Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഗോഡ്‌സെക്കൊപ്പം മഹാത്മാഗാന്ധിയെ വെടിവച്ചുകൊന്നശേഷം മുങ്ങിയ ആ മൂന്നുപേർ എങ്ങോട്ടുപോയി? എന്തുകൊണ്ട് നെഹ്‌റു മുതൽ മന്മോഹൻ വരെ അവരെ കണ്ടെത്താൻ ശ്രമിച്ചില്ല? 69 കൊല്ലത്തിനുശേഷം ഗാന്ധിവധം അന്വേഷിക്കാൻ ഉത്തരവിട്ട് കേന്ദ്ര വിവരാവകാശ കമ്മീഷൻ

ഗോഡ്‌സെക്കൊപ്പം മഹാത്മാഗാന്ധിയെ വെടിവച്ചുകൊന്നശേഷം മുങ്ങിയ ആ മൂന്നുപേർ എങ്ങോട്ടുപോയി? എന്തുകൊണ്ട് നെഹ്‌റു മുതൽ മന്മോഹൻ വരെ അവരെ കണ്ടെത്താൻ ശ്രമിച്ചില്ല? 69 കൊല്ലത്തിനുശേഷം ഗാന്ധിവധം അന്വേഷിക്കാൻ ഉത്തരവിട്ട് കേന്ദ്ര വിവരാവകാശ കമ്മീഷൻ

ന്യൂഡൽഹി : 1948 ജനുവരി  30-നാണ് ബിർള ഹൗസിന്റെ പടിക്കെട്ടിൽവച്ച് മഹാത്മാഗാന്ധി വെടിയേറ്റ് മരിക്കുന്നത്. നാഥുറാം വിനായക് ഗോഡ്‌സെ ആയിരുന്നു ഗാന്ധിജിയുെ നേർക്ക് വെടിയുതിർത്തത്. നരേന്ദ്ര മോദി സർക്കാർ വന്നശേഷം ഗോഡ്‌സെയെ വെള്ളപൂശാൻ ശ്രമിക്കുന്നുവെന്ന ആരോപണം ശക്തമാണ്. എന്നാൽ,രാഷ്ട്രപിതാവിന്റെ വധത്തിനുപിന്നിൽ ഗോഡ്‌സെ മാത്രമായിരുന്നോ? അന്ന് പ്രതിചേർക്കപ്പെട്ട 12 പേരിൽ ഇന്നും പിടിക്കപ്പെട്ടിട്ടില്ലാത്ത മൂന്നപേർ കൂടിയുണ്ടായിരുന്നു. 69 വർഷത്തിനുശേഷം ആ മൂന്നുപേരെ കണ്ടെത്താൻ ഉത്തരവിട്ടിരിക്കുകയാണ് കേന്ദ്ര വിവരാവകാശ കമ്മീഷൻ.

ഗാന്ധി വധത്തിൽ ഗോഡ്‌സെയ്‌ക്കൊപ്പം പ്രതിചേർക്കപ്പെട്ടവരിൽ വി.ഡി.സവർക്കറടക്കം 12 പേരുണ്ടായിരുന്നു. ഗോഡ്‌സെയെ വധശിക്ഷയ്ക്ക് വിധേയനാക്കിയെങ്കിലും ഈ കേസിൽ മൂന്നുപേർ ഇന്നും പിടികിട്ടാപ്പുള്ളികളാണ്. ഗംഗാധർ ദന്തവാദെ, ഗംഗാധർ ജാധവ്, സൂര്യദേവ് ശർമ എന്നിവർ. ഇവരെ കണ്ടെത്താനാണ് ഇപ്പോൾ നിർദേശിച്ചിരിക്കുന്നത്. കേന്ദ്ര വിവരാവകാശ കമ്മീഷനാണ് സർക്കാരിനോട് ഇവരെക്കുറിച്ചുള്ള വിവരം ആവശ്യപ്പെട്ടിരിക്കുന്നത്.

ഗാന്ധി വധത്തിന്റെ കേസ് പരിഗണിച്ച രീതിയിൽ പലതരത്തിലുള്ള കുഴപ്പങ്ങളും സംഭവിച്ചിട്ടുണ്ടെന്ന് അദ്ദേഹത്തിന്റെ പൗത്രനായ തുഷാർ അരുൺ ഗാന്ധി പറയുന്നു. പ്രതികൾക്കുള്ള ശിക്ഷ പഞ്ചാബ് കോടതി ശരിവച്ചതിന്റെ അടുത്ത ദിവസം തന്നെ, കാണാതായ മൂന്നപേരെ ഗ്വാളിയറിൽനിന്ന് അറസ്റ്റ് ചെയ്തുവെന്നും അവർക്കെതിരെ നിയമനടപടി അനിവാര്യമല്ലെന്ന് കണ്ട് വെറുതെവിടുകയും ചെയ്തതായി റിപ്പോർട്ടുണ്ടായിരുന്നുവെന്ന് തുഷാർ അരുൺ ഗാന്ധി പറയുന്നു.

വിവരാവകാശ പ്രവർത്തകനായ ഹർവീന്ദർ ധിങ്രയാണ് ഗാന്ധിയുടെ ഘാതകരിലെ മൂന്ന് പിടികിട്ടാപ്പുള്ളികളെക്കുറിച്ച് കേന്ദ്ര വിവരാവകാശ കമ്മീഷനോട് ചോദിച്ചിരിക്കുന്നത്. രാഷ്ട്രപിതാവിനെ വധിച്ചവരിൽ മൂന്നുപേർ ഇപ്പോഴും പിടികിട്ടാപ്പുള്ളികളായി നടക്കുന്നത് വിചിത്രമാണെന്ന് അദ്ദേഹം പറയുന്നു.ഗാന്ധിജിയെ വെടിവച്ചുകൊല്ലാൻ ഉപയോഗിച്ച തോക്ക് ഗോഡ്‌സെയ്ക്ക് ലഭിക്കുന്നതിന് സഹായമൊരുക്കിയത് ഇവർ മൂന്നുപേരാണെന്ന് തുഷാർ പറയുന്നു.

ഗാന്ധിവധത്തിന് പിന്നിൽ പ്രവർത്തിച്ച ഇവരെ കണ്ടെത്താൻ ഏഴുപതിറ്റാണ്ടിനുശേഷവും ശ്രമമുണ്ടായില്ല എന്നത് സങ്കടകരമാണെന്ന് കേന്ദ്ര വിവരാവകാശ കമ്മീഷൻ പ്രധാനമന്ത്രിയുടെ ഓഫീസനയച്ച കത്തിൽ ചൂണ്ടിക്കാട്ടുന്നു. ഇതിൽ വീഴ്ചവരുത്തിയ മുൻ ഭരണാധികാരികളെ വിരമർശിച്ച കമ്മീഷൻ, കേന്ദ്ര ആഭ്യന്തര മന്ത്രാലയം, ആർക്കിയോളജിക്കൽ സർവേ എന്നിവർക്ക് കേസിലെ കാണാച്ചരടുകൾ അന്വേഷിച്ച് കണ്ടെതതാൻ നോട്ടീസയച്ചു. ഗാന്ധി വധത്തെക്കുറിച്ചുള്ള ഫയലുകൾ പുറത്തുവിടുന്നത് ഉപകാരപ്രദമായിരിക്കുമെന്ന് കമ്മീഷനും തുഷാറും ഒരുപോലെ കരുതുന്നു. രഹസ്യസ്വഭാവമുള്ള രേഖകൾ വെളിപ്പെടുത്തണമെന്ന് കമ്മീഷന് ആവശ്യപ്പെടാനാവുമെന്ന് തുഷാർ പറഞ്ഞു. നേതാജി സുഭാഷ് ചന്ദ്രബോസിന്റെ തിരോധാനവുമായി ബന്ധപ്പെട്ട ഫയലുകൾ വെളിപ്പെടുത്താൻ മോദി തയ്യാറായതുപോലെ ഗാന്ധി വധത്തിന്റെ ഫയലുകളും പൊതുജനത്തിന് അറിയാനായി പുറത്തുവിടണമെന്ന് തുഷാർ ആവശ്യപ്പെട്ടു.

ഗാന്ധിയുടെ ഘാതക സംഘത്തിലുണ്ടായിരുന്ന മൂന്നുപേരെ പിടികൂടാതെ പോയതെന്തുകൊണ്ട്? അവരെ അറസ്റ്റ് ചെയ്യാൻ എന്തു ശ്രമമാണ് നടത്തിയത്? ഈ ചോദ്യങ്ങളാണ് കേന്ദ്ര വിവരാവകാശ കമ്മിഷൻ ഉയർത്തുന്നത്. ഡൽഹി പൊലീസ് ഇക്കാര്യത്തിൽ മറുപടി നൽകണമെന്നും വിവരാവകാശ കമ്മിഷണർ ശ്രീധർ ആചാര്യലു ഉത്തരവിട്ടു. അപ്രത്യക്ഷരായ ആ മൂന്നുപേരെപ്പറ്റിയുള്ള സുപ്രധാന വിവരങ്ങൾ ഡൽഹിയിലെ നാഷനൽ ആർക്കൈവ്‌സിൽ ഇല്ല എന്ന കാര്യം ചൂണ്ടിക്കാട്ടിയാണ് നടപടി.

ആർക്കൈവ്‌സിൽ മറ്റു ചില സുപ്രധാന രേഖകൾ കൂടി കാണുന്നില്ല. ഗാന്ധിജി വധക്കേസിൽ ഡൽഹി പൊലീസ് സമർപ്പിച്ച കുറ്റപത്രം, നാഥുറാം ഗോഡ്‌സെയെ തൂക്കിക്കൊല്ലാനുള്ള ഉത്തരവ്, മറ്റു രണ്ടുപ്രതികളെ അപ്പീലിന്റെ പുറത്തു വിട്ടയച്ചതിന്റെ വിശദാംശങ്ങൾ. ഗംഗാധർ ദഹാവതെ, സൂര്യദേവ് ശർമ, ഗംഗാധർ യാദവ് എന്നിവരെയാണ് പിടികൂടാൻ കഴിയാതെ പോയത്. ഇതിന്റെ വിശദാംശങ്ങൾ പാണ്ഡെ തേടിയപ്പോൾ ലഭിക്കുന്ന രേഖകൾ സൂക്ഷിക്കാനുള്ള അധികാരം മാത്രമാണ് തങ്ങൾക്ക് ഉള്ളതെന്നും സമാനമായ വിഷയങ്ങളിൽ അഭിപ്രായം രേഖപ്പെടുത്താൻ കഴിയില്ലെന്നുമാണ് ആർക്കൈവ്‌സിലെ ചുമതലപ്പെട്ടവർ മറുപടി നൽകിയത്.

ഇതോടെ വിവരാവകാശ കമ്മിഷണർ ശ്രീധർ ആചാര്യലു ആർക്കൈവ്‌സിൽ നേരിട്ടുപോയി അന്വേഷണം നടത്തി. വിഷയത്തിന്റെ ഗൗരവം മനസ്സിലാക്കിയ അദ്ദേഹം 33 പേജുള്ള ഉത്തരവിൽ ആ മൂന്നുപേരെ പിടിക്കാനുള്ള എന്തു ശ്രമമാണ് നടത്തിയതെന്നു ഡൽഹി പൊലീസ് വിശദീകരിക്കണം എന്ന് ആവശ്യപ്പെട്ടു. ഇതിനായി പാണ്ഡെയുടെ അപേക്ഷ തുഗ്ലക് റോഡ് പൊലീസ് സ്റ്റേഷനു കൈമാറണം. മഹാത്മാ ഗാന്ധി വധവുമായി ബന്ധപ്പെട്ട അന്വേഷണം, വിചാരണ, കേസ് ഡയറി, അന്തിമ കുറ്റപത്രം, മൂന്നുപേരെ പിടികൂടാൻ നടത്തിയ ശ്രമങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട രേഖകൾ നൽകണം. നാഷനൽ ആർക്കൈവ്‌സിലേക്കു നൽകാത്ത രേഖകൾ പൊലീസിനോ ജയിൽ അധികാരികൾക്കോ കൈമാറാവുന്നതാണെന്നും അദ്ദേഹം നിർദേശിച്ചു. രാഷ്ട്രപിതാവിന്റെ വധവുമായി ബന്ധപ്പെട്ട സമഗ്രമായ രേഖകൾ ഒരിടത്തും സമാഹരിച്ചിട്ടില്ലെന്നും കമ്മിഷണർ കണ്ടെത്തി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP