Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സുഷമയുടെ നട്ടെല്ലുള്ളപ്രസംഗത്തിൽ പകച്ച് പാക്കിസ്ഥാൻ; കാശ്മീർ പ്രശ്‌നം ഉയർത്തി കാട്ടി സഹതാപത്തിന് ശ്രമിച്ച നയതന്ത്ര പ്രതിനിധി ഉയർത്തി കാട്ടിയത് ഫലസ്തീനിലെ ചിത്രം; അന്താരാഷ്ട്ര മാധ്യമങ്ങൾ തന്നെ പൊളിച്ചടുക്കിയപ്പോൾ തലകുനിച്ച് പാക് വീര്യം

സുഷമയുടെ നട്ടെല്ലുള്ളപ്രസംഗത്തിൽ പകച്ച് പാക്കിസ്ഥാൻ; കാശ്മീർ പ്രശ്‌നം ഉയർത്തി കാട്ടി സഹതാപത്തിന് ശ്രമിച്ച നയതന്ത്ര പ്രതിനിധി ഉയർത്തി കാട്ടിയത് ഫലസ്തീനിലെ ചിത്രം; അന്താരാഷ്ട്ര മാധ്യമങ്ങൾ തന്നെ പൊളിച്ചടുക്കിയപ്പോൾ തലകുനിച്ച് പാക് വീര്യം

ന്യൂയോർക്ക്: യുഎൻ പൊതുസഭയിൽ ഇന്ത്യൻ വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ് പാക്കിസ്ഥാനെതിരെ കഴിഞ്ഞ രണ്ട് ദിവസമായി കടുത്ത ആക്രമണമാണ് അഴിച്ചു വിട്ടത്. പാക്കിസ്ഥാന്റെ ഭീകരവാദത്തെ കുറിച്ച് അക്കമിട്ട് തെളിവുകൾ നിരത്തി പറഞ്ഞ പ്രസംഗത്തിൽ പാക്കിസ്ഥാൻ തെല്ലൊന്ന് പതറുകയും ചെയ്ത്. എന്നാൽ ഇതിന് മറുപടി പ്രസംഗവുമായി എത്തിയ പാക് പ്രതിനിധിയുടെ പ്രസംഗം പാളിപ്പോയത് വൈറലായി. പാക് നയതന്ത്ര പ്രതിനിധി മലിഹാ ലോധിക്ക് അബദ്ധം പിണഞ്ഞപ്പോൾ അന്താരാഷ്ട്രമാധ്യമങ്ങൾ ഇവരെ പൊളിച്ചടുക്കിയത് വളരെ രസകരമായാണ്.

സുഷമയുടെ പ്രസംഗത്തിന് മറുപടി പ്രസംഗവുമായി എത്തിയ യുഎന്നിലെ പാക്ക് സ്ഥാനപതി മലീഹ ലോധിക്കാണ് അബദ്ധം പിണഞ്ഞത്. പാക്കിസ്ഥാന്റെ ഭീകരബന്ധം ഉയർത്തിക്കാട്ടി വിദേശകാര്യമന്ത്രി നടത്തിയ ആക്രമണത്തിന് കശ്മീരികളുടെ പരിതാപകരമായ അവസ്ഥ ചൂണ്ടിക്കാട്ടി മറുപടി നൽകാനുള്ള മലീഹ ലോധിയുടെ ശ്രമമാണ് അബദ്ധത്തിലേക്കു നയിച്ചത്. ഭീകര വാദത്തിനെതിരെ ആഞ്ഞടിച്ച സുഷമാ സ്വരാജ്് കാശ്മീരികളുടെ പ്രശ്‌നം യുഎന്നിൽ അവതരിപ്പിക്കുന്നതിൽ പരാജയപ്പെട്ടു എന്ന് പറഞ്ഞാണ് മലീഹാ ലോധി സുഷമയ്‌ക്കെതിരെ ആഞ്ഞടിച്ചത്.

സ്ത്രീപുരുഷ ഭേദമെന്യേ കശ്മീരികൾ ഇന്ത്യൻ സേനയുടെ അക്രമത്തിന് ഇരയാകുകയാണെന്ന് ആരോപിച്ച മലീഹ ലോധി, മുഖത്താകെ പരുക്കേറ്റ ഒരു യുവതിയുടെ ചിത്രവും യുഎൻ പൊതുസഭയിൽ ഉയർത്തിക്കാട്ടി. കശ്മീരിലെ ജനങ്ങൾ ഇന്ത്യൻ സേനയുടെ പെല്ലെറ്റ് തോക്കുകൾക്ക് ഇരയാകുന്നുവെന്ന് ആരോപിച്ചായിരുന്നു ഇത്.

എന്നാൽ ഈ ചിത്രത്തിൽ ഉണ്ടായിരുന്നത് ഒരു ഫലസ്തീൻ യുവതിയായിരുന്നു. ഈ ചിത്രത്തിൽ ഉള്ളത് കശ്മീരി യുവതി അല്ലെന്നും ഗസ്സയിൽ 2014ൽ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ പരുക്കേറ്റ റാവിയ അബു ജൊമാ എന്ന പതിനേഴുകാരിയുടേതാണെന്നും ചൂണ്ടിക്കാട്ടി രാജ്യാന്തര മാധ്യമങ്ങൾ ഉൾപ്പെടെയുള്ളവർ രംഗത്തെത്തിയതോടെയാണ് സംഭവിച്ച അബദ്ധം പുറത്തായത്. ഈ ചിത്രത്തിനു പിന്നിലെ സത്യാവസ്ഥ വെളിപ്പെടുത്തി രാജ്യാന്തര മാധ്യമങ്ങൾ രംഗത്തെത്തുകയും ചെയ്തു.

ദ് ഗാർഡിയൻ വെബ്‌സൈറ്റ് ഫോട്ടോഗ്രഫി അവാർഡ് ജേതാവായ ഹെയ്ദി ലെവിൻസിന്റെ ഗസ്സ ചിത്രങ്ങൾ ഉൾപ്പെടുത്തി തയാറാക്കിയ പ്രത്യേക വെബ് പേജിൽ ഈ ചിത്രവും ഉൾപ്പെട്ടിട്ടുണ്ട്. 2014 ജൂലൈ 22ലെ ചിത്രമെന്ന അടിക്കുറിപ്പോടെയാണ് ഇതു പ്രസിദ്ധപ്പെടുത്തിയിരിക്കുന്നതും. എന്തായാലും മലീഹയ്ക്കു പിണഞ്ഞ അബദ്ധം സമൂഹമാധ്യമങ്ങളിൽ വൈറലായിക്കഴിഞ്ഞു.

സാധാരണയായി താഴ്ന്ന റാങ്കിലുള്ള ജീവനക്കാർ മറുപടി പറയേണ്ട സ്ഥാനത്ത് യുഎന്നിലെ പാക്ക് പ്രതിനിധി നേരിട്ട് മറുപടി നൽകുന്നതിന്റെ കൗതുകം മാറും മുൻപാണ് അത്യാവേശം അബദ്ധമായി മാറുന്നതിന് വഴിയൊരുങ്ങിയത്. യുഎന്നിൽ പാക്കിസ്ഥാനെതിരെ കടുത്ത ആക്രമണം അഴിച്ചു വിട്ട സുഷമാ സ്വരാജ് ഇന്ത്യ ഐഐടിയും എയിംസും പോലുള്ളവ സ്ഥാപിക്കുമ്പോൾ പാക്കിസ്ഥാൻ സ്ഥാപിക്കുന്നതു ഹിസ്ബുൽ മുജാഹിദ്ദീൻ പോലുള്ള ഭീകരസംഘടനകളെയാണെന്ന് സുഷമ ആരോപിച്ചിരുന്നു. ഇതിനുള്ള മറുപടിയുമായി നയതന്ത്ര പ്രതിനിധി തന്നെ എത്തിയ പ്രസംഗമാണ് പാളിപ്പോയത്.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP