Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

മഹാരാഷ്ട്രയിലും കേന്ദ്രത്തിലും പിന്തുണയ്ക്കുന്ന പ്രശ്നമില്ല; രാഷ്ട്രീയ നേട്ടങ്ങൾക്കു വേണ്ടി മറ്റു പാർട്ടികളെ ഉപയോഗിച്ച ശേഷം വലിച്ചെറിയുന്ന രീതിയാണ് ബിജെപിയുടേത്; കൂടെയുണ്ടാവുമെന്ന അമിത് ഷായുടെ പ്രതീക്ഷകളെ വെട്ടിനിരത്തി ശിവസേന; യുപിയിൽ പുതിയ സഖ്യം വരുന്നതിന് പുറമേ കർണാടകത്തിലും ആന്ധ്രയിലും തിരിച്ചടി നേരിടുമോ എന്നും ആശങ്ക; കോൺഗ്രസിനൊപ്പം മമതയുൾപ്പെടെ കൈകോർത്ത് എതിർ സഖ്യം ശക്തമാകുന്നതിനിടെ ഒപ്പം നിർത്തിയവർ ഒന്നൊന്നായി കൊഴിയുന്ന തലവേദനയിൽ മോദിയും കൂട്ടരും

മഹാരാഷ്ട്രയിലും കേന്ദ്രത്തിലും പിന്തുണയ്ക്കുന്ന പ്രശ്നമില്ല; രാഷ്ട്രീയ നേട്ടങ്ങൾക്കു വേണ്ടി മറ്റു പാർട്ടികളെ ഉപയോഗിച്ച ശേഷം വലിച്ചെറിയുന്ന രീതിയാണ് ബിജെപിയുടേത്; കൂടെയുണ്ടാവുമെന്ന അമിത് ഷായുടെ പ്രതീക്ഷകളെ വെട്ടിനിരത്തി ശിവസേന; യുപിയിൽ പുതിയ സഖ്യം വരുന്നതിന് പുറമേ കർണാടകത്തിലും ആന്ധ്രയിലും തിരിച്ചടി നേരിടുമോ എന്നും ആശങ്ക; കോൺഗ്രസിനൊപ്പം മമതയുൾപ്പെടെ കൈകോർത്ത് എതിർ സഖ്യം ശക്തമാകുന്നതിനിടെ ഒപ്പം നിർത്തിയവർ ഒന്നൊന്നായി കൊഴിയുന്ന തലവേദനയിൽ മോദിയും കൂട്ടരും

മറുനാടൻ മലയാളി ബ്യൂറോ

മുംബൈ: അടുത്ത തിരഞ്ഞെടുപ്പിൽ ഒറ്റയ്ക്ക് മത്സരിക്കാനുള്ള തീരുമാനം പിൻവലിച്ച് സഖ്യമായി മത്സരിക്കാമെന്ന ബിജെപിയുടെ അഭ്യർത്ഥന തള്ളി ശിവസേന. ഉദ്ധവ് താക്കറേയുടെ നേതൃത്വത്തിലുള്ള പാർട്ടി എൻഡിഎയിൽ തന്നെ തുടരുമെന്നാണ് പ്രതീക്ഷയെന്ന് ബിജെപി അധ്യക്ഷൻ അമിത് ഷാ കഴിഞ്ഞ ദിവസം പ്രത്യാശ പ്രകടിപ്പിച്ചിരുന്നു. ഈ പ്രതീക്ഷക്കാണ് ഇപ്പോൾ തിരിച്ചടിയായിരിക്കുന്നത്. മഹാരാഷ്ട്രയിലും കേന്ദ്രത്തിലും വരുന്ന തിരഞ്ഞെടുപ്പുകളിൽ ബിജെപിയെ പിന്തുണയ്ക്കില്ലെന്ന നയം തുടരുമെന്നു ശിവസേന വ്യക്തമാക്കി. ഒപ്പം നിർത്തിയവർ ഒന്നൊന്നായി കൊഴിയുമ്പോൾ മോദിയും കൂട്ടരും വരുന്ന തിരഞ്ഞെടുപ്പുകളിൽ ബിജെപി നേരിടാൻ പോകുന്നത് വൻ പ്രതിസന്ധിയായിരിക്കും. ഒപ്പം വരുന്ന കർണാടക തെരഞ്ഞെടുപ്പിലും ബിജെപിക്ക് ഏതെങ്കിലും കാരണവശാൽ പരാജയം നേരിട്ടാൽ അതും മുന്നണിക്ക് പ്രതിച്ഛായ നഷ്ടപ്പെടുത്തും. ലിംഗായത്ത് വിഭാഗം കൂടി കോൺഗ്രസിന് പിന്തുണ നൽകിയതോടെ ബിജെപി കരുതലോടെ തന്നെയാണ് കർണാടകയിൽ പ്രചരണം നടത്തുന്നത്. ബിജെപിയെ പരാജയപ്പെടുത്താൻ കോൺഗ്രസിനെ ബിഎസ്‌പി പിന്തുണക്കുമെന്ന് തീരുമാനമാണ് യുപിയിൽ മായാവതിക്കുള്ളത്.

മുംബൈയിലെത്തിയ അമിത് ഷാ ശിവസേന തങ്ങൾക്കൊപ്പം തുടരുമെന്നാണു പ്രതീക്ഷയെന്നു വ്യക്തമാക്കിയിരുന്നു. വരുന്ന ലോക്‌സഭ തിരഞ്ഞെടുപ്പിലും ബിജെപിയുടെ നേതൃത്വത്തിൽ എൻഡിഎ വൻവിജയം നേടുമെന്നും അമിത് ഷാ പ്രത്യാശ പ്രകടിപ്പിച്ചു. 'അവർ ഞങ്ങളോടൊപ്പം ഗവൺമെന്റിന്റെ ഭാഗമാണ്, ഞങ്ങളോടൊപ്പം തന്നെ അവർ തുടരുമെന്നാണ് ഉറച്ച പ്രതീക്ഷ'.

മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പിലും 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിലും ബിജെപിക്കൊപ്പം ചേരേണ്ടെന്ന നയം തുടരാനാണു ശിവസേന തീരുമാനം. ഇതു സംബന്ധിച്ച് ഇക്കഴിഞ്ഞ ജനുവരിയിൽ നടത്തിയ പ്രഖ്യാപനത്തിൽ മാറ്റമില്ലെന്നും പാർട്ടിയുടെ മുതിർന്ന നേതാവ് സുഭാഷ് ദേശായ് വ്യക്തമാക്കി. ബിജെപി ഇപ്പോൾ പെട്ടെന്ന് ശൈലി മാറ്റി സഖ്യത്തെക്കുറിച്ച് സംസാരിക്കാൻ തുടങ്ങിയിരിക്കുകയാണെന്നായിരുന്നു ഇതേക്കുറിച്ച് ശിവസേന നേതാവ് സുഭാഷ് ദേശായി പ്രതികരിച്ചത്. ഒറ്റയ്ക്ക് അധികാരത്തിൽ വരുമെന്നാണ് ബിജെപി ഇതുവരെ പറഞ്ഞിരുന്നത്, ഇപ്പോൾ പതുക്കെ സുഹൃത്തുക്കള ഓർത്തുതുടങ്ങിയിരിക്കുന്നു, ആറ് മാസത്തിനുള്ളിലാണ് അവരുടെ സമീപനത്തിൽ മാറ്റം വന്നത്, ഇപ്പോൾ എൻഡിഎ മുന്നണിയെക്കുറിച്ചും പറയാൻ തുടങ്ങിയിരിക്കുന്നു-താനെയിൽ ഒരു പൊതുസമ്മേളനത്തിൽ സംസാരിക്കവേ ദേശായി പറഞ്ഞു.

'താക്കറേയാണ് സംസ്ഥാനത്തെ ഏറ്റവും ജനകീയനായ നേതാവ്, അദ്ദേഹത്തിന്റെ കീഴിൽ പാർട്ടി അധികാരം പിടിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഒറ്റയ്ക്ക് മത്സരിക്കാനുള്ള പാർട്ടി തീരുമാനത്തിൽ മാറ്റമില്ലെന്ന് പാർട്ടിയുടെ മറ്റൊരു ഭാരവാഹി പ്രതികരിച്ചു. സഖ്യകക്ഷികളെ രാഷ് ട്രീയനേട്ടത്തിനായി ഉപയോഗിക്കുകയും അതിന് ശേഷം അവരെ തള്ളുകയും ചെയ്യുന്നത് ബിജെപിയുടെ നയമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. നിലവിൽ കേന്ദ്രത്തിലും മഹാരാഷ്ട്രയിലും ബിജെപി സർക്കാരിനെ പിന്തുണയ്ക്കുന്നുണ്ടെങ്കിലും പ്രധാനമന്ത്രി മോദിക്കും ബിജെപിക്കുമെതിരെ രൂക്ഷവിമർശനമാണ് അടുത്ത കാലത്തായി ശിവസേന നടത്തുന്നത്.

'ഇതുവരെ ഒറ്റയ്ക്ക് അധികാരത്തിൽ വരുമെന്നു പറഞ്ഞിരുന്ന ബിജെപി ഇപ്പോൾ സുഹൃത് പാർട്ടികളെക്കുറിച്ചും ആലോചിക്കുകയാണ്. ഇക്കഴിഞ്ഞ ആറുമാസത്തിനിടെ അവരുടെ സംസാരത്തിന്റെ രീതി തന്നെ മാറിയിരിക്കുന്നു. ഇപ്പോൾ പെട്ടെന്നവർ എൻഡിഎയെപ്പറ്റിയൊക്കെ സംസാരിക്കുന്നു...' സുഭാഷ് ദേശായ് പറഞ്ഞു. പാർട്ടിയുടെയും മഹാരാഷ്ട്രയുടെയും ഏറ്റവും വലിയ നേതാവാണ് ഉദ്ധവ് താക്കറെ. അദ്ദേഹത്തിന്റെ കീഴിൽ സംസ്ഥാന ഭരണം ശിവസേന ഒറ്റയ്ക്കു പിടിച്ചെടുക്കുമെന്നും ദേശായ് വ്യക്തമാക്കി.

വരുംകാല തിരഞ്ഞെടുപ്പുകളിലെല്ലാം ഒറ്റയ്ക്കു മത്സരിക്കാനുള്ള ശിവസേനയുടെ തീരുമാനത്തിൽ മാറ്റമില്ലെന്ന് പാർട്ടി വക്താവും വ്യക്തമാക്കി. രാഷ്ട്രീയ നേട്ടങ്ങൾക്കു വേണ്ടി മറ്റു പാർട്ടികളെ ഉപയോഗപ്പെടുത്തി ആവശ്യം കഴിഞ്ഞ് അവരെ വലിച്ചെറിയുന്ന രീതിയാണ് ബിജെപിയുടേത്. ഇതു രാജ്യത്തെ മുഴുവൻ ജനങ്ങൾക്കും വ്യക്തമായതാണെന്നും ശിവസേന കുറ്റപ്പെടുത്തി. എൻസിപി അധ്യക്ഷൻ ശരദ് പവാർ, കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി എന്നിവരുമായും സഖ്യത്തിനില്ലെന്നു ശിവസേന അറിയിച്ചു. അതേസമയം പാർട്ടിയുടെ 38ാം സ്ഥാപക ദിനാഘോഷത്തിന്റെ ഭാഗമായി നടത്തിയ റാലിയിലെ വൻ ജനപങ്കാളിത്തം നൽകിയ ആത്മവിശ്വാസത്തിലാണ് ബിജെപി.

കർണാടകത്തിൽ കോൺഗ്രസിൽ നിന്നും അധികാരം പിടിച്ചെടുക്കാനാണ് ബിജെപിയുടെ ശ്രമം. കഴിഞ്ഞ ദിവസം ലിംഗായത്ത് വിഭാഗം കൂടി കോൺഗ്രസിന് പിന്തുണ പ്രഖ്യാപിച്ചതോടെ ബിജെപി കൂടുതൽ പ്രതിസന്ധിയിലാണ്. ഇതോടെ സംസ്ഥാനത്ത് കോൺഗ്രസ് കൂടുതൽ കരുത്തരാവുകയാണ്. നിയമസഭാ തിരഞ്ഞെടുപ്പ് ആസന്നമായിരിക്കെ ഏഴ് വിമത ജെഡിഎസ് എംഎൽഎമാർ രാജിവെച്ചു. ജെഡിഎസ് ന്യൂനപക്ഷ നേതാവായ സമീർ അഹമ്മദ് ഖാനടക്കമുള്ളവരാണ് കോൺഗ്രസിൽ ചേരുന്നത്. നേരത്തെ തന്നെ ഇവർ നേതൃത്വവുമായി അകൽച്ചയിലായിരുന്നു. 2016-ലും പാർട്ടി നിർദ്ദേശം അവഗണിച്ച് വോട്ട് ചെയ്ത ഈ എംഎൽഎമാരെ അയോഗ്യരാക്കുനുള്ള ജെഡിഎസിന്റെ നീക്കം പരാജയപ്പെട്ടിരുന്നു. തുടർന്ന് ഇവരെ അനുനയിപ്പിക്കാൻ ശ്രമം നടത്തിയെങ്കിലും പരാജയപ്പെട്ടു. ജെഡിഎസിന്റെ ശക്തി കുറയുമ്പോൾ വോട്ടുകൾ ഭിന്നിക്കുന്നതും ഗണ്യമായി കുറയും. ഇത് ബിജെപിയുടെ സാധ്യതകളേയും ബാധിക്കും.

ബിജെപിയെ തോൽപ്പിക്കാൻ കോൺഗ്രസുമായി പോലും സഖ്യമുണ്ടാക്കുമെന്ന നിലപാടിലാണ് ബിഎസ്‌പിയുടെ മായാവതി. ഇതിനിടെ കൂറുമാറി ബിജെപി സ്ഥാനാർത്ഥിക്ക് വോട്ട് ചെയ്ത ബിഎസ്‌പി എംഎൽഎ അനിൽ കുമാർ സിങിനെ പാർട്ടിയിൽ നിന്ന് സസ്‌പെൻഡ് ചെയ്തു. ബിജെപിയെ പരാജയപ്പെടുത്താൻ കോൺഗ്രസിനെ ബിഎസ്‌പി പിന്തുണക്കുമെന്ന് മായാവതി അറിയിച്ചു. വർഗീയ വാദികളെ അധികാരത്തിൽ നിന്ന് പിഴുതെറിഞ്ഞ് കോൺഗ്രസ് അധികാരത്തിലേറുന്നതിന് തങ്ങളുടെ പിന്തുണ എല്ലാഴ്‌പ്പോഴും ഉണ്ടാകും-മയാവതി ഇങ്ങനെയാണ് പ്രതികരിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP