Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ജെയ്റ്റ്‌ലി അവതരിപ്പിച്ചത് വികസന സൗഹാർദ്ദ ബജറ്റെന്ന് പ്രധാനമന്ത്രി; തൊഴിലാളി വിരുദ്ധമെന്ന് തുറന്ന് പറഞ്ഞ് ബിഎംഎസും; ട്രസ്റ്റുകളുടെ പണമിടപാടിന് നിയന്ത്രണം കൊണ്ടു വന്നതും നികുതി വരുമാനം കൂട്ടാൻ; പെട്രോളിന് വില കുറച്ച് വില കൂട്ടിയതും മോദി സർക്കാരിനെ പ്രതിക്കൂട്ടിലാക്കും; അവസരം മുതലെടുത്ത് തിരിച്ചു വരവിന് രാഹുലും

ജെയ്റ്റ്‌ലി അവതരിപ്പിച്ചത് വികസന സൗഹാർദ്ദ ബജറ്റെന്ന് പ്രധാനമന്ത്രി; തൊഴിലാളി വിരുദ്ധമെന്ന് തുറന്ന് പറഞ്ഞ് ബിഎംഎസും; ട്രസ്റ്റുകളുടെ പണമിടപാടിന് നിയന്ത്രണം കൊണ്ടു വന്നതും നികുതി വരുമാനം കൂട്ടാൻ; പെട്രോളിന് വില കുറച്ച് വില കൂട്ടിയതും മോദി സർക്കാരിനെ പ്രതിക്കൂട്ടിലാക്കും; അവസരം മുതലെടുത്ത് തിരിച്ചു വരവിന് രാഹുലും

ന്യൂഡൽഹി: ധനകാര്യമന്ത്രി അരുൺ ജെയ്റ്റ്‌ലി അവതരിപ്പിച്ചത് വികസന സൗഹാർദ്ദ ബജറ്റെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറയുന്നു. നാം മുന്നോട്ട് വയ്ക്കുന്ന 'പുതിയ ഇന്ത്യ'എന്ന കാഴ്ചപ്പാടിനെ ശക്തിപ്പെടുത്താൻ ഈ കേന്ദ്രബജറ്റിന് സാധിക്കുമെന്നും പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. എന്നാൽ ഇത് ഉൾക്കൊള്ളാൻ സംഘപരിവാർ പ്രസ്ഥാനമായ ബിഎംഎസിന് പോലും കഴിയുന്നില്ല. കേന്ദ്രബജറ്റ് തൊഴിലാളി വിരുദ്ധമാണെന്നാരോപിച്ച് ബിജെപി.അനുകൂല സംഘടനയായ ബി.എം.എസ്. സമരത്തിലേക്ക് നീങ്ങുകയാണ്. ബജറ്റിനെതിരേ വെള്ളിയാഴ്ച രാജ്യവ്യാപകമായി പ്രകടനം നടത്തും. ആറ്, എട്ട് തീയതികളിൽ ദേശീയ നിർവാഹക സമിതി ചേർന്ന് ഭാവിപരിപാടികൾ ആലോചിക്കുമെന്ന് അധ്യക്ഷൻ അഡ്വ. സജി നാരായണനും ജനറൽ സെക്രട്ടറി വ്രിജേഷ് ഉപാധ്യായയും പറഞ്ഞു.

കേന്ദ്ര സർക്കാരിന്റെ നീക്കങ്ങളിൽ സംഘപരിവാറിനുള്ള അതൃപ്തിയുടെ സൂചനയാണ് ഈ സമരം. ദലിത് വിഭാഗത്തിന്റേയും പാവപ്പെട്ടവരുടേയും കർഷകരുടേയും ആദിവാസി വിഭാഗങ്ങളുടേയും ക്ഷേമത്തിന് മുൻതൂക്കം നൽകിക്കൊണ്ട് ബജറ്റ് അവതരിപ്പിച്ച ധനമന്ത്രിയെ അഭിനന്ദിക്കുന്നുവെന്ന് പ്രധാനമന്ത്രി കൂട്ടിച്ചേർത്തിരുന്നു, ഇന്ത്യയുടെ ഗ്രാമീണ മേഖലകളിൽ കൂടുതൽ പുതിയ അവസരങ്ങൾ സൃഷ്ടിക്കാൻ കേന്ദ്രബജറ്റ് പ്രത്യേക ശ്രദ്ധ ചെലുത്തിയിട്ടുണ്ട്. ആരോഗ്യം, അടിസ്ഥാന സൗകര്യ വികസനം, വിദ്യാഭ്യാസം, കാർഷികം എന്നു തുടങ്ങി എല്ലാ വികസന മേഖലകളേയും ഉൾക്കൊള്ളിച്ചുള്ള ബജറ്റാണ് ഇന്ന് അവതരിപ്പിക്കപ്പെട്ടത്. ചെറുകിട വ്യവസായ മേഖലയിലെ നിഷ്‌ക്രിയ ആസ്തിയെ പരിഗണിച്ചു കൊണ്ടുള്ള പ്രഖ്യാപനങ്ങൾ വരും ദിവസങ്ങളിൽ ഉണ്ടാവുമെന്നും പ്രധാനമന്ത്രി പറഞ്ഞു. ഈ അവകാശവാദങ്ങളെ പൊളിക്കും വിധമാണ് ബിഎംഎസ് സമരം.

തൊഴിലാളി പ്രശ്‌നങ്ങളാണ് ബിഎംസ് ചൂണ്ടിക്കാട്ടുന്നതെങ്കിലും പെട്രോൾ വില വർദ്ധനവിലും മറ്റും കേന്ദ്രസർക്കാരിനെ പ്രതിരോധത്തിൽ നിർത്തുന്നവർക്ക് കൂടുതൽ കരുത്താവുന്നതാണ് ബിഎംഎസ് നിലപാട്. സ്ഥിരംതൊഴിലിനുപകരം എല്ലാ മേഖലകളിലും നിശ്ചിതകാല തൊഴിൽ കൊണ്ടുവരാനുള്ള നിർദ്ദേശത്തിന്മേൽ ട്രേഡ് യൂണിയനുകളുമായുള്ള ചർച്ച പൂർത്തിയായിട്ടില്ല. അതിനിടയിലാണ് ബജറ്റിൽ തീരുമാനം പ്രഖ്യാപിച്ചത്. അതംഗീകരിക്കാനാവില്ല. കാർഷിക, ഗ്രാമീണ, ആരോഗ്യമേഖലയ്ക്കുള്ള പ്രഖ്യാപനങ്ങളുണ്ടെങ്കിലും തൊഴിലാളികളുമായി ബന്ധപ്പെട്ട് ഒരു പരാമർശവുമില്ല. അങ്കണവാടി, ആശ വർക്കർമാരുടെ പ്രശ്നങ്ങളും ഇ.പി.എഫ്. തൊഴിലാളികളുടെ പ്രശ്നങ്ങളും പരിഹരിച്ചിട്ടില്ല. പെൻഷൻ ആയിരം രൂപയിൽനിന്ന് വർധിപ്പിക്കണമെന്ന ആവശ്യവും തള്ളി -ബിഎംഎസ് നേതാക്കൾ ചൂണ്ടിക്കാട്ടി.

അസംഘടിത മേഖലയ്ക്കുള്ള സാമൂഹിക സുരക്ഷാനിധിയിലേക്ക് ഒരു വിഹിതവും ബജറ്റിലില്ല. ആദായനികുതി ഇളവുകൾ നൽകാത്തതിനാൽ മധ്യവർഗക്കാരായ തൊഴിലാളികളും അതൃപ്തിയിലാണ്. സ്ത്രീകളുടെ ഇ.പി.എഫ്. വിഹിതം കുറച്ചതുവഴി അവരുടെ ഭാവി സമ്പാദ്യം 16 ശതമാനം കുറയും. നഷ്ടത്തിലുള്ള പൊതുമേഖലാ സ്ഥാപനങ്ങൾ പുനരുദ്ധരിക്കാനുള്ള പദ്ധതികൾ ബജറ്റിലില്ല. അതേസമയം, ഓഹരി നിക്ഷേപവുമായി മുന്നോട്ടുപോവുന്നു. തൊഴിലാളി വിരുദ്ധമാണ് ബജറ്റ് -ബി.എം.എസ്. നേതാക്കൾ വിശദീകരിക്കുന്നു.

പെട്രോളിന് വിലകുറച്ചു; കൂട്ടി

അരുൺജെയ്റ്റ്ലി പ്രഖ്യാപിച്ച ബജറ്റിൽ പെട്രോൾ ഡീസൽ വിൽപ്പന നികുതിയിൽ എട്ടുരൂപയോളം കുറവു വരുത്തിയെങ്കിലും അതിന്റെ ഗുണഫലം ജനങ്ങൾക്ക് ലഭിക്കില്ല. പെട്രോൾ, ഡീസൽ ഇന്ധനങ്ങൾക്ക് കേന്ദ്രസർക്കാർ പുതിയതായി റോഡ് സെസ് ഏർപ്പെടുത്തിയതാണ് നികുതി ഇളവിന്റെ ആനുകൂല്യം ജനങ്ങൾക്ക് ലഭിക്കാതാക്കിയത്. റോഡ് സെസസ്സായി ലിറ്ററിന് എട്ടുരൂപയാണ് ബജറ്റിൽ ഏർപ്പെടുത്തിയത്. ഫലത്തിൽ ഒരു നികുതി കുറച്ച് മറ്റൊരു നികുതി ഏർപ്പെടുത്തി.

പെട്രോൾ, ഡീസൽ ഇന്ധനങ്ങൾക്ക് അടിസ്ഥാന എക്സൈസ് നികുതിയിൽ രണ്ടുരൂപ കുറച്ചതിന് പുറമെ ഇവയ്ക്ക് മേൽ ഏർപ്പെടുത്തിയിരുന്ന അഡീഷണൽ എക്സൈസ് നികുതിഎടുത്തുകളയുകയും ചെയ്തിരുന്നു. ആറുരൂപയായിരുന്നു ഇത്തരത്തിൽ ഈടാക്കിയിരുന്നത്. അതേസമയം എഥനോൾ കലർത്തിയ പെട്രോളിന് റോഡ് സെസ്സ്, അടിസ്ഥാന സൗകര്യ സെസ്സ് എന്നിവക്കായി ഏർപ്പെടുത്തിയിരുന്ന 10 ശതമാനവും, ബയോ ഡീസലിന് മേൽ ഏർപ്പെടുത്തിയിരുന്ന 20 ശതമാനം സെസ്സും എടുത്തുകളഞ്ഞിട്ടുണ്ട്. നികുതി കുറച്ചത് ആഗോള തലത്തിൽ ഇന്ധനവിലയിലുണ്ടായ വർധനവിൽ നിന്ന് ജനങ്ങൾക്ക് ആശ്വാസം ലഭിക്കേണ്ടതായിരുന്നു. എന്നാൽ പുതിയതായി റോഡ് സെസ്സ് ഏർപ്പെടുത്തിയത് ഈ ആശ്വാസം നഷ്ടപ്പെടുത്തി.

അതേസമയം ജിഎസ്ടി നടപ്പിലാക്കിയതുമൂലമുണ്ടായ വരുമാന നഷ്ടം മറികടക്കാനാണ് റോഡ് സെസ്സ് ഏർപ്പെടുത്തിയതെന്നാണ് സൂചന. അല്ലായിരുന്നുവെങ്കിൽ ധനക്കമ്മി കുറയ്ക്കാനുള്ള സർക്കാരിന്റെ ലക്ഷ്യങ്ങൾക്ക് തടസം ഉണ്ടാകുമായിരുന്നു.

ട്രസ്റ്റുകൾക്കും നിയന്ത്രണം

ട്രസ്റ്റുകൾക്കും സ്ഥാപനങ്ങൾക്കുമുള്ള പണമിടപാടിൽ കർശന നിയന്ത്രണം ഏർപ്പെടുത്തി കേന്ദ്രബജറ്റ്. 10000 രൂപയിൽ അധികമുള്ള ഇടപാടിനാണ് നിയന്ത്രണം. 10,000 രൂപയ്ക്ക് മുകളിൽ പണമായി ഇടപാട് നടത്താനാവില്ലെന്ന് ധനമന്ത്രി ബജറ്റിൽ വ്യക്തമാക്കി. ട്രസ്റ്റുകൾക്കും സ്ഥാപനങ്ങൾക്കും നൽകുന്ന സംഭാവനയിലൂടെ വൻ തോതിൽ കള്ളപ്പണം വെളുപ്പിക്കുന്നുവെന്ന ആരോപണമുയർന്നിരുന്നു. ഇതിന് തടയിടുക എന്നതാണ് കർശന നിയന്ത്രണമേർപ്പെടുത്തുന്നതിലൂടെ കേന്ദ്രസർക്കാർ ഉദ്ദേശിക്കുന്നത്. നിയന്ത്രണമേർപ്പെടുത്തുന്നതോടെ ഇത്തരം ഇടപാടുകൾ പൂർണമായും ബാങ്കിലൂടെയായിത്തീരും.

കസ്റ്റംസ് തീരുവ കൂട്ടിയതോടെ മൊബൈൽ ഫോണുകൾ, കാർ, മോട്ടോർ സൈക്കിൾ, ചെരുപ്പ്, പെർഫ്യൂം എന്നിവയുടെ വില വർധിക്കും. അതേ സമയം ഇറക്കുമതി തീരുവ കുറയ്ക്കുന്നതിനാൽ ശ്രവണ സഹായത്തിനുപയോഗിക്കുന്ന കോക്ലിയാർ ഇംപ്ലാന്റ് ഉപകരണങ്ങൾ, കശുവണ്ടി എന്നിവയ്ക്ക് വിലകുറയും.

ആഞ്ഞടിച്ച് രാഹുലും

ജെയ്റ്റ്ലി അവതരിപ്പിച്ച കേന്ദ്ര ബജറ്റ് ജനങ്ങളുടെ കണ്ണിൽ പൊടിയിടാനുള്ളതാണെന്നും നാല് വർഷം കഴിഞ്ഞിട്ടും ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങൾ പഴയപടി നിൽക്കുകയാണെന്നും കോൺഗ്രസ് പ്രസിഡന്റ് രാഹുൽ ഗാന്ധി. ഭരണത്തിൽ നിന്നിറങ്ങാൻ ഒരു വർഷം കൂടിയല്ലേയുള്ളൂ ഇതുവരെ സേവിച്ചതിന് നന്ദിയുണ്ടെന്നും രാഹുൽ ഗാന്ധി പറഞ്ഞു. രാജസ്ഥാനിൽ ബിജെപി നേരിട്ട തിരിച്ചടിക്ക് കോൺഗ്രസിന് കരുത്ത് പകരുന്നതാണ്. ഈ സാഹചര്യത്തിൽ ബജറ്റിനെതിരെ ശക്തമായ പ്രതിഷേധം ഉയർത്താൻ കോൺഗ്രസും രംഗത്തുണ്ട്.

എല്ലാ മേഖലയിലുമുള്ള ജനങ്ങൾക്കും നിരാശമാത്രമാണ് ബജറ്റ് നൽകുന്നത്. നാല് വർഷം കഴിഞ്ഞു കർഷകർക്ക് നല്ല വില നൽകുമെന്നാണ് ഇപ്പോഴും സർക്കാർ പറഞ്ഞുകൊണ്ടിരിക്കുന്നത്. നാല് വർഷം പിന്നിട്ടു ക്ഷേമപദ്ധതികൾക്ക് ബജറ്റുമായി യാതൊരു ബന്ധവുമില്ല, നാല് വർഷം കഴിഞ്ഞു യുവജനങ്ങൾക്ക് ജോലിയില്ല. ഭരണത്തിൽ നിന്നിറങ്ങാൻ ഒരു വർഷമല്ലേ ബാക്കിയുള്ളൂ. നന്ദിയുണ്ടെന്നും രാഹുൽ പറഞ്ഞു. തന്റെ ഔദ്യോഗിക ട്വിറ്റർ പേജിലൂടെയാണ് രാഹുൽ മോദി സർക്കാരിന്റെ ബജറ്റിനെതിരെ രൂക്ഷ വിമർശനമുന്നയിച്ചിരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP