Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഐഎൻടിയുസി എന്നാൽ കോൺഗ്രസ് തൊഴിലാളി യൂണിയൻ ഇനി അല്ലേയല്ല! അഖിലേന്ത്യാ അസംഘടിത തൊഴിലാളി കോൺഗ്രസ് എന്ന സംഘടനയെ ബദലായി വളർത്തി രാഹുൽഗാന്ധി; ബംഗാളിൽ മമതയും, അരുണാചലിൽ ബിജെപിയും മഹാരാഷ്ട്രയിലും ഗോവയിലും എൻസിപിയും ഐഎൻടിയുസിയെ ഹൈജാക്ക് ചെയ്തതോടെ പുതിയ നീക്കം; കേരളത്തിൽ യൂത്ത് കോൺഗ്രസുകാരെ എ.ഐ.യു.ഡബ്ലു.സി കെട്ടിപ്പടുക്കുന്ന ചുമതല ഏൽപിച്ച് കോൺഗ്രസ് അധ്യക്ഷൻ

ഐഎൻടിയുസി എന്നാൽ കോൺഗ്രസ് തൊഴിലാളി യൂണിയൻ ഇനി അല്ലേയല്ല! അഖിലേന്ത്യാ അസംഘടിത തൊഴിലാളി കോൺഗ്രസ് എന്ന സംഘടനയെ ബദലായി വളർത്തി രാഹുൽഗാന്ധി; ബംഗാളിൽ മമതയും, അരുണാചലിൽ ബിജെപിയും മഹാരാഷ്ട്രയിലും ഗോവയിലും എൻസിപിയും ഐഎൻടിയുസിയെ ഹൈജാക്ക് ചെയ്തതോടെ പുതിയ നീക്കം; കേരളത്തിൽ യൂത്ത് കോൺഗ്രസുകാരെ എ.ഐ.യു.ഡബ്ലു.സി കെട്ടിപ്പടുക്കുന്ന ചുമതല ഏൽപിച്ച് കോൺഗ്രസ് അധ്യക്ഷൻ

രഞ്ജിത് ബാബു

കണ്ണൂർ: കോൺഗ്രസ്സിന്റെ അംഗീകൃത ട്രേഡ് യൂനിയനായി ഓൾ ഇന്ത്യാ അൺഓർഗനൈസ്ഡ് വർക്കേഴ്സ് കോൺഗ്രസ്സ് സംസ്ഥാനത്ത് പിടിമുറുക്കുന്നു. ഐ.എൻ.ടി.യു.സി.യെ പാർട്ടിയുടെ തൊഴിലാളി വിഭാഗമായി അംഗീകരിക്കേണ്ടതില്ലെന്ന നിലപാട് എ.ഐ.സി.സി. തന്നെ എടുത്തിരിക്കയാണ്. അതുകൊണ്ട് കോൺഗ്രസ്സിന്റെ പോഷക സംഘടന എന്ന നിലിയിൽ എ.ഐ.യു.ഡബ്ലു.സി. യാണ് പരിഗണിക്കപ്പെടുന്നത്.

പാർട്ടി നിയന്ത്രണത്തിലുള്ള പുതിയ സംഘടനയുടെ ഡൽഹിയിൽ നടന്ന ആദ്യത്തെ മൂന്ന് യോഗങ്ങളിലും എ.ഐ.സി.സി. പ്രസിഡണ്ട് രാഹുൽ ഗാന്ധി പങ്കെടുക്കുകയും നിർദ്ദേശം നൽകുകയും ചെയ്തിരുന്നു. അടുത്തിടെ കർണ്ണാടക സംസ്ഥാന യൂനിയൻ യോഗത്തിലും രാഹുൽ ഗാന്ധി എത്തിയിരുന്നു. ഐ.എൻ.ടി.യു.സി.യെ കോൺഗ്രസ്സ് ഇപ്പോൾ വിശ്വാസത്തിലെടുക്കുന്നില്ല. ബംഗാളിൽ ഈ യൂനിയനെ നിയന്ത്രിക്കുന്നത് മമതാ ബാനർജിയാണ്. അരുണാചൽ പ്രദേശിൽ ബിജെപി.യും. മഹാരാഷ്ട്ര ,ഗോവ സംസ്ഥാനങ്ങളിൽ എൻ.സി.പി.യുടെ നിയന്ത്രണത്തിലാണ് ഐഎൻടിയുസി. തമിഴ്‌നാട്ടിലും കോൺഗ്രസ്സ് വിരുദ്ധ ചേരിയിലാണ് ഐ.എൻ.ടി.യു.സി.

കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പിലും സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിലും കോൺഗ്രസ്സിനെതിരെ ദേശീയ തലത്തിലും സംസ്ഥാന തലത്തിലും ഐ.എൻ.ടി.യു.സി. നിലപാടാണ് പാർട്ടി നേതൃത്വത്തെ പ്രകോപിപ്പിച്ചത്. പാർട്ടിയുടെ പരാജയത്തിന് ഐ.എൻ.ടി.യു.സി. ആക്കം കൂട്ടിയതായി എ.ഐ.സി.സി. കണ്ടെത്തിയിട്ടുണ്ട്. അതിനാലാണ് കോൺഗ്രസ്സിന്റെ സമ്പൂർണ്ണ നിയന്ത്രണത്തിലുള്ള ഒരു ട്രേഡ് യൂനിയൻ സംഘടന രൂപീകരിക്കാൻ രാഹുൽ ഗാന്ധി തന്നെ മുന്നിട്ടിറങ്ങിയത്. ഇല്ലാത്ത തൊഴിലാളി പ്രാതിനിധ്യം പെരുപ്പിച്ച് കാട്ടി ഐ.എൻ.ടി.യു.സി.യുടെ സംസ്ഥാന ദേശീയ നേതൃത്വത്തിൽ എത്തിയവരെക്കുറിച്ചും പാർട്ടിക്ക് വ്യക്തമായ വിവരം ലഭിച്ചിട്ടുണ്ട്. അത്തരക്കാർക്കെതിരെയുള്ള തിരിച്ചടിയാണ് കോൺഗ്രസ്സിന്റെ പുതിയ ട്രേഡ് യൂനിയൻ.

പാർട്ടിയെ വെല്ലുവിളിക്കുകയും പാർട്ടിക്ക് വിരുദ്ധമായി പ്രവർത്തിക്കുകയും ചെയ്യുന്ന ദേശീയ നേതാക്കളും സംസ്ഥാന നേതാക്കളും കോൺഗ്രസ്സിന്റെ പുതിയ നീക്കത്തോടെ കടലാസ് സംഘടനയുടെ നേതാക്കളായി മാറും. ഐ.എൻ.ടി.യു.സി. അഫിലിയേഷനുള്ള സംഘടനകളിലെ കോൺഗ്രസ്സ് നേതാക്കളും അനുയായികളും തത്ക്കാലം അവിടെ തുടരുന്നുണ്ടെങ്കിലും നിലവിൽ പുതിയ ട്രേഡ് യൂനിയന്റെ ഉപദേശകരായും മറ്റും പ്രവർത്തിച്ചു വരുന്നുണ്ട്.

അതുകൊണ്ടു തന്നെ ഐ.എൻ.ടി.യു.സി.യെ പരസ്യമായി എതിർക്കേണ്ടതില്ലെന്ന നിലപാടാണ് പുതിയ സംഘടനയിലെ നേതാക്കളോട് എ.ഐ.സി.സി. തന്നെ നിർദ്ദേശിച്ചിട്ടുള്ളത്. പാർട്ടി വിരുദ്ധരായ നേതാക്കൾക്കെതിരെ ചില സംസ്ഥാനങ്ങളിൽ അണികൾ തന്നെ പ്രതിഷേധം രേഖപ്പെടുത്തി കഴിഞ്ഞു. കേരളത്തിലും അതിന്റെ അലയടികൾ ഉണ്ടായിട്ടുണ്ട്. ഐ.എൻ.ടി.യു.സിയിൽ സംസ്ഥാന ജില്ലാ ഭാരവാഹികളായ നല്ലൊരു വിഭാഗം പുതിയ സംഘടനക്ക് വേണ്ടുന്ന ഒത്താശകൾ ചെയ്യുന്നുണ്ട്.

യൂത്ത് കോൺഗ്രസ്സ് സംസ്ഥാന ജില്ലാ നേതാക്കളെയാണ് പുതിയ സംഘടനയിൽ ആളെ ചേർക്കാൻ എ.ഐ. സി.സി. നിയോഗിച്ചത്. കേരളത്തിൽ യൂത്ത്കോൺഗ്രസ്സ് സംസ്ഥാന നേതാവ് അഡ്വ. സവിൻ സത്യനാണ് സംഘടനയുടെ സംസ്ഥാന പ്രസിഡണ്ട്. ഒമ്പത് ജില്ലകളിൽ പുതിയ യൂനിയന്റെ പ്രവർത്തനം ആരംഭിച്ചു കഴിഞ്ഞു.

സംയുക്തമായി ട്രേഡ് യൂനിയനുകൾ നടത്തുന്ന മെയ് ദിന റാലി എ.ഐ.യു. ഡബ്ലു.സി. തനിച്ച് നടത്താൻ തീരുമാനിച്ചിരിക്കയാണ്. റാലിയിൽ കോൺഗ്രസ്സിന്റെ ചിഹ്നം ആലേഖനം ചെയ്ത പതാകയുമായാണ് അംഗങ്ങൾ അണിചേരുക. പൂർണ്ണമായും കോൺഗ്രസ്സ് അനുകൂല സംഘടനയായ എ.ഐ.യു.ഡബ്ലു.സി.യിൽ അംഗത്വമെടുക്കുന്നുവർ പാർട്ടിയിലും അംഗമാകും. അതിനു വേറെ അംഗത്വമെടുക്കേണ്ടതില്ല. എന്നാൽ യൂനിയൻ നടപടിയെടുക്കുന്നയാൾക്ക് പാർട്ടിയിലും തുടരാനാവില്ല.

യൂനിയൻ നൽകുന്ന തൊഴിൽ കാർഡിൽ കെപിസിസി.പ്രസിഡണ്ടും യൂനിയൻ സംസ്ഥാന പ്രസിഡണ്ടും ഒപ്പുവെക്കും. പാർട്ടിയോഗങ്ങളിൽ സ്ഥാനമനുസരിച്ച് ഇവർക്ക് പങ്കെടുക്കാവുന്നതുമാണ്. 60 ഓളം അസംഘടിത മേഖലയിലെ തൊഴിലാളികളെ സംഘടിപ്പിച്ച് വലിയ സംഘടനയായി മാറ്റാനാണ് ദേശീയ തലത്തിൽ യൂനിയന്റെ പ്രവർത്തനം.

ഐ.ടി, സിനിമ, ചെങ്കൽ, മണൽ, ഓട്ടോ മൊബൈൽ തുടങ്ങിയ മേഖലകളിലെ തൊഴിലാളികളെ സംഘടിപ്പിക്കാനാണ് തീരുമാനം. കണ്ണൂരിൽ നടന്ന യൂനിയന്റെ രഹസ്യ എക്സിക്യൂട്ടീവ് ക്യാമ്പ് സംസ്ഥാന പ്രസിഡണ്ട് സവിൻ സത്യൻ ഉത്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് നൗഷാദ് ബ്ലാത്തൂർ അദ്ധ്യക്ഷനായിരുന്നു. നിയോജക മണ്ഡലം ഭാരവാഹികൾക്കു വേണ്ടിയായിരുന്നു ക്യാമ്പ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP