Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സംഘടനാപരമായ വീഴ്ചയാണ് സിപിഎമ്മിനെ തളർത്തിയതെന്ന് സീതാറാം യെച്ചൂരിയുടെ ബദൽ രേഖ; പാർട്ടിയുടെ കരട് രേഖയ്ക്കുള്ള ബദലല്ല യെച്ചൂരിയുടേതെന്ന് എസ് രാമചന്ദ്രൻ പിള്ള

സംഘടനാപരമായ വീഴ്ചയാണ് സിപിഎമ്മിനെ തളർത്തിയതെന്ന് സീതാറാം യെച്ചൂരിയുടെ ബദൽ രേഖ; പാർട്ടിയുടെ കരട് രേഖയ്ക്കുള്ള ബദലല്ല യെച്ചൂരിയുടേതെന്ന് എസ് രാമചന്ദ്രൻ പിള്ള

ന്യൂഡൽഹി: കഴിഞ്ഞ 25 വർഷത്തെ രാഷ്ട്രീയ അടവുനയങ്ങളിലെ തിരുത്തൽ സംബന്ധിച്ച് സിപിഎമ്മിൽ അഭിപ്രായഭിന്നത രൂക്ഷമെന്ന് റിപ്പോർട്ടുകൾ. പാർട്ടിയുടെ നയരേഖയ്ക്ക് ബദലുമായി സിപിഐ(എം) പൊളിറ്റ് ബ്യൂറോ അംഗം സീതാറാം യെച്ചൂരി രംഗത്തെത്തി. എന്നാൽ, ഇത്തരത്തിൽ പുറത്തുവരുന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്ന് പിബി അംഗം എസ് രാമചന്ദ്രൻ പിള്ള പറഞ്ഞു.

അടവു നയത്തിലെ പാളിച്ചയല്ല, സംഘടനാപരമായ വീഴ്ചയാണു പാർട്ടിയെ തളർത്തിയതെന്നാണ് യെച്ചൂരിയുടെ ബദൽ രേഖയിൽ പറയുന്നത്. എന്നാൽ, സീതാറാം ചെയ്യൂരിയുടേത് ബദൽ രേഖയല്ലെന്നും, അഭിപ്രായം അറിയിച്ചുള്ള കുറിപ്പു മാത്രമാണെന്ന വിശദീകരണമാണ് സിപിഐ(എം) നൽകുന്നത്.

കഴിഞ്ഞ കാൽ നൂറ്റാണ്ടിലെ രാഷ്ട്രീയ അടവു നയം പാളിയെന്നതടക്കമുള്ള വിമർശനങ്ങളാണ് സിപിഐ(എം) തയ്യാറാക്കിയ രേഖയിലുള്ളത്. ഈ കരടു റിപ്പോർട്ടിന് അന്തിമ രൂപം നൽകിയപ്പോഴും പിബി അംഗങ്ങൾക്കിടയിൽ അഭിപ്രായ ഭിന്നത രൂക്ഷമായിരുന്നെന്ന റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.

പാർട്ടി നയങ്ങളോടു ശക്തമായ വിമർശനമാണു പാർട്ടി തയാറാക്കിയ കരട് റിപ്പോർട്ടിലുള്ളത്. കേരളത്തിലും പശ്ചിമബംഗാളിലും ത്രിപുരയിലും മാത്രം സിപിഐ(എം) നേതൃത്വത്തിലുള്ള ഇടതു സഖ്യങ്ങൾ വന്നു. മറ്റു സംസ്ഥാനങ്ങളിൽ മറ്റു പാർട്ടികളുടെ വാലായി പ്രവർത്തിച്ചു. കേന്ദ്രത്തിൽ രണ്ടു തവണ അധികാരത്തിൽ വന്നപ്പോഴും സിപിഐ(എം) പിന്തുണ നൽകി. അന്നു തുടങ്ങിയ പതനമാണ് ഇന്നത്തെ അവസ്ഥയിലേക്കെത്തിച്ചതെന്ന് പാർട്ടിയുടെ റിപ്പോർട്ട്.

എന്നാൽ, സംഘടനാപരമായ ദൗർബല്യമാണു സിപിഎമ്മിന്റെ വീഴ്ചയ്ക്കു കാരണമായതെന്ന് സീതാറാം യെച്ചൂരി തയാറാക്കിയ നിർദ്ദേശത്തിൽ പറയുന്നു. അടവു നയങ്ങളിലെ പാളിച്ചകളല്ല, മറിച്ച് വ്യക്തികേന്ദ്രീകൃത നടപടികളാണ് ഉണ്ടായത്. പാർട്ടിക്കകത്ത് ഇതു നടപ്പാക്കാൻ ശ്രമിച്ചു. നേതൃത്വപരമായ പിഴവുകൾ പറ്റി. ഇതാണ് ഇന്നത്തെ വീഴ്ചയ്ക്കു കാരണമെന്നും യെച്ചൂരി പറയുന്നു.

എന്നാൽ, പൊളിറ്റ് ബ്യൂറോ അംഗീകരിച്ച കരട് രേഖയ്ക്ക് പിബി അംഗം സീതാറാം യെച്ചൂരി ബദൽ രേഖ നിർദ്ദേശിച്ചിട്ടില്ലെന്ന് എസ് രാമചന്ദ്രൻ പിള്ള പറഞ്ഞു. പാർട്ടിയുടെ നയരേഖയ്ക്ക് ബദൽരേഖ എന്ന മട്ടിൽ ചില പത്രങ്ങളിൽ വന്ന വാർത്തയ്ക്ക് അർഥമില്ല. പാർട്ടി കരട് രേഖയ്ക്ക് ഭേദഗതി നിർദ്ദേശിക്കുന്ന ഒന്നിലേറെ രേഖകൾ ലഭിച്ചിട്ടുണ്ട്. പിബി അംഗങ്ങൾക്കും സിസി അംഗങ്ങൾക്കും ഇങ്ങനെ ഭേദഗതികൾ നൽകാം. കേന്ദ്രകമ്മിറ്റിയിലെ ചർച്ചകൾക്കുശേഷമേ അവസാനരൂപമാകൂ. ഈ രേഖ പാർട്ടി ഘടകങ്ങളുടെ അഭിപ്രായത്തിനയക്കും. ആ ചർച്ചകൾക്കുശേഷം വരുന്ന അഭിപ്രായങ്ങൾ വീണ്ടും പിബിയും സിസിയും ചർച്ച ചെയ്യും. അതിനുശേഷം പാർട്ടി കോൺഗ്രസിൽ രേഖ വരും. അവിടുത്തെ ചർച്ചയിലൂടെയേ അന്തിമാംഗീകാരമാകുകയുള്ളൂ. ഇപ്പോൾ പ്രാഥമികഘട്ടമേ ആയിട്ടുള്ളൂ എന്നും എസ് ആർ പി വ്യക്തമാക്കി. അതേസമയം പിബി തള്ളിയ ബദൽ നിലപാടുകൾ കേന്ദ്ര കമ്മിറ്റിക്കു വിടണമോയെന്ന്, കമ്മിറ്റിക്കു മുൻപു ചേരുന്ന പിബി യോഗമാണ് തീരുമാനിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP