Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഫേസ്‌ബുക്കിലൂടെ നേതാക്കൾ തമ്മിൽ പോര്; കെട്ടിടം ഉടമ സംസ്ഥാന കമ്മിറ്റി ഓഫീസ് പൂട്ടി; വഴിയാധാരമായ ആം ആദ്മിയിൽ ചേർന്ന പ്രമുഖർക്കെല്ലാം നിരാശ

ഫേസ്‌ബുക്കിലൂടെ നേതാക്കൾ തമ്മിൽ പോര്; കെട്ടിടം ഉടമ സംസ്ഥാന കമ്മിറ്റി ഓഫീസ് പൂട്ടി; വഴിയാധാരമായ ആം ആദ്മിയിൽ ചേർന്ന പ്രമുഖർക്കെല്ലാം നിരാശ

കൊച്ചി: ഫേസ്‌ബുക്കും നവമാദ്ധ്യമങ്ങളുമുപയോഗിച്ച് വളർന്ന ആം ആദ്മി പാർട്ടിക്ക് അതേ സംവിധാനങ്ങളിലൂടെത്തന്നെ തിരിച്ചടി. വിവിധ വിഷയങ്ങളിൽ പാർട്ടി നേതാക്കൾക്ക് തമ്മിൽ തല്ലാനുള്ള മാർഗമായി മാറി ഫേസ്‌ബുക്ക് അക്കൗണ്ടുകൾ. ഭാരവാഹികളുടെ ശല്യവും കമ്മിറ്റികളുടെ ബാഹുല്യവും പുതുമുഖങ്ങളെ സംശയവും എന്നുതുടങ്ങി പല കാര്യങ്ങളിലും ആം ആദ്മി പാർട്ടി തിരിച്ചടി നേരിടുകയാണിപ്പോൾ. ലോക്‌സഭാ തെരഞ്ഞെടുപ്പിനിടെയുണ്ടായ അന്തഃഛിദ്രങ്ങളുടെ തുടർച്ചയായാണ് ആം ആദ്മി പാർട്ടി പ്രതിസന്ധിയിലായത്. അതിനിടെ കൊച്ചിയിലെ സംസ്ഥാന കമ്മിറ്റി ഓഫീസ് പൂട്ടുകയും ചെയ്തു.

കേരള സംസ്ഥാന കമ്മിറ്റിയെ സഹായിക്കാൻ മൂന്നു മാസത്തിനിടെ മൂന്ന് കമ്മിറ്റികളാണ് എഎപി രൂപീകരിച്ചത്. കെ പി നൂറുദീൻ, അനിതാ പ്രതാപ്, അജിത് ജോഗി, സാറാ ജോസഫ്, എം എൻ കാരശേരി എന്നിവരുൾപ്പെട്ട സമിതിയാണ് ആദ്യമുണ്ടായത്. ഒന്നരമാസം കഴിഞ്ഞ് ദേശീയ സമിതിയംഗം പങ്കജ് ഗുപ്തയുടെ സാന്നിദ്ധ്യത്തിൽ ചേർന്ന യോഗത്തിൽ എം എൻ കാരശേരി, അജിത, കെ വേണു എന്നിവരുൾപ്പെട്ട സമിതിയുണ്ടായി. പിന്നാലെ സംസ്ഥാന കമ്മിറ്റിയംഗങ്ങൾ കൂടിയുൾപ്പെടുന്ന അഞ്ച് വ്യത്യസ്ത കമ്മിറ്റികളുമുണ്ടാക്കി. എന്നാൽ, ഇവയെല്ലാം പേരിൽ മാത്രമേയുള്ളൂ. ഇതിൽ മീഡിയ കമ്മിറ്റിയുടെ ചുമതലക്കാരി അനിതാ പ്രതാപ് രാജിവയക്കുകയും ചെയ്തു.

അണികളുൾപ്പെടെയുള്ളവർ ഫേസ്‌ബുക്കിൽ പരസ്പരം ആക്ഷേപം ചൊരിയുന്ന അവസ്ഥയാണിപ്പോൾ. ഔദ്യോഗികമായി പാർട്ടിക്ക് ഒരു ഫേസ്‌ബുക്ക് അക്കൗണ്ടും വെബ്‌സൈറ്റും ഇ-മെയിൽ ഐഡിയും മാത്രമേയുള്ളൂ. എന്നാൽ താലൂക്ക് കമ്മിറ്റിവരെ ഫേസ്‌ബുക്ക് അക്കൗണ്ടു തുറന്ന് പരസ്പരം പോരടിക്കുകയാണ്.

ഇതിനിടെ വിവിധ ഭാരവാഹികൾക്ക് സ്ഥാനവും നഷ്ടപ്പെട്ടു. പാർട്ടി സംസ്ഥാന സെക്രട്ടറിയും കോട്ടയത്തെ സ്ഥാനാർത്ഥിയുമായിരുന്ന അനിൽ അക്കര, ട്രഷറർ സുനിൽ ജോർജ് തുടങ്ങിയവർക്കാണ് സ്ഥാനം നഷ്ടമായത്. തിരുവനന്തപുരത്തുനിന്നുള്ള സുരേഷ് കുമാറാണിപ്പോൾ സംസ്ഥാന സെക്രട്ടറി. സംസ്ഥാന കമ്മിറ്റിയിൽ സജീവമായി പ്രവർത്തിക്കുന്ന പത്തു പേർ പോലുമില്ലെന്നതാണ് എഎപിയുടെ അവസ്ഥ. പാർട്ടി വിരുദ്ധപ്രവർത്തനത്തിന് പുറത്താക്കപ്പെട്ട കണയന്നൂർ താലൂക്ക് കൺവീനർ ആഗസ്റ്റ് 15ന് സംസ്ഥാന കൺവെൻഷൻ വിളിച്ചിട്ടുണ്ട്. പുതിയ ഭാരവാഹികളിൽ ചിലർ ജാതി, മത സമവാക്യങ്ങൾക്ക് ശ്രമിച്ചതും പ്രശ്‌നങ്ങളുണ്ടാക്കി.

ഇതിനിടെയാണ് സംസ്ഥാനകമ്മിറ്റി ഓഫീസ് പൂട്ടിയത്. പാർട്ടി നേതാവ് സദാനന്ദഭട്ടിന്റെ ഉടമസ്ഥതയിൽ എംജി റോഡിലെ കെട്ടിടത്തിലാണ് സംസ്ഥാന കമ്മിറ്റി ഓഫീസ് പ്രവർത്തിച്ചിരുന്നത്. കഴിഞ്ഞ ദിവസം ഇവിടെ ആന്റി കറപ്ഷൻ പീപ്പിൾസ് മൂവ്‌മെന്റിന്റെ ഓഫീസ് തുറന്നു. ഈ സംഘടനയിലും ഭട്ട് ഭാരവാഹിയാണ്. പാർട്ടി ആസ്ഥാനം നഷ്ടമായത് എഎപിയുടെ സംസ്ഥാന നേതാക്കൾ പലരും അറിഞ്ഞിട്ടുപോലുമില്ല.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP