Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

അറിവും ജ്ഞാനവും പരിചയവും ഒരാളുടെ മഹത്വത്തിന് വേണ്ടി മാറ്റിവയ്ക്കേണ്ടി വന്നു; രാജ്യത്ത് അഴിച്ചുവിടുന്നത് അഗ്‌നിയും കലാപവും; മോദി ഇന്ത്യയെ നയിക്കുന്നത് മധ്യ കാലഘട്ടത്തിലേക്ക്; മോദിക്കെതിരെ ആഞ്ഞടിച്ച് ആത്മവിശ്വാസത്തോടെ രാഹുലിന്റെ കന്നി പ്രസംഗം; വ്യക്തിഹത്യയിൽ നിന്നും ഊർജ്ജം ഉൾക്കൊണ്ട് കോൺഗ്രസിനെ നയിക്കാൻ രാഹുലിന് കഴിയുമെന്ന് സോണിയ; അമ്മയുടേയും മകന്റേയും പ്രസംഗം ഏറ്റെടുത്ത് പ്രവർത്തകർ

അറിവും ജ്ഞാനവും പരിചയവും ഒരാളുടെ മഹത്വത്തിന് വേണ്ടി മാറ്റിവയ്ക്കേണ്ടി വന്നു; രാജ്യത്ത് അഴിച്ചുവിടുന്നത് അഗ്‌നിയും കലാപവും; മോദി ഇന്ത്യയെ നയിക്കുന്നത് മധ്യ കാലഘട്ടത്തിലേക്ക്; മോദിക്കെതിരെ ആഞ്ഞടിച്ച് ആത്മവിശ്വാസത്തോടെ രാഹുലിന്റെ കന്നി പ്രസംഗം; വ്യക്തിഹത്യയിൽ നിന്നും ഊർജ്ജം ഉൾക്കൊണ്ട് കോൺഗ്രസിനെ നയിക്കാൻ രാഹുലിന് കഴിയുമെന്ന് സോണിയ; അമ്മയുടേയും മകന്റേയും പ്രസംഗം ഏറ്റെടുത്ത് പ്രവർത്തകർ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: മോദി സർക്കാർ ഇന്ത്യയെ പിന്നോട്ട് നയിക്കുന്നുവെന്ന് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. ഇന്ത്യയിൽ ഇന്ന് നടക്കുന്നത് ഭയത്തിന്റെ രാഷ്ട്രീയമാണ്. എതിർക്കാനുള്ള അവകാശം പൗരന്മാർക്ക് നഷ്ടമായി. ഭക്ഷണത്തിന്റെ പേരിൽ ആളുകൾ കൊല്ലപ്പെടുന്നുവെന്നും രാഹുൽ വിശദീകരിച്ചു. അമ്മ സോണിയാ ഗാന്ധിയിൽ നിന്ന് അധ്യക്ഷ പദം ഏറ്റെടുത്ത ശേഷമായിരുന്നു രാഹുലിന്റെ മോദി സർക്കാരിനെ കടന്നാക്രമിച്ചുകൊണ്ടുള്ള പ്രസംഗം.

രാവിലെ 11ന് എഐസിസി ആസ്ഥാനത്തുനടന്ന ചടങ്ങിൽ മുഖ്യ വരാണാധികാരി മുല്ലപ്പള്ളി രാമചന്ദ്രൻ അധികാര രേഖ രാഹുലിനു കൈമാറി. അടുത്തമാസം ചേരുന്ന എഐസിസി പ്ലീനത്തിലാണ് രാഹുൽ പൂർണമായി ചുമതല ഏറ്റെടുക്കുന്നത്. രാഹുൽ ഗാന്ധി അധ്യക്ഷസ്ഥാനം ഏറ്റെടുക്കുന്നതിനു മുന്നോടിയായി എഐസിസി ആസ്ഥാനത്തിനു മുന്നിൽ തടിച്ചുകൂടിയ കോൺഗ്രസ് പ്രവർത്തകർ പടക്കം പൊട്ടിച്ചും മധുരം വിതറിയും ആഘോഷങ്ങൾ നടത്തി. സ്ഥാനമൊഴിയുന്ന സോണിയഗാന്ധിയുടേയും മുൻ പ്രധാനമന്ത്രി മന്മോഹൻ സിംഗിന്േറയും സാന്നിധ്യത്തിലാണ് ചടങ്ങുകൾ നടക്കുന്നത്.

ആദ്യം സോണിയാ ഗാന്ധിയുടെ വിടവാങ്ങൽ പ്രസംഗമായിരുന്നു. അതിന് ശേഷമായിരുന്നു രാഹുലിന്റെ ചുമതല ഏറ്റെടുക്കൽ പ്രസംഗം. മോദിയെ കടന്നാക്രമിച്ചായിരുന്നു രാഹുലിന്റെ പ്രസംഗം. അറിവും ജ്ഞാനവും പരിചയവും ഒരാളുടെ മഹത്വത്തിന് വേണ്ടി മാറ്റിവയ്‌ക്കേണ്ടി വരുന്നുവെന്നതായിരുന്നു പ്രധാന വിമർശനം. രാജ്യത്ത് അഴിച്ചു വിടുന്നത് അഗ്നിയും കലാപവുമാണ് മോദി ഇന്ത്യയെ നയിക്കുന്നത് മധ്യ കാലഘട്ടത്തിലേക്കാണെന്നും രാഹുൽ പറഞ്ഞു. മോദിയുടെ ഭരണത്തിൽ നിന്നും രാജ്യത്തെ മോചിപ്പിക്കുമെന്നും രാഹുൽ കൂട്ടിച്ചേർത്തു.

വെല്ലുവിളികളെ സ്‌നേഹപൂർവം നാം നേരിടും-രാഹുൽ

ഒറ്റയ്ക്ക് പോരാടാൻ സാധിക്കാത്തവർക്കൊപ്പം ചേർന്നാണ് നമ്മുടെ പോരാട്ടം. നമ്മുടെ സ്വാതന്ത്ര്യ സമരത്തിന്റെ പ്രത്യേകത അതായിരുന്നു. അത് നാം ഇന്നും നിലനിർത്തുന്നു. ബിജെപിക്കാർ എതിർശബ്ദങ്ങളെ അടിച്ചമർത്തുന്നു. നാം അത് അനുവദിക്കുന്നു. അവർ നമ്മെ അപമാനിക്കുന്നു, നാം അവരെ ബഹുമാനിക്കുന്നു. ജനങ്ങളുടെ കവചമാണ് നാം. 13 വർഷത്തെ എന്റെ രാഷ്ട്രീയ ജീവിതത്തിൽ നിങ്ങൾ ഒരുപാട് കാര്യങ്ങൾ പഠിപ്പിച്ചു. എല്ലാ പാഠങ്ങൾക്കും നന്ദി. ഏറ്റവും വിനയത്തോടെയാണ് ഈ സ്ഥാനം ഞാൻ ഏറ്റെടുക്കുന്നത്. ഒരുപാട് മഹാന്മാർ നടന്ന പാതയിലൂടെയാണ് ഞാൻ നടക്കുന്നതെന്ന ഓർമ എല്ലായ്‌പ്പോഴും എനിക്കൊപ്പമുണ്ടാകും.

രാജ്യത്തെ മധ്യകാലഘട്ടത്തിലേക്ക് നയിക്കാനാണ് പ്രധാനമന്ത്രിയുടെ ശ്രമം. തങ്ങൾക്കു വേണ്ടി മാത്രം പോരാടുന്ന പടയാളികളാണ് ബിജെപിയിലുള്ളത്. എന്നാൽ ജനങ്ങളെ സേവിക്കാനാണ് നമ്മുടെ ശ്രമം. അവരുമായി ആശയപരമായ വിയോജിപ്പ് നിലനിൽക്കുമ്പോഴും ബിജെപിക്കാരെ സഹോദരങ്ങളയാണ് നാം കാണുന്നത്. വെറുപ്പ് ഉള്ളിൽവച്ച് വെറുപ്പ് പടർത്തുന്നവരോട് പോരാടുന്നതല്ല നമ്മുടെ നയം. വെല്ലുവിളികളെ സ്‌നേഹപൂർവം നാം നേരിടും. അധികാര കേന്ദ്രങ്ങളെ നിയന്ത്രിക്കുന്നത് അവരായിരിക്കാം. എന്നാൽ നമുക്കൊപ്പം ജനങ്ങളുണ്ട്.

ദശാബ്ദങ്ങളുടെ പഴക്കമുള്ളതാണ് നമ്മുടെ പാർട്ടി. ഈ പഴമയുടെ കെട്ടുറപ്പിനൊപ്പം യുവത്വം കൂടി ചേർക്കാനാണ് ഇനി നാം ശ്രമിക്കുക. സ്‌നേഹവും ദയയും മുഖമുദ്രയാക്കിയ പുതിയൊരു ഇന്ത്യയെ കെട്ടിപ്പടുക്കാൻ എല്ലാ യുവാക്കളെയും ഞാൻ സ്വാഗതം ചെയ്യുന്നു. എന്തെങ്കിലും വസ്തു അഗ്‌നിക്കിരയാക്കിയാൽ അത് വീണ്ടെടുക്കുക ഒട്ടും എളുപ്പമല്ല. നമുക്ക് ബിജെപിയോട് പറയാനുള്ളതും ഇതാണ്. രാജ്യത്തെ പൊള്ളിക്കുന്ന ഈ അഗ്‌നി ശമിപ്പിക്കാനാണ് കോൺഗ്രസിന്റെ ശ്രമം. അവർ വെറുപ്പ് പടർത്തുമ്പോൾ സ്‌നേഹത്തെക്കുറിച്ചാണ് കോൺഗ്രസ് പറയുന്നത്. സ്‌നേഹവും വാൽസല്യവുമാണ് നമ്മെ നയിക്കുന്നത്. എല്ലാ കോൺഗ്രസ് പ്രവർത്തകരും ഉൾപ്പെടുന്നതാണ് എന്റെ കുടുംബം. ഹൃദയത്തിന്റെ ഉള്ളിൽനിന്നുമാണ് ഞാൻ നിങ്ങളെ സ്‌നേഹിക്കുന്നത്.

രാജ്യത്തിന്റെ നാശത്തിനായി അധികാരം വിനിയോഗിക്കുന്നവരാണ് ബിജെപിക്കാർ. നമ്മെ ദുർബലരാക്കാനാണ് അവരുടെ ശ്രമം. എന്നാർ അവർക്കെതിരെ നട്ടെല്ലുയർത്തി നിൽക്കാനാണ് കോൺഗ്രസിന്റെ ശ്രമം. ഇനിയൊരിക്കലും കോൺഗ്രസ് പിന്നോട്ടു പോകില്ല. ഓരോ ഇന്ത്യക്കാരന്റെയും ശബ്ദത്തെ പ്രതിരോധിക്കാൻ കോൺഗ്രസ് പാർട്ടി മുന്നിലുണ്ടാകും. ആർക്കും ആരെയും ഇനി നിശബ്ദരാക്കാനാകില്ല. രാജ്യത്തിന്റെ ചരിത്രവും വർത്തമാനവും ഭാവിയും സംരക്ഷിക്കാനാണ് കോൺഗ്രസ് ശ്രമിക്കുക. ന്മ നമുക്ക് നഷ്ടമായ ഇന്ത്യയുടെ ആ മഹദ് കാലഘട്ടത്തെ വീണ്ടെടുക്കാനുള്ള നീക്കത്തിന്റെ ഭാഗമാകാനാണ് എന്റെ ആഗ്രഹം. അതിനാണ് എന്റെ ശ്രമം. ബിജെപി രാജ്യത്തെ നശിപ്പിക്കുകയും പച്ചക്കള്ളത്താൽ നിറയ്ക്കുകയും ചെയ്യുന്നു. വിയോജിക്കാനുള്ള ജനാധിപത്യപരമായ അവകാശം പോലും സാധാരണ ജനങ്ങൾക്ക് നിഷേധിക്കപ്പെടുന്നു.

ഇന്ത്യയെ 21-ാം നൂറ്റാണ്ടിലേക്ക് നയിച്ചത് കോൺഗ്രസാണെങ്കിൽ, അതേ ഇന്ത്യയെ മധ്യ കാലഘട്ടത്തിലേക്ക് നയിക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയും സംഘവും. ഇന്നത്തെ രാഷ്ട്രീയക്രമം നമ്മിൽ പലർക്കും ദഹിക്കുന്ന ഒന്നല്ല. സത്യവും ദയയും ഇന്നത്തെ രാഷ്ട്രീയ ലോകത്ത് കണികാണാൻ കിട്ടില്ല. ഷ്ട്രീയമെന്നത് ജനങ്ങൾക്ക് അവകാശപ്പെട്ടതാണെങ്കിലും ഇന്ന് രാഷ്ട്രീയ അധികാരം ജനങ്ങൾക്കുവേണ്ടി വിനിയോഗിക്കപ്പെടുന്നില്ല. അത് ജനങ്ങളുടെ ഉയർച്ചയ്ക്കായല്ല, അവരെ ഞെരിച്ചമർത്തുന്നതിനാണ് വിനിയോഗിക്കുന്നത്. 

മാറ്റത്തിന് വഴി തെളിക്കാൻ രാഹുലിന് കഴിയും- സോണിയാ ഗാന്ധി

അധികാരം ഒളിഞ്ഞുള്ള പ്രസംഗത്തിനായി വേദിയിൽ നിന്നും എത്തിയ സോണിയയ്ക്ക് പ്രസംഗം പല വട്ടം നിർത്തിവെയ്ക്കേണ്ടി വന്നു. ഉത്സവ ലഹരയിലിയാ അണികളുടെ പടക്കം പൊട്ടിക്കലും മറ്റുമാണ് സോണിയയുടെ പ്രസംഗത്തിന് തടസ്സമായത്.

19 വർഷം കൈവശം വെച്ച അധികാരം കൈമാറിക്കൊണ്ടുള്ള പ്രസംഗത്തിൽ സോണിയാ ഗാന്ധി ഇടറിയ കണ്ഠത്തടെയാണ് സംസാരിച്ചത്. മകനെ രാഹുൽ ജി എന്ന് അഭിസംബോധന ചെയ്ത് തുടങ്ങിയ പ്രസംഗത്തിൽ കോൺഗ്രസിനെ മുന്നിൽ നിന്നും നയിക്കാൻ രാഹുലിന് കഴിയുമെന്ന് സോണിയ അഭിമാനത്തോടെ പറഞ്ഞു. ഇനി പുതിയ കാലത്തിന്റെ തുടക്കമാണ്.

കോൺഗ്രസിന്റെ അദ്ധ്യക്ഷ സ്ഥാനത്തിരുന്നു കൊണ്ട് പല നിയമ നിർമ്മാണത്തിന്റെയും ഭാഗമായതിൽ സന്തോഷം. ഇന്ത്യയിൽ ഇന്ന് നടക്കുന്നത് ഭയത്തിന്റെ രാഷ്ട്രീയമാണെന്നും സോണിയ പറഞ്ഞു. കോൺഗ്രസിൽ പുതിയ മാറ്റത്തിന് വഴി തെളിക്കാൻ രാഹുലിന് കഴിയുമെന്ന് പറഞ്ഞ സോണിയ ബിജെപിയേയും തന്റെ പ്രസംഗത്തിൽ വിമർശിച്ചു. രാജ്യത്തിന്റെ അടിസ്ഥാന മൂല്യങ്ങൾക്ക് ഭീഷണി നേരിടുന്നു. ഇത് തിരിച്ചു പിടിക്കാൻ ശ്രമിക്കുമെന്നും സോണിയ പറഞ്ഞു.

തുടർച്ചയായുണ്ടായ ശബ്ദഘോഷങ്ങളിൽ സോണിയയ്ക്ക് പലവട്ടം പ്രസംഗം നിർത്തിവയ്ക്കേണ്ടി വന്നു. പിന്നീട് പാർട്ടി നേതാക്കൾ അണികളോട് ശബ്ദമുണ്ടാക്കാതിരിക്കാൻ അഭ്യർത്ഥിച്ചു. എനിക്ക് സംസാരിക്കാൻ കഴിയുന്നില്ലെന്നും സോണിയ ആശ്ചര്യത്തോടെയാണ് പറഞ്ഞത്. പ്രസംഗത്തിൽ അധികാരമേൽക്കുന്ന രാഹുലിനെ സോണിയ അഭിനന്ദിച്ചു. രാഹുലിന്റെ കുട്ടിക്കാലവും രാഷ്ട്രീയ ജീവിതവും രാഹുലിനെ ഒരു കരുത്തുറ്റ വ്യക്തിയാക്കി മാറ്റിയതായും സോണിയ പറഞ്ഞു. കോൺഗ്രസ് അദ്ധ്യക്ഷയായുള്ള അവസാന പ്രസംഗത്തിൽ പഴയകാലത്തെ ഓർത്തെടുക്കാനും സോണിയ മറന്നില്ല. സോണിയ തന്റെ അമ്മായിഅമ്മയായ ഇന്ദിരാ ഗാന്ധിയേയും ഭർത്താവും മുൻ പ്രധാന മന്ത്രിയുമായിരുന്ന രാജീവ് ഗാന്ധിയേയും ഓർമ്മിച്ചു. ഇന്ദിരാ ഗാന്ധി തന്നെ സ്വന്തം മകളെ പോലെയാണ് കണ്ടതെന്നും ഇന്ത്യയെ കുറിച്ച് കൂടുതൽ പഠിക്കാൻ അവർ സഹായിച്ചെന്നും സോണിയ പ്രസംഗത്തിൽ പറഞ്ഞു. പാർട്ടിയുടെ ശക്തികുറയുന്നതായി തനിക്ക് തോന്നി തുടങ്ങിയപ്പോൾ തന്നെ രാജ്യം ജാതിരാഷ്ട്രീയക്കാരുടെ കൈകളിലായെന്നും അവർ പറഞ്ഞു.

രാഹുൽ ഗാന്ധി അധ്യക്ഷ പദവിയിലെത്തുന്നതോടെ 19 വർഷം നീണ്ടുനിന്ന സോണിയ യുഗത്തിനാണ് അന്ത്യമായിരിക്കുന്നത്. 132 വർഷം പാരമ്പര്യമുള്ള പാർട്ടിയെ ഏറ്റവുമധികം കാലം നയിച്ചത് ഈ വനിതയായിരുന്നു. നാലു ലോക്‌സഭാ തിരഞ്ഞെടുപ്പുകൾക്കും ഒട്ടേറെ നിയമസഭാ തിരഞ്ഞെടുപ്പുകൾക്കും പാർട്ടിയുടെ വലിയ വിജയങ്ങൾക്കും പരാജയങ്ങൾക്കുമെല്ലാം 1998നു ശേഷമുള്ള സോണിയാകാലഘട്ടം സാക്ഷിയാണ്.

രാഹുൽ സ്ഥാനമേറ്റെടുക്കുന്നതോടെ സോണിയ സജീവരാഷ്ട്രീയത്തിൽ നിന്ന് പിന്മാറുമെന്നു ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തെ മുൻനിർത്തി ഇന്നലെ രാവിലെ അഭ്യൂഹമുയർന്നെങ്കിലും കോൺഗ്രസ് നേതൃത്വം നിഷേധിച്ചു. അസുഖബാധിതയായതിനെത്തുടർന്നാണ് സോണിയ പത്തൊമ്പതു വർഷമായി വഹിക്കുന്ന അധ്യക്ഷസ്ഥാനം മകനും ഉപാധ്യക്ഷനുമായ രാഹുലിന് കൈമാറാൻ തീരുമാനമെടുത്തത്. ഡിസംബർ അവസാനത്തോടെ സംഘടനാ തെരഞ്ഞെടുപ്പ് പൂർത്തീകരിക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മിഷനും നേതൃത്വത്തിന് നിർദ്ദേശം നൽകിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP