Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ലോക്‌സഭയിൽ ഏറ്റവും മികച്ച പ്രകടനം കാഴ്ചവച്ച എംപിമാരിൽ പപ്പു യാദവും ഓംപ്രകാശ് യാദവും; ക്രിമിനലുകൾ മികച്ച എംപിമാരായ കഥ

ലോക്‌സഭയിൽ ഏറ്റവും മികച്ച പ്രകടനം കാഴ്ചവച്ച എംപിമാരിൽ പപ്പു യാദവും ഓംപ്രകാശ് യാദവും; ക്രിമിനലുകൾ മികച്ച എംപിമാരായ കഥ

കൊലക്കുറ്റത്തിന് അഞ്ചുവർഷം തടവുശിക്ഷയനുഭവിച്ചയാളാണ് പപ്പു യാദവ്. ഇതടക്കം ഒട്ടേറെ ക്രിമിനൽ കേസ്സുകളിൽ പ്രതി. കൊലക്കുറ്റത്തിൽ നിന്ന് പട്‌ന ഹൈക്കോടതി കുറ്റവിമുക്തനാക്കിയതോടെ തിരഞ്ഞെടുപ്പ് രംഗത്തേയ്ക്ക് തിരിച്ചുവന്നു. ബീഹാറിൽ നിന്ന് ലോക്‌സഭയിലെത്തിയ പപ്പു യാദവ് എന്ന രാജേഷ് രഞ്ജൻ ഇപ്പോൾ ലോക്‌സഭയിലെ ഏറ്റവും മികച്ച എംപിമാരിൽ ഒരാളാണ്. 

പപ്പു യാദവ് മാത്രമല്ല, ഉത്തര ബീഹാറിലെ കിരീടംവെക്കാത്ത രാജാവായിരുന്നു ഒരു കാലത്ത് ഓംപ്രകാശ് യാദവ്. ഓംപ്രകാശും ബീഹാറിൽ നിന്നുള്ള എംപിമാരിൽ പ്രവർത്തന മികവിൽ ഇപ്പോൾ ഒന്നാം സ്ഥാനത്താണ്. 16 വർഷം മുമ്പ് കൊലചെയ്യപ്പെട്ട ഭർത്താവിന്റെ സ്മരണ നിലനിർത്തുന്നതിന് വേണ്ടി രാഷ്ട്രീയത്തിലിറങ്ങിയ രമാ ദേവിയാണ് മികവ് കാട്ടിയ മറ്റൊരു ബീഹാർ എംപി.

ലോക്‌സഭയിലെ പ്രവർത്തനമികവുകൾ പരിശോധിച്ച് പിആർഎസ് ലെജിസ്ലേറ്റീവ് റിസർച്ച് തയ്യാറാക്കിയ പട്ടികയിലാണ് ബീഹാറിലെ എംപിമാരിൽ ഇവർ മൂന്നുപേർ മുന്നിട്ടുനിൽക്കുന്നത്. മധേപ്പുരയിൽ നിന്നുള്ള ആർ.ജെ.ഡി എംപിയാണ് പപ്പുയാദവ്. ഇപ്പോഴത്തെ ലോക്‌സഭ തുടങ്ങിയശേഷം നടന്ന 57 ചർച്ചകളിൽ 40 എണ്ണത്തിലും സജീവമായി പങ്കെടുത്തതാണ് പപ്പു യാദവിന്റെ പ്രവർത്തന മികവ്. ഇത്രയേറെ ചർച്ചകളിൽ പങ്കെടുത്ത മറ്റൊരു എംപിയും ഇപ്പോഴത്തെ സഭയിലില്ല.

1998-ൽ സിപിഐ(എം) നേതാവ് അജിത് സർക്കാരിനെ കൊലപ്പെടുത്തിയ കേസ്സിലാണ് 2008 മുതൽ 2013 വരെ പപ്പു യാദവ് ജയിലിൽ കഴിഞ്ഞത്. പട്‌ന ഹൈക്കോടതി 2013-ൽ പപ്പു യാദവിനെ കുറ്റവിമുക്തനാക്കി. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ജനതാദൾ യു പ്രസിഡന്റ് ശരദ് യാദവിനെ മധേപ്പുരയിൽ പരാജയപ്പെടുത്തിയാണ് പപ്പു യാദവ് ലോക്‌സഭയിൽ തിരിച്ചെത്തിയത്. ഇത് അഞ്ചാം തവണയാണ് അദ്ദേഹം പാർലമെന്റിലെത്തുന്നത്.

വടക്കൻ ബീഹാറിലെ ഷോഹറിൽനിന്നുള്ള ബിജെപി എംപിയാണ് 66-കാരിയായ രമാദേവി. പാർലമെന്റിൽ ഉന്നയിച്ച ചോദ്യങ്ങളുടെ പേരിലാണ് അവരുടെ പ്രവർത്തന മികവ് രേഖപ്പെടുത്തിയിട്ടുള്ളത്. 16-ാം ലോക്‌സഭയിലെ കഴിഞ്ഞ പത്തുമാസത്തെ കാലയളവിനിടെ 131 ചോദ്യങ്ങളാണ് അവർ ഉന്നയിച്ചത്. കഴിഞ്ഞ ലോക്‌സഭയിലും മികച്ച പ്രകടനമാണ് രമാ ദേവി കാഴ്ചവച്ചത്. രാബ്രി ദേവിയുടെ മന്ത്രിസഭയിൽ അംഗമായിരുന്ന രമാ ദേവിയുടെ ഭർത്താവ് ബ്രിജ് ബിഹാരി പ്രസാദ്. പട്‌നയിലെ ആശുപത്രി വളപ്പിൽവച്ച് കൊലചെയ്യപ്പെട്ട ഭർത്താവിന്റെ സ്മരണ ജനങ്ങൾക്കിടയിൽ നിലനിർത്തുന്നതിനാണ് താൻ രാഷ്ട്രീയത്തിലിറങ്ങിയതെന്ന് രമാ ദേവി പറയുന്നു.

ഏറ്റവും കൂടുതൽ സ്വകാര്യ ബില്ലുകൾ അവതരിപ്പിച്ച ബീഹാർ എംപി. എന്ന നിലയിലാണ് ഓംപ്രകാശ് യാദവിന്റെ മികവ്. കഴിഞ്ഞ പത്തുമാസത്തിനിടെ 10 സ്വകാര്യ ബില്ലുകൾ അദ്ദേഹം അവതിപ്പിച്ചു. ഇപ്പോൾ ജയിലിലുള്ള മുൻ എംപി. മുഹമ്മദ് ഷഹാബുദീന്റെ ഭാര്യ ഹീന ഷഹാബിനെ തോൽപിച്ചാണ് ഓംപ്രകാശ് ബിജെപി പിന്തുണയോടെ സഭയിലെത്തിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP