Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പാർട്ടി ഗ്രാമത്തിലെ മരണ വീട്ടിൽ പോയപ്പോൾ പുറത്തു നിന്നവർക്ക് കൈകൊടുത്ത് വോട്ട് അഭ്യർത്ഥിച്ചു; അവരിലൊരാൾ എന്റെ കൈ ഞെരിച്ചുകൊണ്ടേയിരുന്നു; കൈ തരാതെ പോയവരുമുണ്ട്; തലശ്ശേരിയിലെ അബ്ദുള്ളക്കുട്ടിയുടെ പ്രചരണാനുഭവങ്ങൾ ഇങ്ങനെ

പാർട്ടി ഗ്രാമത്തിലെ മരണ വീട്ടിൽ പോയപ്പോൾ പുറത്തു നിന്നവർക്ക് കൈകൊടുത്ത് വോട്ട് അഭ്യർത്ഥിച്ചു; അവരിലൊരാൾ എന്റെ കൈ ഞെരിച്ചുകൊണ്ടേയിരുന്നു; കൈ തരാതെ പോയവരുമുണ്ട്; തലശ്ശേരിയിലെ അബ്ദുള്ളക്കുട്ടിയുടെ പ്രചരണാനുഭവങ്ങൾ ഇങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ

കണ്ണൂർ: തെരഞ്ഞെടുപ്പ് കൂട്ടപ്പൊരിച്ചിലിലേക്ക് എത്തുമ്പോൾ കണ്ണൂർ തനി സ്വഭാവത്തിലേക്ക് നീങ്ങുകയാണ്. സ്ഥാനാർത്ഥിയെ തുപ്പിയും കൈ ഞെരിച്ചും ഒരുവിഭാഗം നീങ്ങുമ്പോൾ മറുഭാഗം വ്യക്തിഹത്യ നടത്തുന്ന നോട്ടീസും പ്രചാരണങ്ങളുമായാണ് പുറപ്പാട്.

തലശ്ശേരി നിയമസഭാ മണ്ഡലത്തിലാണ് ജില്ലയിൽ ഇത്തരം സംഭവങ്ങൾ ആദ്യം അരങ്ങേറിയത്. ഇപ്പോൾ സമാനസംഭവങ്ങൾ അഴീക്കോട് നിയമസഭാമണ്ഡലത്തിലേക്കും വ്യാപിക്കുകയാണ്. അഴീക്കോട്ടെ എൽ ഡി എഫ് സ്ഥാനാർത്ഥി നികേഷ് കുമാറിനെ വ്യക്തിഹത്യ നടത്തുന്ന കത്തുകൾ വീടുകളിൽ വിതരണം ചെയ്തതിന്റെ പേരിൽ രണ്ടു യു ഡി എഫ് പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്യുകയുണ്ടായി. എന്നാൽ തലശ്ശേരിയിൽ കാര്യങ്ങൾ തിരിച്ചാണ്. എൽ ഡി എഫ് സ്ഥാനാർത്ഥി എ എൻ ഷംസീറിനെതിരെ മത്സരിക്കുന്ന യു ഡി എഫ് സ്ഥാനാർത്ഥി അബ്ദുള്ളക്കുട്ടിയെ നിരന്തരം ആക്രമിക്കുന്ന സംഭവമാണ് റിപ്പോർട്ട് ചെയ്യപ്പെടുന്നത്.

തെരഞ്ഞെടുപ്പ് കാലത്ത് മരണവീടുകളിലും കല്യാണവീടുകളിലും സ്ഥാനാർത്ഥികൾ സന്ദർശിക്കുന്നത് സ്വാഭാവികമാണ്. അതിനിടയിലും കൈയേറ്റം ചെയ്യുന്ന രീതി ഈ തെരഞ്ഞെടുപ്പ് കാലത്തുണ്ടായി. തലശ്ശേരിയിലെ സ്ഥാനാർത്ഥി അബ്ദുള്ളക്കുട്ടി തന്റെ അനുഭവം വിവരിക്കുന്നതിങ്ങനെ... പാർട്ടിഗ്രാമമായ കുണ്ടുചിറയിലെ മരണവീട്ടിലെത്തിയതായിരുന്നു താൻ. വീട്ടിൽ കയറി ബന്ധുക്കളെ കണ്ടതിന് ശേഷം പുറത്തിറങ്ങി ആദ്യം കണ്ട രണ്ടു പേർക്ക് കൈകൊടുത്ത് വോട്ടഭ്യർത്ഥിച്ചു. അതിലൊരാൾ എന്റെ കൈ ഞെരിച്ചുകൊണ്ടേയിരുന്നു. വേദനകൊണ്ട് ഞാൻ പുളഞ്ഞു. എന്നാൽ ഞാൻ ചിരി നിർത്തിയില്ല. ഒടുവിൽ അയാൾ വഴങ്ങി.

മറ്റൊരിടത്ത് ഒരാൾക്ക് കൈകൊടുക്കാൻ ശ്രമിച്ചപ്പോൾ അയാൾ വിസമ്മതിച്ചു. പിന്നെയാണ് എന്റെ ശ്രദ്ധ അയാളുടെ കൈയിലെത്തിയത്. ബോംബുണ്ടാക്കുമ്പോൾ കൈപ്പത്തി തെറിച്ചുപോയ ആളാണെന്ന് തനിക്കൊപ്പമുള്ളയാൾ പറഞ്ഞു. ഒരു ദിവസം ഇങ്ങനെ ഇന്നോവ കാറിൽ ഒരു സംഘം എത്തി എന്റെ മുന്നിൽ നിർത്തി തെറിയോടു തെറി. അധികം കളിച്ചാൽ കാലുണ്ടാകില്ലെന്നു പറഞ്ഞിട്ട് പോയി....

രാഷ്ട്രീയനിരാശ പൂണ്ടവരുടെ ലോകമാണ് തലശ്ശേരി. ചിരിക്കാത്ത സി പി എം നേതാക്കളെ മാത്രമെ ഇവിടെ കാണാൻ പറ്റുകയുള്ളു. അതുകൊണ്ടു തന്നെ ചിരിക്കാൻ മറന്നുപോയ പ്രവർത്തകർ തന്നെ കണ്ടപ്പോൾ അത്ഭുതപ്പെടുന്നു. തനിക്കെതിരെ മുറുക്കിത്തുപ്പിയതിനെ അബ്ദുള്ളക്കുട്ടി വ്യക്തിപരമായി കാണുന്നില്ല. ജനാധിപത്യത്തിന് നേരെയുള്ള തുപ്പലാണ് അതെന്ന് അദ്ദേഹം പറയുന്നു. സാംസ്‌കാരിക കേരളത്തിനും തലശ്ശേരിക്കും ഈ നടപടി അപമാനമാണെന്നും അബ്ദുള്ളക്കുട്ടി ആരോപിക്കുന്നു. തെരഞ്ഞെടുപ്പ് പ്രചരണം ആരംഭിച്ചതു മുതൽ തനിക്കെതിരെ നിരന്തര അക്രമം തുടരുകയാണെന്നു കാണിച്ച് സിപിഐ-എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് അബ്ദുള്ളക്കുട്ടി തുറന്ന കത്തും എഴുതിയിരുന്നു.

അഴീക്കോട്ടെ സി പി എം സ്ഥാനാർത്ഥി നികേഷ്‌കുമാറിന് അമ്പത്തിനാലു കേസുകൾ നികേഷിന്റെ പേരിലുണ്ടെന്നാണ് പ്രചരണം. എല്ലാം സ്ഥാപനവുമായി ബന്ധപ്പെട്ടുള്ളതാണെന്ന് എൽ ഡി എഫ് പറയുന്നു. എന്നാൽ ഇതിന്റെ പേരിൽ വ്യക്തിഹത്യ ചെയ്യുന്നുവെന്നാണു പരാതി.

ചുരമിറങ്ങിവന്ന വർഗീയവാദി എന്ന് തന്നെ സിപിഐ എം ജില്ലാ സെക്രട്ടറി പി ജയരാജനും അഴീക്കോട്ടെ സ്ഥാനാർത്ഥി നികേഷ്‌കുമാറും സോഷ്യൽമീഡിയയിൽ പ്രചരിപ്പിക്കുന്നതായാണ് ഷാജിയുടെ ആരോപണം. ഇക്കാര്യം പൊതുയോഗങ്ങളിൽ പ്രസംഗിച്ചതിനെതിരെ കെ എം ഷാജി ഇലക്ഷൻ കമ്മീഷന് പരാതി നൽകിയിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP