Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

അമിത് ഷായുടെ കാഞ്ഞ ബുദ്ധി രാജ്യസഭാ തെരഞ്ഞെടുപ്പിലും; ജയം ഉറപ്പില്ലാത്ത സീറ്റുകളിലും സ്ഥാനാർത്ഥികളെ നിർത്തി പരീക്ഷണം; അതൃപ്തരായ കോൺഗ്രസുകാർ പലയിടങ്ങളിലും സ്ഥാനാർത്ഥികൾ; ലക്ഷ്യം ഇടുന്നത് കോൺഗ്രസിലെ വിമതരെ പിടിച്ചുള്ള പരീക്ഷണം

അമിത് ഷായുടെ കാഞ്ഞ ബുദ്ധി രാജ്യസഭാ തെരഞ്ഞെടുപ്പിലും; ജയം ഉറപ്പില്ലാത്ത സീറ്റുകളിലും സ്ഥാനാർത്ഥികളെ നിർത്തി പരീക്ഷണം; അതൃപ്തരായ കോൺഗ്രസുകാർ പലയിടങ്ങളിലും സ്ഥാനാർത്ഥികൾ; ലക്ഷ്യം ഇടുന്നത് കോൺഗ്രസിലെ വിമതരെ പിടിച്ചുള്ള പരീക്ഷണം

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: ഗുജറാത്തിലെ രാജ്യസഭാ തെരഞ്ഞെടുപ്പിൽ അഹമ്മദ് പട്ടേലിനെ തോൽപ്പിക്കാനിറങ്ങി ബിജെപി അധ്യക്ഷൻ അമിത് ഷായ്ക്ക് തിരിച്ചടി നേരിട്ടിരുന്നു. പക്ഷേ തന്റെ തന്ത്രത്തിൽ നിന്നും മാറാൻ അമിത് ഷാ തയ്യാറല്ല. രാജ്യസഭയിലേക്കു ഗുജറാത്തിലും ഉത്തർപ്രദേശിലും മഹാരാഷ്ട്രയിലും ഉറപ്പില്ലാത്ത സീറ്റുകളിലേക്കും ബിജെപിക്കു സ്ഥാനാർത്ഥികളുണ്ട്.

കഴിഞ്ഞ ഓഗസ്റ്റിൽ ഗുജറാത്തിൽ മൂന്നു രാജ്യസഭാ സീറ്റുകളിലേക്കു മൽസരം നടന്നപ്പോൾ ബിജെപി നിർത്തിയ മൂന്നാം സ്ഥാനാർത്ഥി ബൽവന്ദ്‌സിങ് രാജ്പുട്ടിനെ വാശിയേറിയ പോരാട്ടത്തിലാണു കോൺഗ്രസ് നേതാവ് അഹമ്മദ് പട്ടേൽ പരാജയപ്പെടുത്തിയത്. പടലപിണക്കമുണ്ടെന്ന വിലയിരുത്തലിൽ, കോൺഗ്രസിന്റെ വോട്ടുകൾ പിളർത്താനാണ് വീണ്ടും ബിജെപി ശ്രമം. ഗുജറാത്തിൽ കോൺഗ്രസ് ടിക്കറ്റ് ലഭിക്കാതിരുന്ന പിസിസി ജനറൽ സെക്രട്ടറി പി.കെ.വലേറ സ്വതന്ത്രനായി നാമനിർദ്ദേശ പത്രിക നൽകി. ടിക്കറ്റ് ലഭിക്കാത്തതിൽ പ്രതിഷേധിച്ച ഗുജറാത്ത് മഹിളാ കോൺഗ്രസ് അധ്യക്ഷ സൊനാൽ ബെൻ പട്ടേൽ രാജിവച്ചു.

നിലവിലെ കക്ഷിനിലവച്ചു ഗുജറാത്തിലെ നാലു സീറ്റിൽ രണ്ടെണ്ണത്തിൽ വീതം ബിജെപിക്കും കോൺഗ്രസിനും ജയിക്കാം. കേന്ദ്രമന്ത്രിമാരായ പുരുഷോത്തം റുപാലയെയും മൻസൂക് മണ്ഡാവിയയെയുമാണു ബിജെപി ആദ്യം പ്രഖ്യാപിച്ചത്. അമിബെൻ യാഗ്‌നിക്, നരൻ റാത്വ എന്നിവരെ കോൺഗ്രസും പ്രഖ്യാപിച്ചു. കോൺഗ്രസ് രാജീവ് ശുക്ലയെ സ്ഥാനാർത്ഥിയാക്കിയേക്കുമെന്ന സൂചന വന്നെങ്കിലും അമിബെന്നിനു പിന്നാലെ റാത്വവയും നാമനിർദ്ദേശ പത്രിക നൽകിയതോടെ രാജീവ് ശുക്ല സ്ഥാനാർത്ഥിയല്ലെന്നു വ്യക്തമായി. എന്നാൽ, കോൺഗ്രസ് എംഎൽഎമാരുടെ തന്നെ പിന്തുണയോടെ പി.കെ.വലേറ നാമനിർദ്ദേശ പത്രിക നൽകിയതോടെ രംഗം കൊഴുത്തു. റാത്വയുടെ നാമനിർദ്ദേശ പത്രികയിൽ ചില പോരായ്മകളുണ്ടെന്നും തള്ളപ്പെടാൻ സാധ്യതയുള്ളതിനാലാണു വലേറ പത്രിക നൽകിയതെന്നുമാണു പാർട്ടിയുടെ വിശദീകരണം.

ഇത് ബിജെപി വിശ്വസിക്കുന്നില്ല. കോൺഗ്രസിലുണ്ടായ പോരാണു വലേറ സ്ഥാനാർത്ഥിയാകുന്നതിലേക്കു കാര്യങ്ങളെത്തിച്ചതെന്നു ബിജെപി ആരോപിച്ചു. പിന്നാലെ ബിജെപിയും മൂന്നാമത്തെ സ്ഥാനാർത്ഥിയെ അവതരിപ്പിച്ചു: മുൻ എംഎൽഎ കിരിത് സിങ് റാണ. പരേഷ് മുലാനി എന്നൊരാളും സ്വതന്ത്രനായി പത്രിക നൽകിയിട്ടുണ്ട്. മുലാനി തങ്ങളുടെയാളല്ലെന്നു കോൺഗ്രസും ബിജെപിയും വ്യക്തമാക്കി. ഇതോടെ വോട്ട് ഭിന്നിക്കാനുള്ള സാധ്യത മുന്നിൽ കാണുകയാണ്. ഉത്തർപ്രദേശിലും സമാനമായ പരീക്ഷണമാണ് ബിജെപി ലക്ഷ്യമിടുന്നത്. ഇവിടേയും അമിത് ഷാ നേരിട്ട് കാര്യങ്ങൾ നിരീക്ഷിക്കുന്നുണ്ട്.

ഉത്തർ പ്രദേശിൽ പത്തു സീറ്റുള്ള യുപിയിൽ എട്ടെണ്ണത്തിൽ ബിജെപിക്കും ഒരു സീറ്റിൽ സമാജ്വാദി പാർട്ടിക്കും ജയം ഉറപ്പാണ്. സമാജ്വാദി പാർട്ടിയുടെയും കോൺഗ്രസിന്റെയും പിന്തുണയോടെ ബിഎസ്‌പി സ്ഥാനാർത്ഥി ഭീംറാവു അംബേദ്കറും ജയിച്ചേക്കുമെന്ന സ്ഥിതിയായിരുന്നു. എന്നാൽ, രാജ്യസഭാ ടിക്കറ്റ് ലഭിക്കാത്തതിൽ പ്രതിഷേധിച്ചു സമാജ്വാദി നേതാവ് നരേഷ് അഗർവാൾ ബിജെപിയിൽ ചേർന്നതോടെ, ബിജെപിക്ക് ഒൻപതാം സീറ്റിൽ മോഹമുദിച്ചു. അങ്ങനെ, അനിൽ അഗർവാളിനെ സ്ഥാനാർത്ഥിയാക്കാൻ തീരുമാനിച്ചു.

ഇതിനു പുറമേ രണ്ടു ഡമ്മി സ്ഥാനാർത്ഥികളെക്കൂടി ബിജെപി നിർത്തിയിട്ടുണ്ട്. ബിജെപിക്കും സഖ്യകക്ഷികൾക്കുമായി 324 വോട്ടുണ്ട്. എട്ടുപേർ ജയിച്ചുകഴിഞ്ഞാൽ മിച്ചമുള്ളത് 28 വോട്ടാണ്. മൂന്നു സ്വതന്ത്രർ ബിജെപിക്ക് വോട്ടു ചെയ്‌തേക്കുമെന്നു സൂചനയുണ്ട്. നരേഷ് അഗർവാളിന്റെ മകൻ എംഎൽഎ നിതിൻ അഗർവാളിന്റെ വോട്ടും ബിജെപിക്കായിരിക്കും. ഇതു ബിഎസ്‌പി സ്ഥാനാർത്ഥിയുടെ ജയം എളുപ്പമല്ലാതാക്കുന്നു.

മഹാരാഷ്ട്രയിലെ ആറു സീറ്റിൽ മൂന്നെണ്ണം ബിജെപിയും ശിവസേനയും കോൺഗ്രസും എൻസിപിയും ഓരോ സീറ്റും ജയിക്കുമെന്നതാണു സ്ഥിതി. എന്നാൽ, സംസ്ഥാന വനിതാ കമ്മിഷൻ അധ്യക്ഷ വിജയ രഹത്കർക്കും ബിജെപി സ്ഥാനാർത്ഥിയായി പത്രിക നൽകിയിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP