ദ്രാവിഡ രാഷ്ട്രീയത്തിൽ ജയലളിതയ്ക്കും കരുണാനിധിക്കും പകരക്കാരനാകാൻ ഉറച്ച് സ്റ്റൈൽ മന്നൻ; പുതിയ പാർട്ടിയിലേക്ക് മറ്റ് പാർട്ടികളിൽ നിന്ന് നേതാക്കളെ ആകർഷിക്കാൻ ശ്രമമാരംഭിച്ചു; പാർട്ടിയുടെ നയപരിപാടികൾ തീരുമാനിക്കുന്നത് ബെംഗലുരുവിലെ ഏജൻസി
May 29, 2017 | 11:09 AM IST | Permalink

സ്വന്തം ലേഖകൻ
ചെന്നൈ: പുരുട്ചി തലൈവി ജയലളിതയുടെ മരണത്തിലും കരുണാനിധിയുടെ പൊതുരംഗത്തെ അസാന്നിധ്യത്തിലും അനാഥമായ തമിഴ് രാഷ്ട്രീയത്തിന് പുതിയ മാനം നൽകാൻ സ്റ്റൈൽ മന്നൻ രജനീകാന്ത് ഉടൻ രംഗത്തിറങ്ങും. ഇതിന്റെ ഭാഗമായി രൂപീകരിക്കുന്ന രാഷ്ട്രീയ പാർട്ടിയുടെ നയപരിപാടികൾക്ക് ഉടൻ അന്തിമരൂപമാകുമെന്ന് റിപ്പോർട്ട്.
പുതിയ പാർട്ടിയിലേക്ക് ഡിഎംകെ, എഐഎഡിഎംകെ തുടങ്ങിയ പാർട്ടികളിലെ നേതാക്കളെ ആകർഷിക്കാനുള്ള ശ്രമവും രജനീകാന്തിന്റെ നേതൃത്വത്തിൽ ആരംഭിച്ചിട്ടുണ്ട്. പുതിയ പാർട്ടിയുടെ പ്രഖ്യാപനം ജൂലൈയിൽ ഉണ്ടാകുമെന്ന് രജനീകാന്തിന്റെ സഹോദരൻ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. രാഷ്ട്രീയ പാർട്ടിക്ക് അന്തിമ രൂപം നൽകുന്നതിനാവശ്യമായ തയ്യാറെടുപ്പുകൾക്കായി ബെംഗളൂരുവിലെ ഒരു ഏജൻസിയെ ഏൽപിച്ചതായാണ് റിപ്പോർട്ട്. തമിഴ്‌നാട്ടിലെ വോട്ടിങ് സവിശേഷതകളും പ്രവണതകളും പഠിക്കുന്നതിനും ജനങ്ങളെ ആകർഷിക്കുന്ന തരത്തിലുള്ള രാഷ്ട്രീയ പദ്ധതികൾ രൂപീകരിക്കുന്നതിനും സഹായിക്കുന്നതിനാണ് ഇത്. ദ്രാവിഡ രാഷ്ട്രീയത്തിന് പ്രമുഖ്യം നൽകിയുള്ള പ്രദേശിക പാർട്ടിയെക്കുറിച്ചാണ് രജനികാന്ത് ആലോചിക്കുന്നത്.
പുതിയ പാർട്ടിയിലേയ്ക്ക് കഴിവുള്ള നേതാക്കളെ മറ്റു പാർട്ടികളിൽനിന്ന് ആകർഷിക്കാനുള്ള ശ്രമവും രജനീകാന്ത് നടത്തുന്നുണ്ട്. എഐഎഡിഎംകെയിൽ വിദ്യാഭ്യാസമന്ത്രിയായിരുന്ന മാ ഫോയ് പാണ്ഡ്യരാജൻ, ഡിഎംകെ നേതാവ് എസ്. ജഗത്രാക്ഷകൻ തുടങ്ങിയവർ രജനീകാന്തിന്റെ പരിഗണനയിലുണ്ടെന്നാണ് സൂചന.
അതേസമയം, രജനീകാന്തിനെ അനുനയിപ്പിക്കുന്നതിനും പാർട്ടിയിലേയ്ക്ക് ആകർഷിക്കുന്നതിനും സംസ്ഥാന ബിജെപി നേതാക്കളും ശ്രമം തുടരുകയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തുന്നതിന് രജനീകാന്തിനെ ക്ഷണിച്ചതായും സൂചനയുണ്ട്. പുതിയ പാർട്ടിയുടെ രൂപീകരണത്തിന് ആവശ്യമായ എല്ലാ പിന്തുണയും ബിജെപി വാഗ്ദാനം ചെയ്തതായും ചില റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
രാഷ്ട്രീയ പ്രവേശനം സംബന്ധിച്ച് സൂചന നൽകിക്കൊണ്ട് അടുത്തിടെ രജനീകാന്ത് തന്റെ ആരാധകരെ അഭിസംബോധന ചെയ്ത് സംസാരിച്ചിരുന്നു. തമിഴ്‌നാട്ടിൽ നല്ല രാഷ്ട്രീയക്കാരുണ്ടെങ്കിലും രാഷ്ട്രീയാന്തരീക്ഷം ചീഞ്ഞുനാറുകയാണെന്ന് അദ്ദേഹം പറഞ്ഞു. ഇത് നേരെയാക്കുന്നതിന് തന്റെ ആരാധകരോട് അദ്ദേഹം ആഹ്വാനം ചെയ്യുകയും ചെയ്തു.
എന്നാൽ രാഷ്ട്രീയത്തിൽ പ്രവേശിക്കുന്നത് സംബന്ധിച്ചോ സ്വന്തമായി രാഷ്ട്രീയ പാർട്ടി രൂപീകരിക്കുന്നത് സംബന്ധിച്ചോ വ്യക്തമായ സൂചനകളൊന്നും അദ്ദേഹം നൽകിയിരുന്നുമില്ല. തുടർന്ന് രജനീകാന്ത് പുതിയ പാർട്ടി രൂപീകരിക്കുമെന്നും മെയ് മാസത്തിൽ ഔദ്യോഗിക പ്രഖ്യാപനമുണ്ടാകുമെന്നും രജനീകാന്തിന്റെ സഹോദരൻ സത്യനാരായണ റാവു ഗയ്ക്ക്വാദ് വ്യക്തമാക്കുകയായിരുന്നു.
ഏതായാലും ബിജെപിയോ കോൺഗ്രസോ പോലുള്ള ദേശീയ പാർട്ടികളിൽ ചേരാതെ പ്രാദേശികമായ രാഷ്ട്രീയ സംവിധാനത്തെ കുറിച്ചാണ് സ്റ്റൈൽ മന്നൻ ആലോചിക്കുന്നത്. എംജിആറും ജയലളിതയുമൊക്കെ ചെയ്ത പോലെ ദ്രാവിഡ രാഷ്ട്രീയത്തിലെ ബിംബമായി മാറി തമിഴ്ജനതയ്ക്ക് വേണ്ടി രാഷ്ട്രീയ വിലപേശൽ നടത്തുന്നതിനാണ് രജനീകാന്ത് ആലോചിക്കുന്നത്. സിനിമാരംഗത്ത് നിന്നുള്ളവരെ പൂർണമായും ഒഴിവാക്കി നിലവിൽ മറ്റ് പാർട്ടികളിൽ സജീവമായി നിൽക്കുന്നവരെ തന്റെ പാർട്ടിയിലേക്ക് അടർത്തിമാറ്റുകയെന്നതിനാണ് രജനീകാന്ത് പ്രമുഖ്യം നൽകുന്നത്. ഏതായാലും തമിഴ് രാഷ്ട്രീയത്തിൽ നിർണായക ശക്തിയാകാനുള്ള ഒരുക്കത്തിലാണ് സ്റ്റൈൽ മന്നനെന്ന് ഉറപ്പ്.
