Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

നോട്ട് പിൻവലിക്കൽ: പ്രധാനമന്ത്രി പാർലമെന്റിൽ ചർച്ചയിൽ പങ്കെടുത്ത് സംസാരിക്കുമെന്ന് കേന്ദ്രസർക്കാർ; തീരുമാനം മോദി സംസാരിക്കാതെ പ്രതിഷേധം അവസാനിക്കില്ലെന്ന് മല്ലികാർജുന ഖാർഗെ വ്യക്തമാക്കിയതിന് പിന്നാലെ

നോട്ട് പിൻവലിക്കൽ: പ്രധാനമന്ത്രി പാർലമെന്റിൽ ചർച്ചയിൽ പങ്കെടുത്ത് സംസാരിക്കുമെന്ന് കേന്ദ്രസർക്കാർ; തീരുമാനം മോദി സംസാരിക്കാതെ പ്രതിഷേധം അവസാനിക്കില്ലെന്ന് മല്ലികാർജുന ഖാർഗെ വ്യക്തമാക്കിയതിന് പിന്നാലെ

ന്യൂഡൽഹി: നോട്ട് പിൻവലിച്ചതിനെ തുടർന്നുണ്ടായ സാഹചര്യങ്ങൾ പ്രധാനമന്ത്രി നരേന്ദ്രമോദി പാർലമെന്റിൽ സംസാരിക്കണമെന്ന ആവശ്യപ്പെട്ട് പ്രതിപക്ഷത്തിന്റെ പ്രക്ഷോഭം ഇന്നും തുടർന്നതോടെ ഗത്യന്തരമില്ലാതെ സംസാരിക്കാൻ സമ്മതം മൂളി മോദി. പ്രധാനമന്ത്രി പാർലമെന്റിൽ ചർച്ചയിൽ പങ്കെടുത്ത് സംസാരിക്കുമെന്ന് കേന്ദ്രസർക്കാർ വ്യക്തമാക്കി. സർക്കാരിനെതിരെ അതിശക്തമായ നീക്കമുണ്ടായതോടെയാണ് ഈ തീരുാമനം.

പ്രധാനമന്ത്രി സംസാരിക്കില്ലെങ്കിൽ സഭ നടത്തിക്കൊണ്ടുപോവുക പ്രയാസമായ സാഹചര്യത്തിൽ സർക്കാർ പുതിയ വാഗ്ദാനം മുന്നോട്ടുവച്ചു. ആവശ്യമെങ്കിൽ പ്രധാനമന്ത്രി സംസാരിക്കാൻ തയ്യാറാണ് എന്നാണ് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ് പാർലമെന്റിനെ അറിയിച്ചത്.
രാവിലെ പ്രിതപക്ഷ എംപിമാർ പാർലമെന്റ് മന്ദിരത്തിന് ചുറ്റും പ്രതിഷേധം നടത്തി. ഭാരത് ബന്ദിന് സമാനമായ പ്രക്ഷോഭത്തിന് പൂർണ ഉത്തരവാദി പ്രധാനമന്ത്രി മാത്രമാണെന്ന് പ്രതിപക്ഷം ചൂണ്ടിക്കാട്ടി.

സർക്കാരിനെതിരെ പ്രക്ഷോഭം നടത്തുന്ന പ്രതിപക്ഷത്ത് വിള്ളലാലണെന്ന് കേന്ദ്ര മന്ത്രി അനന്തകുമാർ പരിഹസിച്ചു. കോൺഗ്രസും മമതാബാനർജിയുടെ തൃണമൂൽ കോൺഗ്രസും രണ്ടുവഴിക്കാണെന്നും അദ്ദേഹം പറഞ്ഞു.ലോക്‌സഭയിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിലായിരുന്നു പ്രതിപക്ഷത്തിന്റെ പ്രതിഷേധം. പാർലമെന്റിൽ പ്രധാനമന്ത്രി സംസാരിക്കാൻ സന്നദ്ധമായാലേ സഭാ നടത്തിപ്പിലെ അനിശ്ചിതത്വം മാറുകയുള്ളൂ എന്ന് കോൺഗ്രസ് സഭാ നേതാവ് മല്ലികാർജ്ജുന ഖാർഗെ വ്യക്തമാക്കി.

നോട്ട് പിൻവലിച്ചതിന് ശേഷം ഇതുമായി ബന്ധപ്പെട്ട് 70 ആളുകൾ മരിക്കുകയും 1000 ത്തിലധികം ആളുകൾക്ക് പരിക്കേൽക്കുകയും ചെയ്തു. എന്നിട്ടും പ്രധാനമന്ത്രി സഭയിലെത്താനോ ചർച്ചകളിൽ പങ്കെടുക്കാൻ തയ്യാറാകുന്നില്ലെന്ന് ഖാർഗെ ചൂണ്ടിക്കാട്ടിയിരുന്നു. ഇന്ന് സഭ ചേർന്നപ്പോൾ തന്നെ ഇരു സഭകളും നോട്ട് വിഷയത്തിൽ സ്തംഭിച്ചു. ബഹളത്തെത്തുടർന്ന് രാജ്യസഭയും ലോക്‌സഭയും രണ്ടുമണി വരെ നിർത്തി വച്ചിരിക്കുകയാണ്. പ്രതിപക്ഷ പാർട്ടികൾ ജൻ ആക്രോശ് ദിവസിനാണ് ആഹ്വാനം ചെയ്തിരുന്നതെന്നും പ്രധാനമന്ത്രിയുടെ നടപടിയാണ് രാജ്യത്ത് ഭാരത് ബന്ദിന്റെ അവസ്ഥ സൃഷ്ടിച്ചതെന്നും രാജ്യസഭയിൽ ഗുലാം നബി ആസാദ് ആരോപിച്ചു.

രാവിലെ ലോക്‌സഭ ചേർന്നപ്പോൾ തൃണമൂൽ, കോൺഗ്രസ് അംഗങ്ങൾ നോട്ട് പിൻവലിക്കൽ വിഷയത്തിൽ ചർച്ച വേണമെന്ന് ആവശ്യപ്പെട്ടു. ഇത് സ്പീക്കർ നിഷേധിച്ചതോടെ പ്രതിപക്ഷ അംഗങ്ങൾ പ്ലക്കാർഡുകളുമായി സഭയുടെ നടുത്തളത്തിലേക്കിറങ്ങുകയായിരുന്നു. ചോദ്യോത്തര വേള 20 മിനിട്ട് നീണ്ടെങ്കിലും ബഹളം മൂലം 12 മണിവരെ നിർത്തി വെക്കുകയായിരുന്നു. പിന്നീട് ചേർന്നപ്പോഴും ബഹളം തുടർന്നു. ഇതേത്തുടർന്ന് രണ്ട് മണിവരെ സഭ നിർത്തിവച്ചു.

രാജ്യസഭയിലും സമാന സംഭവങ്ങളാണ് അരങ്ങേറിയത്. സഭ ചേർന്ന ഉടൻ കോൺഗ്രസ്, തൃണമൂൽ, ബിഎസ്‌പി അംഗങ്ങൾ ചർച്ച ആവശ്യപ്പെട്ട് ബഹളം തുടങ്ങി. ബഹളത്തെത്തുടർന്ന് ആദ്യം അരമണിക്കൂർ സഭ നിർത്തിവച്ചു. പിന്നീട് 11.40 ചേർന്നെങ്കിലും വീണ്ടും ബഹളമുണ്ടായതിനെത്തുടർന്ന് ഉച്ചയ്ക്ക് രണ്ട് മണിവരെ നിർത്തിവെക്കുകയാണെന്ന് സ്പീക്കർ അറിയിച്ചു.

അഴിമതി ഇല്ലാതാക്കാനാണ് നിരോധനം എന്നായിരുന്നു ഇന്നലെ മൻകിബാത്തിൽ പ്രധാനമന്ത്രിയുടെ പ്രസംഗം. ഇതിനായി ജനങ്ങൾ ബുദ്ധിമുട്ട് സഹിക്കാൻ തയ്യാറാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. വ്യാപര സ്ഥാപനങ്ങൾ അടച്ചുള്ള പ്രക്ഷോഭത്തിന് ഇടത് ഇതര പാർട്ടികൾ തയ്യാറായിട്ടില്ല. മറ്റ് പ്രക്ഷോഭങ്ങളാണ് കോൺഗ്രസ് അടക്കമുള്ള ഇതര പാർട്ടികൾ സ്വീകരിച്ചിട്ടുള്ളത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP