Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

അബ്ദുറബ്ബിനിഷ്ടം പാക്കിസ്ഥാനോ അതോ അഫ്ഗാനിസ്ഥാനോ? വിസാ ചെലവും വിമാന ടിക്കറ്റും ഏറ്റെടുക്കാൻ തയ്യാറായി യുവമോർച്ച; നിലവിളക്ക് വിവാദം പുകയ്ക്കാൻ പരിവാർ സംഘടനകൾ

അബ്ദുറബ്ബിനിഷ്ടം പാക്കിസ്ഥാനോ അതോ അഫ്ഗാനിസ്ഥാനോ? വിസാ ചെലവും വിമാന ടിക്കറ്റും ഏറ്റെടുക്കാൻ തയ്യാറായി യുവമോർച്ച; നിലവിളക്ക് വിവാദം പുകയ്ക്കാൻ പരിവാർ സംഘടനകൾ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: നിലവിളക്ക് കൊളുത്തില്ലെന്ന കർശന നിലപാട് സ്വീകരിക്കുന്നവർ ഇന്ത്യയിൽ വേണ്ടെന്നാണ് യുവമോർച്ചയുടെ നിലപാട്. അവർ പാക്കിസ്ഥാനിലോ അഫ്ഗാനിസ്ഥാനിലോ പോട്ടെയെന്ന് പറയാതെ പറയുകയാണ് യുവമോർച്ചയുടെ സംസ്ഥാന ഘടകം. മുസ്ലിം ലീഗിലെ നിലവിളിക്ക് വിവാദത്തെ രാഷ്ട്രീയമായി മുതലെടുക്കാനുള്ള സംഘപരിവാർ സംഘടനകളുടെ ശ്രമത്തിന്റെ ഭാഗമായി നിലവിളക്ക് വിഷയം യുവമോർച്ച സജീവമാക്കും.

എന്തുവന്നാലും നിലവിളക്ക് കൊളുത്തില്ലെന്ന് വിദ്യാഭ്യാസ മന്ത്രി പികെ അബ്ദുറബ്ബ് പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാൽ ലീഗിലെ മറ്റ് ചിലരുടെ അഭിപ്രായം അതല്ല. അതിനാൽ ഇസ്ലാമിക വിരുദ്ധമാണ് നിലവിളക്ക് കൊളുത്തലെന്ന വാദം അംഗീകരിക്കാൻ കഴയില്ല. ഈ സാഹചര്യത്തിൽ വർഗ്ഗീയതയുടെ മുഖമായി മാറിയ അബ്ദു റബ്ബിനെതിരെ സമരം ശക്തമാക്കാനാണ് നീക്കം. ഇതിന്റെ ഭാഗമായാണ് അബ്ദു റബ്ബിനെതിരെ രൂക്ഷ വിമർശനവുമായി യുവമോർച്ച രംഗത്ത് വന്നത്. സംസ്ഥാന പ്രസിഡന്റ് പി സുധീർ തന്നെയാകും സമരത്തിന് നേതൃത്വം നൽകുക.

വണമെങ്കിൽ അബ്ദുറബിന് പാക്കിസ്ഥാനിലേക്കോ അഫ്ഗാനിസ്ഥാനിലേക്കോ വിമാന ടിക്കറ്റ് എടുത്തുനൽകാമെന്ന് യുവമോർച്ചയുടെ നിലപാട്. മത ഭരണം നിലനിൽക്കുന്ന രാജ്യത്തേയ്ക്ക് പോകാനാണ് അബ്ദുറബിന്റെ താൽപര്യമെന്നും യുവമോർച്ച കുറ്റപ്പെടുത്തി. താനൊരിക്കലും നിലവിളക്ക് കത്തിക്കില്ലെന്ന് അബ്ദുറബ്ബ് ആവർത്തിച്ച് വ്യക്തമാക്കിയതോടെയാണ് യുവമോർച്ച നിലപാട് കടുപ്പിക്കുന്നത്. മന്ത്രി ഭാരതീയ സംസ്‌കാരത്തെ വെല്ലുവിളിക്കുകയാണെന്നും മതഭരണം നിലനിൽക്കുന്ന അഫ്ഗാനിലേക്കോ പാക്കിസ്ഥാനിലേക്കോ പോകാൻ റബ്ബിന് ടിക്കറ്റ് നൽകാമെന്നും യുവമോർച്ച സംസ്ഥാന പ്രസിഡന്റ് പി. സുധീർ പറഞ്ഞു.

വിദ്യാഭ്യാസമന്ത്രി പി.കെ. അബ്ദുറബ്ബിന് താലിബാൻ ഭീകരരുടെ ഭാഷയാണ്. നിലവിളക്ക് കൊളുത്തുകയെന്നത് മതവിശ്വാസത്തിന്റെ ഭാഗമല്ല. സംസ്‌കാരത്തിന്റെയും പാരമ്പര്യത്തിന്റെയും അടയാളമാണത്. മതേതരരാജ്യത്തിലെ മന്ത്രിയായ അബ്ദുറബ്ബ് താൻ നിലവിളക്ക് കൊളുത്തില്ലെന്ന് ആവർത്തിക്കുന്നതിലൂടെ സംസ്‌കാരത്തെയാണ് വെല്ലുവിളിക്കുന്നതെന്നും സുധീർ ആരോപിച്ചു. വിദ്യാഭ്യസപരിഷ്‌കാരങ്ങളിലൂടെ ലീഗ് സംസ്ഥാനത്ത് വർഗീയ അജണ്ടയാണ് അടിച്ചേൽപ്പിക്കാൻ ശ്രമിക്കുന്നത്. വിദ്യാഭ്യാസമന്ത്രിയായി ചുമതലയേറ്റ ഉടൻ അബ്ദുറബ്ബ് തന്റെ ഉദ്യോഗികവസതി ഗംഗയുടെ പേരുമാറ്റി ഗ്രെയ്‌സ് എന്നാക്കിയതും യുവമോർച്ച ഉയർത്തിക്കാട്ടും.

കോഴിക്കോട് സർവകലാശാലയുടെ ഏക്കറുകണക്കിന് ഭൂമിയാണ് ലീഗ് നേതാക്കളുടെ ട്രസ്റ്റിനായി മന്ത്രി അനുവദിച്ചത്. എസ്എസ്എൽസി ചോദ്യപേപ്പറിൽ ചന്ദ്രക്കല കടന്നുകൂടിയതിനും മന്ത്രി നാളിതുവരെ മറുപടി നൽകിയിട്ടില്ല. ഭരണഘടനാപരമായ ചുമതലകളുള്ള മന്ത്രി മതതീവ്രവാദികളെപ്പോലെയാണ് സംസാരിക്കുന്നത്. മതഭ്രാന്തന്മാർക്കും രാജ്യദ്രോഹികൾക്കുമെ ഇങ്ങനെ സംസാരിക്കാനാകൂ. കേരളത്തിൽ ഇത് അനുവദിക്കില്ല. അബ്ദുറബ്ബിന് പാക്കിസ്ഥാനിലോ അഫ്ഗാനിസ്ഥാനിലോ പോയി പറയാമെന്നാണ് യുവമോർച്ചയുടെ നിലപാട്.

കഴിഞ്ഞദിവസം പെരുമ്പാവൂരിൽ നടന്ന എ.പി. ജെ. അബ്ദുൾ കലാമിന്റെ അനുസ്മരണത്തിൽ അദ്ദേഹത്തിന്റെ ചിത്രത്തിനുമുന്നിൽ പുഷ്പങ്ങൾ അർപ്പിക്കാൻ ലീഗ് മന്ത്രി ഇബ്രാഹിംകുഞ്ഞ് തയ്യാറായില്ല. ഇതിൽ മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കണം. ലീഗ് മന്ത്രിമാർ മതേതരരാഷ്ട്രത്തിൽ ജീവിക്കാൻ യോഗ്യരല്ലെന്നാണ് നിരന്തരം തെളിയിക്കുന്നത്. ഉമ്മൻ ചാണ്ടിയുടെ കാർമികത്വത്തിൽ യുഡിഎഫ് സർക്കാർ നടത്തിയ മതന്യൂനപക്ഷ പ്രീണനത്തിന്റെ ഫലമായാണ് മുസ്ലിംലീഗ് വർഗീയ നിലപാട് സ്വീകരിക്കുന്നതെന്നും സുധീർ കുറ്റപ്പെടുത്തുന്നു.

നിലവിളക്ക് കൊളുത്തുന്നത് ഏതെങ്കിലും മതത്തിന്റെ ആചാരമല്ല. അത് ഭാരതീയ പാരമ്പര്യത്തിന്റെയും സംസ്‌കാരത്തിന്റെയും ഭാഗമാണ്. മതേതര രാജ്യത്തെ ഒരു മന്ത്രി താൻ നിലവിളക്ക് കൊളുത്തില്ലെന്ന് ആവർത്തിച്ചു പ്രസ്താവിക്കുന്നത് ഭാരതസംസ്‌കാരത്തെ വെല്ലുവിളിക്കുന്നതിന് തുല്യമാണ്. മുസ്ലിം ലീഗ് പാർട്ടിയാണോ അതോ തീവ്രവാദ സംഘടനയാണോയെന്ന് വ്യക്തമാക്കണമെന്നും സുധീർ ആവശ്യപ്പെടുന്നു. പൊതുചടങ്ങിൽ നിലവിളക്കു കൊളുത്തുന്നത് സംബന്ധിച്ച് മുസ്ലിം ലീഗിൽ അഭിപ്രായ വ്യത്യാസം നിലനിൽക്കെയാണ് മന്ത്രി അബ്ദുറബ്ബ് തന്റെ നിലപാട് വ്യക്തമാക്കിയത്.

ബിജെപിയാകട്ടെ ഹൈന്ദവ വോട്ടുകളുടെ ഏകീകരണമാണ് ലക്ഷ്യമിടുന്നത്. അതിന് മുസ്ലിം ലീഗിന്റെ വർഗ്ഗീയത പൊളിച്ചു കാട്ടാനായിരുന്നു നേരത്തെ തന്നെയുള്ള തീരുമാനം. ഈ സാഹചര്യത്തിൽ കൂടിയാണ് അബ്ദു റബ്ബ് വിഷയം യുവമോർച്ച സജീവമാക്കുന്നത്. മുൻഗാമികൾ ചെയ്ത കാര്യങ്ങൾ താൻ പിന്തുടരുക മാത്രമാണ് ചെയ്തത്. നിലവിളക്ക് കത്തിക്കില്ലെന്ന നിലപാടിൽ മാറ്റമില്ലെന്നും അബ്ദുറബ്ബ് പറഞ്ഞിരുന്നു. ഒരു പരിപാടിയിൽ വച്ച് അബ്ദുറബ്ബ് നിലവിളക്ക് കത്തിക്കാതിരുന്നപ്പോൾ നടൻ മമ്മൂട്ടി പരസ്യമായി വിമർശിച്ചതാണ് നിലവിളക്ക് വിവാദം ചർച്ചയായത്.

മുസ്ലിംലീഗിലെ ചില നേതാക്കൾ നിലവിളക്ക് കത്തിക്കുന്നതുകൊണ്ട് കുഴപ്പമില്ലെന്ന് പറയുമ്പോൾ ചില നേതാക്കൾ അതിനെതിരായും നിലപാടെടുത്തു. വിഷയത്തിൽ പൊതു ധാരണയിലെത്താൻ മുസ്ലിംലീഗിന് ഇതുവരെ സാധിച്ചിട്ടില്ല. ഇക്കാര്യത്തിൽ പരസ്യ പ്രസ്താവന വേണ്ടെന്നാണ് നിലവിൽ മുസ്ലിം ലീഗ് നേതൃത്വത്തിന്റെ തീരുമാനം. പരസ്യ പ്രസ്താവനകളും വിലക്കിയിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP