Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വിധിക്കെതിരേ ശശികല സുപ്രീംകോടതിയിൽ പുനപ്പരിശോധനാ ഹർജി നല്കും; ആരോഗ്യ പ്രശ്‌നങ്ങൾ ഉന്നയിച്ച് കീഴടങ്ങലും നീട്ടിക്കൊണ്ടുപോകും; ബലം പ്രയോഗിച്ച് അറസ്റ്റിനില്ലെന്നും സ്വമേധയാ കീഴടങ്ങട്ടേയെന്നും ബെഗലൂരു പൊലീസും; ചിന്നമ്മ ഉടൻ ജയിലിലേക്കില്ല

വിധിക്കെതിരേ ശശികല സുപ്രീംകോടതിയിൽ പുനപ്പരിശോധനാ ഹർജി നല്കും; ആരോഗ്യ പ്രശ്‌നങ്ങൾ ഉന്നയിച്ച് കീഴടങ്ങലും നീട്ടിക്കൊണ്ടുപോകും; ബലം പ്രയോഗിച്ച് അറസ്റ്റിനില്ലെന്നും സ്വമേധയാ കീഴടങ്ങട്ടേയെന്നും ബെഗലൂരു പൊലീസും; ചിന്നമ്മ ഉടൻ ജയിലിലേക്കില്ല

ചെന്നൈ: അനധികൃത സ്വത്ത് സമ്പാദനക്കേസിൽ നാലുവർഷം തടവ് ശിക്ഷ വിധിക്കപ്പെട്ട എഐഎഡിഎംകെ ജനറൽ സെക്രട്ടറി വി.കെ. ശശികല ഇന്ന് കീഴടങ്ങിയേക്കില്ല. കേസിൽ പുനഃപ്പരിശോധനാ ഹർജി സമർപ്പിക്കാനാണ് ശശികലയുടെ തീരുമാനം. ആരോഗ്യ പ്രശ്നങ്ങൾ ഉന്നയിച്ച് കീഴടങ്ങൽ തൽക്കാലത്തേക്ക് നീട്ടിക്കൊണ്ട് പോകാനാണ് ശശികലയുടെ തീരുമാനമെന്നാണ് വിവരം. രാത്രി ഒമ്പതുവരെ കൂവത്തൂരിലെ ഗോൾഡൻ ബേ റിസോർട്ടിൽ തന്നെ പിന്തുണയ്ക്കുന്ന എംഎൽഎമാർക്കൊമായിരുന്ന ശശികല പിന്നീട് ചെന്നൈയിലെ പോയസ് ഗാർഡനിലേക്കുപോയി.

ശശികല ഉടൻ കീഴടങ്ങണമെന്നാണ് സുപ്രീംകോടതിയുടെ ഉത്തരവ്. നാളെ ഉത്തരവിന്റെ പകർപ്പ് വിചാരണക്കോടതിയിലും ബെംഗളൂരു പരപ്പന അഗ്രഹാര ജയിലിലും എത്തും. ഇതിനുമുമ്പ് ശശികലയ്ക്ക് കോടതിയിലോ ജയിലിലോ കീഴടങ്ങാം. ഉത്തരവിന്റെ പകർപ്പ് ലഭിച്ചാൽ പൊലീസിന് ശശികലയെ ബലം പ്രയോഗിച്ച് കീഴടക്കാം.

അതേസമയം ശശികലയെ ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്യേണ്ടതില്ലെന്നും അവർ സ്വമേധയാ കീഴടങ്ങട്ടേയെന്നുമാണ് കർണാടകാ പൊലീസിന്റെ തീരുമാനമെന്നാണ് റിപ്പോർട്ട്. ശശികല തന്നെ പിന്തുണയ്ക്കുന്ന എംഎൽഎമാർക്കൊപ്പം കൂവത്തൂരിലെ റിസോർട്ടിലാണ് ഉള്ളത്. ശക്തമായ കാവലാണ് പൊലീസ് ഇവിടെ ഏർപ്പെടുത്തിയിരിക്കുന്നത്. കൂവത്തൂരിൽ സെക്ഷൻ 144 പ്രകാരം നിരോധനാജ്ഞയും പുറപ്പെടുവിച്ചിട്ടുണ്ട്.

പുനഃപ്പരിശോധന ഹർജി സമർപ്പിച്ച് ശിക്ഷയിൽ നിന്ന് രക്ഷപ്പെടാനാണ് ശശികലയുടെ നീക്കം. ഇതിന്മേൽ കോടതി എന്ത് തീരുമാനം എടുക്കുന്നു എന്നറിഞ്ഞതിന് ശേഷം കീഴടങ്ങാനാണ് ശശികല ശ്രമിക്കുന്നതെന്നാണ് വിവരം. എന്നാൽ വിചാരണക്കോടതിയുടെ വിധിന്യായം പഠിച്ച് സുപ്രീം കോടതി ശിക്ഷ ശരിവച്ചതിനാൽ പുനഃപ്പരിശോധനാ ഹർജി സുപ്രീംകോടതി പരിഗണിക്കാൻ ക്കാനുള്ള സാധ്യത വിരളമാണ്.

ഇതിനിടെ, ശശികല അഴിമതിക്കേസിൽ ശിക്ഷിക്കപ്പെട്ടതിനെ തുടർന്ന് നിയമസഭാ കക്ഷി നേതാവിയി തെരഞ്ഞെടുക്കപ്പെട്ട പൊതുമരാമത്തു വകുപ്പു മന്ത്രി എടപ്പാടി പളനിസ്വാമി സർക്കാർ രൂപീകരിക്കാനുള്ള അവകാശവാദം ഉന്നയിച്ച് തമിഴ്‌നാട് ഗവർണർ വിദ്യാസാഗർ റാവുവിനെ കണ്ടു. 5.30ന് രാജ്ഭവനിലെത്തിയ പളനിസ്വാമി പത്തു മിനിട്ടു മാത്രമാണ് ഗവർണറുമായി കൂടിക്കാഴ്ച നടത്തിയത്.

നിയമസഭാ സമ്മേളനം വിളിച്ചുചേർക്കുന്നതിനു മുമ്പ് തന്നെ സത്യപ്രതിജ്ഞ ചെയ്യാൻ അനുവദിക്കണമെന്ന് പളനിസ്വാമി ഗവർണറോട് ആവശ്യപ്പെട്ടു. ഭൂരിഭാഗം എംഎൽഎമാരുടെ പിന്തുണ തനിക്കാണെന്നും അദ്ദേഹം അവകാശപ്പെട്ടു. പിന്തുണയ്ക്കുന്ന എംഎൽഎമാർ ഒപ്പിട്ട കത്ത് പളനിസ്വാമി ഗവർണർക്കു കൈമാറിയിട്ടുണ്ട്.

12 അംഗ സംഘത്തിനൊപ്പമാണ് പളനിസ്വാമി രാജ്ഭവനിലെത്തിയത്. പത്തുമിനിട്ടിനകം കൂടിക്കാഴ്ച നടത്തി പുറത്തിറങ്ങിയ പളനിസ്വാമി പക്ഷേ മാദ്ധ്യമപ്രവർത്തകരോടു സംസാരിക്കാൻ തയാറായില്ല. 123 എംഎൽഎമാരുടെ പിന്തുണ തനിക്കുണ്ടെന്ന് അദ്ദേഹം ഗവർണറെ അറിയിച്ചതായാണു സൂചന. രാവിലെ സുപ്രീംകോടതി വിധി ഉണ്ടായതിനു പിന്നാലെയാണ് പളനിസ്വാമിയെ ശശികലപക്ഷം നിയമസഭാ കക്ഷി നേതാവായി തെരഞ്ഞെടുത്തത്.

ഇതിനു പിന്നാലെ സർക്കാർ ഉണ്ടാക്കാൻ അവകാശവാദം ഉന്നയിച്ച് പളനിസ്വാമി ഗവർണർക്കു കത്തയച്ചു. ഗവർണർ ക്ഷണിച്ചാലുടൻ പിന്തുണ തെളിയിക്കുന്ന കത്തുകൾ ഹാജരാക്കുമെന്നും അദ്ദേഹം അറിയിച്ചിരുന്നു. ഏകകണ്ഠേനയാണ് തിരഞ്ഞെടുക്കപ്പെട്ടതെന്ന് പളനിസാമി അറിയിച്ചു. ഭൂരിപക്ഷ എംഎൽഎമാരുടെ പിന്തുണയുണ്ട്. ഗവർണറെക്കണ്ട് സർക്കാർ രൂപീകരിക്കാൻ അവകാശവാദം ഉന്നയിക്കുമെന്നും പളനിസാമി അറിയിച്ചു.

സുപ്രീം കോടതി നാല് വർഷത്തേക്ക് ശിക്ഷിക്കുകയും 10 കോടി രൂപ പിഴ ചുമത്തുകയും ചെയ്തതോടെ എഐഎഡിഎംകെ ജനറൽ സെക്രട്ടറി ബംഗലൂരുവിലെ പരപ്പന അഗ്രഹാര കോടതിയിൽ കീഴടങ്ങേണ്ടി വരും. ജഡ്ജി അശ്വത് നാരായണന് മുമ്പാകെയാണ് ചിന്നമ്മ കീഴടങ്ങുക. കോടതിക്ക് മുന്നിൽ കീഴടങ്ങിയാൽ പരപ്പന അഗ്രഹാര ജയിലിലേക്ക് ശശികലയെ മാറ്റും. എന്നാൽ കീഴടങ്ങാനുള്ള സമയം കൂട്ടിച്ചോദിക്കാനാണ് ശശികല ക്യാമ്പിന്റെ തീരുമാനം. സുപ്രീം കോടതി ഉത്തരവിനെതിരെ പുനഃപരിശോധന ഹർജി നൽകുമെന്നും അണ്ണാഡിഎംകെ അറിയിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP