പിൻവലിക്കുകയായിരുന്നു.

ബിജെപിയോടു പിണങ്ങി മറുകണ്ടം ചാടുന്ന ടിഡിപിയെ ഒപ്പം നിർത്താനാകും കോൺഗ്രസിന്റെ ശ്രമം. ഐക്യ ആന്ധ്രയെ വിഭജിക്കാൻ അനുമതി നൽകിയത് കോൺഗ്രസായിരുന്നു. അതുകൊണ്ട് തന്നെ കോൺഗ്രസുമായി സഖ്യത്തിന് ടിഡിപി തയ്യാറാകുമെന്ന വിലയിരുത്തലുണ്ട്. തെലുങ്കാനയിൽ ടിആർഎസിനൊപ്പമാകും കോൺഗ്രസ് നിലകൊള്ളുക. കടുത്ത ബിജെപി വിരുദ്ധ നിലപാട് സ്വീകരിക്കുന്ന മമത ബാനർജിയെ ഒപ്പം കൂട്ടാനുള്ള ശ്രമങ്ങളും ശക്തമാകും. അതേസമയം സിപിഎം മാത്രമാകും കോൺഗ്രസിനോട് ഇടഞ്ഞു നിൽക്കുന്ന പാർട്ടി. അത് അവർക്ക് തന്നെ തിരിച്ചടിയാകും. എന്നാൽ, സിപിഐയെ ഒപ്പം നിർത്താനാണ് കോൺഗ്രസിന്റെ ശ്രമവും.

സഖ്യം നീക്കം ഊർജ്ജിതപ്പെടുത്താൻ സോണിയയും കളത്തിൽ

ബിജെപി. വിരുദ്ധ വിശാലപ്രതിപക്ഷ സഖ്യനീക്കം ഊർജിതപ്പെടുത്താൻ യു.പി.എ. അധ്യക്ഷ സോണിയാഗാന്ധിയും സജീവമായി കളത്തിലിറങ്ങിയിട്ടുണ്ട്. കഴിഞ്ഞ ചൊവ്വാഴ്‌ച്ച ഒരുക്കിയ അത്താഴവിരുന്നിൽ പങ്കെടുത്തത് 20 പ്രതിപക്ഷ പാർട്ടി നേതാക്കൾ പങ്കെടുത്തിരുന്നു. ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി എത്തിയില്ലെങ്കിലും തൃണമൂൽ കോൺഗ്രസ് പ്രതിനിധിയായി സുദീപ് ബന്ദോപാധ്യായയെ അയച്ചിരുന്നു. ഇത് മമത-സോണിയ ബന്ധം ഇപ്പോഴും ഊഷ്മളമാണെന്നതിന്റെ തെളിവായി.

സിപിഐ. ജനറൽ സെക്രട്ടറി സുധാകർ റെഡ്ഡി, പാർട്ടി നേതാവ് ഡി. രാജ, സിപിഎം. പൊളിറ്റ് ബ്യൂറോ അംഗം മുഹമ്മദ് സലിം, എൻ.സി.പി. നേതാക്കളായ ശരദ് പവാർ, താരിഖ് അൻവർ, ജെ.ഡി.യു. നേതാവ് ശരദ് യാദവ്, എസ്‌പി. നേതാവ് രാംഗോപാൽ യാദവ്, ബി.എസ്‌പി. നേതാവ് സതീഷ് ചന്ദ്രമിശ്ര, ആർ.ജെ.ഡി. നേതാവ് ലാലുപ്രസാദിന്റെ മകൾ മിസാ ഭാരതി, ഡി.എം.കെ. നേതാവ് കനിമൊഴി എന്നിവരും പങ്കെടുത്തു.

കേരളത്തിൽനിന്ന് മുസ്ലിം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി. ആർ.എസ്‌പി. നേതാവ് എൻ.കെ. പ്രേമചന്ദ്രൻ, കേരളാ കോൺഗ്രസ് നേതാവ് ജോസ് കെ. മാണി എന്നിവരാണ് വിരുന്നിലുണ്ടായിരുന്നത്. സോണിയാഗാന്ധിയെ കൂടാതെ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി, മന്മോഹൻ സിങ്, എ.കെ. ആന്റണി. ഗുലാം നബി ആസാദ്, മല്ലികാർജുൻ ഖാർഗെ തുടങ്ങിയ നേതാക്കളും സന്നിഹിതരായിരുന്നു. പ്രതിപക്ഷ നേതാക്കളുടെ ഒരു ഒത്തുചേരലാണ് നടന്നതെന്നും ഔപചാരിക രാഷ്ടീയചർച്ചകൾ വിരുന്നിന്റെ ഭാഗമായി ഉണ്ടായില്ലെന്നും എൻ.കെ. പ്രേമചന്ദ്രൻ പറഞ്ഞു. അടുത്തദിവസങ്ങളിൽതന്നെ എൻ.സി.പി. നേതാവ് ശരദ്പവാറും പ്രതിപക്ഷ നേതാക്കൾക്ക് വിരുന്നു നൽകുന്നുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP