Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മന്ത്രി പദവിയും വകുപ്പും മുൻകൂട്ടി പ്രഖ്യാപിച്ച കുവൈറ്റ് ചാണ്ടിക്ക് തിരിച്ചടി; ആദ്യ രണ്ടര വർഷം മന്ത്രിയാകാൻ നറുക്ക് വീണത് ശശിധരന്; ദളിൽ നിന്നും മാത്യു ടി തോമസിന് തന്നെ സാധ്യത; പേരുദോഷം ഇല്ലാത്തവർ മാത്രം മന്ത്രിയാകുന്നതിൽ ആശ്വസിച്ച് പിണറായി വിജയനും

മന്ത്രി പദവിയും വകുപ്പും മുൻകൂട്ടി പ്രഖ്യാപിച്ച കുവൈറ്റ് ചാണ്ടിക്ക് തിരിച്ചടി; ആദ്യ രണ്ടര വർഷം മന്ത്രിയാകാൻ നറുക്ക് വീണത് ശശിധരന്; ദളിൽ നിന്നും മാത്യു ടി തോമസിന് തന്നെ സാധ്യത; പേരുദോഷം ഇല്ലാത്തവർ മാത്രം മന്ത്രിയാകുന്നതിൽ ആശ്വസിച്ച് പിണറായി വിജയനും

തിരുവനന്തപുരം: അടുത്ത സർക്കാരിൽ ജലവിഭവ വകുപ്പ് ഭരിക്കുക താനാകുമെന്ന് പ്രഖ്യാപിച്ചായിരുന്നു തോമസ് ചാണ്ടിയുടെ പ്രചരണം. കോടീശ്വരനായ തോമസ് ചാണ്ടിയ്‌ക്കൊപ്പമാണ് എൻസിപി കേന്ദ്ര നേതൃത്വമെന്ന് കരുതിയായിരുന്നു പ്രഖ്യാപനം. പാർട്ടി ദേശീയ അധ്യക്ഷൻ ശരത് പവാർ തനിക്ക് അനുകൂലമാണെന്നും പറഞ്ഞു പരത്തി. എന്നാൽ മന്ത്രിയുടെ തീരുമാനം ശരത് പവാർ എടുക്കുമ്പോൾ അത് എ കെ ശശീന്ദ്രന് അനുകൂലമാകുന്നു. പാർട്ടിയിലെ സീനിയോറിട്ടിയാണ് പരിഗണിച്ചത്. രണ്ടര വർഷം കഴിഞ്ഞ് മന്ത്രിസ്ഥാനം കിട്ടുമെന്നത് മാത്രമാണ് തോമസ് ചാണ്ടിക്ക് പ്രതീക്ഷ. എൻസിപിയുടെ മന്ത്രിപദത്തിന്റെ കാര്യത്തിലും തീരുമാനമായതോടെ 18 മന്ത്രിമാർ ആരായിരിക്കുമെന്നത് വ്യക്തമായി. ജനതാദളിന് (എസ്) ലഭിച്ച മന്ത്രിപദവുമായി ബന്ധപ്പെട്ടാണ് ഇപ്പോഴും തർക്കം നിലനിൽക്കുന്നത്. ഇതുമായി ബന്ധപ്പെട്ട ചർച്ചകൾ പുരോഗമിക്കുകയാണ്.

കുട്ടനാട് എംഎ‍ൽഎ. തോമസ് ചാണ്ടിയും എലത്തൂർ എംഎ‍ൽഎ. എ.കെ. ശശീന്ദ്രനും തമ്മിൽ മന്ത്രിപദത്തിനായി തർക്കം തുടർന്നതോടെയാണ് വീതംവയ്ക്കാമെന്ന നിർദ്ദേശം എൻ.സി.പിയിൽ ഉയർന്നത്. എന്നാൽ ആദ്യ ടേം ആർക്കു നൽകുമെന്നു തർക്കം ഉയർന്നതിനെത്തുടർന്നു തീരുമാനം ദേശീയ നേതൃത്വത്തിനു വിടുകയായിരുന്നു. ഇത് ശശീന്ദ്രന് അനുകൂലമായി. ജനതാദൾ എസിലും അടി തുടരുകയാണ്. എന്നാൽ ദേവഗൗഡയുടെ തീരുമാനം മാത്യു ടി തോമസിന് അനുകൂലമാകുമെന്നാണ് സൂചന. സിപിഎമ്മിനും മാത്യു ടി തോമസിനോടാണ് താൽപ്പര്യം. ആദ്യ റൗണ്ടിൽ എൻസിപിയുടെ ശശീന്ദ്രൻ മന്ത്രിയാകുന്നത് നിയുക്ത മുഖ്യമന്ത്രി പിണറായി വിജയനും ആശ്വാസമാണ്. മാത്യു ടി തോമസ് കൂടി എത്തിയാൽ നല്ല ടീമാകുമെന്നും പിണറായി കരുതുന്നു.

ജനതാദൾ എസിൽ കേന്ദ്രനേതൃത്വം ഇടപെട്ടിട്ടും തർക്കപരിഹാരമായില്ല. പാർട്ടിയുടെ മൂന്ന് എംഎ‍ൽഎമാരും മന്ത്രിപദത്തിനുള്ള അവകാശവാദത്തിലാണ്. മാത്യു ടി. തോമസ്, കെ. കൃഷ്ണൻകുട്ടി, സി.കെ. നാണു എന്നിവർ ഞായറാഴ്ച ചേർന്ന പാർലമെന്ററി ബോർഡ് യോഗത്തിലും തങ്ങളുടെ നിലപാട് ആവർത്തിച്ചു. തുടർന്നു മന്ത്രിയെ തെരഞ്ഞെടുക്കുന്നതിനായി സമിതിയെ നിശ്ചയിച്ചു. സമിതിക്കും മന്ത്രിസഭയിലേക്കുള്ള പ്രതിനിധിയെ കണ്ടെത്താൻ കഴിയാതെ വന്നതോടെ തീരുമാനം കേന്ദ്രകമ്മിറ്റിക്കു വിട്ടു. എന്നാൽ, ഇന്നലെയും കേന്ദ്രനേതൃത്വം ഇക്കാര്യത്തിൽ തീരുമാനമെടുത്തില്ല. ഇന്നുച്ചയോടെ തീരുമാനമെടുക്കും. അതിനിടെ, 10 ജില്ലാ പ്രസിഡന്റുമാരും ബഹുഭൂരിപക്ഷം ബഹുജനസംഘടനകളും മാത്യു ടി. തോമസിനെ മന്ത്രിയാക്കണമെന്നാവശ്യപ്പെട്ട് കേന്ദ്രനേതൃത്വത്തിനു കത്തു നൽകി. പാലക്കാട്, തൃശൂർ ജില്ലാ കമ്മിറ്റികൾ കെ. കൃഷ്ണൻകുട്ടിയെ മന്ത്രിയാക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.

അതിനിടെ മന്ത്രിസഭയിൽ ജനതാദൾ എസിൽ നിന്നുള്ള മന്ത്രിസ്ഥാനത്തിനുവേണ്ടി പിടിവലി നടക്കുന്നതിനിടെ കെ. കൃഷ്ണൻകുട്ടി വടകരയിൽ രഹസ്യ ചർച്ച നടത്തി. ജനതാദളിൽ മാത്യു ടി തോമസ് വിഭാഗത്തിനെതിരേ നടത്തുന്ന കരുനീക്കങ്ങളുടെ ഭാഗമായാണ് കൃഷ്ണൻകുട്ടി വടകരയിൽ എത്തിയത്. കഴിഞ്ഞ ദിവസം ചേർന്ന ജനതാദൾ നിർവാഹക സമിതിയോഗത്തിൽ സി.കെ. നാണുവാണ് കൃഷ്ണൻകുട്ടിയുടെ പേര് മന്ത്രി സ്ഥാനത്തേക്ക് നിർദേശിച്ചത്. അതുകൊണ്ടുതന്നെ സംസ്ഥാന കമ്മിറ്റിയിലെ ഭൂരിപക്ഷം ഉറപ്പിക്കാനാണു കൃഷ്ണൻകുട്ടി വടകരയിലെത്തിയത്. കൃഷ്ണൻകുട്ടി മുൻ എംഎ‍ൽഎ. അഡ്വ. എം.കെ പ്രേംനാഥിനെ വീട്ടിലെത്തി കണ്ടു.

തുടർന്ന് ഉച്ചക്കുശേഷം വടകര ഗസ്റ്റ്ഹൗസിൽ സി.കെ. നാണുവും അഡ്വ. എം.കെ. പ്രേംനാഥും, സംസ്ഥാന കമ്മിറ്റിയംഗം പി.പി ദിവാകരനുമായും കൃഷ്ണൻകുട്ടി ചർച്ചനടത്തി. ചർച്ചയിൽ കൃഷ്ണൻകുട്ടിക്ക് അനുകൂലമായി നിൽക്കാൻ നേതാക്കൾ സമ്മതിച്ചു. ഇടതുമുന്നണി തീരുമാനമനുസരിച്ച് 19 അംഗ മന്ത്രിസഭയാണ് ബുധനാഴ്ച സത്യപ്രതിജ്ഞ ചെയ്യുന്നത്. സിപിഐ(എം) - 12, സിപിഐ - 4, ജെഡി (എസ്), എൻസിപി, കോൺഗ്രസ് (എസ്) എന്നീ പാർട്ടികൾക്ക് ഒന്നുവീതം എന്നിങ്ങനെയാണ് മന്ത്രിസഭയിലെ ഘടകക്ഷി പ്രാതിനിധ്യം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP