Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഹിന്ദു സമൂഹത്തിലെ ജാതിവ്യവസ്ഥയുടെ കുറ്റവും മുസ്ലിംങ്ങളുടെ തലയിൽ ഇടാൻ ആർഎസ്എസ് ശ്രമം; ദളിതരുടെയും ആദിവാസികളുടെയും പിന്നോക്കാവസ്ഥയ്ക്ക് കാരണം മുസ്ലിംങ്ങളെന്ന് സംഘപരിവാറിന്റെ കണ്ടുപിടുത്തം

ഹിന്ദു സമൂഹത്തിലെ ജാതിവ്യവസ്ഥയുടെ കുറ്റവും മുസ്ലിംങ്ങളുടെ തലയിൽ ഇടാൻ ആർഎസ്എസ് ശ്രമം; ദളിതരുടെയും ആദിവാസികളുടെയും പിന്നോക്കാവസ്ഥയ്ക്ക് കാരണം മുസ്ലിംങ്ങളെന്ന് സംഘപരിവാറിന്റെ കണ്ടുപിടുത്തം

ന്യൂഡൽഹി: സ്വാതന്ത്ര്യം കിട്ടി പതിറ്റാണ്ടുകൾക്ക് ശേഷവും രാജ്യത്ത് ഇന്നും ജാതീയമായ അതിക്രമങ്ങൾക്കും വിവേചനങ്ങൾക്കും ഇരയാക്കപ്പെട്ടുകൊണ്ടിരിക്കുന്ന ദളിതരുടെ ചരിത്രം തിരുത്തികുറിച്ചുകൊണ്ട് ആർഎസ്എസ് രംഗത്ത്. ദളിതരെയും മറ്റ് താഴ്ന്ന ജാതികളെയും അനുനയിപ്പിക്കുന്നതിന്റെ ഭാഗമായാണ് ആർഎസ്എസ് ചരിത്രത്തിൽ തന്നെ ഇടപെട്ടുകൊണ്ട് രംഗത്ത് വന്നിരിക്കുന്നത്. മധ്യകാലഘട്ടത്തിലെ ഇസ്ലാമിക ആക്രമണങ്ങളുടെ ഫലമായാണ് ദളിത്, ആദിവാസി തുടങ്ങി താഴ്ന്ന ജാതികൾ ഉണ്ടായതെന്നാണ് ആർഎസ്എസിന്റെ പുതിയ കണ്ടുപിടുത്തം. അതിനു തൊട്ടുമുമ്പ് വരെ ഹിന്ദുക്കളിൽ ഇങ്ങനെയൊരു കൂട്ടരേയില്ലെന്നും ഇവർ പറയുന്നു. ബിജെപി ഭരണം പിടിച്ചതിനു പിന്നാലെ ഹിന്ദുക്കളെ ഒരു കുടക്കീഴിൽ അണിനിരത്തി, അതുവഴി നേട്ടമുണ്ടാക്കുക എന്ന എക്കാലത്തെയും ലക്ഷ്യം മുൻനിറുത്തിയാണ് ദളിതരുടെ ചരിത്രത്തെ വളച്ചൊടിക്കാനുള്ള ആർഎസ്എസിന്റെ പുതിയ ശ്രമങ്ങൾ.

ബിജെപി വക്താവ് വിജയ് ശങ്കർ ശാസ്ത്രി എഴുതിയ ഹിന്ദു ചർമാകർ ജാതി, ഹിന്ദു ഘാട്ടിക് ജാതി, ഹിന്ദു വാല്മീകി ജാതി എന്നീ മൂന്ന് പുസ്തകങ്ങളിലായാണ് ആർഎസ്എസിന്റെ പുതിയ കണ്ടെത്തൽ വന്നിരിക്കുന്നത്. കഴിഞ്ഞ ദിവസം ആർഎസ്എസ് തലവൻ മോഹൻ ഭഗവതാണ് പുസ്തകം പ്രകാശനം ചെയ്തത്. രാജ്യത്ത് ഇസ്ലാമിക ആക്രമണങ്ങൾക്ക് മുമ്പു വരെ ദളിത് എന്നൊരു കൂട്ടർ ഹിന്ദുമതത്തിൽ ഉണ്ടായിരുന്നില്ലെന്നും ഇവരുടെ വരവോടെയാണ് ഈ ജാതികൾ നിലവിൽ വന്നതെന്നുമാണ് ആർഎസ്എസ് നേതാക്കളുടെ പുതിയ വാദം.

ഹിന്ദു വേദഗ്രന്ഥങ്ങളിൽ ശൂദ്രജാതി ഒരിക്കലും തൊട്ടുകൂടാത്തവർ ആയിരുന്നില്ലെന്നും മധ്യകാലഘട്ടത്തിലെ ഇസ്ലാമിക അതിക്രമങ്ങളാണ് തൊട്ടുകൂട്ടാത്തവരെയും, ദളിതരെയും ഇന്ത്യൻ മുസ്ലിങ്ങളെയും സൃഷ്ടിച്ചതെന്നുമാണ് ആർഎസ്എസ് നേതൃനിരയിലെ രണ്ടാമനായ ഭയ്യാജി ജോഷി പറയുന്നത്. ഇന്ത്യയിലേക്ക് വന്ന വൈദേശികരായ അറബുകളും മുസ്ലിം ഭരണാധികാരികളും ചൻവർവൻഷിയ ക്ഷത്രിയരുടെ അഭിമാനത്തെ വ്രണപ്പെടുത്തുന്ന പ്രവർത്തനങ്ങളാണ് നടത്തിയത്. അവർ ഈ ക്ഷത്രിയരെ നിർബന്ധിച്ച് പശുവിനെ കൊല്ലാനും അവയുടെ തോലുരിയാനും ജീർണിച്ച അവശിഷ്ടങ്ങൾ മരുഭൂമിയിലെറിഞ്ഞു കളയാനും ശീലിപ്പിച്ചു. ഇങ്ങനെയാണ് വൈദേശികർ ചർമ്മ കർമ്മ ജാതി തന്നെ സൃഷ്ടിച്ചത്. ജയിലിൽ കിടക്കുന്ന അഭിമാനികളായ ഹിന്ദുക്കൾക്കുള്ള ശിക്ഷയായിട്ടാണ് ഇവർ ഇങ്ങനെയാക്കെ ചെയ്യിച്ചതെന്നും ഭയ്യാജി ജോഷി പറയുന്നു.

ദളിത് ജാതികളുടെ ഉത്ഭവം തന്നെ ഇസ്ലാം, മുഗൾ കാലഘട്ടത്തിലാണെന്നാണ് ആർഎസ്എസ് നേതാവായ സുരേഷ് സോണിയുടെ വാദം. മധ്യകാലഘട്ടത്തിലും, മുഗൾ ഭരണകാലത്തും ബ്രാഹ്മണർക്കും ക്ഷത്രിയന്മാർക്കും എതിരെ ഉണ്ടായ അതിക്രമങ്ങളുടെ ഫലമായാണ് ഇന്നത്തെ വാല്മീകി, സുദർശൻ, മജബി, സിഖ് തുടങ്ങി 624 ഉപജാതികൾ ഉണ്ടായതെന്ന് സുരേഷ് സോണി പറയുന്നു. ചരിത്രാതീത കാലഘട്ടത്തിലും വേദകാലത്തും ഘാട്ടിക് ജാതികളെ ബ്രാഹ്മണന്മാരായാണ് അംഗീകരിച്ചിരുന്നതെന്ന് മറ്റൊരു നേതാവായ കൃഷ്ണ ഗോപാൽ പറയുന്നു. മുസ്ലിം ആക്രമണകാരികളുടെ വരവിന് മുമ്പ് ഇന്ത്യയിൽ പന്നിയെ വളർത്തുന്ന രീതിയും ഉണ്ടായിരുന്നില്ലെന്നും കൃഷ്ണ കൂട്ടിച്ചേർക്കുന്നു.

ഏതായാലും ഈ രംഗത്ത് കൂടുതൽ ഗവേഷണങ്ങൾക്ക് ഒരുങ്ങുകയാണ് ആർഎസ്എസ്. ഇതിനായി ആർഎസ്എസിന്റെ തന്നെ ഒരു പോഷക സംഘടന 100 ചരിത്രകാരന്മാരുമായി രഹസ്യയോഗം ചേർന്നിരുന്നവെന്നാണ് വാർത്തകൾ. ഇതുമായി ബന്ധപ്പെട്ട ചരിത്ര വസ്തുകളെക്കുറിച്ചും ഉചിതമായ രീതിയിൽ ഇവയിൽ മാറ്റങ്ങൾ വരുത്തുന്നതിനെക്കുറിച്ചും യോഗത്തിൽ ചർച്ച ചെയ്തതായാണ് വിവരം. മോദിയുടെയും അമിത് ഷായുടെയും നേതൃത്വത്തിൽ ബിജെപി ശക്തമായി മുന്നോട്ടു പോകുന്ന സമയത്ത് തന്നെ ദളിതർക്കും ഇതര പിന്നാക്ക വിഭാഗങ്ങൾക്കും ഇടയിലേക്ക് ഇറങ്ങിച്ചെല്ലാനുള്ള ശ്രമത്തിലാണ് ഇവർ. ചരിത്രത്തെ വളച്ചൊടിച്ചുകൊണ്ടുള്ള ആർഎസ്എസിന്റെ പുറപ്പാട് പുതിയ ചർച്ചകൾക്കും വിവാദങ്ങൾക്കും തീപിടിപ്പിക്കുമെന്ന് തീർച്ച. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP