Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

അയോധ്യ വിധിയോടെ അദ്വാനിയുടെയും ജോഷിയുടെയും സാധ്യത അടഞ്ഞതോടെ രാഷ്ട്രപതി സ്ഥാനത്തേക്ക് പേരുകൾ സജീവമായി; മുൻതൂക്കം രോഗബാധിതയായ വിദേശകാര്യമന്ത്രി സുഷമ സ്വരാജിന് തന്നെ; അപ്രതീക്ഷിത സ്ഥാനാർത്ഥിയായി ആദിവാസി വിഭാഗത്തിൽ പെട്ട ദ്രൗപതി മുർമുവും എത്തിയേക്കും

അയോധ്യ വിധിയോടെ അദ്വാനിയുടെയും ജോഷിയുടെയും സാധ്യത അടഞ്ഞതോടെ രാഷ്ട്രപതി സ്ഥാനത്തേക്ക് പേരുകൾ സജീവമായി; മുൻതൂക്കം രോഗബാധിതയായ വിദേശകാര്യമന്ത്രി സുഷമ സ്വരാജിന് തന്നെ; അപ്രതീക്ഷിത സ്ഥാനാർത്ഥിയായി ആദിവാസി വിഭാഗത്തിൽ പെട്ട ദ്രൗപതി മുർമുവും എത്തിയേക്കും

മറുനാടൻ ഡെസ്‌ക്

ന്യൂഡൽഹി: അയോധ്യ കേസിലെ കോടതി വിധി ഏറ്റവും അധികം തിരിച്ചടിയായിരിക്കുന്നത് ബിജെപിയുടെ ഭീഷ്മാചാര്യനായ എൽകെ അദ്വാനിക്കാണ്. വിധിയോടെ അദ്വാനിയുടെയും ജോഷിയുടെയും രാഷ്ട്രപതി സാധ്യതകൾക്കാണ് മങ്ങലേറ്റിരിക്കുന്നത്. അദ്വാനി തന്നെയായിരുന്നു ഈ സ്ഥാനത്തേക്ക് ബിജെപി പരിഗണിച്ചിരുന്ന ഒന്നാം നമ്പർ പേരുകാരൻ. എന്നാൽ അയോധ്യ ഗൂഢാലോചന കേസിൽ അദ്വാനി കരുക്കിലായതോടെ മോദി-അമിത് ഷാ കൂട്ടുകെട്ടും ബിജെപിയിൽ കൂടുതൽ ശക്തമാകും. കേസ് ബിജെപിക്ക് ആഘാതം അല്ലെങ്കിലും അദ്വാനിയുടെ രാഷ്ടപതി മോഹത്തിനേറ്റ മങ്ങലാണിത്.

അയോധ്യാപ്രശ്നം വീണ്ടും സജീവ ചർച്ചാവിഷയമാകുന്നത് ഒരുപക്ഷേ ബിജെപി.യുടെ തിരഞ്ഞെടുപ്പുരാഷ്ട്രീയത്തിന് ഗുണമാവുകയുംചെയ്യും. ഈ വിവാദം നിലനിൽക്കേ തന്നെ ആർഎസ്എസ് അടക്കമുള്ള സംഘപരിവാർ സംഘടനകളെല്ലാം കൂടുതൽ ആവേശത്തോടെ തന്നെ രംഗത്തെത്തുകയും ചെയ്യും. കേസിൽ ഉൾപ്പെട്ട മുതിർന്നനേതാക്കൾക്ക് വ്യക്തിപരമായ ക്ഷീണമുണ്ടാകുമെങ്കിലും ഈ വിഷയത്തെ അനുകൂല രാഷ്ട്രീയമാക്കി മാറ്റാനുള്ള തന്ത്രപരമായ സമീപനമായിരിക്കും ബിജെപി സ്വീകരിക്കുക എന്നതും ഉറപ്പാണ്.

ആർഎസ്എസിനെ കൂട്ടുപിടിച്ച് രാഷ്ട്രപതി ഭവനിലേക്ക് ചുവടുവെക്കാൻ ഒരുങ്ങുകയായിരുന്നു അദ്വാനി. എന്നാൽ, ഇതിനോട് മോദിക്ക് താൽപ്പര്യമില്ലെന്ന വിധത്തിൽ വാർത്തകൾ നേരത്തെ തന്നെ പുറത്തുവന്നിരുന്നു. എന്തായാലും മോദിയുടെ ഇഷ്ടത്തെ ശരിവെക്കുന്ന വിധത്തിലാണ് ഇപ്പോഴത്തെ കോടതി വിധി ഉണ്ടായിരിക്കുന്നത്. കസുമായി ബന്ധപ്പെട്ട് സിബിഐ.നടത്തിയ നീക്കത്തിൽ പ്രതിപക്ഷനേതാക്കൾ രാഷ്ട്രീയം സംശയിക്കുന്നത് ഈ നിഗമനത്തിന്റെ അടിസ്ഥാനത്തിലാണ്.

ഒരുകാലത്ത് മോദിയുടെ രാഷ്ട്രീയ ഗുരുവായിരുന്നു അദ്വാനി. എന്നാൽ, മോദിയെ ദേശീയനേതാവായി ഉയർത്തിക്കാട്ടാൻ തീരുമാനിച്ച ഗോവയിലെ ദേശീയ നിർവാഹകസമിതിയോഗം മുതൽ അദ്വാനി എതിർപക്ഷത്താണ് നിലയുറപ്പിച്ചത്. ഈ സാഹചര്യം മനസ്സിൽക്കണ്ടാണ് സിബിഐ.യെ ഉപയോഗിച്ച് സർക്കാർ അദ്വാനിയുടെ രാഷ്ട്രപതിസാധ്യതയെ തകർക്കുകയാണെന്ന് ആർ.ജെ.ഡി.നേതാവ് ലാലുപ്രസാദ് യാദവ് ആരോപിച്ചിരിക്കുന്നത്.

ഉത്തർപ്രദേശ് തിരഞ്ഞെടുപ്പിൽ കൈപൊള്ളിയ പ്രതിപക്ഷം ഈ വിഷയത്തിൽ എടുത്തുചാട്ടവുമായി വരില്ലെന്ന ധാരണ ബിജെപി.ക്കുണ്ട്. പിന്നാക്ക, ന്യൂനപക്ഷ, ദളിത് വിഭാഗങ്ങളെ പാർട്ടിയിലേക്ക് ആകർഷിക്കാനുള്ള തന്ത്രങ്ങൾക്ക് രൂപംകൊടുത്താണ് കഴിഞ്ഞ ദിവസം ഭുവനേശ്വറിൽ ദേശീയ നിർവാഹകസമിതിയോഗം പിരിഞ്ഞത്. അയോധ്യ ഉൾപ്പെടെയുള്ള അതിഹൈന്ദവ മുദ്രാവാക്യങ്ങൾമൂലം അകന്നുപോയവരെയാണ് പാർട്ടിയിലേക്ക് ആകർഷിക്കേണ്ടത്. അതിനായി ഉത്തർപ്രദേശ് തിരഞ്ഞെടുപ്പിൽ പ്രയോഗിച്ച മാതൃകയായിരിക്കും ബിജെപി. ഉപയോഗിക്കുക. ഒരുഭാഗത്ത് അയോധ്യപ്രശ്നം സജീവമായി നിലനിർത്തുക, മറുഭാഗത്ത് പിന്നാക്ക-ന്യൂനപക്ഷങ്ങളെ ആകർഷിക്കാനുള്ള പരിപാടികൾ ആവിഷ്‌കരിക്കുക.

അദ്വാനിയുടെ അഭാവത്തിൽ ബിജെപി രാഷ്ട്രപതി സ്ഥാനത്തേക്ക് വിദേശകാര്യമന്ത്രി സുഷമ സ്വരാജിന്റെ പേര് ഇനി കൂടുതൽ സജീവമാകും. രോഗാതുരയാണെന്നത് മാത്രമാണ് അവരുടെ ഏക പോരായ്മ്മ. എങ്കിലും ആരോഗ്യം വീണ്ടെടുത്ത അവർ മന്ത്രിയെന്ന തന്റെ ജോലി ഇപ്പോൾ നല്ല വിധത്തിൽ ചെയ്യുന്നുണ്ട്. പ്രതിപക്ഷ നേതാക്കൾക്ക് പോലും സുഷമയോട് എതിർപ്പില്ല. എന്നാൽ, സുഷമ മന്ത്രിസഭ വിട്ടാൽ ഏറ്റവും പ്രതിച്ഛായയുള്ള മന്ത്രി മോദി ഗവൺമെന്റിന് നഷ്ടമാകും. അതുകൊണ്ട് സുഷമയുടെ പേര് പുനരാലോചിക്കാനും ഇടയുണ്ട്.

ഇതിനിടെ ബിജെപി മറ്റൊരു അപ്രതീക്ഷിത മുഖത്തെയും രാഷ്ട്രപതി സ്ഥാനത്തേക്ക് പരിഗണിക്കുന്നായും വാർത്തയുണ്ട്. ആദിവാസി വനിതയും ഇപ്പോൾ ഝാർഖണ്ഡ് ഗവർണറുമായ ദ്രൗപതി മുർമുവിന്റെ പേരാണ് പരിഗണിക്കുന്നത്. ഒഡിഷയിൽ നിന്നുള്ള നേതാവാണിവർ. ബിജു ജനതാദളിലും ബിജെപിയിലും പ്രവർത്തിച്ച ഈ ആദിവാസി നേതാവിനെ ഉയർത്തി കൊണ്ടുവരുമ്പോൾ അത് ഒരു വിപ്ലവകരമായ തീരുമാനം തന്നെയാണ്. ആദ്യമായി ഒരു ആദിവാസി വനിതയെ രാഷ്ട്രപതിസ്ഥാനാർത്ഥിയായി ഉയർത്തിക്കാട്ടുന്നതിലൂടെ എല്ലാ രാഷ്ട്രീയ പാർട്ടികളുടെയും പിന്തുണ ആർജ്ജിക്കാമെന്നാണ് ബിജെപിയുടെ കണക്കുകൂട്ടൽ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP