Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

രണ്ടാം യുപിഎ സർക്കാറിന് ജനങ്ങളുടെ പ്രതീക്ഷക്കൊത്ത് ഉയരാൻ സാധിച്ചില്ലെന്ന് സ്വയം വിമർശനം; കർഷകർ ആത്മഹത്യ ചെയ്യുമ്പോൾ മോദി യോഗ ചെയ്യുകയാണെന്ന് പറഞ്ഞ് ബിജെപി സർക്കാറിനെ ആക്രമിച്ചു; മുകളിൽ നിന്നും സ്ഥാനാർത്ഥികളെ കെട്ടിയിറക്കുന്ന ഏർപ്പാട് ഇനിയുണ്ടാകില്ലെന്ന് എടുത്തു പറഞ്ഞ് സ്തുതിപാഠകർക്ക് മുന്നറിയിപ്പു നൽകി; കോൺഗ്രസിൽ കാലത്തിന് അനുസരിച്ച് മാറ്റം അനിവാര്യമാണെന്ന് പറഞ്ഞ് എഐസിസി സമ്മേളനത്തിൽ രാഹുൽ ഗാന്ധി

രണ്ടാം യുപിഎ സർക്കാറിന് ജനങ്ങളുടെ പ്രതീക്ഷക്കൊത്ത് ഉയരാൻ സാധിച്ചില്ലെന്ന് സ്വയം വിമർശനം; കർഷകർ ആത്മഹത്യ ചെയ്യുമ്പോൾ മോദി യോഗ ചെയ്യുകയാണെന്ന് പറഞ്ഞ് ബിജെപി സർക്കാറിനെ ആക്രമിച്ചു; മുകളിൽ നിന്നും സ്ഥാനാർത്ഥികളെ കെട്ടിയിറക്കുന്ന ഏർപ്പാട് ഇനിയുണ്ടാകില്ലെന്ന് എടുത്തു പറഞ്ഞ് സ്തുതിപാഠകർക്ക് മുന്നറിയിപ്പു നൽകി; കോൺഗ്രസിൽ കാലത്തിന് അനുസരിച്ച് മാറ്റം അനിവാര്യമാണെന്ന് പറഞ്ഞ് എഐസിസി സമ്മേളനത്തിൽ രാഹുൽ ഗാന്ധി

മറുനാടൻ ഡെസ്‌ക്ക്

ന്യൂഡൽഹി: കേന്ദ്രം ഭരിക്കുന്ന ബിജെപി സർക്കാറിനെ കടന്നാക്രമിച്ചും കോൺഗ്രസിലെ സംഘടനാ പോരായ്മകളെയും മുൻകാല തെറ്റുകളെയും വിമർശിച്ചും എഐസിസി പ്ലീനറി സമ്മേളന വേദിയിൽ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. ആർഎസ്എസിനെയും ബിജെപിയെയും കടുത്ത ഭാഷയിൽ വിമർശിച്ച അദ്ദേഹം മോദി സർക്കാർ രാജ്യത്തെ അടിമുടി പിന്നോട്ടു നയിച്ചതായി ആവർത്തിച്ചു. ബിജെപി ഒരു പാർട്ടിയുടെ മാത്രം ശബ്ദമെന്ന് സമ്മേളനത്തിൽ രാഹുൽ ഗാന്ധി ആരോപിച്ചു. എന്നാൽ കോൺഗ്രസിന്റേതു രാജ്യത്തിന്റെ ശബ്ദമാണ്. രാജ്യത്തെ ഒറ്റക്കെട്ടാക്കി മുന്നോട്ടുകൊണ്ടുപോകാൻ കോൺഗ്രസിനേ കഴിയൂ. ബിജെപി വിദ്വേഷമെന്ന വികാരമാണ് ഉപയോഗിക്കുന്നത്. എന്നാൽ നമ്മൾ സ്‌നേഹമെന്ന വികാരമാണ് ഉപയോഗിക്കുന്നത്. ഈ രാജ്യം എല്ലാവരുടേതുമാണ്. കോൺഗ്രസ് എന്തുചെയ്താലും അതു രാജ്യത്തിനു വേണ്ടിയാണ്, രാഹുൽ കൂട്ടിച്ചേർത്തു.

കോൺഗ്രസിലെ പതിവുശീലങ്ങളെ തെറ്റിച്ച രാഹുൽ ഗാന്ധി ആത്മവിമർശനം നടത്താനും മടിച്ചില്ല. രണ്ടാം യുപിഎ സർക്കാറിന് ജനങ്ങളുടെ പ്രതീക്ഷക്കൊത്ത് ഉയരാൻ സാധിച്ചില്ലെന്ന് അദ്ദേഹം വിമർശിച്ചു. മുകളിൽ നിന്നും സ്ഥാനാർത്ഥികളെ കെട്ടിയിറക്കുന്ന ഏർപ്പാട് ഇനിയുണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസിൽ കാലത്തിന് അനുസരിച്ച് മാറ്റം അനിവാര്യമാണെന്ന് പറഞ്ഞു കൊണ്ടാണ് രാഹുൽ സമ്മേളന വേദിയിൽ പ്രസംഗിച്ചത്. ഈ മാറ്റത്തിന് അടിവരയിടുന്നതായിരുന്നു അദ്ദേഹം നടത്തിയ പ്രസംഗം.

നമ്മുടെ പാർട്ടിയുടെ ആശയങ്ങൾ ജീവനോടെ കാത്തുസൂക്ഷിക്കാൻ പ്രവർത്തകർ കഷ്ടപ്പെടുകയാണ്. മുതിർന്ന നേതാക്കൾ യുവാക്കളെ നയിക്കണം. അങ്ങനെ പാർട്ടിയെ മുന്നിൽകൊണ്ടുവരണം. നൂറ്റാണ്ടുകൾക്കുമുൻപ് കുരുക്ഷേത്രയിൽ വലിയൊരു യുദ്ധം നടന്നു. കൗരവർ കരുത്തരും ധിക്കാരികളുമായിരുന്നു. എന്നാൽ പാണ്ഡവർ എളിമയുള്ളവരും സത്യത്തിനുവേണ്ടി പോരാടിയവരും ആയിരുന്നു. കൗരവരെപ്പോലെയാണ് ബിജെപിയും ആർഎസ്എസും. അധികാരത്തിനുവേണ്ടി പോരാടുകയാണ് അവർ. പാണ്ഡവരെപ്പോലെയാണ് കോൺഗ്രസുകാർ. സത്യത്തിനുവേണ്ടിയാണ് അവർ പോരാടുന്നത്. - രാഹുൽ പറഞ്ഞു.

മോദിക്കും ബിജെപിക്കുമെതിരെ കടുത്ത വിമർശനമാണ് രാഹുൽ ഗാന്ധി ഉന്നയിച്ചത്. രാജ്യം ഭരിക്കുന്നത് നിരന്തരം നുണകൾ പറയുന്നവരാണ്. പാർലമെന്റിൽ പല കാര്യങ്ങളിൽനിന്നും ശ്രദ്ധ തിരിച്ചു രക്ഷപ്പെടുകയാണു പ്രധാനമന്ത്രി നരേന്ദ്ര മോദി. ഗബ്ബർ സിങ് ടാക്‌സ് മുതൽ യോഗ വരെ അതാണു സംഭവിക്കുന്നത്. ഒരിക്കൽപ്പോലും പ്രശ്‌നങ്ങളെക്കുറിച്ച് അദ്ദേഹം ചർച്ച ചെയ്യാൻ തയാറായിട്ടില്ല. എന്നാൽ നീതിക്കും സത്യത്തിനും വേണ്ടിയുള്ള കോൺഗ്രസിന്റെ പോരാട്ടത്തെ തടയാൻ ആർക്കുമാകില്ല. രാജ്യം മടുത്തിരിക്കുകയാണ്. ഇതിൽ നിന്നു പുറത്തേക്കൊരു വഴി തിരയുകയാണവർ. കോൺഗ്രസിനു മാത്രമേ മുന്നോട്ടുള്ള വഴി കാണിച്ചുകൊടുക്കാനാകൂവെന്നും അദ്ദേഹം പറഞ്ഞു.

ബി.െജ.പിയെ നയിക്കുന്നതുകൊലക്കേസ് പ്രതിയെന്നു പറഞ്ഞ രാഹുൽ കർഷകർ ആത്മഹത്യചെയ്യുമ്പോൾ മോദി യോഗ ചെയ്യുകയായിരുന്നുവെന്ന് പരിഹസിച്ചു. കർഷകർ മരിച്ചുവീഴുമ്പോൾ ഇന്ത്യാഗേറ്റിന് മുന്നിൽ യോഗ ചെയ്യാനാണ് മോദിയുടെ ആഹ്വാനമെന്നും പരിഹസിച്ചു. മോദി എന്നാൽ എന്താണ് യഥാർഥത്തിൽ അർഥമെന്നും അദ്ദേഹം ചോദിച്ചു. ഒരു മോദി ക്രിക്കറ്റിൽ നിന്നുണ്ടാക്കിയ തട്ടിപ്പുമായി ലണ്ടനിലേക്ക് പോയി. മറ്റൊരാൾ നമ്മുടെയെല്ലാം ടാക്‌സ് പണമായ ബാങ്ക് നിക്ഷേപം പറ്റിച്ച് നാടുവിട്ടുവെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യയിലെ പ്രത്യക്ഷ ശത്രുക്കളായ മുതലാളിത്തവും ഇന്ത്യയുടെ പ്രധാനമന്ത്രിയും തമ്മിലുള്ള രഹസ്യധാരണയാണ് മോദി എന്ന പേര് പ്രതീകവൽക്കരിക്കുന്നതെന്നും രാഹുൽ ഗാന്ധി തന്റെ പ്രസംഗത്തിൽ വ്യക്തമാക്കി. പാക്കിസ്ഥാനിലേക്ക് ഒരിക്കൽപോലും പോകാത്ത, ഈ മഹത്തായ രാജ്യത്തെ എല്ലായ്‌പ്പോഴും പിന്തുണച്ച മുസ്ലിംകളോടു അവർ പറയുന്നു, നിങ്ങൾ ഇവിടുത്തുകാരല്ലെന്ന്. തമിഴരോടു പറയുന്നു, നിങ്ങളുടെ ഭാഷ മാറ്റണമെന്ന്. വടക്കുകിഴക്കൻ സംസ്ഥാനക്കാരോടു പറയുന്നു നിങ്ങൾ കഴിക്കുന്നത് ഞങ്ങൾക്ക് ഇഷ്ടമല്ലെന്ന്. വനിതകളോടു പറയുന്നു ഉചിതമായ വസ്ത്രം ധരിക്കണമെന്ന്. ഇതൊക്കെ ബിജെപി സർക്കാർ അടിച്ചേൽപ്പിക്കുന്ന കാര്യങ്ങളാണെന്ന് അദ്ദേഹം പറഞ്ഞു.

എല്ലാം കൊണ്ടും രാജ്യത്തിന് മോദി ഭരണം മടുത്തിരിക്കയാണെന്ന് അദ്ദേഹം പറഞ്ഞു. ഇതിൽനിന്നു പുറത്തേക്കൊരു വഴി തിരയുകയാണവർ. കോൺഗ്രസിനു മാത്രമേ മുന്നോട്ടുള്ള വഴി കാണിച്ചുകൊടുക്കാനാകൂ. നമ്മുടെ പാർട്ടിയുടെ ആശയങ്ങൾ ജീവനോടെ കാത്തുസൂക്ഷിക്കാൻ പ്രവർത്തകർ കഷ്ടപ്പെടുകയാണ്. മുതിർന്ന നേതാക്കൾ യുവാക്കളെ നയിക്കണം. അങ്ങനെ പാർട്ടിയെ മുന്നിൽകൊണ്ടുവരണം- രാഹുൽ ഗാന്ധി പറഞ്ഞു. ചിലപ്പോഴെങ്കിലും കോൺഗ്രസ് പ്രതീക്ഷയ്‌ക്കൊത്ത് ഉയർന്നില്ലെന്ന്ും പ്രസംഗത്തിനിടെ രാഹുൽ ഗാന്ധി പറഞ്ഞു.

യു.പി.എ രണ്ടാം സർക്കാരിനെ സൂചിപ്പിച്ചായിരുന്നു പരാമർശം. സ്ഥാനാർത്ഥികളെ കെട്ടിയിറക്കുന്ന രീതി ഇനിയില്ലെന്നും രാഹുൽ ഗാന്ധി പറഞ്ഞു. പ്രവർത്തിക്കുന്ന കോൺഗ്രസുകാരനാണെങ്കിൽ ടിക്കറ്റ് കിട്ടും. നേതാക്കളേയും പ്രവർത്തകരേയും വേർതിരിക്കുന്ന മതിലുകൾ പൊളിക്കുമെന്നും പാർട്ടി അധ്യക്ഷൻ പറഞ്ഞു. ബിജെപിയുടെ പ്രസിഡന്റായി ഒരു കൊലപാതകം നടത്തിയെന്ന് ആരോപിക്കപ്പെടുന്ന വ്യക്തിയെ ജനം അംഗീകരിക്കുന്നു, പക്ഷേ ഇത് കോൺഗ്രസിലാണെങ്കിൽ ജനം അംഗീകരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

അവർ കോൺഗ്രസിലെ ഉന്നത സ്ഥാനത്താണ് കാണുന്നത്. ആർ.എസ്.എസ് നേതാവ് സവർക്കർ ബ്രിട്ടീഷുകാരോട് കത്തെഴുതി യാചിച്ചയാളാണ്. കോൺഗ്രസിന്റെ 15,000 പ്രവർത്തകർ സ്വാതന്ത്ര്യസമരത്തിൽ മരണമടഞ്ഞു. സ്വാതന്ത്ര്യ സമരത്തിൽ കൊല്ലപ്പെട്ട കോൺഗ്രസ് പ്രവർത്തകരുടെ ലിസ്റ്റ് ഓരോ സംസ്ഥാനത്തും ഉണ്ട്- രാഹുൽ വ്യക്തമാക്കി. മുൻ പ്രധാനമന്ത്രി മന്മോഹൻ സിങ്ങും മുതിർന്ന പാർട്ടി നേതാവ് പി ചിദംബരവും നേരത്തേ മോദി സർക്കാറിന്റെ സാമ്പത്തിക നയങ്ങൾക്കെതിരെ രൂക്ഷ വിമർശം ഉന്നയിച്ചിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP