Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

രാഷ്ട്രപതി സ്ഥാനാർത്ഥിയെ കുറിച്ചുള്ള ചർച്ചകൾ തുടങ്ങി; വൃക്ക മാറ്റിവച്ച ജനകീയ വിദേശകാര്യ മന്ത്രി സുഷമാ സ്വരാജിനെ പൊതു സ്ഥാനാർത്ഥിയാക്കാൻ നീക്കം തുടങ്ങി; സുഷമയെ തുണയ്ക്കാൻ നിരവധി പ്രതിപക്ഷ പാർട്ടികളും തയ്യാറെന്ന് റിപ്പോർട്ടുകൾ: പലതും തുറന്നു പറയാതെ കാത്തിരുന്ന അദ്വാനിയുടെ അവസാന പ്രതീക്ഷയും ഇല്ലാതായേക്കും

രാഷ്ട്രപതി സ്ഥാനാർത്ഥിയെ കുറിച്ചുള്ള ചർച്ചകൾ തുടങ്ങി; വൃക്ക മാറ്റിവച്ച ജനകീയ വിദേശകാര്യ മന്ത്രി സുഷമാ സ്വരാജിനെ പൊതു സ്ഥാനാർത്ഥിയാക്കാൻ നീക്കം തുടങ്ങി; സുഷമയെ തുണയ്ക്കാൻ നിരവധി പ്രതിപക്ഷ പാർട്ടികളും തയ്യാറെന്ന് റിപ്പോർട്ടുകൾ: പലതും തുറന്നു പറയാതെ കാത്തിരുന്ന അദ്വാനിയുടെ അവസാന പ്രതീക്ഷയും ഇല്ലാതായേക്കും

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: ഇപ്പോഴത്തെ രാഷ്ട്രപതി പ്രണബ് മുഖർജിയുടെ കാലാവധി തീരുന്നതോടെ ജൂലായിൽ രാജ്യത്ത് രാഷ്ട്രപതി തിരഞ്ഞെടുപ്പ് വരികയാണ്. ഇതോടെ നിലവിൽ കേന്ദ്രംഭരിക്കുന്ന ബിജെപിയിൽ ആരാകണം തങ്ങളുടെ സ്ഥാനാർത്ഥിയെന്ന ചർച്ചകൾ സജീവമായി. പൊതുസമ്മതിയുള്ള സ്ഥാനാർത്ഥിയെ നിർത്തി കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികളുടെ കൂടി പിന്തുണ തേടുകയെന്നതിനാണ് പാർട്ടിയിലെ ചർച്ചകളിൽ മുൻതൂക്കം.

അതിനാൽ തന്നെ നേരത്തേ പറഞ്ഞുകേട്ട മുതിർന്ന നേതാക്കളായ എൽകെ അദ്വാനിയുടേയും മുരളീമനോഹർ ജോഷിയുടേയും പേരിനു പകരം ജനസമ്മതിയിൽ മുന്നിൽ നിൽക്കുന്ന സുഷമാ സ്വരാജിന്റെ പേരിനാണ് ഇപ്പോൾ കൂടുതൽ പരിഗണനയെന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്.

ബിജെപിയിലെ ഏറ്റവും ജനപ്രീതിയുള്ള വനിതാ നേതാവാണ് സുഷമ സ്വരാജ്. ഇന്ത്യകണ്ട ഏറ്റവും മികച്ച വിദേശകാര്യ മന്ത്രിയെന്ന നിലയിലാണ് ജനങ്ങൾക്കിടയിൽ അവരുടെ സ്വീകാര്യത. പ്രവാസികളുടെ ആവശ്യങ്ങളോട് പുറംതിരിഞ്ഞു നിൽക്കുന്ന മുൻഗാമികളിൽ നിന്നും വ്യത്യസ്തമായി പ്രവാസി പ്രശ്‌നങ്ങളിൽ സജീവമായ ഇടപെടുന്നതാണ് സുഷമയുടെ ശൈലി. കേന്ദ്രമന്ത്രിയെന്ന അകൽച്ചയില്ലാതെ നേരിട്ട് സാധാരണക്കാർക്ക് അവരോട് പരാതി പറയാൻ അവസരങ്ങൾ ലഭിച്ചിരുന്നു. ഈ ശൈലി തന്നെയാണ് അവരുടെ ജനപ്രീതി വാനോളം ഉയർത്തിയതും. സോഷ്യൽ മീഡിയയിലൂടെ ജനങ്ങളോട് സംവദിക്കുകയും പ്രശ്‌നങ്ങൾക്ക് പരിഹാരം കാണുകയും ചെയ്യുന്ന സുഷമ ശൈലിയിൽ ഗുണം ലഭിച്ചവർ നിരവധിയാണ്.

ഇങ്ങനെ പല കാര്യങ്ങൾ കൊണ്ട് ജനപ്രീതിയാർജ്ജിച്ച മന്ത്രിയായ സുഷമ സ്വരാജിന് വൃക്കരോഗമാണെന്ന് അറിഞ്ഞപ്പോൾ ഏറ്റവും അധികം വിഷമിച്ചതും പ്രവാസികളായിരുന്നു. എന്നാൽ, ആശുപത്രി കിടക്കയിൽ കഴിയുന്ന വേളയിലും വകുപ്പിലെ കാര്യങ്ങൾ നേരാംവണ്ണം പോകുന്നതിന് വേണ്ടി അവർ മുൻകൈയെടുത്തു. വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയക്ക് വിധേയ ആകുന്നതിന് തൊട്ട് മുമ്പ് വരെ പലരുടെയും പ്രശ്‌നങ്ങൾ കേട്ട് തീർപ്പു കൽപ്പിക്കാൻ അവർക്ക് സാധിച്ചു. എല്ലാം ഭേദമായി അവർ വീണ്ടും പഴയപടിതന്നെ ഓരോ പ്രശ്‌നങ്ങളിലും ഇടപെടുകയും പ്രവാസിക്ഷേമത്തിനായി യത്‌നിക്കുകയും ചെയ്യുന്നു.

എന്നാൽ വിദേശകാര്യ മന്ത്രിയെന്ന ഭാരിച്ച ജോലി ചെയ്യാൻ സുഷമയ്ക്ക് ഇനി സാധിക്കുമോ എന്ന ആശങ്ക ചില കേന്ദ്രങ്ങളിൽ നിന്നും ഉയരുന്നുണ്ട്. വിവിധ രാജ്യങ്ങൾ മന്ത്രിയെന്ന നിലയിൽ സഞ്ചരിക്കേണ്ടി വരുമെന്നതാണ് അതിലൊന്ന്. ഇതോടെയാണ് മന്ത്രിപദവിയിൽ നിന്നും സുഷമയെ പിൻവലിച്ച് രാഷ്ട്രപതിയാക്കാനുള്ള ആലോചന ബിജെപിയിൽ സജീവമായത്. എന്നാൽ, ഇക്കാര്യത്തിൽ സുഷമയുടെ തീരുമാനം തന്നെയാകും അന്തിമമാകുക. മികച്ച രീതിയിൽ പ്രവർത്തിക്കുന്ന ഒരു മന്ത്രിയെ മാറ്റുന്നതിനോട് പ്രധാനമന്ത്രി മോദിക്ക് യാതൊരു താൽപ്പര്യവുമില്ല.

എന്നാൽ, ആരോഗ്യ പരമായ പ്രശ്‌നങ്ങൾ അലട്ടുന്നുണ്ടെങ്കിൽ തൽസ്ഥാനത്തു നിന്നു മാറാം എന്നതാണ് അദ്ദേഹത്തിന്റെയും നിലപാട്. മോദിതന്നെ ഇത്തരമൊരു അഭിപ്രായം പങ്കുവച്ചതോടെ സുഷമ ബിജെപിയുടെ ഭാഗത്തുനിന്നും സ്ഥാനാർത്ഥിയാകുമെന്ന നിലയിലേക്ക് കാര്യങ്ങൾ എത്തുന്നുവെന്നാണ് റിപ്പോർട്ടുകൾ. സീനിയർ നേതാവ് അദ്വാനിയുടേയും പാർട്ടി മാർഗദർശക് മണ്ഡൽ അംഗമായ മുതിർന്ന നേതാവ് മുരളി മനോഹർ ജോഷിയുടെ പേരുകൾ പരിഗണിച്ചതിനൊപ്പം ലോക്‌സഭ സ്പീക്കർ സുമിത്രാ മഹാജൻ, ഝാർഖണ്ഡ് ഗവർണർ ദ്രൗപതി മുർമു എന്നീ പേരുകളും പാർട്ടി പരിഗണിച്ചിരുന്നു.

നരേന്ദ്രമോദിയുടെ വരവോടെ അപ്രസക്തനായിപ്പോയതിൽ വിഷമിച്ച എൽകെ അദ്വാനിയെ രാഷ്ട്രപതിയാക്കുമെന്ന പ്രചാരണം അക്കാലത്ത് സജീവമായിരുന്നു. ആ ഉറപ്പിലാണ് വലിയ പിണക്കം കാണിക്കാതെ അദ്വാനി മോദിയുടെ വരവിനെ സ്വാഗതം ചെയ്തതും. എന്നാൽ ഇപ്പോൾ സ്ഥിതി മാറിയതോടെ അദ്വാനിയെ പൂർണമായും തഴയുമെന്ന നിലയിലാണ് കാര്യങ്ങൾ. പ്രായക്കൂടുതലിന് പുറമെ അദ്ദേഹത്തെ രാഷ്ട്രപതിയാക്കുന്നതിൽ പാർട്ടിയിലെ നേതാക്കളിൽ വലിയൊരു വിഭാഗം എതിർപ്പ് പ്രകടിപ്പിക്കുന്നതും അദ്വാനിക്ക് തടസ്സമായി വരുമെന്നാണ് സൂചനകൾ. പ്രാഥമിക ചർച്ചകളാണ് ഇപ്പോൾ ഇതുസംബന്ധിച്ച് നടക്കുന്നത്. അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പ് ഫലം പുറവന്ന ശേഷമേ അന്തിമ തീരുമാനമെടുക്കു. ബിജെപി തലത്തിൽ നടക്കുന്ന ചർച്ചകളേക്കാൾ ആർഎസ്എസ് നിർദേശിക്കുന്ന പേരിനായിരിക്കും പരിഗണന കൂടുതൽ.

ബിജെപി ദേശീയ അധ്യക്ഷനായിരുന്ന മുരളി മനോഹർ ജോഷി 1944ൽ 10 വയസ്സുള്ളപ്പോൾ മുതൽ ആർഎസ്എസുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നുണ്ട്. 1991ലാണ് ബിജെപി ദേശീയ അധ്യക്ഷനാകുന്നത്. അയോധ്യയിൽ രാമക്ഷേത്രം നിർമ്മിക്കാനുള്ള പ്രചാരണ കാലത്തായിരുന്നു അത്. വായ്‌പേയിയുടെ നേതൃത്വത്തിലെ 1996ലെയും 1998ലെയും 1999ലെയും മന്ത്രിസഭകളിൽ മുരളി മനോഹർ ജോഷിയുണ്ടായിരുന്നു. ബാബറി മസ്ജിദ് തകർത്തപ്പോൾ ജോഷിയെ അറസ്റ്റ് ചെയ്തു. ഇന്ദിരാഗാന്ധി അടിയന്താരാവസ്ഥ പ്രഖ്യാപിച്ച കാലത്ത് 19 മാസം ജയിലിൽ കഴിഞ്ഞിരുന്നു.

ഇത്തരത്തിൽ പഴയകാലത്ത് പാർട്ടിയെ നയിച്ച അദ്വാനിയേയും ജോഷിയേയും തഴയുന്നതിന് പിന്നിൽ മറ്റൊരു കാര്യം കൂടിയുണ്ട്. ഇവർക്കെതിരെ ബാബ്‌റി വിഷയം ഉന്നയിച്ചുതന്നെ മറ്റു പാർട്ടികൾ എതിർപ്പുമായി എത്താനുള്ള സാധ്യതയും ബിജെപി കാണുന്നുണ്ട്. എന്നാൽ സുഷമയുടെ കാര്യത്തിൽ അതുണ്ടാവില്ലെന്നും അവരുടെ പൊതുസമ്മതി ഇപ്പോൾ ഏറെക്കുറെ എല്ലാ കക്ഷികളും അംഗീകരിച്ചിരിക്കുന്നുവെന്നുമാണ് പൊതുവേയുള്ള വിലയിരുത്തൽ. മാത്രമല്ല, യുപിഎ സർക്കാരിൽ ലോക്‌സഭയിലെ പ്രതിപക്ഷ നേതാവായിരുന്ന സുഷമാ സ്വരാജിനെയും കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ബിജെപി പ്രധാനമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കുമെന്നുപോലം ചർച്ചകളുണ്ടായിരുന്നു. അതിനാൽ തന്നെ പാർട്ടിയിലും പ്രബലയാണ് സുഷമ. അതുകൊണ്ട് അവരുടെ പേരിനാണ് നിലവിൽ രാഷ്ട്രപതി സ്ഥാനത്തേക്കുള്ള പരിഗണനയിൽ മുൻതൂക്കം.

എന്നാൽ എല്ലാക്കാലത്തും കോൺഗ്രസ് അധ്യക്ഷ സോണിയാഗാന്ധിക്കെതിരെ നിശിത വിമർശനവുമായി മുന്നിൽ നിന്ന നേതാവാണ് സുഷമയെന്നതും ചർച്ചയായിട്ടുണ്ട്. വിദേശവനിതയെന്ന മുദ്രാവാക്യമുയർത്തി സോണിയ പ്രധാനമന്ത്രിയാകുന്നതിനെതിരെ വൻ പ്രചരണം രാജ്യത്ത് നടന്ന കാലത്ത് അവർക്കെതിരെ ശക്തമായി നിലകൊണ്ട നേതാവാണ് സുഷമ. പാർട്ടിയിൽതന്നെ അത്തരം ചർച്ചകൾ നേരിടുകയും അതിനെയെല്ലാം ഇല്ലാതാക്കി സോണിയ പാർട്ടി അധ്യക്ഷയായി മാറുകയും ചെയ്തു.

പക്ഷേ, ഈ വിവാദത്തിന് ശേഷം പാർലമെന്റിലേക്ക് സോണിയ മത്സരിച്ചപ്പോൾ അവർക്കെതിരെ മത്സരിക്കാൻ ബിജെപി നിയോഗിച്ചത് സുഷമയെയായിരുന്നു. 99ലെ തിരഞ്ഞെടുപ്പിൽ കുടുംബ സീറ്റായ അമേഠിയിൽ നിന്നു മത്സരിച്ചതിന് പുറമെ കർണാടകത്തിലെ ബെല്ലാരിയിൽ നിന്നുകൂടി സോണിയ മത്സരിച്ചപ്പോൾ അവിടെ എതിർസ്ഥാനാർത്ഥിയായി സുഷമയെത്തി. അക്കാലത്തെ തിരഞ്ഞെടുപ്പു മുതൽ എല്ലാക്കാലത്തും പാർലമെന്റിലും പുറത്തും സോണിയയുടെ നിശിത വിമർശകയായിരുന്നു സുഷമ. അതിനാൽ തന്നെ ബിജെപി രാഷ്ട്രപതി സ്ഥാനത്തേക്ക് പൊതുസമ്മതി പ്രതീക്ഷിച്ച് സുഷമയെ കൊണ്ടുവന്നാലും കോൺഗ്രസ് അധ്യക്ഷയെന്ന നിലയിൽ സോണിയ അതിന് എതിർപ്പുമായി എത്തിയേക്കുമെന്നും വാദമുയരുന്നുണ്ട്. പക്ഷേ, അങ്ങനെ വന്നാലും കോൺഗ്രസ് ഒഴികെ മറ്റു കക്ഷികളുടെ പിന്തുണയുണ്ടാകുമെന്ന പ്രതീക്ഷയിലാണ് ബിജെപിയിലെ ചർച്ചകൾ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP