Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

യുപിയിൽ മൃദു ഹിന്ദുത്തിലേക്ക് കാലു വച്ചു കോൺഗ്രസ്; അമേഠി സന്ദർശനത്തിന്റെ തുടക്കം തന്നെ ക്ഷേത്ര സന്ദർശനത്തോടെ; ആവേശത്തോടെ നേതാവിനെ സ്വീകരിച്ച് പ്രവർത്തകർ

യുപിയിൽ മൃദു ഹിന്ദുത്തിലേക്ക് കാലു വച്ചു കോൺഗ്രസ്; അമേഠി സന്ദർശനത്തിന്റെ തുടക്കം തന്നെ ക്ഷേത്ര സന്ദർശനത്തോടെ; ആവേശത്തോടെ നേതാവിനെ സ്വീകരിച്ച് പ്രവർത്തകർ

റായ്ബറേലി: ബിജെപിയുടെ വെല്ലുവിളിയെ നേരിടാൻ കോൺഗ്രസും മൃദു ഹിന്ദുത്വത്തിലേക്ക്. ഗുജറാത്തിൽ കോൺഗ്രസിന് മുൻതൂക്കം നൽകിയത് ഈ നയം മാറ്റമായിരുന്നു. യുപിയിലേക്കും ഈ തന്ത്രം വ്യാപിപ്പിക്കുകയാണ് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. കോൺഗ്രസ് അധ്യക്ഷപദവി ഏറ്റെടുത്തശേഷം ആദ്യമായി ഉത്തർപ്രദേശിലെത്തിയ രാഹുൽ ഗാന്ധിയുടെ പര്യടനം ക്ഷേത്രദർശനത്തോടെ തുടങ്ങിയത് ഇതിന്റെ സൂചനയാണ്.

രാഹുലിന്റെ ക്ഷേത്രദർശനം വെറും ഷോ ആണെന്നു വിമർശിച്ച ബിജെപി ജനറൽ സെക്രട്ടറി അരുൺ സിങ്, ക്ഷേത്രദർശനം ഗൗരവമായി രാഹുൽ കാണുന്നുണ്ടെങ്കിൽ അധ്യക്ഷനായി സ്ഥാനമേറ്റപ്പോഴായിരുന്നു അനുഗ്രഹം തേടി ക്ഷേത്രത്തിൽ പോകേണ്ടിയിരുന്നതെന്നു പറഞ്ഞു. സ്വന്തം മണ്ഡലമായ അമേഠിയിൽ രണ്ടു ദിവസത്തെ പര്യടനത്തിനു തുടക്കമിട്ട രാഹുൽ യാത്രാമധ്യേ ലക്‌നൗ-റായ്ബറേലി റോഡിലുള്ള ചുർവ ഹനുമാൻ ക്ഷേത്രത്തിൽ തൊഴുതു. കോൺഗ്രസ് പ്രവർത്തകർ അദ്ദേഹത്തെ എതിരേൽക്കാൻ പുഷ്പഹാരങ്ങളുമായി കാത്തുനിന്നിരുന്നു.

പത്തു മിനിട്ടോളം അവിടെ ചെലവിട്ട അദ്ദേഹം സിന്ദൂരക്കുറിയണിഞ്ഞാണു പുറത്തുവന്നത്. മകരസംക്രാന്തി ദിനത്തിൽ രാഹുൽ നടത്തിയ ഈ സന്ദർശനം, പാർട്ടി മൃദുഹിന്ദുത്വ സമീപനം സ്വീകരിക്കുന്നതിനു തെളിവായി പ്രവർത്തകർ കരുതുന്നു. വോട്ടിനായാണു ഗുജറാത്ത് തിരഞ്ഞെടുപ്പിനിടയിൽ ക്ഷേത്രങ്ങൾ സന്ദർശിച്ചതെന്ന ആരോപണം രാഹുലിനെതിരെ ഉയർന്നിരുന്നു. ഇത് മാറ്റിയെടുക്കാനാണ് നീക്കം. 20 ക്ഷേത്രങ്ങൾ സന്ദർശിച്ചതിന്റെ ഗുണവും ഗുജറാത്തിലുണ്ടായി.സീറ്റും വോട്ട് വിഹിതവും കൂടി. ഉത്തർപ്രദേശിൽ നടത്തുന്ന ക്ഷേത്രസന്ദർശനങ്ങളുടെ ഫലം അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പിലും നിയമസഭാ തിരഞ്ഞെടുപ്പിലും കിട്ടുമെന്ന പ്രതീക്ഷയാണു കോൺഗ്രസിനുള്ളത്.

ഇതോടെ അയോധ്യാ വിഷയത്തിൽ കോൺഗ്രസ് എന്ത് നിലപാട് എടുക്കുമെന്നതും ശ്രദ്ധേയമായി. അയോധ്യ ചർച്ചയാക്കിയാണ് യുപിയിൽ ബിജെപി അധികാരത്തിലെത്തിയത്. ഇതുകൊണ്ട് തന്നെ അയോധ്യ പ്രധാന ഘടകമാണ്. ഇക്കാര്യത്തിലും മൃദു സമീപനത്തിലേക്ക് കോൺഗ്രസ് മാറുമെന്നാണ് സൂചന. ബിജെപിക്കെതിരെ ആഞ്ഞടിച്ചുകൊണ്ടായിരുന്നു കോൺഗ്രസ് യോഗത്തിൽ രാഹുലിന്റെ പ്രസംഗം. തുടർച്ചയായി നുണ പറയുകയാണു ബിജെപി നേതാക്കളെന്നും ജനങ്ങൾക്കു നൽകിയ വാക്കു പാലിക്കുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ആദ്യം എല്ലാവർക്കും 15 ലക്ഷം രൂപ ബാങ്ക് അക്കൗണ്ടുകളിലിട്ടു തരുമെന്നു പറഞ്ഞു. പിന്നെ, കർഷകർക്കു ന്യായവില നൽകുമെന്നു പറഞ്ഞു. ലക്ഷക്കണക്കിനു യുവാക്കൾ തൊഴിലില്ലാതെ വലയുകയാണെന്നും ഇതേപ്പറ്റി പ്രധാനമന്ത്രി നരേന്ദ്ര മോദി ഒന്നും ഉരിയാടുന്നില്ലെന്നും രാഹുൽ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP