Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അണ്ണാ ഡിഎംകെയിൽ വീണ്ടും പൊട്ടിത്തെറിക്ക് കളമൊരുങ്ങുന്നു; ശശികലയും ദിനകരനും രണ്ടുദിവസത്തിനകം പാർട്ടി വിടണം; പടയൊരുക്കം മന്ത്രിമാരുടെയും എംഎ‍ൽഎമാരുടെയും നേതൃത്വത്തിൽ; മന്നാർഗുഡി മാഫിയയെ പുറത്താക്കി പനീർശെൽവത്തെ പാർട്ടിയിലെത്തിക്കാനും നീക്കം

അണ്ണാ ഡിഎംകെയിൽ വീണ്ടും പൊട്ടിത്തെറിക്ക് കളമൊരുങ്ങുന്നു; ശശികലയും ദിനകരനും രണ്ടുദിവസത്തിനകം പാർട്ടി വിടണം; പടയൊരുക്കം മന്ത്രിമാരുടെയും എംഎ‍ൽഎമാരുടെയും നേതൃത്വത്തിൽ; മന്നാർഗുഡി മാഫിയയെ പുറത്താക്കി പനീർശെൽവത്തെ പാർട്ടിയിലെത്തിക്കാനും നീക്കം

ചെന്നൈ: തമിഴ്‌നാട്ടിൽ ഭരണകക്ഷിയായ അണ്ണാ ഡിഎംകെയിൽ പൊട്ടിത്തെറിക്ക് വീണ്ടും കളമൊരുങ്ങുന്നു. എടപ്പാടി കെ. പളനിസാമി മന്ത്രിസഭയിലെ ഭൂരിഭാഗം മന്ത്രിമാരും എംഎ‍ൽഎമാരും പാർട്ടി വിടുമെന്ന മുന്നറിയിപ്പ് നേതൃത്വത്തിന് നൽകിയതായും റിപ്പോർട്ടുണ്ട്. ഇതിനിടെ ശശികലയും ദിനകരനും രണ്ടു ദിവസത്തിനകം പാർട്ടി സ്ഥാനങ്ങൾ രാജിവച്ച് പുറത്തു പോകണമെന്നും നേതാക്കൾ ആവശ്യപ്പെട്ടിട്ടുണ്ട്. മന്നാർഗുഡി മാഫിയ പാർട്ടിയുടെ നേതൃത്വം ഏറ്റെടുത്തതാണ് ശശികലയ്‌ക്കൊപ്പം ഉറച്ചുനിന്ന പല നേതാക്കളെയും ഇപ്പോൾ മാറിചിന്തിക്കാൻ പ്രേരിപ്പിക്കുന്നത്.

പാർട്ടി ജനറൽ സെക്രട്ടറി വി.കെ.ശശികലയും മരുമകൻ ടി.ടി.വി.ദിനകരനും രാജിവച്ചില്ലെങ്കിൽ പുറത്താക്കൽ ഉൾപ്പെടെയുള്ള നടപടികളിലേക്ക് നീങ്ങേണ്ടിവരുമെന്ന മുന്നറിയിപ്പും ഇവർ നൽകിയിട്ടുണ്ട്. ഇതിനിടെ മുന്മുഖ്യമന്ത്രി ഒ.പനീർശെൽവുമായും ഇടഞ്ഞുനിൽക്കുന്ന നേതാക്കൾ ചർച്ച നടത്തി.

ജയലളിതയുടെ മരണത്തെ തുടർന്ന് ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ആർ.കെ നഗറിൽ ശശികലയുടെ മരുമകൻ ടി.വി.ടി ദിനകരനെ പാർട്ടി സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചതാണ് അണ്ണാ ഡി.എം.കെയിലെ പോര് രൂക്ഷമായത്. വോട്ടിന് കോഴ ആരോപണത്തെ തുടർന്ന് ആർ.കെ നഗറിലെ തെരഞ്ഞെടുപ്പ് റദ്ദാക്കിയിരുന്നു. ഇതിന് പിന്നാലെ എ.ഐ.എഡി.എം.കെയുടെ രണ്ടില ചിഹ്നം തിരിച്ചുപിടിക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ ഉദ്യോഗസ്ഥർക്ക് കൈക്കൂലി നൽകാൻ ശ്രമിച്ചതിന് ദിനകരനെതിരെ ക്രൈംബ്രാഞ്ച് കേസെടുത്ത് എഫ്.ഐ.ആർ സമർപ്പിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് പാർട്ടിയിലെ ഉൾപ്പോര് മറനീക്കി പുറത്തുവന്നിരിക്കുന്നത്.

ജയലളിതയുടെ മരണശേഷം ശശികലയുടെ നിർദ്ദേശത്തെ തുടർന്ന് ഒ. പനീർശെൽവം മുഖ്യമന്ത്രി സ്ഥാനം രാജിവയ്ക്കുകയായിരുന്നു. പാർട്ടിയുടെ നേതൃത്വം ഏറ്റെടുക്കാൻ ശശികല അണിയറയിൽ നീക്കം നടത്തുന്നതിനിടെ കാവൽ മുഖ്യമന്ത്രിയായി തുടർന്ന പനീർശെൽവം നാടകീയമായി ശശികലയ്‌ക്കെതിരെ തിരിയുകയായിരുന്നു. ഇതിനിടെ ഓൾ ഇന്ത്യ അണ്ണാ ഡിഎംകെ എന്ന പേര് ഉപയോഗിക്കുന്നതിൽനിന്ന് ഇരുപക്ഷത്തെയും തെരഞ്ഞെടുപ്പ് കമ്മീഷൻ വിലക്കുകയും പാർട്ടിയുടെ ചിഹ്നമായിരുന്ന രണ്ടില മരവിപ്പിക്കുകയും ചെയ്തു. ഇതോടെ ശശികലയുടെ നേതൃത്വത്തിൽ 'ഓൾ ഇന്ത്യ അണ്ണാ ഡിഎംകെ (അമ്മ)യും പനീർസെൽവം 'ഓൾ ഇന്ത്യ അണ്ണാ ഡിഎംകെ (പുരട്ചി തലൈവി അമ്മ) എന്ന പാർട്ടിയും രൂപീകരിച്ചു. അഴിമതിക്കേസിൽ ശിക്ഷിക്കപ്പെട്ട ശശികല ജയിലിലായതോടെ അപ്രതീക്ഷിത നീക്കത്തിനൊടുവിൽ പളനിസ്വാമി മുഖ്യമന്ത്രിയായി ചുമതലയേറ്റെടുത്തു.

പളനി സ്വമിയായിരുന്നു മുഖ്യമന്ത്രിയെങ്കിലും ശശികലയുടെ അഭാവത്തിലും മന്നാർഗുഡി മാഫിയ ഭരണത്തിൽ പിടിമുറുക്കി. ഇതിന്റെ ഭാഗമായാണ് ആർ.കെ നഗർ ഉപതെരഞ്ഞെടുപ്പിൽ ദിനകരൻ സ്ഥാനാർത്ഥിയായെത്തുന്നുത്. ദിനകരൻ ജയിച്ചാൽ പളനിസ്വാമിയെ മാറ്റി പകരം മുഖ്യമന്ത്രിയാകുമെന്ന സംശയവും തമിഴ് രാഷ്ട്രീയത്തിൽ ഉടലെടുത്തു. ഇതോടെ നേതൃത്വത്തിനെതിരെ മന്ത്രിമാരും എംഎ‍ൽഎമാരും ഉൾപ്പെടെയുള്ളവർ രംഗത്തെത്തുകയായിരുന്നു.
പാർട്ടി ചിഹ്നമായ 'രണ്ടില' വീണ്ടെടുത്ത് അമ്മ തുടക്കം കുറിച്ച പ്രവർത്തനങ്ങൾ മുന്നോട്ടു കൊണ്ടുപോകുമെന്നാണ് നേതൃത്വത്തെ എതിർക്കുന്നവർ പറയുന്നത്. ശശികലയും കുടുംബവും പാർട്ടിയിൽനിന്ന് അകന്നാൽ മുൻ മുഖ്യമന്ത്രി ഒ.പനീർസെൽവത്തിന്റെ നേതൃത്വത്തിലുള്ളവർ തിരിച്ചുവരുമെന്നാണ് കരുതുന്നത്. അവർക്ക് നേതൃത്വവുമായി മാത്രമാണ് പ്രശ്‌നങ്ങളുള്ളത്. പനീർസെൽവത്തിനും പാർട്ടിയെ രക്ഷിക്കണമെന്ന ആഗ്രഹമാണുള്ളതെന്നും സംസ്ഥാനത്തെ ഒരു മന്ത്രി തന്നെ വ്യക്തമാക്കിയിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP