Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

മോദി ഉണ്ടാക്കിയ മുൻതൂക്കം എല്ലാം മധ്യപ്രദേശിലേയും രാജസ്ഥാനിലേയും ബിജെപി മുഖ്യമന്ത്രിമാർ ഇല്ലാതാക്കുമോ? തന്റെ ജീവൻ പോലും അപകടത്തിലെന്ന് കേന്ദ്രമന്ത്രി ഉമാഭാരതി: വ്യാപം കുംഭകോണം ലോകത്തെ ഞെട്ടിക്കുന്നു

മോദി ഉണ്ടാക്കിയ മുൻതൂക്കം എല്ലാം മധ്യപ്രദേശിലേയും രാജസ്ഥാനിലേയും ബിജെപി മുഖ്യമന്ത്രിമാർ ഇല്ലാതാക്കുമോ? തന്റെ ജീവൻ പോലും അപകടത്തിലെന്ന് കേന്ദ്രമന്ത്രി ഉമാഭാരതി: വ്യാപം കുംഭകോണം ലോകത്തെ ഞെട്ടിക്കുന്നു

വികസനോന്മുഖ ഇന്ത്യയെന്ന ആശയം മുൻനിർത്തി നരേന്ദ്ര മോദി രാജ്യത്തുണ്ടാക്കിയ അനുകൂല സാഹചര്യം വിശ്വസ്തരായ മുഖ്യമന്ത്രിമാർ ഇല്ലാതാക്കുമോയെന്ന ആശങ്കയിലാണ് ബിജെപി ഇപ്പോൾ. ക്രിക്കറ്റ് നടത്തിപ്പിലൂടെ കോടികളുടെ തട്ടിപ്പ് നടത്തിയ ലളിത് മോദിയുമായുള്ള ബന്ധം രാജസ്ഥാൻ മുഖ്യമന്ത്രി വസുന്ധര രാജയെ ചൂഴ്ന്നുനിൽക്കുമ്പോൾ, കോടികളുടെ അഴിമതിയും അമ്പതിലേറെപ്പേരുടെ മരണവും ഏൽപിച്ച നടുക്കമാണ് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാനെ കേന്ദ്രീകരിച്ചിരിക്കുന്നത്. വ്യാപം അഴിമതി തന്റെ ജീവൻപോലും അപകടത്തിലാക്കിയിരിക്കുകയാണെന്ന പ്രസ്താവനയുമായി കേന്ദ്രമന്ത്രി ഉമാഭാരതി രംഗത്തെത്തിയതും പ്രശ്‌നത്തിന് കുടുതൽ രാഷ്ട്രീയമാനം നൽകിയിട്ടുണ്ട്.  

ചോദ്യക്കടലാസ് ചോർത്തിക്കൊടുക്കൽ, ആൾമാറാട്ടത്തിലൂടെ പരീക്ഷയെഴുതിക്കൽ, ഉത്തരക്കടലാസ് മാറ്റിവെയ്ക്കൽ തുടങ്ങിയ പലതരം തട്ടിപ്പുകളിലൂടെ രണ്ടായിരം കോടിയോളം രൂപയുടെ അഴിമതിനടന്ന മധ്യപ്രദേശ് വ്യാവസായിക പരീക്ഷാമണ്ഡൽ (വ്യാപം) കുംഭകോണം രാജ്യം കണ്ട ഏറ്റവും വിപുലവും ഭീകരവുമായിമാറിക്കൊണ്ടിരിക്കുകയാണ്. തുടർച്ചയായ ദുരൂഹമരണങ്ങൾ ഈ കേസ്സിന്റെ നടുക്കം കൂട്ടുന്നു. വ്യാപം കുംഭകോണത്തിലൂടെ നിയമനം ലഭിച്ച വനിതാ സബ്ഇൻസ്‌പെക്ടർ അനാമിക ശികർവാർ എന്ന 25-കാരിയാണ് ഏറ്റവുമൊടുവിൽ മരിച്ചത്. പരിശീലനകേന്ദ്രത്തിനടുത്തുള്ള കുളത്തിൽ ഇവരെ മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു.

വ്യാപം അഴിമതിയുമായി ബന്ധപ്പെട്ട വാർത്തകൾ നൽകിയിരുന്ന മാദ്ധ്യമപ്രവർത്തകൻ അക്ഷയ് സിങ് ശനിയാഴ്ചയും കേസന്വേഷണവുമായി സഹകരിച്ചിരുന്ന ജബൽപുർ മെഡിക്കൽ കോളേജ് ഡീൻ അരുൺ ശർമ ഞായറാഴ്ചയും ദുരൂഹസാഹചര്യത്തിൽ കൊല്ലപ്പെട്ടു. അനാമികയുടെ മരണവും വ്യാപവുമായി ബന്ധപ്പെട്ട് അന്വേഷിക്കാനാവില്ലെന്നാണ് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് ചൗഹാൻ പറയുന്നത്. ഇതടക്കം അമ്പതിലേറെ മരണങ്ങൾ വ്യാപവുമായി ബന്ധപ്പെട്ട് നടന്നിട്ടുണ്ട്.

കേസിൽ രണ്ടായിരംപേർ ഇതുവരെ അറസ്റ്റിലായിട്ടുണ്ട്. ഗവർണർ രാംനരേഷ് യാദവിന്റെ ഓഫീസുൾപ്പെടെയുള്ള സ്ഥാപനങ്ങളും ഉന്നതോദ്യോഗസ്ഥരും രാഷ്ട്രീയനേതാക്കളുമെല്ലാമടങ്ങുന്ന വ്യാപം കേസ് ഇന്ത്യയിൽനടക്കുന്ന അഴിമതിയുടെയും നിയമനങ്ങളിലെയും പരീക്ഷകളിലെയും ആൾമാറാട്ടമുൾപ്പെടെയുള്ള തട്ടിപ്പുകളാണ് വെളിപ്പെടുത്തുന്നത്. അമ്പതോളം ദുരൂഹ മരണങ്ങളുണ്ടായിട്ടും ഈ കേസ് സിബിഐക്ക് വിടണമെന്ന ആവശ്യത്തെ ശിവരാജ് ചൗഹാൻ എതിർക്കുന്നതാണ് ജനരോഷം ശക്തമാക്കുന്നത്. മധ്യപ്രദേശ് ഹൈക്കോടതിയുടെ മേൽനോട്ടത്തിൽ പ്രത്യേകാന്വേഷണസംഘം കേസ് അന്വേഷിക്കുന്നതുകൊണ്ട് മറ്റ് ഏത് ഏജൻസിയുടെ അന്വേഷണവും കോടതിയോടുള്ള ധിക്കാരമാവുമെന്നു പറഞ്ഞാണ് മുഖ്യമന്ത്രി ഒഴിയുന്നത്.

എന്നാൽ, കേസ് സുപ്രീം കോടതിയുടെ മേൽനോട്ടത്തിൽ സിബിഐ അന്വേഷിക്കണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം. കേന്ദ്ര സർക്കാരിന് പുതിയ തലവേദനയായി വ്യാപം കേസ് ഉയർത്തിക്കൊണ്ടുവരാനാണ് കോൺഗ്രസ് ശ്രമിക്കുന്നത്. അഴിമതിക്കാലത്തു മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിന്റെ ചുമതല വഹിച്ചിരുന്നത് മുഖ്യന്ത്രി ശിവരാജ് സിങ് ചൗഹാനാണെന്നതുകൊണ്ടുതന്നെ, ചൗഹാനെ കേന്ദ്രീകരിച്ചാണ് കോൺഗ്രസ്സിന്റെ ആക്രമണമത്രയും.

സുപ്രീം കോടതിയുടെ മേൽനോട്ടത്തിൽ സ്വതന്ത്ര അന്വേഷണമാവശ്യപ്പെട്ടു കോൺഗ്രസ് ജനറൽ സെക്രട്ടറി ദിഗ്‌വിജയ് സിങ് സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട്. വ്യാപം കേസിലെ പ്രതികളോ സാക്ഷികളോ ആയ 46 പേരാണ് ഇതിനകം മരിച്ചത്. 3,800 പ്രതികളുള്ള കേസിൽ 800 പേരെ ഇനിയും അറസ്റ്റു ചെയ്തിട്ടില്ല. സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും വലിയ പരീക്ഷാ, നിയമന അഴിമതിയെന്നാണു പ്രതിപക്ഷം 'വ്യാപ'ത്തെ വിശേഷിപ്പിക്കുന്നത്. 2007 മുതൽ 2013 വരെ വിവിധ 167 പരീക്ഷകളിലായി 76 ലക്ഷം വിദ്യാർത്ഥികൾ കബളിപ്പിക്കപ്പെട്ടെന്നാണു സംശയിക്കുന്നത്.

അഴിമതിക്ക് നേതൃത്വം കൊടുത്ത ശിവ്‌രാജ് സിങ് ചൗഹാൻ അധികാരത്തിൽ തുടരുമ്പോൾ നിഷ്പക്ഷ അന്വേഷണം സാധ്യമല്ലെന്ന് കോൺഗ്രസ് ആരോപിക്കുന്നു. അഴിമതിയുടെ നിഴലിലായ വസുന്ധര രാജെ (രാജസ്ഥാൻ), രമൺ സിങ് (ഛത്തീസ്‌ഗഡ്) എന്നിവർക്കു പുറമെ നിലനിൽപു ഭീഷണി നേരിടുന്ന മൂന്നാമത്തെ ബിജെപി മുഖ്യമന്ത്രിയാണു ചൗഹാൻ. അദ്ദേഹത്തിന്റെ രാജിക്ക് കോൺഗ്രസ് നിരത്തുന്ന കാരണങ്ങൾ ഒട്ടേറെയുണ്ട്.

76 ലക്ഷത്തോളം വിദ്യാർത്ഥികൾ കബളിപ്പിക്കപ്പെട്ട സംഭവം ശിവ്‌രാജ് സിങ് ചൗഹാൻ അറിഞ്ഞില്ലെന്നു പറയുന്നതു വിശ്വസിക്കാനാവില്ലെന്ന് കോൺഗ്രസ് നേതാക്കൾ പറയുന്നു. 2009-ൽ പ്രാഥമികാന്വേഷണം തുടങ്ങിയത് മുഖ്യമന്ത്രിയുടെ മേൽനോട്ടത്തിലാണ്. അന്വേഷണത്തിന് 2009 ഡിസംബറിൽ സമിതിക്ക് രൂപം കൊടുത്തെങ്കിലും 13 മാസത്തിനുശേഷമാണ് യോഗം ചേർന്നത്. റിപ്പോർട്ട് കൊടുത്തത് രണ്ടുവർഷത്തിനുശേഷവും. 2011 മേയിൽ രൂപം കൊടുത്ത രണ്ടാം സമിതി രണ്ടരവർഷത്തിനുശേഷം നൽകിയ റിപ്പോർട്ട് പുറംലോകംകണ്ടിട്ടില്ല.

കോൺഗ്രസ് രാജി ആവശ്യം ശക്തമാക്കുന്നതിനിടെയാണ് കേന്ദ്രമന്ത്രി ഉമാഭാരതി മധ്യപ്രദേശ് മുഖ്യമന്ത്രിക്കെതിരെ രംഗത്തുവന്നിട്ടുള്ളത്. വ്യാപം കേസ്സിൽ ശിവരാജ് ചൗഹാന്റെ പങ്കും അന്വേഷിക്കണെമെന്ന് ഉമാഭാരതി ആവശ്യപ്പെട്ടു. സിബിഐ അന്വേഷണത്തിലൂടെ മാത്രമേ സംഭവത്തിന്റെ നിജസ്ഥിതി പുറത്തുവരൂ എന്ന് പറഞ്ഞ മന്ത്രി, അഴിമതിയുമായി ബന്ധപ്പെട്ട് തന്റെ ജീവനും ഭിഷണിയുണ്ടെന്ന് പ്രസ്താവിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP