Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

അക്കൗണ്ട് തുറക്കലല്ല അധികാരം പിടിക്കലാകണം പ്രധാനമെന്നു ബിജെപി ദേശീയാധ്യക്ഷൻ; ഹരിയാനയും ജാർഖണ്ഡും മാതൃകയാക്കണം; അംഗത്വക്യാമ്പയിനിൽ പിന്നിലായതിനു സംസ്ഥാനഘടകത്തിനു വിമർശനവും

അക്കൗണ്ട് തുറക്കലല്ല അധികാരം പിടിക്കലാകണം പ്രധാനമെന്നു ബിജെപി ദേശീയാധ്യക്ഷൻ; ഹരിയാനയും ജാർഖണ്ഡും മാതൃകയാക്കണം; അംഗത്വക്യാമ്പയിനിൽ പിന്നിലായതിനു സംസ്ഥാനഘടകത്തിനു വിമർശനവും

പാലക്കാട്: ഇങ്ങനെ പോയാൽ കേരളത്തിൽ കാര്യങ്ങൾ ഉദ്ദേശിച്ച പോലെ നടക്കില്ലെന്ന വിമർശനവുമായി പാർട്ടി നേതൃയോഗത്തിൽ ബിജെപി ദേശീയ പ്രസിഡന്റ് അമിത് ഷാ. ജമ്മു കാശ്മീരിനേയും ഹരിയാനയേയും കണ്ടു പഠിക്കാനാണ് കേരളത്തിലെ നേതാക്കൾക്കുള്ള നിർദ്ദേശം. ഏതായാലും കേരളാ നിയമസഭയിൽ അധികാരം പിടിച്ചേ പറ്റൂവെന്ന നിലപാടാണ് അമിത് ഷാ പങ്കുവച്ചത്. ഇതിനുള്ള ഒരുക്കങ്ങളുടെ ആദ്യ ചുവടുകളും ഉപദേശിച്ച് നൽകി.

ബിജെപി നേതൃയോഗത്തിൽ സംസ്ഥാന നേതൃത്വത്തിനെ വിമർശിച്ച് ദേശീയ അധ്യക്ഷൻ അമിത് ഷാ. ദേശീയതലത്തിൽതന്നെ ബിജെപി അംഗത്വ ക്യാമ്പയിനിൽ പിന്നിൽ നിൽക്കുന്നതു കേരളമാണെന്നു അമിത് ഷാ പറഞ്ഞു. സംഘടനാപരമായ ശക്തി കേരളത്തിൽ വേണ്ട രീതിയിൽ ഉപയോഗിക്കുന്നില്ലെന്നും അമിത് ഷാ പറഞ്ഞു. ഹരിയാന, ജമ്മു കശ്മീർ, ജാർഖണ്ഡ് എന്നീ സംസ്ഥാനങ്ങളിൽ സംഘടനാപരമായി ഒരു ശക്തിയും പാർട്ടിക്കുണ്ടായിരുന്നില്ല. ഇവിടങ്ങളിൽ കഠിനാധ്വാനത്തിലൂടെയാണ് ഭരണം പിടിക്കുന്ന അവസരത്തിലേക്കെത്തിയത്.

കേരളത്തിൽ വോട്ടുകളുടെ എണ്ണം കുറവാണെങ്കിലും സംഘടന ശക്തമാണ്. മറ്റു സംസ്ഥാനങ്ങളെ മറികടക്കുന്നതരത്തിൽ കേരളത്തിൽ പ്രവർത്തകർ അധ്വാനിക്കണം. ഇപ്പോഴുള്ള അംഗത്വ ക്യാമ്പയിനിൽ ബിജെപിയിൽ പിന്നിൽ നിൽക്കുന്നത് കേരളമാണ്. ഈ അവസ്ഥയ്ക്കു മാറ്റമുണ്ടാകണം. സംസ്ഥാനത്ത് 41 ലക്ഷം പേരെ അംഗങ്ങളാക്കണം. കേരളത്തിൽ 70 ലക്ഷം കുടുംബങ്ങളാണുള്ളത്. ഇവയിൽ 26 ലക്ഷം കുടുംബങ്ങളിൽ ബിജെപി അംഗങ്ങളുണ്ടാകണം. ഇപ്പോഴുള്ള പൂജ്യത്തിൽ നിന്നു ഭരണം പിടിക്കുന്ന അവസ്ഥയിലേക്കു മാറാൻ കഴിയണമെന്നും അമിത് ഷാ പറഞ്ഞു.

അമിത് ഷായുടെ തന്ത്രങ്ങളും മാർഗനിർദ്ദേശങ്ങളും ഉൾക്കൊണ്ട് സംസ്ഥാനത്ത് താമര വിരിയിക്കാനുള്ള പരിശ്രമത്തിലായിരിക്കും അടുത്ത രണ്ടുകൊല്ലവും ബിജെപി നേതൃത്വമെന്നാണ് പാലക്കാട്ടെ നേതൃയോഗം നൽകുന്ന സൂചന. അടുത്ത കൊല്ലം നടക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പിലും അതിനടുത്ത കൊല്ലം നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിലും നേട്ടമുണ്ടാക്കാനുള്ള പ്രവർത്തനങ്ങൾ ഊർജസ്വലമാക്കാനാണ് അമിത് ഷായുടെ നിർദ്ദേശം. തദ്ദേശ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരം കോർപ്പറേഷനിൽ ഭരണം പിടിക്കണമെന്നാണ് അമിത് ഷായുടെ നിർദ്ദേശം.

ആർഎസ്എസ്-വിഎച്ച്പി സംഘടനകളുടെ സഹകരണത്തോടെ ഇത് സാധ്യമാക്കാനാകും അമിത് ഷാ പദ്ധതികൾ തയ്യാറാക്കുക. അക്കൗണ്ട് തുറക്കുക എന്ന മാനസികാവസ്ഥ മാറ്റി ഭരണം പിടിക്കണമെന്ന അവസ്ഥയിലെത്തിയാൽ തന്നെ കേരളത്തിൽ അൽഭുതങ്ങൾ സൃഷ്ടിക്കാൻ കഴിയും. സംസ്ഥാന നേതൃത്വത്തിന്റെ മാനസികാവസ്ഥ ഈ നിലയിലേക്ക് മാറണമെന്നാണ് അമിത് ഷായുടെ നിർദ്ദേശം. കേരളത്തിലെ മുഴുവൻ ബൂത്തുകളിലും പാർട്ടി പ്രവർത്തനം സജീവമാക്കുകയാണ് ലക്ഷ്യം. എല്ലായിടത്തും പ്രവർത്തകരുണ്ടാക്കുക എന്ന ലക്ഷ്യത്തോടെയാകും അംഗത്വവിതരണം നടത്തുക. നിലവിൽ പതിനായിരത്തോളം ബൂത്തുകളിലാണ് സജീവ പ്രവർത്തനമുള്ളത്. അത് സംസ്ഥാനത്തെ 21,000ത്തിലധികം ബൂത്തുകളിലേക്കും വ്യാപിപ്പിക്കുകയാണ് ലക്ഷ്യം.

മറ്റു പാർട്ടികളിലുള്ള സജീവ പ്രവർത്തകരെയും ബിജെപിയിലേക്ക് ആകർഷിക്കുന്ന വിധത്തിലുള്ള പ്രചാരണങ്ങളും നടത്തും. ജനകീയ വിഷയങ്ങൾ പൊതുജനങ്ങൾക്കു മുമ്പിൽ അവതരിപ്പിച്ച് സജീവ ചർച്ചയ്ക്കിടയാക്കുകയും ലക്ഷ്യമാണ്. അടുത്തകൊല്ലം നടക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പിൽ പരമാവധി പഞ്ചായത്തുകളിൽ വിജയം നേടുന്ന തരത്തിലുള്ള തന്ത്രങ്ങൾ ആവിഷ്‌കരിക്കും. ഏതൊക്കെ പഞ്ചായത്തുകളിലാണ് നേട്ടമുണ്ടാക്കാൻ കഴിയുക എന്നതടക്കമുള്ള കാര്യങ്ങൾ പാർട്ടി പരിശോധിക്കുന്നുണ്ട്.

പാർട്ടിയുടെ അടിത്തറ വിപുലപ്പെടുത്തുന്നതിനുള്ള തന്ത്രങ്ങൾക്കും രൂപംനൽകും. അതിനായി മറ്റുചില കക്ഷികളെ ബിജെപി നേതൃത്വം നൽകുന്ന എൻ.ഡി.എയിലേക്ക് കൊണ്ടുവരാനും ലക്ഷ്യമിടുന്നുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP