Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സബ്‌സിഡിയും ക്ഷേമപ്രവർത്തനങ്ങളും ഉപേക്ഷിച്ചുള്ള കോർപറേറ്റ് പ്രീണനം; മന്ത്രിമാർക്കിടയിലും അതൃപ്തി; മോദിക്കെതിരെ ആദ്യമായി വിമതശബ്ദം ഉയർത്തി മനേകാ ഗാന്ധി

സബ്‌സിഡിയും ക്ഷേമപ്രവർത്തനങ്ങളും ഉപേക്ഷിച്ചുള്ള കോർപറേറ്റ് പ്രീണനം; മന്ത്രിമാർക്കിടയിലും അതൃപ്തി; മോദിക്കെതിരെ ആദ്യമായി വിമതശബ്ദം ഉയർത്തി മനേകാ ഗാന്ധി

ന്യൂഡൽഹി: സമ്പദ് വ്യവസ്ഥയ്ക്ക് പ്രതീക്ഷ നൽകുന്ന കാലയളവെന്ന് വാണിജ്യലോകം പ്രകീർത്തിക്കുമ്പോഴും, നരേന്ദ്ര മോദി സർക്കാരിന്റെ ആദ്യവർഷത്തെ പ്രവർത്തനങ്ങളിൽ സ്വന്തം പാളയത്തിൽനിന്നുതന്നെ അതൃപ്തിയുടെ ശബ്ദങ്ങളുയരുന്നു. സബ്‌സിഡികളും ക്ഷേമപ്രവർത്തനങ്ങളും നിർത്തിവച്ച്, കോർപറേറ്റുകൾക്കുവേണ്ടിയുള്ള അടിസ്ഥാന സൗകര്യ വികസനത്തിൽ ശ്രദ്ധയൂന്നുന്നതിനെതിരെയാണ് വിമർശനമുയരുന്നത്. മോദിയുടെ സാമ്പത്തിക നയപരിപാടികൾക്കെതിരെ കേന്ദ്ര മന്ത്രി മനേക ഗാന്ധി എതിർപ്പ് പരസ്യമാക്കി.

അടിസ്ഥാന സൗകര്യ വികസനത്തിലൂന്നിയുള്ള കേന്ദ്രത്തിന്റെ സാമ്പത്തിക നയം രാജ്യത്തെ ദരിദ്രരായ 30 കോടിയോളം ജനങ്ങളുടെ ജീവിതം താറുമാറാക്കുമെന്ന് കേന്ദ്ര വനിതാ-ശിശുക്ഷേമ വകുപ്പ് മന്ത്രിയായ മനേകാ ഗാന്ധി മുന്നറിയിപ്പ് നൽകുന്നു. ഗ്രാമീണരുടെ ജീവിതക്ഷേമത്തിനായുള്ള പദ്ധതികളിൽനിന്ന് കേന്ദ്രത്തിന്റെ ശ്രദ്ധ തെറ്റിപ്പോകാൻ ഇതിടയാക്കും. കുട്ടികളുടെയും ഗർഭിണികളുടെയും പോഷകാഹാര പദ്ധതിയുൾപ്പെടെയുള്ള കാര്യങ്ങളിൽനിന്ന് സർക്കാർ അകന്നുപോകുന്ന സ്ഥിതിയുണ്ടാകുമെന്ന് ധനമന്ത്രിക്ക് ഏപ്രിൽ 27-ന് അയച്ച കത്തിൽ അവർ ചൂണ്ടിക്കാട്ടി.

ക്ഷേമ പദ്ധതികൾക്കുള്ള തുക വെട്ടിക്കുറയ്ക്കുന്നതിനെതിരെ മനേക ഗാന്ധി മാത്രമല്ല രംഗത്തുവന്നിട്ടുള്ളത്. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന മൂന്ന് സംസ്ഥാനങ്ങളെങ്കിലും ഇക്കാര്യത്തിൽ ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്. കോടിക്കണക്കിന് കുട്ടികൾക്ക് സൗജന്യ ഭക്ഷണം നൽകുന്ന പദ്ധതിയുടെയും ഗ്രാമീണ മേഖലയിലെ കുടിവെള്ള വിതരണ പദ്ധതിയുടെയും തുക കഴിഞ്ഞ ബജറ്റിൽ ഗണ്യമായി വെട്ടിക്കുറച്ചിരുന്നു. ഇക്കാര്യത്തിൽ വ്യക്തമായ രാഷ്ട്രീയ വീക്ഷണം ഇല്ലാത്തത് ഗുരുതരമായ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുമെന്ന് മനേക മുന്നറിയിപ്പ് നൽകുന്നു.

ക്ഷേമ പദ്ധതികൾക്കുള്ള തുക വെട്ടിക്കുറച്ചതിനൊപ്പം, റോഡുകളും പാലങ്ങളുംപോലുള്ള പ്രത്യക്ഷ വികസന പദ്ധതികൾക്കുള്ള തുക ഇരട്ടിയാക്കുകയും ചെയ്തിരുന്നു. വിദ്യാഭ്യാസത്തിന് അനുവദിച്ചതിനേക്കാൾ ഏറെയാണ് അടിസ്ഥാന സൗകര്യങ്ങൾക്ക് അനുവദിച്ച തുക. പോഷകാഹാരക്കുറവിൽ, ആഫ്രിക്കയെക്കാൾ മുന്നിലാണ് ഇന്ത്യ. പത്തിൽ നാല് കുട്ടികളും പോഷകാഹാരക്കുറവ് നേരിടുന്നുണ്ട്. 2013-ലെ കണക്കനുസരിച്ച് ഇന്ത്യയിൽ അരലക്ഷത്തോളം ഗർഭസ്ഥ ശിശു മരണങ്ങൾ ഉണ്ടാകുന്നുണ്ട്. അഞ്ചുവയസ്സിൽത്താഴെ മരിക്കുന്ന കുട്ടികളുടെ എണ്ണം 15 ലക്ഷത്തോളം വരും.

ഗ്രാമീണ മേഖലയിൽ മോദിയുടെ ആദ്യവർഷം തൃപ്തികരമായ ഭരണമായല്ല വിലയിരുത്തപ്പെടുന്നത്. മഴക്കുറവും കാർഷിക മേഖലയിലെ വിളനാശവും കർഷക ജീവിതം കൂടുതൽ ബുദ്ധിമുട്ടിലെത്തിച്ചിരിക്കുന്നു. സബ്‌സിഡികളും ആനുകൂല്യങ്ങളും വെട്ടിക്കുറച്ചതോടെ, രാജ്യത്തെ കർഷക സമൂഹത്തിന്റെ 70 ശതമാനത്തോളം ബുദ്ധിമുട്ടിലായി. കൂടുതൽ സഹായം നൽകേണ്ട ജനവിഭാഗത്തെ അവഗണിച്ചുകൊണ്ട് വികസനപ്രവർത്തനങ്ങൾക്ക് മോദി സർക്കാർ തുക വാരിക്കോരി ചെലവാക്കുന്നുവെന്നാണ് ആരോപണം.

എന്നാൽ, നികുതി വരുമാനത്തിൽനിന്ന് സംസ്ഥാന സർക്കാരുകൾക്കുള്ള വിഹിതം വർധിപ്പിച്ചുവെന്ന് മോദിക്ക് അവകാശപ്പെടാം. 32 ശതമാനത്തിൽനിന്ന് 42 ശതമാനമായാണ് നികുതി വിഹിതം വർധിപ്പിച്ചത്. ഈ തുക സംസ്ഥാന സർക്കാരുകൾക്ക് ഇഷ്ടമുള്ള ീതിയിൽ ചെലവാക്കാം. ആസൂത്രണ കമ്മീഷനുപകരം മോദി കൊണ്ടുവന്ന നീതി ആയോഗിലെ സാമ്പത്തിക വിദഗ്ധരാണ് ഈ രീതിയിലുള്ള നയം രൂപവൽക്കരിച്ചത്. എ്ന്നാൽ, നികുതി വരുമാനം കുറഞ്ഞ സംസ്ഥാനങ്ങൾ പ്രധാനമായും ആശ്രയി്കുന്നത് കേന്ദ്രത്തെയാണ്. കേന്ദ്ര ഫണ്ട് വെട്ടിക്കുറയ്ക്കുന്നതിലൂടെ, ഈ സംസ്ഥാനങ്ങൾക്ക് സാമ്പത്തിക നഷ്ടമാണ് നേരിടുക.

സാമ്പത്തിക വളർച്ച ലക്ഷ്യമിടുന് പദ്ധതികൾക്ക് മുൻതൂക്കം നൽകുകയെന്നതാണ് മോദിക്ക് സാമ്പത്തിക ഉപദേഷ്ടാക്കൾ നൽകുന്ന ഉപദേശം. അടുത്ത പൊതുതിരഞ്ഞെടുപ്പുവരുമ്പോൾ മെച്ചപ്പെട്ട റോഡുകളും റെയിൽവേ യാത്രാ മാർഗങ്ങളും പോലുള്ള അടിസ്ഥാന സൗകര്യങ്ങളാകും പ്രത്യക്ഷത്തിലുണ്ടാവുക. ആരോഗ്യ, ക്ഷേമ പ്രവർത്തനങ്ങൾ പിന്നാലെയേ വരൂ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP