Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

ഓപ്പറേഷൻ ലോട്ടസുമായി അമിത് ഷാ വെള്ളിയാഴ്ച മുതൽ കേരളത്തിൽ; ലക്ഷ്യമിടുന്നത് 20 മുതൽ 30 വരെ സീറ്റ്; മൂന്ന് എങ്കിലും കിട്ടിയേക്കുമെന്ന പ്രതീക്ഷയിൽ സംസ്ഥാന നേതൃത്വവും

ഓപ്പറേഷൻ ലോട്ടസുമായി അമിത് ഷാ വെള്ളിയാഴ്ച മുതൽ കേരളത്തിൽ; ലക്ഷ്യമിടുന്നത് 20 മുതൽ 30 വരെ സീറ്റ്; മൂന്ന് എങ്കിലും കിട്ടിയേക്കുമെന്ന പ്രതീക്ഷയിൽ സംസ്ഥാന നേതൃത്വവും

പാലക്കാട്: കേരളത്തിൽ ബിജെപിയെ ശക്തിപ്പെടുത്താനുള്ള 'ഓപ്പറേഷൻ ലോട്ടസ് പദ്ധതിക്കു തുടക്കമിടാൻ പാർട്ടി അധ്യക്ഷൻ അമിത് ഷാ 19നു പാലക്കാട്ടെത്തും. ബംഗാൾ മാതൃകയിൽ സിപിഐ(എം) അണികളെ വൻതോതിൽ ബിജെപിയിൽ ചേർക്കാനാണ് അമിത് ഷാ ലക്ഷ്യമിടുന്നത്.

രാവിലെ 10ന് സംസ്ഥാന ഭാരവാഹികളുടെയും ജില്ലാ പ്രസിഡന്റുമാരുടെയും യോഗത്തിൽ പങ്കെടുക്കും. വൈകിട്ട് അഞ്ചിന് കോട്ടമൈതാനിയിൽ നടക്കുന്ന പൊതുയോഗത്തിൽ പ്രസംഗിക്കും.അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ 20 മുതൽ 30 വരെ നിയമസഭാ സീറ്റുകൾ പിടിച്ചെടുക്കാൻ പാർട്ടിയെ സജ്ജമാക്കുകയാണ് അമിത് ഷായുടെ ലക്ഷ്യം. ഇത് സാദ്ധ്യമാണെന്ന് അദ്ദേഹം കണക്കുകൾ നിരത്തി സംസ്ഥാന നേതൃയോഗങ്ങളിൽ അമിത് ഷാ വിശദീകരിക്കും.

കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ പാർട്ടിക്ക് സംസ്ഥാനത്ത് 10.5 ശതമാനം വോട്ട് ലഭിച്ചിരുന്നു. ശേഷം നടന്ന തദ്ദേശസ്വയം ഭരണസ്ഥാപനങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പുകളിൽ പാർട്ടി മത്സരിച്ച ഇടങ്ങളിൽ 21 ശതമാനം വോട്ടുകൾ ലഭിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഭരണനേട്ടവും അമിത് ഷായുടെ തന്ത്രവും ചേർന്നാൽ സംസ്ഥാനത്ത് പാർട്ടിക്ക് 20 മുതൽ 30 വരെ നിയമസഭാ സീറ്റുകൾ നേടാനാവുമെന്നാണ് കണക്ക്കൂട്ടൽ. എന്നാൽ കേരളത്തിലെ പ്രത്യേക സാഹചര്യത്തിൽ അക്കൗണ്ട് തുറക്കുക എന്നത് മാത്രമേ സമീപഭാവിയിൽ കഴിയൂ എന്നാണ് സംസ്ഥാന നേതൃത്വത്തിന്റെ വിലയിരുത്തൽ. മൂന്ന് നിയമസഭാ സീറ്റുകളിൽ ജയിക്കാമെന്നാണ് സംസ്ഥാന പ്രസിഡന്റ് വി മുരളീധരന്റെ കണക്കുകൂട്ടൽ.

കേരള കോൺഗ്രസ് ഗ്രൂപ്പുകളിൽ നിന്ന് ആർ.ബാലകൃഷ്ണപിള്ള, കെ.ബി.ഗണേശ് കുമാർ, പി.സി.തോമസ് തുടങ്ങിയവരെ അമിത് ഷാ ലക്ഷ്യമിടുന്നുണ്ട്. ഇവരുമായി കൂടിയാലോചന നടത്താൻ എ.വി.താമരാക്ഷനെയാണു നിയോഗിച്ചിട്ടുള്ളത്. സിപിഐ(എം) ഏരിയാ സമ്മേളനങ്ങളിൽ വിമത ശബ്ദമുയർത്തുന്നവരെ ബിജെപിയിലേക്ക് ആകർഷിക്കാൻ ആസൂത്രിത ശ്രമമുണ്ടാകും. കേരളത്തിന്റെ ചുമതല വഹിക്കുന്ന ദേശീയ സെക്രട്ടറി എച്ച്.രാജയും സംഘടനാ ചുമതലയുള്ള ജോയിന്റ് ജനറൽ സെക്രട്ടറി കെ.സുഭാഷും 'ഓപ്പറേഷൻ ലോട്ടസ് പദ്ധതിക്ക് അടിത്തറയിടാനുള്ള ജില്ലാ പര്യടനങ്ങളിലാണ്.

ആർഎസ്എസിന്റെ പൂർണ പിന്തുണ ഉറപ്പാക്കാൻ ബിജെപി സംസ്ഥാന നേതൃതലത്തിലും മാറ്റം വേണമെന്ന അഭിപ്രായവും സജീവമാണ്. സംസ്ഥാന അധ്യക്ഷ സ്ഥാനത്തു രണ്ടു ടേം പൂർത്തിയാക്കുന്ന വി.മുരളീധരനു പകരം ആരെ നിയോഗിക്കണമെന്നത് അമിത് ഷാ ആർഎസ്എസ് സംസ്ഥാന നേതൃത്വവുമായി കൂടിയാലോചിക്കും. സംസ്ഥാന ആർഎസ്എസ് ഘടകത്തിനും എൻഎസ്എസ്, എസ്എൻഡിപി തുടങ്ങിയ സാമുദായിക സംഘടനകൾക്കും പൊതു സമ്മതിയുള്ള നേതാവു വേണമെന്നാണു കേന്ദ്ര നേതൃത്വത്തിന്റെ ലൈൻ. ആർഎസ്എസ് സംസ്ഥാന നേതൃത്വം എം ടി.രമേശ്, ശോഭാ സുരേന്ദ്രൻ എന്നിവരുടെ പേരുകളാണ് അധ്യക്ഷ സ്ഥാനത്തേക്ക് ശുപാർശ ചെയ്യുന്നത്.

ബിജെപി അംഗത്വ വിതരണ പരിപാടിയുടെ വിലയിരുത്തലും പാലക്കാട്ട് ബിജെപി സംസ്ഥാന ഭാരവാഹി യോഗത്തിൽ അമിത് ഷാ നടത്തും. തുടർന്നു പാലക്കാട്ട് പൊതുയോഗത്തിലും അമിത് ഷാ പ്രസംഗിക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP