Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മോദിയുടെ സ്വപ്നങ്ങൾക്കു മേൽ കരിനിഴൽ വീഴ്‌ത്താൻ കെജ്രിവാൾ വിരിച്ച വലയിൽ ഇറോം ശർമിള വീണോ? വടക്കുകിഴക്കിന്റെ ഹൃദയം കീഴടക്കി മുന്നേറ്റം തുടങ്ങിയ മോദിയെ തളയ്ക്കാൻ പോരാട്ടങ്ങളുടെ തമ്പുരാട്ടി വരുമോ? വിവാഹിതയാകാനും രാഷ്ട്രീയത്തിലിറങ്ങാനും തീരുമാനിച്ചു മണിപ്പൂരിന്റെ ഉരുക്കുവനിത ഉപവാസം നിർത്തുമ്പോൾ

മോദിയുടെ സ്വപ്നങ്ങൾക്കു മേൽ കരിനിഴൽ വീഴ്‌ത്താൻ കെജ്രിവാൾ വിരിച്ച വലയിൽ ഇറോം ശർമിള വീണോ? വടക്കുകിഴക്കിന്റെ ഹൃദയം കീഴടക്കി മുന്നേറ്റം തുടങ്ങിയ മോദിയെ തളയ്ക്കാൻ പോരാട്ടങ്ങളുടെ തമ്പുരാട്ടി വരുമോ? വിവാഹിതയാകാനും രാഷ്ട്രീയത്തിലിറങ്ങാനും തീരുമാനിച്ചു മണിപ്പൂരിന്റെ ഉരുക്കുവനിത ഉപവാസം നിർത്തുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: 16 വർഷം നീണ്ട ഉപവാസ പോരാട്ടം ഫലപ്രാപ്തിയിലെത്താതെ ഇറോം ശർമിള ഉപേക്ഷിക്കുന്നത് എന്തിനാണ്? ഇനി രാഷ്ട്രീയത്തിലേക്കെന്ന പ്രഖ്യാപിക്കുകയും വിവാഹിതയാകണമെന്ന ആഗ്രഹം പ്രകടിപ്പിക്കുകയും ചെയ്താണ് മണിപ്പൂരിന്റെ ഉരുക്കുവനിത വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ പ്രശ്‌നമേഖലകളെന്ന് തോന്നുന്ന ഇടങ്ങളിൽ ആയുധം പ്രയോഗിക്കാൻ സൈന്യത്തിന് അധികാരം നൽകുന്ന അഫ്‌സപയെന്ന നിയമത്തിനെതിരെ രണ്ടായിരത്തിൽ തുടങ്ങിയ സമരം അവസാനിപ്പിക്കുന്നത്.

സ്വാതന്ത്ര്യലബ്ധിക്കുശേഷം വടക്കുകിഴക്കൻ സംസ്ഥാനങ്ങളെല്ലാം അടുത്തകാലംവരെ അടക്കിഭരിച്ച കോൺഗ്രസിനെ വീഴ്‌ത്താൻ നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ബിജെപി ശ്രമങ്ങൾ തുടങ്ങുകയും ആസാമിൽ അതിന്റെ ആദ്യജയം ഇക്കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ദൃശ്യമാകുകയും ചെയ്തിരുന്നു. ഈ മുന്നേറ്റത്തിൽ മോദിക്ക് തടയിടാനായി വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ സാധാരണക്കാർക്കുവേണ്ടി പോരാടുന്ന ഇറം ഷർമിളയെ മേഖലയിൽ ആംആദ്മിയുടെ മുന്നണിപ്പോരാളിയാക്കാൻ കെജ്രിവാൾ നടത്തിയ നീക്കങ്ങളെ തുടർന്നാണ് അവർ ഉപവാസം അവസാനിപ്പിക്കാനും പോരാട്ടം രാഷ്ട്രീയരംഗത്തേക്ക് വ്യാപിപ്പിക്കാനും തയ്യാറായതെന്നാണ് സൂചനകൾ.

2014ലെ ലോക്‌സഭാ തിരഞ്ഞെടുപ്പുകാലത്ത് ആംആദ്മിയുടെ നേതൃത്വത്തിലേക്കെത്താൻ ഇറോം ശർമിളയ്ക്ക് ക്ഷണമുണ്ടായിരുന്നെങ്കിലും അവർ അന്ന് അതിന് താൽപര്യം പ്രകടിപ്പിച്ചിരുന്നില്ല. അന്ന് ആംആദ്മി ഇന്ത്യൻ രാഷ്ട്രീയത്തിൽ മുന്നേറ്റം നടത്തിയിരുന്നില്ലെങ്കിലും ഇപ്പോൾ അതല്ല സ്ഥിതി. ഡൽഹി വൻ ഭൂരിപക്ഷത്തോടെ ഭരിക്കുകയും അടുത്ത് തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന പഞ്ചാബിലും ഗോവയിലും ശക്തമായ സാന്നിധ്യമാകുകയും ചെയ്യുന്ന സ്ഥിതിയിലേക്ക് കാര്യങ്ങളെത്തി നിൽക്കുന്നു.

ഈ സാഹചര്യത്തിലാണ് കേന്ദ്രസർക്കാരുകൾക്കെതിരെയും ശക്തമായ വികാരം നിലനിൽക്കുന്ന വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലേക്കും ആംആദ്മി ലക്ഷ്യമിടുന്നത്. പഞ്ചാബിലും ഗോവയിലും പിന്നീട് ചില വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും ഭരണം പിടിച്ചെടുക്കാനായാൽ കോൺഗ്രസിനെ വെട്ടി ഭരിക്കുന്ന സംസ്ഥാനങ്ങളുടെ എണ്ണത്തിന്റെ കാര്യത്തിൽ ബിജെപിക്കുപിന്നിൽ രണ്ടാമനാകാൻ ആംആദ്മിക്ക് കഴിയും. വൻ ജനപിന്തുണയുള്ള ഇറോംഷർമിളയെപ്പോലൊരു നേതാവിനെ ലഭിച്ചാൽ കാര്യങ്ങൾ എളുപ്പമാകുമെന്നാണ് ആംആദ്മിയുടെയും കെജ്രിവാളിന്റെയും കണക്കുകൂട്ടൽ.

കോൺഗ്രസ് മുക്തഭാരതമെന്ന ലക്ഷ്യത്തോടെ പ്രാദേശിക കക്ഷികളെ കൂട്ടുപിടിച്ച് ഓരോ സംസ്ഥാനങ്ങളിലും ഭരണം പിടിച്ചെടുക്കാനുള്ള ശ്രമങ്ങൾ ആസാമിലെ വിജയത്തോടെ മോദിയും ബിജെപിയും ഇക്കഴിഞ്ഞ മെയിലെ തിരഞ്ഞെടുപ്പു വിജയത്തോടെ ഫല്പ്രാപ്തിയിലെത്തിച്ചിരിക്കുകയാണ്. ഈ മുന്നേറ്റം മറ്റു സംസ്ഥാനങ്ങളിലും നടക്കും മുമ്പ്് അതിന് തടയിടാൻ കെജ്രിവാൾ ഇറോംഷർമിളയെ ആംആദ്മിയുടെ മുൻനിര നേതാവാക്കി അവതരിപ്പിച്ചേക്കും. ഇറോംശർമിളയുടെ അനുയായികളും ഇക്കാര്യത്തിൽ താൽപര്യം പ്രകടിപ്പിച്ചുകഴിഞ്ഞതായാണ് സൂചനകൾ.

സെവൻസിസ്റ്റേഴ്‌സിനെ പിടിച്ചാൽ ആംആദ്മി കോൺഗ്രസിന് മുന്നിലെത്തും

ചൈനയുമായും ബംഗ്ലാദേശുമായും അതിർത്തി പങ്കിടുന്ന, സെവൻ സിസ്‌റ്റേഴ്‌സ് എന്നറിയപ്പെടുന്ന ഏഴ് സംസ്ഥാനങ്ങളും ഹിമാലയൻ സംസ്ഥാനമായ സിക്കിമുമാണ് ഇന്ത്യയുടെ വടക്കുകിഴക്കൻ മേഖലയിലുള്ളത്. എല്ലാ സംസ്ഥാനങ്ങളിലുമായി ഇരുപത്തഞ്ചോളം ലോക്‌സഭാ സീറ്റുകൾ. അരുണാചൽ പ്രദേശ്, അസം, മണിപ്പൂർ, മേഘാലയ, മിസോറാം, നാഗാലാൻഡ്, തൃപുര എന്നീ സംസ്ഥാനങ്ങളിൽ നാലെണ്ണം കോൺഗ്രസ്സും രണ്ടെണ്ണം ബിജെപിയും തൃപുര സിപിഎമ്മും ഭരിക്കുന്നു.

എല്ലായിടത്തും പ്രാദേശിക പാർട്ടികൾ സജീവമായതിനാലും നാഗാലാൻഡിൽ ക്രിസ്ത്യൻ പ്രാതിനിധ്യം കൂടുതലാണെന്നുതും ബിജെപിക്ക് ഒറ്റയ്ക്ക് മുന്നേറ്റത്തിനുള്ള സാധ്യതകൾക്ക് മങ്ങലേൽപ്പിക്കുമ്പോൾ അത്തരത്തിൽ തങ്ങൾക്ക് തടസ്സങ്ങളില്ലെന്നതാണ് ആംആദ്മി തങ്ങളുടെ ഗുണമായി ഉയർത്തിക്കാട്ടുന്നത്. നിലവിൽ ദേശീയതലത്തിൽ എട്ടു സംസ്ഥാനങ്ങളിൽ മാത്രമാണ് കോൺഗ്രസിന് ഭരണമുള്ളത്. ഇതിൽ നാലെണ്ണം വടക്കുകിഴക്കൻ മേഖലയിലാണ്.

മണിപ്പൂർ, മേഘാലയ, മിസോറാം, അരുണാചൽ എന്നിവ. മിക്കവയിലും അടുത്തവർഷങ്ങളിൽ തിരഞ്ഞെടുപ്പുണ്ടാകുമെന്നതിനാൽ ഇതിൽ ചിലത് പിടിച്ചെടുക്കാനായാൽ ഭരിക്കുന്ന സംസ്ഥാനങ്ങളുടെ എണ്ണത്തിൽ കോൺഗ്രസിന് മുകളിലേക്ക് ആംആദ്മിക്ക് അനായാസം എത്താനാകും. സ്വാതന്ത്ര്യലബ്ധിക്കുശേഷം ഇത്രയും കാലം കോൺഗ്രസ് ഭരിച്ചിട്ടും ഈ സംസ്ഥാനങ്ങൾ വികസനകാര്യത്തിൽ രാജ്യത്ത് ഏറ്റവും പിന്നിലാണിപ്പോഴും. ഇതിനു പുറമെയാണ് അനുദിനം വിഘടനവാദ പ്രശ്‌നങ്ങളും മേഖലയിലെ സംസ്ഥാനങ്ങൾ തമ്മിലുള്ള അതിർത്തി തർക്കങ്ങളും സൈനിക നടപടികളിലൂടെ നടക്കുന്ന മനുഷ്യാവകാശ ധ്വംസനങ്ങളും.

കോൺഗ്രസ്സിനും ബിജെപിക്കും ബദലായി മറ്റൊരു മുന്നണി അധികാരത്തിലെത്തണമെന്ന വികാരം സജീവമാണ് വടക്കുകിഴക്കൻ മേഖലയിൽ. ഈ സാഹചര്യം ദേശീയബദലെന്ന മുദ്രാവാക്യമുയർത്തി മുതലെടുക്കാനാകുമെന്നാണ് ആംആദ്മിയും പ്രതീക്ഷിക്കുന്നത്. ഇറോം ശർമ്മിളയെപ്പോലെ മേഖലയിൽനിന്നുതന്നെ ഒരു നേതാവിനെ ലഭിച്ചാൽ ഇത് എളുപ്പം നടപ്പിലാക്കാനാകുമെന്നും അവർ കണക്കുകൂട്ടുന്നു. ലോക്‌സഭയിലേക്ക് ഇരുപത്തഞ്ച് സീറ്റുകൾ മാത്രമേ ലഭിക്കൂ എന്നതിനാൽത്തന്നെ കേന്ദ്രസർക്കാരുകൾ എല്ലാക്കാലത്തും അവഗണിച്ചതിന്റെ വികസനമില്ലായ്മയാണ് വടക്കുകിഴക്കൻ സംസ്ഥാനങ്ങളുടെ മുഖമുദ്രയെന്നു പറയാം. ഈ വാദമുയർത്തിത്തന്നെ മേഖലയിലേക്ക് പ്രവർത്തനം വ്യാപിപ്പിക്കാനാകുമെന്നാണ് ആപിന്റെ പ്രതീക്ഷ.

കിരാത നിയമത്തിനെതിരെ ജ്വലിച്ചുനിന്ന മണിപ്പൂരിന്റെ തീക്കനൽ

1972 മാർച്ച് 14ന് മണിപ്പൂരിന്റെ തലസ്ഥാനമായ ഇംഫാലിലെ കോംഗ്പാൽ എന്ന പ്രദേശത്ത് ഇറോം സി. നന്ദ, ഇറോം ഓങ്ബിസാഖി എന്നിവരുടെ മകളായി ജനിച്ച ഇറോം ശർമിള ചാനു കവിയത്രിയും മനുഷ്യാവകാശ പ്രവർത്തകയുമായിരുന്നു. 2000 നവംബർ 2ന് ഇംഫാൽ താഴ്‌വരയിലെ മാലോം പട്ടണത്തിൽ നടന്ന ഒരു സംഭവമാണ് ശർമിളയുടെ ജീവിതത്തെ മാറ്റിമറിച്ചത്. ഒരു ബസ് സ്‌റ്റോപ്പിൽ നിന്നിരുന്ന 10 നാട്ടുകാരെ ഇന്ത്യയുടെ ഒരു പാരാമിലിറ്ററി സേനയായ ആസ്സാം റൈഫിൾസ് കാരണമില്ലാതെ വെടിവച്ചു കൊന്നു. മാലോം കൂട്ടക്കൊല എന്ന് അറിയപ്പെടുന്ന ഈ സംഭവത്തിൽ ധീരതയ്ക്കുള്ള അവാർഡ് നേടിയ 18 കാരൻ മുതൽ 62 കാരിയായ വയോധികവരെ കൊല്ലപ്പെട്ടു. ഈ സംഭവം അന്ന് 28 വയസ്സുണ്ടായിരുന്ന ശർമിളയെ വല്ലാതെ ഉലച്ചുകളഞ്ഞു. കുട്ടിക്കാലം മുതൽ എല്ലാ വ്യാഴാഴ്ചകളിലും ഉപവാസം ശീലമാക്കിയിരുന്ന ശർമിള മാലോം കൂട്ടക്കൊലയിൽ പ്രതിഷേധിച്ച് അതിന് ശേഷമുള്ള വ്യാഴാഴ്ച നടത്തിയ ഉപവാസം പിന്നീട് ഇതുവരെ അവസാനിപ്പിച്ചില്ല.

പ്രശ്‌നമേഖലകളെന്ന് തോന്നുന്ന ഇടങ്ങളിൽ ആയുധം പ്രയോഗിക്കാൻ സൈന്യത്തിന് അധികാരം നൽകുന്ന അഫ്‌സപയെന്ന നിയമം ഉന്നയിച്ച് മാലോം കൂട്ടക്കൊലയെ ന്യായീകരിച്ച കേന്ദ്രസർക്കാരിനു മുന്നിൽ ഒരു തീക്കനലായി മണിപ്പൂരുകാരിയുടെ സമരം എരിഞ്ഞുനിന്നു. ഈ നിയമം പിൻവലിക്കുംവരെ സമരം തുടരുമെന്ന് പ്രഖ്യാപിച്ച ഇറോം ശർമ്മിളയുടെ ഉപവാസം 3 ദിവസം പിന്നിട്ടപ്പോഴേക്കും ആത്മഹത്യാശ്രമക്കുറ്റം ചുമത്തി പൊലീസ് അറസ്റ്റുചെയ്തു. ശർമിളയെ ജുഡീഷ്യൽ കസ്റ്റഡിയിലാക്കി. തുടർന്ന് മൂക്കിലൂടെ നിർബന്ധപൂർവ്വം കുഴൽ കടത്തി അവർക്ക് ദ്രവരൂപത്തിൽ ഭക്ഷണം കൊടുത്തു തുടങ്ങി. ആത്മഹത്യാകുറ്റത്തിന് പരമാവധി തടവ് ശിക്ഷ ഒരു വർഷം വരെയാണെന്ന് നിയമം നിഷ്‌കർഷിക്കുന്നതിനാൽ ശാർമിളയെ ഓരോ വർഷം കൂടുമ്പോഴും വിട്ടയയ്ക്കുകയും ഉടൻ തന്നെ വീണ്ടും അറസ്റ്റു ചെയ്യുകയും ചെയ്യുന്ന പതിവ് 14 വർഷമായി തുടരുന്നു.

രാജ്യത്തിന്റെ ചരിത്രത്തിൽ ഇതുവരെ ഉണ്ടായിട്ടില്ലാത്ത തരത്തിലുള്ള ഒറ്റയാൾ പോരാട്ടമാണ് ഇത്. സമരം തുടർന്നതോടെ ആർത്തവം ഉൾപ്പെടെയുള്ള ശാരീരിക പ്രവർത്തനങ്ങളെല്ലാം അപകടകരമാംവിധം താളം തെറ്റി. തനിക്ക് നഷ്ടപ്പെട്ട ജീവിതം ഇനിയൊരിക്കലും തിരിച്ചുകിട്ടില്ലെന്നറിഞ്ഞിട്ടും സ്വന്തം ജീവനും ജീവിതവും ബലികൊടുത്തുകൊണ്ടായിരുന്നു മണിപ്പൂരിനും വടക്കുകിഴക്കൻ സംസ്ഥാനങ്ങൾക്കും വേണ്ടി ഇറോം പൊരുതിയത്. സമരം ഓഗസ്റ്റ് ഒമ്പതിന് അവസാനിപ്പിക്കുമെന്നും അടുത്തവർഷം നടക്കുന്ന മണിപ്പുർ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ച് രാഷ്ട്രീയ രംഗത്തുനിന്നുകൊണ്ട് സമരങ്ങൾ തുടരുമെന്നുമാണ് ഇറോം ഇന്നലെ പ്രഖ്യാപിച്ചത്.15 ദിവസം കൂടുമ്പോൾ കോടതിയിൽ ഒപ്പുവെക്കണമെന്ന നിബന്ധനപാലിച്ച് മടങ്ങവേയായിരുന്നു പ്രഖ്യാപനം.

1958 സെപ്റ്റംബർ 11ന് ഇന്ത്യൻ പാർലമെന്റ് പാസ്സാക്കിയ സായുധസേനാ പ്രത്യേകാധികാര നിയമത്തിന്റെ പിൻബലത്തിൽ ഏതെങ്കിലുമൊരു പ്രദേശത്ത് പ്രവേശിക്കുന്ന സേനയ്ക്ക് അക്ഷരാർത്ഥത്തിൽ അവിടെ എന്തും ആവാം എന്ന അവസ്ഥയുണ്ട്. അവിടെ മനുഷ്യാവകാശങ്ങൾ മരവിക്കും. ഏതറ്റംവരെയുള്ള അക്രമസ്വഭാവത്തോടെയുള്ള പ്രവർത്തനങ്ങളും അവിടെ സേനക്ക് ആവാം. ഇതിനെതിരെ ആർക്കും ഒരിടത്തും പരാതിപ്പെടാനും അവസരമില്ല. മണിപ്പൂർ പോലെയുള്ള സംസ്ഥാനങ്ങളിൽ സായുധസേനയുടെ വകയായി അരങ്ങേറുന്ന കൊലപാതകങ്ങളും ക്രൂരമായ ബലാത്സംഗങ്ങളും പരിധിയില്ലാത്ത മനുഷ്യാവകാശലംഘനങ്ങളും നിരവധിയാണ്. കാശ്മീരിലും ഈ നിയമത്തിനെതിരെയാണ് ജനങ്ങൾ പോരാട്ടം നടത്തുന്നത്.

ഈ നിയമം നടപ്പാക്കുന്നത് താൽക്കാലികമായെങ്കിലും പിൻവലിക്കണമെന്ന് കശ്മീർ മുഖ്യമന്ത്രി മെഹബൂബ മുഫ്തിതന്നെ ആവശ്യപ്പെട്ടത് കഴിഞ്ഞ ദിവസമാണ്. 1990 ജൂലായിലാണ് ഈ നിയമം ജമ്മുകശ്മീരിലേക്കും വ്യാപിപ്പിച്ചത്. നിയമലംഘനം, ആയുധം കൈവശംവെക്കൽ, അഞ്ചിൽക്കൂടുതൽ പേർ സംഘംചേരൽ തുടങ്ങിയവകണ്ടാൽ ഒരു ചോദ്യവും കൂടാതെ ബലപ്രയോഗത്തിനും വെടിവെക്കുന്നതിനും സായുധസേനയ്ക്ക് നിയമം അധികാരംനൽകുന്നു. അധികാരം പ്രയോഗിക്കുന്ന കരസേനാ ഓഫീസർമാർക്ക് നിയമപരിരക്ഷയും വ്യവസ്ഥചെയ്യുന്നതാണ് നിയമം.

ഞങ്ങളെയും ബലാത്സംഗം ചെയ്യൂ എന്നുപറഞ്ഞ് നഗ്നരായി വീട്ടമ്മമാരുടെ മാർച്ച്

വടക്ക് കിഴക്കെന്നാൽ പ്രശ്‌നബാധിതമെന്നും കലാപമെന്നുമുള്ള പ്രതിച്ഛായ നിലനിർത്തിയാണ് എക്കാലത്തും കേന്ദ്രസർക്കാർ ഈ മേഖലയിൽ നടപടികൾ തുടരുന്നതെന്നാണ് മനുഷ്യാവകാശ പ്രവർത്തകർ പറയുന്നത്. ഇങ്ങനെ പറഞ്ഞുകൊണ്ട് അവിടത്തെ മിലിട്ടറിഭരണം എത്ര കാലത്തേക്കും തുടരാമെന്ന നിലപാടാണ് മാറിവരുന്ന കേന്ദ്രസർക്കാരുകൾ തുടർന്നത്. ഇന്ത്യൻ പീനൽ കോഡ് അനുസരിച്ച് താരതമ്യേന കടുപ്പം കുറഞ്ഞ കുറ്റത്തിന്റെ പേരിൽ അറസ്റ്റുചെയ്ത ഇറോം ശർമിളയെ കനത്ത ഒറ്റപ്പെടലിനാണ് ഭരണകൂടം ഇരയാക്കിയത്.

പലതട്ടിലുള്ള അനൗദ്യോഗിക (അനധികൃത) നിരീക്ഷണങ്ങൾക്ക് ശേഷമേ ഇറോം ശർമിളയുടെ അടുത്തേക്ക് സന്ദർശകരെ വിരളമായെങ്കിലും കടത്തിവിട്ടിരുന്നുള്ളു. വിടുതൽ അവസരങ്ങളിൽ പോലും അധികമാരും ശർമിളയുമായി ബന്ധപ്പെടാതിരിക്കാൻ സൈന്യം കർശന നടപടികളെടുത്തിരുന്നു. ഭീതി പടർത്തുംവിധം സൈറൺ മുഴക്കി സൈനിക വാഹനങ്ങൾ തലങ്ങും വിലങ്ങും പാഞ്ഞ് ജനങ്ങളെ വിരട്ടിനിർത്തുകയാണ് ചെയ്തിരുന്നതെന്ന് മനുഷ്യാവകാശ പ്രവർത്തകർ പറയുന്നു.

ഇറോം ഷർമ്മിളുടെ സമരം മണിപ്പൂരിന്റെ മനസ്സിൽ ശക്തമായി എരിഞ്ഞുനിന്നിരുന്ന കാലത്താണ് 2004 ജൂലൈ 10ന് തങ്ജാം മനോരമ എന്ന 34കാരിയെ വീട്ടിൽ നിന്നും അപ്രതീക്ഷിതമായി പിടിച്ചുകൊണ്ടുപോയ ആസ്സാം റൈഫിൾസ് രണ്ടു ദിവസം കഴിഞ്ഞ് അവരെ വെടിവച്ച് കൊല്ലുന്നത്. ആ യുവതിയുടെ വീട്ടിൽ നിന്നും ഗ്രനേഡുകൾ പിടിച്ചെടുത്തുവെന്ന് അവകാശപ്പെടുന്ന സേന അവർ ഓടി രക്ഷപ്പെടാൻ ശ്രമിച്ചതുകൊണ്ടാണ് വെടിവച്ചതെന്നാ് വിശദീകരിച്ചത്. മൃതദേഹ പരിശോധനയിൽ അവർ ക്രൂരമായ ബലാത്സംഗത്തിനിരയായി എന്ന് കണ്ടെത്തി. അവരുടെ വസ്ത്രത്തിൽ നിന്നും ശുക്ലത്തിന്റെ അംശങ്ങൾ ലഭിച്ചെങ്കിലും കുറ്റക്കാരായി ആരും ശിക്ഷിക്കപ്പെട്ടില്ല.

ഈ കൊല നടന്ന് 5 ദിവസങ്ങൾക്ക് ശേഷം 30 വീട്ടമ്മമാർ പൂർണ്ണനഗ്‌നരായി ഇംഫാൽ പട്ടണത്തിലൂടെ ആസ്സാം റൈഫിൾസിന്റെ ഹെഡ്ക്വാർട്ടേഴ്‌സിലേക്ക് മാർച്ച് നടത്തി ഇന്ത്യൻ ആർമി, ഞങ്ങളേയും ബലാത്സംഗം ചെയ്യൂ എന്ന ബാനറുമേന്തിയായിരുന്നു അവർ മാർച്ച് നടത്തിയത്. പക്ഷേ, ഇതുകൊണ്ടൊന്നും മേഖയിലെ പ്രശ്‌നങ്ങൾ പഠിക്കാനോ പരിഹരിക്കാനോ കേന്ദ്രസർക്കാർ ശ്രമിച്ചില്ല. സംസ്ഥാനങ്ങൾ തമ്മിലും ചൈനയുമായും ബംഗഌദേശുമായും പങ്കിടുന്ന അതിർത്തികളെച്ചൊല്ലിയും പ്രശ്‌നങ്ങളും അതിന്റെ പേരിൽ ജനങ്ങൾക്കുനേരെയുണ്ടാകുന്ന അതിക്രമങ്ങളും ഇപ്പോഴും തുടരുന്നു.

ഈ സാഹചര്യത്തിലാണ് ഗാന്ധിയൻ സമരമുറകൊണ്ടു മാത്രം ഭരണകർത്താക്കളുടെ മനസ്സുമാറ്റാൻ ഇനിയാവില്ലെന്ന തിരിച്ചറിവുമായി ഇറോം ശർമിള 16 വർഷത്തെ ഉപവാസം നിർത്തിവച്ച് രാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്നത്. വടക്കുകിഴക്കൻ മേഖലയിലെ രാഷ്ട്രീയ മുന്നേറ്റങ്ങൾക്കും ജനങ്ങൾക്കുനേരെയുള്ള കൊടുംക്രൂരതകൾ അവസാനിപ്പിക്കാനും ഇനിയുള്ള നാളുകളിൽ ഇറോം ശർമ്മിളയെന്ന 45 കാരിയുടെ നേതൃത്വം നിർണായക ഘടകമാകുമോയെന്ന് കാത്തിരുന്നു കാണാം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP