Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

നെപ്പോളിയനും ബിജെപിയിൽ ചേർന്നു; പ്രഖ്യാപനത്തിന് തയ്യാറെടുത്ത് രജനീകാന്ത്; ദ്രാവിഡ പാർട്ടികളുടെ അടിവേരറുക്കാൻ അമിത് ഷാ കൂട്ടുപിടിക്കുന്നത് ദ്രാവിഡ നേതാക്കളെത്തന്നെ

നെപ്പോളിയനും ബിജെപിയിൽ ചേർന്നു; പ്രഖ്യാപനത്തിന് തയ്യാറെടുത്ത് രജനീകാന്ത്; ദ്രാവിഡ പാർട്ടികളുടെ അടിവേരറുക്കാൻ അമിത് ഷാ കൂട്ടുപിടിക്കുന്നത് ദ്രാവിഡ നേതാക്കളെത്തന്നെ

ചെന്നൈ: പ്രാദേശിക കക്ഷികൾ അരങ്ങുവാഴുന്ന തമിഴ്‌നാട്ടിൽ വേരുറപ്പിക്കാൻ ബിജെപി തയ്യാറെടുക്കുന്നു. ദ്രാവിഡ പാർട്ടികളുടെ വേരറുത്ത് സംസ്ഥാനത്ത് വേരുറപ്പിക്കാനാണ് ബിജെപി ദേശീയ അദ്ധ്യക്ഷൻ അമിത് ഷായുടെ ലക്ഷ്യം. ഇതിന്റെ ഭാഗമായി ദ്രാവിഡ കക്ഷികളിലെ ജനപ്രിയ നേതാക്കളെ അടർത്തിയെടുക്കാൻ ശ്രമം തുടങ്ങി. മുൻ കേന്ദ്രമന്ത്രിയും നടനും ഡി.എം.കെ നേതാവുമായ നെപ്പോളിയനെ പാളയത്തിലെത്തിച്ചുകൊണ്ട് അമിത് ഷാ അതിന് തുടക്കം കുറിച്ചുകഴിഞ്ഞു.

അമിത് ഷാ നേരിട്ടാണ് നെപ്പോളിയന് പാർട്ടി അംഗത്വം നൽകിയത്. ഡി.എം.കെയിൽ ഉൾപ്പാർട്ടി ജനാധിപത്യം ഇല്ലെന്ന് ആരോപിച്ചാണ് നെപ്പോളിയൻ പാർട്ടി വിട്ടത്. ഡി.എം.കെയിൽ സംഘടനാ തിരഞ്ഞെടുപ്പ് നടക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ, പാർട്ടിവിടുകയാണെന്ന് അറിയിച്ചുകൊണ്ട് ഡി.എം.കെ അദ്ധ്യക്ഷൻ കരുണാനിധിക്ക് നൽകിയ കത്തിൽ ഇക്കാര്യങ്ങളൊന്നും നെപ്പോളിയൻ വ്യക്തമാക്കിയിട്ടില്ല. രണ്ടാം യു.പി.എ സർക്കാരിൽ സാമൂഹ്യനീതി ശാക്തീകരണ മന്ത്രിയായിരുന്നു നെപ്പോളിയൻ.

അമിത് ഷായുടെ സന്ദർശനത്തിനിടെ തമിഴ്‌നാട്ടിൽനിന്ന് ബിജെപിയിൽ ചേരുന്ന മൂന്നാമത്തെ പ്രമുഖനാണ് നെപ്പോളിയൻ. ഗാനരചയിതാവ് ഗംഗൈ അമരനും നൃത്തസംവിധായിക ഗായത്രി രഘുറാമും ശനിയാഴ്ച ബിജെപിയിൽ ചേർന്നിരുന്നു. തമിഴ്‌നാട്ടിൽ ബിജെപിക്ക് ശക്തമായ വേരോട്ടമുണ്ടാക്കാൻ പോന്ന മറ്റൊരു രാഷ്ട്രീയപ്രവേശത്തിന് ബിജെപി അരങ്ങൊരുക്കുകയാണെന്നും റിപ്പോർട്ടുണ്ട്. സ്‌റ്റൈൽമന്നൻ രജനീകാന്താണ് ബിജെപിയിൽ ചേരാൻ തയ്യാറെടുത്തുനിൽക്കുന്നത്. രാഷ്ട്രീയത്തിൽ വരാൻ മടിയില്ലെന്ന് നേരത്തെതന്നെ രജനീകാന്ത് വ്യക്തമാക്കിയിരുന്നു.

അത് ദ്രാവിഡ കക്ഷികളിലൂടെയാവില്ല എന്നാണ് സൂചന. ബിജെപിയും രജനീകാന്തും ഇതുസംബന്ധിച്ച ധാരണയിലെത്തിയെന്നും സൂചനയുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള സൗഹൃദവും രജനിയെ ബിജെപിയിലേക്ക് നയിക്കാൻ മറ്റൊരു കാരണമാണ്. ലിംഗയുടെ ഓഡിയോ റിലീസിങ്ങ് ചടങ്ങിനിടെ രാഷ്ട്രീയ പ്രവേശനത്തെ കുറിച്ച് രജനികാന്തും വ്യക്തമാക്കി. ഈശ്വര നിശ്ചയമുണ്ടെങ്കിൽ താൻ രാഷ്ട്രീയത്തിലൂടെ ജനങ്ങളെ സേവിക്കുമെന്നായിരുന്നു രജനിയുടെ പ്രഖ്യാപനം. രജനികാന്തിനെ മുഖ്യമന്ത്രിയായി ഉയർത്തിക്കാട്ടി അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുകയാണ് ബിജെപിയുടെ ലക്ഷ്യം. അതിനുള്ള സംഘടനാ സംവിധാനം വിപുലമാക്കുന്നതിന്റെ ഭാഗമായാണ് നെപ്പോളിയൻ അടക്കമുള്ളവരെ പാർട്ടിയിൽ കൊണ്ടുവരുന്നത്.

2016ലാണ് തമിഴ്‌നാട്ടിൽ നിയമസഭാ തെരഞ്ഞെടുപ്പ്. അതിന് മുമ്പ് തന്നെ രജനിയെ എത്തിക്കാനാണ് നീക്കം. അതിനിടെ കോൺഗ്രസിൽ നിന്ന് തെറ്റിപ്പിരിഞ്ഞ് തമിഴ് മാനിലാ കോൺഗ്രസ് പുനരിജ്ജീവിപ്പിച്ച മൂപ്പനാരുടെ മകൻ ജികെ വാസനേയും ബിജെപി നോട്ടമിടുന്നുണ്ട്. രജനിയെ ബിജെപി പാളയത്തിലെത്തിക്കുന്നതിനൊപ്പം ശക്തരായ ഘടകകക്ഷിയേയും തമിഴ്‌നാട്ടിൽ സംഘടിപ്പിക്കാനാണ് ബിജെപി നീക്കം. വിജയകാന്തിന്റെ പാർട്ടിയും ബിജെപിയുടെ നോട്ടത്തിലുണ്ട്. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ വിജയകാന്തിന്റെ പാർട്ടിയുമായി ബിജെപി സഹകരിച്ചിരുന്നു. എന്നാൽ പ്രതീക്ഷിച്ച മുന്നേറ്റം ഉണ്ടാക്കാനായില്ല.

ദ്രാവിഡ രാഷ്ട്രീയത്തിന്റെ കാമ്പ് കൈവിടാതെ ദേശിയതയ്ക്ക് പ്രാധാന്യം നൽകുന്ന രാഷ്ട്രീയ തന്ത്രങ്ങളാണ് അമിത് ഷാ പദ്ധതിയിടുന്നത്. ജയലളതിക്ക് എതിരെ വന്ന കോടതി വിധിയോടെ എഐഎഡിഎംകെ ദുർബ്ബലമായി. കരുണാനിധിക്ക് പ്രായം കൂടുന്നത് മൂലമുള്ള ആരോഗ്യ പ്രശ്‌നങ്ങളുണ്ട്. ഇത് ഡിഎംകെയേയും ബാധിച്ചിട്ടുണ്ട്. ഇതെല്ലാം മനസ്സിൽവച്ചുകൊണ്ടാണ് തമിഴ്‌നാട്ടിൽ മുന്നേറ്റത്തിന് ബിജെപി ഒരുങ്ങുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP