Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

മോദിയും അമിത് ഷായും അല്ലാതെ ബിജെപി നേതാക്കൾ പോലും സ്ഥാനാർത്ഥിയുടെ പേരറഞ്ഞില്ല; എടുത്ത് വീശുന്നത് ജാതികാർഡ് തന്നെ; പ്രമുഖ പേരുകൾ എല്ലാം ഒഴിവായപ്പോൾ അനായാസം പ്രസിഡന്റിനെ കണ്ടെത്തി ബിജെപി നേതൃത്വം

മോദിയും അമിത് ഷായും അല്ലാതെ ബിജെപി നേതാക്കൾ പോലും സ്ഥാനാർത്ഥിയുടെ പേരറഞ്ഞില്ല; എടുത്ത് വീശുന്നത് ജാതികാർഡ് തന്നെ; പ്രമുഖ പേരുകൾ എല്ലാം ഒഴിവായപ്പോൾ അനായാസം പ്രസിഡന്റിനെ കണ്ടെത്തി ബിജെപി നേതൃത്വം

ന്യൂഡൽഹി: ബിജെപിയിൽ എല്ലാം തീരുമാനിക്കുന്നത് പ്രധാനമന്ത്രി മോദിയാണ്. ആകെ ചർച്ച ചെയ്യുന്നത് പാർട്ടി അധ്യക്ഷൻ അമിത് ഷായോടും. പ്രസിഡന്റ് സ്ഥാനാർത്ഥിയിലും ഇത് തന്നെയാണ് സംഭവിച്ചത്. ഉന്നത ആർഎസ്എസ് നേതൃത്വത്തിന്റെ മനസ്സ് അറിഞ്ഞ് തീരുമാനം എടുക്കുന്നു. അതുകൊണ്ട് തന്നെ മോദിക്കെതിരെ ആർക്കും കലാപം ഉണ്ടാക്കാനും കഴിയുന്നില്ല. ഉത്തരേന്ത്യൻ മനസ്സിനെ സ്വാധീനിക്കാനുള്ള ജാതി രാഷ്ട്രീയമാണ് ഇപ്പോഴും നടന്നത്. രാഷ്ട്രപതി സ്ഥാനാർത്ഥിയായി ദലിത് നേതാവ് രാം നാഥ് കോവിന്ദിനെ അവതരിപ്പിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ രാഷ്ട്രീയ തന്ത്രം ഏവരേയും അമ്പരപ്പിച്ചു.

നിർണായകമായ പാർലമെന്ററി യോഗം വരെ സ്ഥാനാർത്ഥിയുടെ പേര് രഹസ്യമായി സൂക്ഷിക്കുന്നതിലും മോദിയും അമിത് ഷായും വിജയിച്ചു. ദലിത് സ്ഥാനാർത്ഥി തന്ത്രം മറികടന്ന് ഇടപെടാൻ ആർഎസ്എസ് നേതൃത്വത്തിനും കഴിഞ്ഞില്ല. അതായത് ആർ എസ് എസിലെ ഒരു വിഭാഗവും ഇതിനെ എതിർത്തുവെന്നാണ് സൂചന. എന്നാൽ പരസ്യമായി മോദിക്കെതിരെ ഇറങ്ങാൻ ദലിത് കാർഡ് കാരണം കഴിയാത്ത അവസ്ഥ. യുപി നിയമസഭാ തിരഞ്ഞെടുപ്പിനുശേഷം മുഖ്യമന്ത്രിയെ തീരുമാനിച്ചപ്പോൾ യോഗി ആദിത്യനാഥിനെ രംഗത്തിറക്കി ആർഎസ്എസ് നടത്തിയ അട്ടിമറിയുടെ പശ്ചാത്തലത്തിൽ രാഷ്ട്രപതി സ്ഥാനാർത്ഥി നിർണയത്തിൽ മോദിയും അമിത് ഷായും അതീവ ജാഗ്രതയിലായിരുന്നു.

പ്രതിപക്ഷവുമായി അഭിപ്രായ സമന്വയം വേണ്ടെന്ന സമീപനമാണ് ബിജെപി. നേതൃത്വം തീരുമാനിച്ചിരിക്കുന്നതെന്നതും ശ്രദ്ധേയമാണ്. കഴിഞ്ഞ ദിവസം വെങ്കയ്യ നായിഡു അടക്കമുള്ള ബിജെപി. നേതാക്കൾ കോൺഗ്രസ് പ്രസിഡന്റ് സോണിയ ഗാന്ധിയെ കണ്ടപ്പോൾ രാംനാഥ് കോവിന്ദിന്റെ പേര് അറിയിച്ചിരുന്നില്ല. എന്നാൽ ഈ പേരിനെ എതിർക്കാൻ അത്ര എളുപ്പവുമാവില്ല. ഇലക്ട്രൽ കോളേജിൽ ആവശ്യത്തിന് വോട്ടുകൾ ഉള്ളതുകൊണ്ട് തന്നെ കോവിന്ദിന്റെ വിജയവും ഉറപ്പാണ്. ടിആർഎസും വൈഎസ് ആർ കോൺഗ്രസും അണ്ണാ ഡിഎംകെയുമെല്ലാം കോവിന്ദിന് പിന്തുണ അറിയിച്ചു കഴിഞ്ഞു. അതുകൊണ്ട് തന്നെ കോവിന്ദിന്റെ വിജയം ഉറപ്പാണ്.

യുപിയിൽനിന്നുള്ള ദലിത് സ്ഥാനാർത്ഥിയെ എതിർക്കാൻ എസ്‌പി, ബിഎസ്‌പി കക്ഷികൾക്കു പ്രയാസമാകും. ബിഹാർ ഗവർണറായ റാം നാഥ് കോവിന്ദിനെ ജനതാദൾ (യു) നേതാവ് മുഖ്യമന്ത്രി നിതീഷ് കുമാർ സന്ദർശിച്ച് ആശംസയറിയിച്ചതു ബിജെപിക്കു പ്രതീക്ഷ പകരുന്നുമുണ്ട്. എൻഡിഎ സഖ്യകക്ഷികളിൽ ഇടഞ്ഞുനിൽക്കുന്ന ശിവസേനയ്ക്കും ദലിത് സ്ഥാനാർത്ഥിക്കെതിരെ നിലപാടെടുക്കുക എളുപ്പമല്ലെന്നാണു വിലയിരുത്തൽ. അതായത് ശത്രുക്കളെ പോലും വെട്ടിലാക്കുന്ന തീരുമാനം. എൽ.കെ.അദ്വാനിയും മുരളീമനോഹർ ജോഷിയും സുഷമ സ്വരാജും രാഷ്ട്രപതി സ്ഥാനാർത്ഥിത്വത്തിൽ വെട്ടിനിരത്തപ്പെട്ടു. പ്രായാധിക്യത്തിന്റെ പേരിൽ അദ്വാനിയെയും ജോഷിയെയും ഒഴിവാക്കുക മോദിക്ക് എളുപ്പമായിരുന്നു.

സുഷമയെ ഒഴിവാക്കാൻ 'ദലിത് കാർഡ്' ഇറക്കി. യുപിയിൽ കഴിഞ്ഞ ലോക്‌സഭാ, നിയമസഭാ തിരഞ്ഞെടുപ്പുകളിൽ ബിജെപിയെ പിന്തുണച്ച ദലിത് സമുദായത്തിനുള്ള സമ്മാനമാണു രാം നാഥ് കോവിന്ദിന്റെ സ്ഥാനാർത്ഥിത്വം. യുപിയിൽ മായാവതിയുടെ ദലിത് വോട്ടു ബാങ്ക് തകർക്കുന്നതിലൂടെ ബിജെപിയുടെ നില സുരക്ഷിതമാക്കാനും കഴിയും. രാജ്യവ്യാപകമായി ദലിത് പിന്തുണ സമാഹരിക്കാനും റാം നാഥ് കോവിന്ദിന്റെ സാന്നിധ്യം സഹായകമാകും. ഉത്തർപ്രദേശിലെ കാൺപൂർ സ്വദേശിയായ രാംനാഥിന്റെ സ്ഥാനാർത്ഥിത്വം അപ്രതീക്ഷിതമാണ്. ബിജെപി അധ്യക്ഷൻ അമിത് ഷായാണ് പ്രഖ്യാപനം നടത്തിയത്. ഡിഎംആർസി മുഖ്യഉപദേഷ്ടാവ് ഇ.ശ്രീധരൻ വരെയുള്ളവരുടെ പേര് എൻഡിഎ സ്ഥാനാർത്ഥി പട്ടികയിൽ പറഞ്ഞുകേട്ടിരുന്നു. ഇവരെയെല്ലാം പിന്തള്ളിയാണ് രാംനാഥ് കോവിന്ദ് സ്ഥാനാർത്ഥിയായത്.

2015 മുതൽ ബിഹാർ ഗവർണർ സ്ഥാനം വഹിക്കുന്ന രാംനാഥ് കോവിന്ദ് രണ്ടു തവണ രാജ്യസഭാംഗമായിരുന്നു. പാർട്ടി വക്താവ് സ്ഥാനവും ദളിത് മോർച്ച അധ്യക്ഷ സ്ഥാനവും രാംനാഥ് കോവിന്ദ് വഹിച്ചിട്ടുണ്ട്. ദളിത് വിഭാഗത്തിൽ നിന്നും എൻഡിഎയുടെ രാഷ്ട്രപതി സ്ഥാനാർത്ഥിയുണ്ടാകുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നെങ്കിലും ഒരിക്കൽ പോലും രാംനാഥിന്റെ പേര് ഉയർന്നു വന്നിരുന്നില്ല. പ്രതിപക്ഷത്തിന്റെ കർക്കശ നിലപാടും രാംനാഥ് കോവിന്ദിനെ സ്ഥാനാർത്ഥിയാക്കുന്നതിന് കാരണമായിട്ടുണ്ടെന്നാണ് റിപ്പോർട്ട്. കേരള ഗവർണർ പി.സദാശിവം, കേന്ദ്രമന്ത്രി തവർ ചന്ദ് ഗെലോട്ട് എന്നിവരുടെ പേരുകൾക്കും നല്ല സാധ്യത കൽപ്പിക്കപ്പെട്ടിരുന്നപ്പോഴാണ് അപ്രതീക്ഷിത സ്ഥാനാർത്ഥിയെ അമിത് ഷാ പ്രഖ്യാപിച്ചത്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമേരിക്കൻ യാത്രയ്ക്ക് മുൻപായി രാംനാഥ് കോവിന്ദ് നാമനിർദ്ദേശ പത്രിക സമർപ്പിക്കും. അപ്രതീക്ഷിത സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചത് വഴി പ്രതിപക്ഷത്തിന്റെ പിന്തുണ കൂടി ബിജെപി പ്രതീക്ഷിക്കുന്നുണ്ട്. സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചതിന് ശേഷം പിന്തുണയുടെ കാര്യം അറിയിക്കാമെന്ന നിലപാടിലായിരുന്നു കോൺഗ്രസ്. ആർഎസ്എസ് പശ്ചാത്തലമുള്ള സ്ഥാനാർത്ഥിയെ പിന്തുണയ്ക്കില്ലെന്ന കോൺഗ്രസ്, സി.പി.എം, എൻസിപി, തൃണമൂൽ കോൺഗ്രസ് തുടങ്ങിയ കക്ഷികളുടെ നിലപാടാണ് രാംനാഥ് കോവിന്ദിലേക്ക് ബിജെപിയെ എത്തിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP