Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

രാജ്യസഭയിലേക്ക് ഇനി മൽസരിക്കാനില്ല, നയം വ്യക്തമാക്കി യെച്ചൂരി; കോൺഗ്രസ് പിന്തുണയിൽ പാർട്ടി ജനറൽ സെക്രട്ടറി രാജ്യസഭയിലെത്തുന്നതിന്റെ നാണക്കേടൊഴിഞ്ഞ ആശ്വാസത്തിൽ കേരളത്തിലെ നേതാക്കൾ; യെച്ചൂരിയുടെ ഒഴിവിൽ സി.പി.എം പ്രതിനിധി രാജ്യസഭയിലെത്തില്ലെന്നുറപ്പായി

രാജ്യസഭയിലേക്ക് ഇനി മൽസരിക്കാനില്ല, നയം വ്യക്തമാക്കി യെച്ചൂരി; കോൺഗ്രസ് പിന്തുണയിൽ പാർട്ടി ജനറൽ സെക്രട്ടറി രാജ്യസഭയിലെത്തുന്നതിന്റെ നാണക്കേടൊഴിഞ്ഞ ആശ്വാസത്തിൽ കേരളത്തിലെ നേതാക്കൾ; യെച്ചൂരിയുടെ ഒഴിവിൽ സി.പി.എം പ്രതിനിധി രാജ്യസഭയിലെത്തില്ലെന്നുറപ്പായി

ന്യൂഡൽഹി: രാജ്യസഭയിലേക്ക് ഇനി മൽസരിക്കാനില്ലെന്ന് സി.പി.എം ദേശീയ ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി. രണ്ടിൽ കൂടുതൽ തവണ രാജ്യസഭയിലേക്ക് മൽസരിക്കരുതെന്ന പാർട്ടി നിലപാട്, ജനറൽ സെക്രട്ടറി എന്ന നിലയിൽ നടപ്പിലാക്കാൻ തനിക്ക് ബാധ്യതയുണ്ടെന്നും സീതാറാം യച്ചൂരി ഡൽഹിയിൽ പറഞ്ഞു. നിലവിൽ ബംഗാളിൽ നിന്നുള്ള രാജ്യസഭാംഗമായ യച്ചൂരിയുടെ കാലവധി ഓഗസ്റ്റ് 18ന് അവസാനിക്കും.

രാജ്യസഭ സ്ഥാനാർത്ഥിത്വം സംബന്ധിച്ച് യെച്ചൂരി നിലപാട് വ്യക്തമാക്കിയതിന്റെ ആശ്വാസത്തിലാണ് മുൻജനറൽ സെക്രട്ടറി പ്രകാശ് കാരാട്ട് ഉൾപ്പെടെയുള്ള സി.പി.എം നേതാക്കൾ. നേരത്തെ, യച്ചൂരിയെ വീണ്ടും രാജ്യസഭയിലെത്തിക്കാൻ വോട്ടു നൽകാമെന്ന കോൺഗ്രസ് വാഗ്ദാനത്തെച്ചൊല്ലി സിപിഎമ്മിലെ യച്ചൂരി- കാരാട്ട് പക്ഷങ്ങൾ തമ്മിൽ കടുത്ത അഭിപ്രായഭിന്നത ഉടലെടുത്തിരുന്നു. അതേസമയം നിലവിലെ അവസ്ഥയിൽ കോൺഗ്രസ് പിന്തുണയില്ലാതെ യെച്ചൂരിയുടെ ഒഴിവിൽ സി.പി.എം പ്രതിനിധി രാജ്യസഭയിലെത്തില്ലെന്നുറപ്പായിരിക്കുകയാണ്. യെച്ചൂരിക്ക് പിന്തുണയറിയിച്ച കോൺഗ്രസ് മറ്റാരെയെങ്കിലും പിന്തുണയ്ക്കുമോയെന്നും വ്യക്തമാക്കിയിട്ടില്ല.

പാർട്ടി ജനറൽ സെക്രട്ടറി കോൺഗ്രസ് സഹായത്തോടെ രാജ്യസഭയിലെത്തുന്നത് ആത്മഹത്യാപരമാണെന്നായിരുന്നു കാരാട്ട് പക്ഷ നേതാക്കളുടെ നിലപാട്. അതേസമയം, വിഷയം ബംഗാളിലോ കേന്ദ്രത്തിലോ പാർട്ടി ചർച്ച ചെയ്യും മുൻപേ കോൺഗ്രസ് നിലപാടിന്റെ പേരിൽ കാരാട്ട് പക്ഷം വാളെടുക്കുന്നതെന്തിനെന്നായിരുന്നു യച്ചൂരിപക്ഷക്കാരുടെ ചോദ്യം.

കോൺഗ്രസിന്റെ പിന്തുണയോടെ സി.പി.എം ജനറൽ സെക്രട്ടറി രാജ്യസഭയിലെത്തുന്നെന്ന വാർത്ത കേരളത്തിലെ പാർട്ടി നേതൃത്വത്തെയും അംങ്കലാപ്പിലാക്കിയിരുന്നു. എന്നാൽ യെച്ചൂരി നയം വ്യക്തമാക്കിയതോടെ ഇനി തലയുയർത്തി നിൽക്കാമെന്ന ആശ്വാസത്തിലാണ് മിക്ക നേതാക്കളും.

അതേസമയം ബംഗളിലെ പാർട്ടി നേതൃത്വം രാജ്യസഭാ സീറ്റിന്റെ കാര്യത്തിൽ മാത്രമല്ല കോൺഗ്രസുമായി അടവുനയം ആകാമെന്ന നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. ബംഗാൾ നിയമസഭ തെരഞ്ഞെടുപ്പ് കാലത്തുപോലും കോൺഗ്രസുമായി സംഖ്യമുണ്ടാക്കുന്നതിനെക്കുറിച്ച് സംസ്ഥാനത്തെ പാർട്ടിഘടകം ആലോചിച്ചിരുന്നു. എന്നാൽ കേരളത്തിലെ നേതാക്കളുടെ സമ്മർദ്ദത്തെ തുടർന്ന് കോൺഗ്രസുമായി സഹകരിക്കുന്നത് സംബന്ധിച്ച് പാർട്ടി കേന്ദ്ര നേതൃത്വത്തിന് തീരുമാനമെടുക്കാനായില്ല.

കേരളത്തിൽ സിപിഎമ്മിന്റെ മുഖ്യ എതിരാളി കോൺഗ്രസും യുഡിഎഫുമായതാണ് ദേശീയതലത്തിൽ പോലും സിപിഎമ്മിന് കോൺഗ്രസുമായി സഹകരിക്കുന്നതിന് വിഘാതമായി നിൽക്കുന്നത്. നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ കരാട്ട് കോൺഗ്രസ് സഹായത്താൽ രാജ്യസഭയിലെത്തുന്നുവെന്ന നാണക്കേട് സി.പി.എം സംസ്ഥാന നേതൃത്വത്തിന് ആലോചിക്കാൻ പോലുമാകാത്തതാണ്. ഏതായാലും കാരാട്ട് നിലപാട് വ്യക്തമാക്കിയതിന്റെ ആശ്വാസത്തിലാണ് കേരളത്തിലെ പാർട്ടി നേതൃത്വം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP