Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ചാനലിൽ വക്താക്കൾ സംസാരിക്കുന്നതു ചെന്നിത്തലയ്ക്കു വേണ്ടി; അജയ് തറയിലിന്റെ പോസ്റ്റ് അതിരുകടന്നത്; ലീഡറെ ഉയർത്തിക്കാട്ടി അപമാനിച്ചതു മുഖ്യമന്ത്രിയെ; പരാതിയുമായി എ ഗ്രൂപ്പ് ഹൈക്കമാൻഡിനു മുന്നിൽ

ചാനലിൽ വക്താക്കൾ സംസാരിക്കുന്നതു ചെന്നിത്തലയ്ക്കു വേണ്ടി; അജയ് തറയിലിന്റെ പോസ്റ്റ് അതിരുകടന്നത്; ലീഡറെ ഉയർത്തിക്കാട്ടി അപമാനിച്ചതു മുഖ്യമന്ത്രിയെ; പരാതിയുമായി എ ഗ്രൂപ്പ് ഹൈക്കമാൻഡിനു മുന്നിൽ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കോൺഗ്രസിന്റെ വക്താക്കൾ സംസാരിക്കുന്നത് രമേശ് ചെന്നിത്തലയ്ക്ക് വേണ്ടി മാത്രമാണോ? വക്താക്കളിൽ പലരും ടിവി ചാനലുകളിലെ ചർച്ചകളിൽ ശ്രമിക്കുന്നത് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയെ മാത്രം രക്ഷിക്കാനാണത്രേ. പാർട്ടി നയങ്ങൾ പറയുമ്പോൾ ഐ ഗ്രൂപ്പിന്റെ നിലപാടുകൾ മാത്രമാണ് പുറത്ത് വരുന്നത്. സോഷ്യൽ മീഡിയയിൽ പോലും പരസ്യമായി സർക്കാരിനെ വിമർശിക്കുന്ന തരത്തിൽ പോസ്റ്റുകൾ വരുന്നു. ഈ സാഹചര്യത്തിൽ വക്താക്കളെ നിലയ്ക്ക് നിർത്തണമെന്നാണ് കോൺഗ്രസിലെ എ ഗ്രൂപ്പിന്റെ ആവശ്യം. അല്ലാത്ത സാഹചര്യത്തിൽ ചാനൽ ചർച്ചകളിലെത്തി തങ്ങളുടെ നിലപാട് വിശദീകരിക്കേണ്ടി വരുമെന്നാണ് അഭിപ്രായം. പാർട്ടിയിൽ സംഘടനാ തെരഞ്ഞെടുപ്പ് നടത്തി ഉടൻ പുതിയ മുഖങ്ങളെ ഭാരവാഹികളാക്കണമെന്നാണ് ആവശ്യം.

ബാർ കോഴ ആരോപണവുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ ചില കോൺഗ്രസ് നേതാക്കളുടെ നിലപാട് സർക്കാരിനെ സമ്മർദത്തിലാക്കുന്നുവെന്നും ഹൈക്കമാൻഡിനു നൽകിയ പരാതിയിലുണ്ട്. കോഴിക്കോട്, കോട്ടയം ജില്ലകളിലെ എ ഗ്രൂപ്പ് നേതാക്കളാണു പരാതി നൽകിയത്. ചാനൽ ചർച്ചകളിൽ പങ്കെടുക്കുന്ന ചില കോൺഗ്രസ് വ്യക്താക്കൾ പലപ്പോഴും സർക്കാരിനെ പ്രതിരോധത്തിലാക്കുകയാണെന്നും ഇവരെ വക്താവ് സ്ഥാനത്തുനിന്നു നീക്കണമെന്നുമാണ് മറ്റൊരാവശ്യം. അജയ് തറയിലിനെതിരെയാണ് പ്രധാനമായും പ്രതിഷേധം. ധനമന്ത്രി കെഎം മാണിയെ വിമർശിക്കുന്ന തരത്തിൽ അജയ് തറയിൽ സംസാരിക്കുന്നുണ്ട്. ഇതെല്ലാം എ ഗ്രൂപ്പ് മന്ത്രിയായ കെ ബാബുവിനെ പ്രതിക്കൂട്ടിലാക്കാനാണ്. ഫേസ്‌ബുക്കിൽ ഇന്നലെ അജയ് തറയിലിട്ട പോസ്റ്റ് എല്ലാ അതിരുകളും ലംഘിച്ചതാണെന്നും അഭിപ്രായമുണ്ട്.

ബാർ കോഴ ആരോപണം ഉയർന്നപ്പോൾ തന്നെ മാണി വിരുദ്ധ പരാമർശങ്ങളുമായി അജയ് തറയിൽ എത്തി. അതിനെ തുടർന്ന് കർശനമായ താക്കീത് എത്തി. ഇതോടെ ലീവിൽ പ്രവേശിച്ചു. തിരിച്ചു വന്ന ശേഷവും ചാനൽ ചർച്ചകളിൽ ഭരണത്തെ പ്രതിസന്ധിയിലാക്കുന്ന പ്രസ്താവനകളാണ് നടത്തുന്നത്. പാർട്ടിയേയും മുഖ്യമന്ത്രിയേയും പ്രതിരോധിക്കുന്നതിനപ്പുറം ലക്ഷ്യങ്ങൾ ഈ വാക്കുകളിൽ കാണം. പല ഐ ഗ്രൂപ്പ് നേതാക്കളും ഇത്തരത്തിൽ തന്നെയാണ് സംസാരിക്കുന്നത്. ഇത് ഗുണം ചെയ്യില്ലെന്നാണ് പരാതി. അഴിമതി സംരക്ഷിച്ചൊരു ഭരണം നമുക്ക് വേണ്ടെന്നായിരുന്നു ഫെയ്‌സ് ബുക്കിൽ ലീഡർ കരുണാകരന്റെ ഓർമ്മകൾ നിറച്ച് അജയ് തറയിൽ ഇട്ട പോസ്റ്റ്. ലീഡർക്ക് നൽകാത്ത സംരക്ഷണം ആർക്കും നൽകേണ്ട ബാധ്യത കോൺഗ്രസിനില്ലെന്നാണ് അജയ് തറയിൽ പറയുന്നത്. ഇത് ലക്ഷ്യം വയ്ക്കുന്നത് ഉമ്മൻ ചാണ്ടിയെയാണെന്നാണ് എ ഗ്രൂപ്പിന്റെ വിലയിരുത്തൽ. ഇതെല്ലാം നിയന്ത്രിക്കുന്നതിൽ കെപിസിസി അധ്യക്ഷൻ വി എം സുധീരൻ സമ്പൂർണ്ണ പരാജയമാണെന്ന വാദവുമുണ്ട്.

 

 

കോൺഗ്രസ് കമ്മിറ്റികളിൽ സമ്പൂർണ പുനഃസംഘടന നടക്കാത്തതിലും എ ഗ്രൂപ്പിന് പ്രതിഷേധമുണ്ട്. ഇപ്പോൾ പുനഃസംഘടന നടന്നാൽ എ ഗ്രൂപ്പിന് വ്യക്തമായ പ്രാധാന്യം കിട്ടും. ഈ ഉൾ പാർട്ടി രാഷ്ട്രീയ സാഹചര്യത്തെ അട്ടിമറിക്കാൻ ചെന്നിത്തലയുടെ നേതൃത്വത്തിൽ നീക്കമുണ്ട്. അത് അംഗീകരിക്കാൻ കഴയില്ല. മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ ദുർബലമാക്കുന്ന തരത്തിലെ കെപിസിസി പുനഃസംഘടനയാണ് ചെന്നിത്തല ലക്ഷ്യമിടുന്നത് എന്നാണ് പരാതി. ഈ സാഹചര്യത്തിൽ പുനഃസംഘടന നടത്താത്തതിൽ പ്രതിഷേധിച്ച് വിവിധ ജില്ലകളിലെ കോൺഗ്രസ് നേതാക്കൾ ഹൈക്കമാൻഡിനു പരാതി നൽകി. കോട്ടയം, ആലപ്പുഴ, കോഴിക്കോട്, കൊല്ലം ജില്ലകളിലെ നേതാക്കളാണു കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി. ജനറൽ സെക്രട്ടറി മുകുൾ വാസ്‌നിക്കിനു പുനഃസംഘടനയിലെ പരാതി നൽകിയത്.

പാർട്ടിയിൽ സമ്പൂർണ അഴിച്ചുപണി നടത്തിയിട്ട് 21 വർഷമായെന്നും ഇനിയും വൈകുന്നത് പാർട്ടിയെ തകർക്കുമെന്നും പരാതിയിൽ പറയുന്നു. കഴിഞ്ഞ ജനുവരി 31നകം ജില്ലാ, ബ്ലോക്ക് കമ്മറ്റികൾ പുനഃസംഘടിപ്പിക്കുമെന്നു കേരളത്തിലെ എല്ലാ ജില്ലകളിലുമെത്തിയ മുകുൾ വാസ്‌നിക് ഉറപ്പു നൽകിയിരുന്നു. പിന്നീട് കെപിസിസിയിലടക്കം ചിലരെ നോമിനേറ്റ് ചെയ്യാനുള്ള ശ്രമമാണു പാർട്ടി നേതൃത്വം നടത്തിയതെന്നാണ് ആരോപണം ഉയർന്നിരിക്കുന്നത്. ഈ പരാതിക്ക് പിന്നിൽ എ ഗ്രൂപ്പിലെ പ്രമുഖരാണ് ഉള്ളത്. പാർട്ടി പിടിക്കാനുള്ള ചെന്നിത്തലയുടേയും ഐ ഗ്രൂപ്പിന്റേയും ശ്രമങ്ങൾക്ക് ഹൈക്കമാണ്ട് കൂട്ട് നിൽക്കരുതെന്നാണ് ആവശ്യം.

ഇരുപത്തഞ്ച് വർഷമായി ഒരേ പദവി വഹിക്കുന്ന നേതാക്കൾ നിരവധിയാണെന്നും ഗ്രൂപ്പ് പ്രാതിനിധ്യം പറഞ്ഞ് ഇവരെ മാറ്റാൻ നേതൃത്വം തയാറാകുന്നില്ലെന്നും പരാതിയിൽ പയുന്നു. യുവജന നേതാക്കളാണു പ്രധാനമായും പരാതിയുമായി രംഗത്ത് എത്തിയിരിക്കുന്നത്. വരുന്ന തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിനുമുമ്പ് ജില്ലാ, ബ്ലോക്ക് കമ്മിറ്റികൾ പുനഃസംഘടിപ്പിച്ചില്ലെങ്കിൽ പ്രചാരണത്തിന് ഇറങ്ങില്ലെന്നാണു യുവജന നേതാക്കളുടെ ഭീഷണി. സർക്കാരും പാർട്ടിയും തമ്മിൽ വേണ്ടത്ര ഏകോപനം ഇല്ലാത്തതിനാൽ സർക്കാരിന്റെ പല വേദികളിലും പാർട്ടി നേതാക്കൾക്ക് അർഹമായ പരിഗണന ലഭിക്കുന്നില്ലെന്നും പരാതിയുണ്ട്. പുനഃസംഘടന നടത്താൻ തയാറായില്ലെങ്കിൽ പാർട്ടി ഇപ്പോഴത്തേക്കാൾ ശക്തമായ തിരിച്ചടി നേരിടുമെന്നാണു നേതാക്കളുടെ പരാതിയിൽ പറഞ്ഞിരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP