Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഇന്ത്യയുടെ രണ്ടാമത്തെ ബിജെപി പ്രധാനമന്ത്രിയാകുമെന്ന് പ്രവചിച്ചിരുന്ന അദ്വാനിക്ക് ബിജെപി ഭരിച്ചിട്ടും പ്രസിഡന്റ് ആകാൻ പോലും യോഗം ഉണ്ടാവില്ലേ? രാഷ്ട്രപതി, ഉപരാഷ്ട്രപതി പദവികളിൽ അദ്വാനിയെയും ജോഷിയെയും മോദി അനുകൂലിക്കില്ല; സുമിത്ര മഹാജനും വെങ്കയ്യയും പരിഗണനയിൽ; സുഷമ സ്വരാജിന്റെ പേരും ഉയരുന്നു

ഇന്ത്യയുടെ രണ്ടാമത്തെ ബിജെപി പ്രധാനമന്ത്രിയാകുമെന്ന് പ്രവചിച്ചിരുന്ന അദ്വാനിക്ക് ബിജെപി ഭരിച്ചിട്ടും പ്രസിഡന്റ് ആകാൻ പോലും യോഗം ഉണ്ടാവില്ലേ? രാഷ്ട്രപതി, ഉപരാഷ്ട്രപതി പദവികളിൽ അദ്വാനിയെയും ജോഷിയെയും മോദി അനുകൂലിക്കില്ല; സുമിത്ര മഹാജനും വെങ്കയ്യയും പരിഗണനയിൽ; സുഷമ സ്വരാജിന്റെ പേരും ഉയരുന്നു

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: ബിജെപിക്ക് ഇന്ത്യൻ രാഷ്ട്രീയത്തിൽ കരുത്തായ രഥയാത്ര നടത്തിയത് എൽകെ അദ്വാനിയെന്ന ചാണക്യ തന്ത്രങ്ങളുള്ള രാഷ്ട്രീയ നേതാവായിരുന്നു. അടൽബിഹാരി വാജ്‌പേയി മന്ത്രിസഭയിലെ രണ്ടാമനായ അദ്വാനി ബിജെപിയുടെ രണ്ടാമത്തെ പ്രധാനമന്ത്രിയാകുമെന്ന് കരുതിയവർ നിരവധിയാണ്. എന്നാൽ, കാലവും പ്രായവും അദ്ദേഹത്തെ കൈവിട്ടപ്പോൾ മോദി പ്രഭാവത്തിൽ അദ്വാനി തഴയപ്പെട്ടു. ഒരു കാലത്ത് മോദിയുടെ രക്ഷകനായ അദ്വാനി ഇപ്പോൾ അദ്ദേഹത്തിന്റെ ശത്രുപക്ഷത്താണ്. വീണ്ടുമൊരു രാഷ്ട്രപതി തെരഞ്ഞെടുപ്പിന്റെ കാലം സംജാതമാകുമ്പോൾ അദ്വാനിയുടെ പേരാണ് നേരത്തെ മുതൽ ഉയർന്നു കേട്ടത്. എന്നാൽ ഭരണത്തിന് എതിരായ വിമർശനവും മറ്റു കാരണങ്ങളും കൂടി ആയതോടെ ഇപ്പോൾ അദ്വാനിക്ക് എളുപ്പത്തിൽ രാജ്യത്തെ പ്രഥമ പൗരനാകാൻ സാധിക്കില്ലെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ. അദ്വാനിയെ കൂടാതെ രാഷ്ടപതി പദവിയിലേക്ക് മറ്റ് പേരുകളും ഇപ്പോൾ ഉയർന്നു കേൾക്കുന്നുണ്ട്.

ബിജെപി പൂർണമായും മോദി- അമിത് ഷാ കൂട്ടുകെട്ടിൽ ആയതോടെ അദ്വാനിയെ സുപ്രധാന സ്ഥാനത്ത് പ്രതിഷ്ടിക്കേണ്ടതില്ലെന്ന വികാരമാണ് ഉയരുന്നത്. ഇതോടെ ബിജെപിയുടെ തലമുതിർന്ന നേതാവ് തഴയപ്പെടുമെന്ന സ്ഥിതിയാണുള്ളത്. രാഷ്ട്രപതി സ്ഥാനത്തിന് പുറമേ ഉപരാഷ്ട്രപതിസ്ഥാനത്തിനും തെരഞ്ഞെടുപ്പ് അടുത്തുകവരികയാമ്. അടുത്ത വർഷം ജൂൺ - ജൂലൈ മാസങ്ങളിൽ രാഷ്ട്രപതി തിരഞ്ഞെടുപ്പും ഓഗസ്റ്റിൽ ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പും നടക്കും. അദ്വാനിയെ കൂടാതെ ഉപരാഷ്ട്രപതി സ്ഥാനത്തേക്ക് ഉയർന്നു കേട്ട് മുരളി മനോഹർ ജോഷിയെയും ഒഴിവാക്കിയേക്കുമെന്നാണ് സൂചന. ലോക്‌സഭാ സ്പീക്കർ സുമിത്ര മഹാജൻ, കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു, സുഷമ സ്വരാജ് എന്നിവരുടെ പേരുകളാണ് ഇപ്പോൾ രാഷ്ട്രപതി, ഉപരാഷ്ട്രപതി സ്ഥാനാർത്ഥിത്വത്തിലേക്ക് ഉയർന്നു വരുന്നത്.

പ്രായാധിക്യത്തിന്റെ പേര് പറഞ്ഞാണ് അദ്വാനിയെ മന്ത്രിസഭയിൽ പോലും പരിഗണിക്കാതെ ബിജെപി മാറ്റി നിർത്തിയത്. സമാനമായ കാര്യമാണ് ഇവിടെയും ചൂണ്ടിക്കാട്ടുക. 89കാരനായ അദ്വാനിയെ ഈ സ്ഥാനത്തേക്ക് പരിഗണിക്കേണ്ടെന്നാണ് മോദിയുടെ പക്ഷം. അദ്വാനി രാഷ്ട്രപതിയായാൽ കേന്ദ്രത്തിന്റെ പല കാര്യങ്ങളിലും തടസം നേരിടേണ്ടി വരുമെന്ന സംശയവും മോദിക്കുണ്ട്. അതുകൊണ്ട് തന്നെയാണ് അദ്ദേഹത്തിന് പകരം മറ്റു പേരുകൾ ഉയരുന്നതും. ജനതാദൾ (യു) നേതാവും ബിഹാർ മുഖ്യമന്ത്രിയുമായ നിതീഷ് കുമാറോ മറ്റേതെങ്കിലും പ്രതിപക്ഷ കക്ഷി നേതാക്കളോ രാഷ്ട്രപതി സ്ഥാനത്തേക്ക് അദ്വാനിയുടെ പേരു നിർദേശിച്ചു ബിജെപിയെ വെട്ടിലാക്കാൻ ശ്രമിക്കുമോയെന്ന ആശങ്കയും പാർട്ടി നേതൃത്വത്തിനുണ്ട്. പ്രതിപക്ഷം രാഷ്ട്രപതി തിരഞ്ഞെടുപ്പു ചർച്ചകളാരംഭിക്കും മുൻപേ സ്ഥാനാർത്ഥികളെ തീരുമാനിക്കാനാണു ബിജെപിയുടെ നീക്കം.

പാർട്ടിക്കുള്ളിൽ സ്വീകരിക്കാറുള്ള കടുംപിടിത്ത നിലപാടുകളാണു മുരളീ മനോഹർ ജോഷിയുടെ സാധ്യതകൾക്കു മങ്ങലേൽപിക്കുന്നത്. മോദി വിരുദ്ധനെന്ന പ്രതിച്ഛായയും ജോഷിക്കു വിനയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആധിപത്യത്തിനു വെല്ലുവിളി ഉയരാവുന്ന സാഹചര്യങ്ങൾ ഒഴിവാക്കാനാണു പാർട്ടിക്കും താൽപര്യം. ലോക്‌സഭാ സ്പീക്കർ സുമിത്ര മഹാജൻ പാർട്ടിക്കുള്ളിൽ പക്ഷഭേദമന്യേ പിന്തുണയുള്ള നേതാവാണ്. സുദീർഘമായ പാർലമെന്ററി അനുഭവ സമ്പത്തിനു പുറമേ വനിതയെന്നതും അനുകൂല ഘടകമാണ്.

ദക്ഷിണേന്ത്യയിൽ നിന്നുള്ള ബിജെപിയുടെ ഏറ്റവും പ്രമുഖനായ നേതാവെന്ന നിലയിൽ വെങ്കയ്യ നായിഡുവിനും പാർട്ടിയിൽ ശക്തമായ പിൻബലമുണ്ട്. ടിഡിപി, എഐഡിഎംകെ തുടങ്ങിയ പാർട്ടികളിലും വെങ്കയ്യയ്ക്കു സ്വാധീനവുമുണ്ട്. വാജ്‌പേയി സർക്കാരിന്റെ കാലത്തു ബിജെപി ദേശീയ അധ്യക്ഷനായിരുന്ന വെങ്കയ്യ നായിഡുവിനെ സുപ്രധാന പദവികളിലെത്തിക്കാൻ ചരടുവലികളും ഊർജിതമാണ്. അതേസമയം ബിജെപിയെ മറ്റു പാർട്ടികളുമായി ചേർത്തു നിർത്തന്നതിൽ നിർണായ റോൾ വെങ്കയ്യക്കുണ്ട്. അതുകൊണ്ട് അദ്ദേഹത്തെ രാഷ്ട്രപതി സ്ഥാനത്തേക്ക് പരിഗണിച്ചാൽ അത് ഭരണത്തെ ബാധിക്കുമെന്ന ആശങ്കയാണ് ശക്തമായുള്ളത്.

ആരോഗ്യപരമായി ബുദ്ധിമുട്ടുകൾ നേരിടുന്ന സുഷമ സ്വരാജിനെയും രാഷ്ട്രപതിസ്ഥാനത്തേക്ക് പാർട്ടി പരിഗണിക്കുന്നുണ്ട്. മന്ത്രിയെന്ന നിലയിൽ സജീവമായി ഇടപെടാൻ സുഷമയ്ക്കുള്ള ബുദ്ധിമുട്ടുകൾ കണക്കിലെടുത്താണ് അവരെ ആ സ്ഥാനത്തേക്ക് പരിഗണിക്കുന്നത്. എന്നാൽ, മന്ത്രിസഭയിൽ ഏറ്റവും ഇമേജുള്ള മന്ത്രിയെ മാറ്റുന്നതിനോട് മോദിക്ക് യോജിപ്പില്ലെന്നും അറിയുന്നു.

അടുത്ത വർഷാദ്യം നടക്കാനിരിക്കുന്ന യുപി, ഉത്തരാഖണ്ഡ്, പഞ്ചാബ്, ഗോവ നിയമസഭാ തിരഞ്ഞെടുപ്പുകൾ രാഷ്ട്രപതി തിരഞ്ഞെടുപ്പിലും നിർണായകമാകും. നിയമസഭാ തിരഞ്ഞെടുപ്പുകളിൽ ബിജെപിക്കു തിരിച്ചടിയേറ്റാൽ രാഷ്ട്രപതി, ഉപരാഷ്ട്രപതി സ്ഥാനാർത്ഥി നിർണയത്തിൽ ഏകപക്ഷീയമായി തീരുമാനമെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ബിജെപി അധ്യക്ഷൻ അമിത് ഷായ്ക്കും കഴിയാത്ത സാഹചര്യമുണ്ടാകും. ഇതോടെ വിഷയത്തിൽ ആർഎസ്എസ് ഇടപെടലും നിർണായകുകും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP