Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പ്രസിഡന്റാക്കിയാലേ മടങ്ങിവരൂ എന്ന് തീർത്തുപറഞ്ഞ് രാഹുൽ; മകന്റെ പിടിവാശിക്ക് മുന്നിൽ തളർന്ന് അമ്മ; മെയ് ആദ്യവാരം ഔദ്യോഗിക പ്രഖ്യാപനത്തിന് ശ്രമിച്ച് കോൺഗ്രസ് നേതൃത്വം

പ്രസിഡന്റാക്കിയാലേ മടങ്ങിവരൂ എന്ന് തീർത്തുപറഞ്ഞ് രാഹുൽ; മകന്റെ പിടിവാശിക്ക് മുന്നിൽ തളർന്ന് അമ്മ; മെയ് ആദ്യവാരം ഔദ്യോഗിക പ്രഖ്യാപനത്തിന് ശ്രമിച്ച് കോൺഗ്രസ് നേതൃത്വം

കോൺഗ്രസ്സിലെ അമ്മ-മകൻ തർക്കവും രാഹുൽ ഗാന്ധിയുടെ അജ്ഞാത വാസവും പുതിയ വഴിത്തിരിവിൽ. കോൺഗ്രസ്സിന്റെ അദ്ധ്യക്ഷ സ്ഥാനത്തേയ്ക്ക് രാഹുൽ ഗാന്ധിയെ നിയമിക്കാനുള്ള സാധ്യതകൾ ശക്തമായി. ഏപ്രിലിൽ ചേരാനിരുന്ന എ.ഐ.സി.സി. സമ്മേളനം മെയ് മാസത്തിൽ നടക്കുകയും രാഹുൽ ഗാന്ധിയെ പ്രസിഡന്റായി പ്രഖ്യാപിക്കുകയും ചെയ്യുമെന്നാണ് ഏറ്റവുമൊടുവിലുള്ള വിവരം. പാർട്ടിയുടെ ഉപാദ്ധ്യക്ഷനാണ് ഇപ്പോൾ രാഹുൽ. അദ്ധ്യക്ഷനാക്കിയാലേ മടങ്ങിവരൂ എന്ന പിടിവാശിയിലാണ് അദ്ദേഹമെന്നും അറിയുന്നു.

പാർട്ടിയിൽനിന്ന് അവധിയെടുത്ത് വിദേശത്തുപോയ രാഹുൽ ഗാന്ധി എന്നു മടങ്ങിവരും എന്ന കാര്യത്തിൽ നേതൃത്വത്തിന് വ്യക്തമായ ഉത്തരമില്ല. ഉടൻ തിരിച്ചെത്തുമെന്നാണ് സോണിയ ഗാന്ധി പറയുന്നത്. രാഹുൽ തിരിച്ചെത്തിയാൽ പാർട്ടി നേതൃസ്ഥാനത്തെക്കുറിച്ചുള്ള ചർച്ചകൾ വീണ്ടും ശക്തിപ്രാപിക്കും. കഴിഞ്ഞ ദിവസം പാർട്ടി പുറത്തുവിട്ട സംഘടനാ തിരഞ്ഞെടുപ്പ് തീയതികൾ അനുസരിച്ച് സെപ്റ്റംബർ 30-നാണ് പുതിയ പാർട്ടി അദ്ധ്യക്ഷനെ തിരഞ്ഞെടുക്കേണ്ടത്. എന്നാൽ, അതത്രയും വൈകാനിടയില്ല.

അടുത്ത മാസം തിരിച്ചെത്തിയാൽ രാഹുൽ ഗാന്ധിതന്നെ എപ്പോൾ താൻ അദ്ധ്യക്ഷ സ്ഥാനം ഏറ്റെടുക്കുമെന്ന കാര്യം വ്യക്തമാക്കുമെന്ന് നേതാക്കൾ പറയുന്നു. എത്രയും നേരത്തെ അതേറ്റെടുക്കുന്നുവോ അത്രയും നല്ലത് എന്ന നിലപാടിലാണ് രാഹുലിനോടടുത്ത കേന്ദ്രങ്ങൾ. എന്നാൽ കോൺഗ്രസ് സംഘടനാ തിരഞ്ഞെടുപ്പ് പൂർത്തിയായ ശേഷം ഈ വർഷം ഒടുവിൽ നടക്കുന്ന എ.ഐ.സി.സി പ്ലീനറി സമ്മേളനത്തിലേ അധ്യക്ഷസ്ഥാനത്തേക്കുള്ളൂ എന്ന നിലപാട് രാഹുൽ സ്വീകരിക്കാനിടയുണ്ട്. രാഹുൽ അധ്യക്ഷ പദവിയിലെത്തിയാൽ സോണിയാഗാന്ധി കോൺഗ്രസ് പാർലമെന്ററി പാർട്ടി ചെയർപേഴ്‌സൺ സ്ഥാനത്ത് തുടരും. 17 വർഷമായി കോൺഗ്രസ് അധ്യക്ഷയാണ് സോണിയ.

ഏപ്രിലിൽ എ.ഐ.സി.സി. ചേരാനാണ് നേതൃത്വം ആദ്യം തീരുമാനിച്ചിരുന്നത്. എന്നാൽ, രാഹുൽ ഗാന്ധി ഏപ്രിൽ മധ്യത്തോടെ മാത്രമേ തിരിച്ചുവരൂ എന്നുള്ളതുകൊണ്ടാണ് സമ്മേളനം വൈകുന്നത്. ഏപ്രിൽ 20-ന് പാർലമെന്റ് സമ്മേളനവും തുടങ്ങും. ഇതോടെയാണ് സമ്മേളനം മെയ് മാസത്തിലേക്ക് മാറ്റിയത്. ഡൽഹിയിലോ, കോൺഗ്രസ് ഭരിക്കുന്ന ഉത്തരാഖണ്ഡിലോ ഹിമാചൽ പ്രദേശിലോ ആയിരിക്കും സമ്മേളനം ചേരുക. നിലവിലെ സാഹചര്യത്തിൽ രാഹുലിന്റെ സ്ഥാനാരോഹണം കൂടിയായി സമ്മേളനം മാറിയേക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP