Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പേടിപ്പിച്ച് പിൻവലിക്കാനുള്ള സംഘപരിവാർ നീക്കത്തെ അതിശക്തമായി നേരിടാൻ ഉറച്ച് പിണറായി വിജയൻ; ബന്ദ് പ്രഖ്യാപിച്ചും വിദ്യാഭ്യാസ സ്ഥാപനങ്ങളെ ഭീഷണിപ്പെടുത്തിയും പരമാവധി ആളെ കുറയ്ക്കാൻ ഉറച്ച് ബിജെപി; കനത്ത സുരക്ഷയോടെ പൊലീസ്; പിണറായി ഇന്ന് മംഗലാപുരത്ത്

പേടിപ്പിച്ച് പിൻവലിക്കാനുള്ള സംഘപരിവാർ നീക്കത്തെ അതിശക്തമായി നേരിടാൻ ഉറച്ച് പിണറായി വിജയൻ; ബന്ദ് പ്രഖ്യാപിച്ചും വിദ്യാഭ്യാസ സ്ഥാപനങ്ങളെ ഭീഷണിപ്പെടുത്തിയും പരമാവധി ആളെ കുറയ്ക്കാൻ ഉറച്ച് ബിജെപി; കനത്ത സുരക്ഷയോടെ പൊലീസ്; പിണറായി ഇന്ന് മംഗലാപുരത്ത്

മംഗളൂരു : ബിജെപിയും സംഘപരിവാർ സംഘടനകളും ആഹ്വാനം ചെയ്ത ഹർത്താൽ അടക്കമുള്ള പ്രതിഷേധങ്ങൾക്കു നടുവിൽ കേരള മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നു മംഗളൂരുവിലെത്തും. രാവിലെ 11നു വാർത്താഭാരതി ദിനപത്രത്തിന്റെ പുതിയ ഓഫിസ് കെട്ടിട നിർമ്മാണോദ്ഘാടനവും സിപിഐ(എം) ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന മതസൗഹാർദ റാലിയും പിണറായി ഉദ്ഘാടനം ചെയ്യും.

കേരളത്തിൽ സംഘപരിവാർ പ്രവർത്തകർക്കു നേരെ നടക്കുന്ന അക്രമത്തിൽ പ്രതിഷേധിച്ചാണ് കേരളത്തിൽ നിന്നുള്ള സിപിഐ(എം) നേതാവായ പിണറായി വിജയൻ മംഗളൂരുവിൽ പ്രസംഗിക്കുന്നതു തടയാനായി സംഘപരിവാർ ഹർത്താലിന് ആഹ്വാനം ചെയ്തത്. ബിജെപി ഹർത്താലിനു പിന്തുണയും പ്രഖ്യാപിച്ചിട്ടുണ്ട്. മതസൗഹാർദ റാലിയിൽ പങ്കെടുക്കരുതെന്ന് വിവിധ സ്‌കൂളുകളോടും ബിജെപിക്കാർ ആവശ്യപ്പെടുന്നുണ്ട്. എങ്ങനേയും പിണറായിയുടെ പരിപാടിയുടെ പകിട്ട് കുറയ്ക്കാനാണ് ഇതെല്ലാം. ഭീഷണിയും ഹർത്താലും പ്രഖ്യാപിച്ചാൽ പിണറായി എത്തില്ലെന്നായിരുന്നു പരിവാറുകരാടെ പ്രതീക്ഷ. എന്നാൽ വെല്ലുവിളി ഏറ്റെടുക്കാനായിരുന്നു പിണറായിയുടെ തീരുമാനം.

മതസൗഹാർദ റാലിയുടെ പ്രകടനം 2.30ന് അംബേദ്കർ സർക്കിളിൽ നിന്നാരംഭിക്കും. മൂന്നിനു നെഹ്‌റു മൈതാനിയിലാണു പൊതുയോഗം. പിണറായിക്കു പുറമെ സിപിഐ(എം) കർണാടക സംസ്ഥാന സെക്രട്ടറി ജി.വി.ശ്രീരാമ റെഡ്ഡിയും പൊതുയോഗത്തിൽ പ്രസംഗിക്കും. ഏതങ്കിലും വിധത്തിലുള്ള ക്രമസമാധാന പ്രശ്‌നമുണ്ടായാൽ ഉത്തരവാദികളായവരെ ശക്തമായി നേരിടും. ഇതിന്റെ ഭാഗമായി ജില്ലയിൽ മൊത്തം 23 എക്‌സിക്യൂട്ടീവ് മജിസ്‌ട്രേട്ട്മാരെ നിയോഗിച്ചു.

കേരള മുഖ്യമന്ത്രിക്ക് ആവശ്യമായ എല്ലാ സുരക്ഷയും ഒരുക്കുമെന്നു സിറ്റി പൊലീസ് കമ്മിഷണർ എം.ചന്ദ്രശേഖർ പറഞ്ഞു. റാലിയിൽ പങ്കെടുക്കാൻ എത്തുന്നവർക്കും സുരക്ഷ ഒരുക്കും. ഹർത്താലിനിടെ വഴിതടയലോ നിർബന്ധിച്ച് സ്ഥാപനങ്ങൾ അടപ്പിക്കലോ അനുവദിക്കില്ലെന്നു പൊലീസ് വ്യക്തമാക്കി. അതിനിടെ തന്നെ തടയുമെന്നു പറഞ്ഞ സംഘ്പരിവാർ സംഘടനകൾക്കുള്ള മറുപടി മംഗളൂരുവിൽ പോയി വന്നിട്ടു പറയാമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കിയിട്ടുണ്ട്. ഭീഷണിക്കു വഴങ്ങി യാത്ര വേണ്ടെന്നു വയ്ക്കില്ല. മംഗളൂരുവിൽ പോകുമെന്നും പരിപാടിയിൽ പങ്കെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

അതിനിടെ മംഗളൂരുവിൽ ശനിയാഴ്ച മുഖ്യമന്ത്രി പിണറായി വിജയനെ തടയുമെന്ന സംഘപരിവാർ പ്രഖ്യാപനത്തിന്റെ സാഹചര്യത്തിൽ കണ്ണൂരിലും പൊലീസിന് ജാഗ്രതാ നിർദ്ദേശം സർക്കാർ നൽകിയിട്ടുണ്ട്. കേരള മുഖ്യമന്ത്രി മംഗളൂരുവിൽ പൊതുപരിപാടിയിൽ പങ്കെടുക്കാനെത്തുമ്പോൾ സംഘപരിവാർ സംഘടനകൾ തടയുകയോ അതിന്റെ ഭാഗമായി അക്രമസംഭവങ്ങളുണ്ടാവുകയോ ചെയ്താൽ കണ്ണൂരിൽ സംഘർഷസാധ്യതയുണ്ടെന്നാണ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോർട്ട്. ജില്ലയിൽ നിലവിലുള്ള സമാധാനാന്തരീക്ഷം തകരാതിരിക്കാൻ പൊലീസ് ആവശ്യമായ എല്ലാ നടപടികളുമെടുക്കുമെന്ന് ജില്ലാ പൊലീസ് മേധാവി ശിവവിക്രം പറഞ്ഞു.

നേരത്തെ അടിക്ക് തിരിച്ചടിയും കൊലയ്ക്ക് പകരം കൊലയും ചെയ്തിട്ടുണ്ടെന്ന് ബിജെപി ജനറൽ സെക്രട്ടറി കെ.സുരേന്ദ്രൻ പറഞ്ഞിരുന്നു. മംഗളൂരുവിൽ ബിജെപി സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. രണ്ട് ശതമാനം വോട്ട് കിട്ടിയ സമയത്ത് അടിക്ക് തിരിച്ചടിയും കൊലയ്ക്ക് പകരം കൊലയും ചെയ്തിട്ടുണ്ട്. എന്നാൽ ഇപ്പോൾ അടിക്ക് പകരം അടിയും കൊലയ്ക്ക് പകരം കൊലയും നിർത്തിവച്ചിരിക്കുകയാണ്. 'സിപിഎമ്മുകാരെ വെറുതെവിടില്ല ഞങ്ങൾ. നിങ്ങൾ കർണാടകത്തിൽ പോയാൽ തടയാൻ ഞങ്ങളുണ്ടാവും ആന്ധ്രയിൽ പോയാലും മധ്യപ്രദേശിൽ പോയാലും ഡൽഹിയിൽ പോയാലും അവിടെയെല്ലാം തടയാനുണ്ടാകുമെന്നും' സുരേന്ദ്രൻ പറഞ്ഞു.

ഇത്തരം പ്രസംഗങ്ങൾ കണ്ണൂരിലെ സമാധാനാന്തരീക്ഷത്തെ തകർക്കുമെന്നാണ് പൊലീസിന്റെ വിലയിരുത്തൽ. ഈ സാഹചര്യത്തിൽ പിണറായിയുടെ സന്ദർശനത്തിൽ ചെറിയ പ്രശ്‌നമുണ്ടായാൽ പോലും അത് കണ്ണൂരിൽ ക്രമസമാധാന പ്രശ്‌നങ്ങൾ സജീവമാക്കുമെന്നാണ് വിലയിരുത്തൽ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP