Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

വൻ ശക്തികൾക്കെതിരായ പോരാട്ടവും അഴിമതിവിരുദ്ധ നിലപാടുകളും ജീവനുതന്നെ ഭീഷണി ഉയർത്തുന്നു; ഒരേഒരു പാർട്ടി മാത്രം സ്വാതന്ത്ര്യം നേടിത്തന്നുവെന്ന് കോൺഗ്രസിന്റെ വിചാരം; ജനശക്തി മൂലമാണ് ദരിദ്രകുടുംബത്തിൽ ജനിച്ചയൊരാൾ രാജ്യത്തിന്റെ പ്രധാനമന്ത്രി പദത്തിലെത്തിയത്; വിമർശനങ്ങളെ പ്രതിരോധിച്ചും രാഹുൽ ഗാന്ധിയെ പരിഹസിച്ചും മോദി പാർലമെന്റിൽ

വൻ ശക്തികൾക്കെതിരായ പോരാട്ടവും അഴിമതിവിരുദ്ധ നിലപാടുകളും ജീവനുതന്നെ ഭീഷണി ഉയർത്തുന്നു; ഒരേഒരു പാർട്ടി മാത്രം സ്വാതന്ത്ര്യം നേടിത്തന്നുവെന്ന് കോൺഗ്രസിന്റെ വിചാരം; ജനശക്തി മൂലമാണ് ദരിദ്രകുടുംബത്തിൽ ജനിച്ചയൊരാൾ രാജ്യത്തിന്റെ പ്രധാനമന്ത്രി പദത്തിലെത്തിയത്; വിമർശനങ്ങളെ പ്രതിരോധിച്ചും രാഹുൽ ഗാന്ധിയെ പരിഹസിച്ചും മോദി പാർലമെന്റിൽ

ന്യൂഡൽഹി: അഴിമതിവിരുദ്ധ നിലപാടുകൾ തന്റെ ജീവനുതന്നെ ഭീഷണി ഉയർത്തുന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോദി. വൻ ശക്തികൾക്കെതിരേയാണു തന്റെ പോരാട്ടം. എന്നാൽ ഭീഷണിയുടെ പേരിൽ അഴിമതിവിരുദ്ധ നിലപാടുകളിൽനിന്നു പിന്നോട്ടില്ലെന്നും എന്തും നേരിടാൻ തയാറാണെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. രാഷ്ട്രപതിയുടെ നയപ്രഖ്യാപനത്തിനുള്ള നന്ദിപ്രമേയ ചർച്ചയ്ക്ക് മറുപടി നൽകുകയായിരുന്നു അദ്ദേഹം. കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധിയെ പരിഹസിച്ചും തനിക്കെതിരെ ഉയർന്ന വിമർശനങ്ങളെ പ്രതിരോധിച്ചും പ്രധാനമന്ത്രി നല്കിയ മറുപടി തികച്ചും വികാരനിർഭരമായിരുന്നു.

തന്റെ ജീവനു ഭീഷണിയുണ്ടെന്ന് ഗോവയിൽവച്ച് പറഞ്ഞത് വെറുതെയല്ലെന്ന് മോദി പറഞ്ഞു. വൻശക്തികൾക്കെതിരെയാണ് തന്റെ പോരാട്ടം. അതുകൊണ്ട് എന്തും നേരിടാൻ താൻ തയാറാണ്. സമൂഹത്തിൽ ജനശക്തിക്കു ഏറെ പ്രധാന്യമുണ്ടെന്നും ജനശക്തി ഒന്നു കൊണ്ടു മാത്രമാണ് ദരിദ്രകുടുംബത്തിൽ ജനിച്ചൊരാൾ പ്രധാനമന്ത്രി പദത്തിലേറിയതെന്നും മോദി പറഞ്ഞു. എന്നെപ്പോലെ സ്വാതന്ത്ര്യസമരകാലത്ത് രാജ്യത്തിനുവേണ്ടി ജീവൻ നൽകാൻ സാധിക്കാത്ത ഒട്ടേറെപ്പേരുണ്ട്. എന്നാൽ, അവർ ഇന്ത്യയ്ക്കുവേണ്ടി ജീവിക്കുകയും രാജ്യത്തെ സേവിക്കുകയും ചെയ്യുന്നു. ഇടയ്ക്കെവിടെയോ നമുക്ക് ജനശക്തി നഷ്ടപ്പെട്ടു. എന്നാൽ, അത് അംഗീകരിക്കാൻ നമ്മൾ മറന്നുപോയി.

ഇന്ത്യയെ പുതിയ ഉയരങ്ങളിലെത്തിക്കുന്നതിനുള്ള ജനത്തിന്റെ ശക്തിയെ നമ്മൾ അംഗീകരിക്കുകയും അഭിനന്ദിക്കുകയും വേണം. ജനശക്തിയിലുള്ള വിശ്വാസം നമുക്ക് ഫലം തരും. ശുചിത്വം പോലും രാഷ്ട്രീയ വിഷയമാക്കിയതുകണ്ട് ഞാൻ അത്ഭുതപ്പെട്ടു. സ്വച്ഛ് ഭാരതിനായി നമുക്ക് ഒന്നിച്ചു പ്രവർത്തിച്ചുകൂടേ. അഴിമതിയെന്ന വാക്കിൽ ഒരാൾക്ക് എങ്ങനെയാണ് സേവനമെന്ന അർഥം കണ്ടെത്താനാകുന്നതെന്ന് മോദി ചോദിച്ചു.

ഒരേയൊരു പാർട്ടി മാത്രമാണ് രാജ്യത്തിന് സ്വാതന്ത്ര്യം നേടിത്തന്നതെന്നാണ് കോൺഗ്രസ് കരുതുന്നത്. പ്രശ്‌നങ്ങളുടെ അടിസ്ഥാന കാരണം അതാണ്. നോട്ട് അസാധുവാക്കൽ നടപ്പാക്കിയത് തയ്യാറെടുപ്പോടെയാണ്. നോട്ട് അസാധുവാക്കലിന്റെ ആദ്യദിനം മുതൽ തന്നെ ചർച്ചയ്ക്ക് ഞങ്ങൾ തയാറായിരുന്നു. എന്നാൽ ചിലർക്ക് ടെലിവിഷനിലൂടെ പ്രസ്താവനയിറക്കുന്നതിനായിരുന്നു താൽപര്യം. പ്രതിപക്ഷം ചർച്ച നടത്താൻ അനുവദിച്ചില്ല.

ശരിയായ സമയത്താണ് നോട്ട് അസാധുവാക്കൽ തീരുമാനമെടുത്തത്. ശരീരം നന്നായിരിക്കുന്ന വേളയിലാണ് ഓപ്പറേഷൻ നടത്തേണ്ടത്. ഇപ്പോൾ രാജ്യത്തിന്റെ സാമ്പത്തിക നില നല്ല അവസ്ഥയിലാണ്. അതു കൊണ്ടാണ് നോട്ട് നിരോധനം നടപ്പിലാക്കിയതെന്നും മോദി മറുപടിയായി പറഞ്ഞു. കള്ളപ്പണക്കാരെ പിടികൂടാൻ സാങ്കേതിക വിദ്യ സഹായിച്ചു. മുമ്പ് എത്ര നഷ്ടപ്പെട്ടു എന്നായിരുന്നു ജനം ചോദിച്ചിരുന്നത്.- പ്രധാനമന്ത്രി പറഞ്ഞു.

ജനത്തിന്റെ പ്രശ്‌നങ്ങൾ കുറയ്ക്കുന്നതിനായി നോട്ട് അസാധുവാക്കലിനുശേഷം നിയമങ്ങളിൽ മാറ്റം വരുത്തി. നോട്ട് നിരോധന വിഷയത്തിൽ ഞാൻ എല്ലായ്‌പ്പോഴും ചർച്ചയ്ക്ക് തയ്യാറായിരുന്നു. എന്നാൽ ചർച്ചയ്ക്ക് പ്രതിപക്ഷം അനുവദിച്ചില്ല, ചാനൽ ചർച്ചകളിലായിരുന്നു അവർക്ക് താൽപര്യമെന്നം മോദി കുറ്റപ്പെടുത്തി. 1988 ൽ നിലവിൽ വന്ന ബിനാമി നിയമം കോൺഗ്രസ് എന്തുകൊണ്ടാണ് നോട്ടിഫൈ ചെയ്യാത്തത്. ബ്രിട്ടീഷ് കോളനി കാലത്തെ ബജറ്റ് അവതരണ സമയം മാറ്റാനാണ് ഇപ്പോൾ സർക്കാർ ശ്രമിച്ചത് സ്വർണം, സ്ഥലം എന്നിവയിലാണ് കള്ളപ്പണമുള്ളതെന്ന ഖാർഗെയുടെ പ്രസ്താവനയോട് ഞാൻ യോജിക്കുന്നു. എന്നാൽ എന്നു മുതലാണ് ഖാർഗെ ഇത് മനസിലാക്കിയതെന്നാണ് ഞാൻ ചോദിക്കുന്നത് ജനശക്തി എവിടെയോ നമുക്ക് നഷ്ടപ്പെട്ടു. ഇത് അംഗീകരിക്കാൻ കഴിയില്ല കോൺഗ്രസ് ഭരണത്തിൽ ജനാധിപത്യം ഹൈജാക്ക് ചെയ്യപ്പെട്ടു. ഇതാദ്യമായി ഈ സർക്കാർ ഇന്ത്യയെ ശുദ്ധീകരിക്കാനുള്ള കാംപയിൻ നടത്തി. ഇന്ത്യയെ ശുദ്ധീകരിക്കാനുള്ള പ്രക്രിയയെ രാഷ്ട്രീയവുമായി ബന്ധപ്പെടുത്തരത്- മോദി പറഞ്ഞു.

കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധിയെയും മോദി പരിഹസിച്ചു. ഡൽഹിയിൽ ഇന്നലെയുണ്ടായ ഭൂചലനവുമായി താരതമ്യപ്പെടുത്തിയാണ് 'സഭയിൽ ഇന്നലെ ഭൂചലനമുണ്ടായി' എന്ന് മോദി പറഞ്ഞത്. താൻ സംസാരിച്ചാൽ ഭൂകമ്പം ഉണ്ടാകുമെന്ന് രാഹുൽ മുൻപ് പറഞ്ഞിരുന്നു. 1975 - 77 കാലഘട്ടത്തിൽ നമ്മുടെ ജനാധിപത്യം ഭീഷണിയിലായിരുന്നു. അക്കാലത്ത് പ്രതിപക്ഷ നേതാക്കൾ ജയിലിലടയ്ക്കപ്പെട്ടു. പത്രസ്വാതന്ത്ര്യം ഹനിക്കപ്പെട്ടു. കോൺഗ്രസിലെ ജനാധിപത്യം ഒരു കുടുംബത്തിൽ മാത്രമായി ഒതുങ്ങിയെന്നും പ്രധാനമന്ത്രി കുറ്റപ്പെടുത്തി. പാക്കിസ്ഥാനിൽ മിന്നലാക്രമണം നടത്താനുള്ള തീരുമാനം നിർണായകമായിരുന്നുവെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.

1.20 കോടി ജനങ്ങൾ അവരുടെ പാചകവാതക സബ്‌സിഡി വേണ്ടെന്നുവച്ചു. എത്രയാണ് നഷ്ടപ്പെട്ടതെന്ന് ചോദിച്ചിരുന്ന ജനം ഇപ്പോൾ എത്രയാണ് കൊണ്ടുവരുന്നതെന്നാണ് ചോദിക്കുന്നത്. ഞങ്ങൾ അധികാരം ഏറ്റെടുത്തതിനുശേഷം ഇങ്ങനെയാണ് കാര്യങ്ങൾ മാറിയിരിക്കുന്നത്.

നിങ്ങൾ എത്ര വലുതാണെന്നതല്ല, പാവങ്ങൾക്ക് എത്ര നൽകുന്നതെന്നാതാണ് ബാധകമാകുന്നത്. പാവങ്ങൾക്കു വേണ്ടിയാണ് എന്റെ പോരാട്ടം. കോൺഗ്രസിന്റെ ഭരണകാലത്ത് ഒരു സമാന്തര സമ്പദ്വ്യവസ്ഥ രൂപപ്പെട്ടിരുന്നു. തിരഞ്ഞെടുപ്പിൽ ജയിക്കുന്നതിനായിരുന്നു അവരുടെ ശ്രമങ്ങൾ. ഞങ്ങൾ രാജ്യത്തെ കരുതുന്നവരാണ്. നയപ്രഖ്യാപന ചർച്ചയ്ക്ക് വീര്യം പകരുന്ന ഒട്ടേറെ ചോദ്യങ്ങൾ എംപിമാർ ഉന്നയിച്ചു. എല്ലാവരോടും ഞാൻ നന്ദി പറയുന്നു മോദി പറഞ്ഞു. അതിനിടെ, പ്രധാനമന്ത്രിയുടെ പ്രസംഗത്തിനിടെ പ്രതിപക്ഷം ബഹളം വച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP