Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ചാഞ്ചാടി പേടിപ്പിച്ചത് ഒടുവിൽ വീരന് രാജ്യസഭാ സീറ്റ് ഉറപ്പിച്ചു; ആന്റണിക്കെതിരെ നിൽക്കാൻ ഭയന്ന് കോൺഗ്രസിലെ സീറ്റ മോഹികൾ പിന്മാറി; കേരളാ പരീക്ഷണത്തിൽ പരാജയപ്പെട്ട എംഎ ബേബി വീണ്ടും ഡൽഹിക്ക്

ചാഞ്ചാടി പേടിപ്പിച്ചത് ഒടുവിൽ വീരന് രാജ്യസഭാ സീറ്റ് ഉറപ്പിച്ചു; ആന്റണിക്കെതിരെ നിൽക്കാൻ ഭയന്ന് കോൺഗ്രസിലെ സീറ്റ മോഹികൾ പിന്മാറി; കേരളാ പരീക്ഷണത്തിൽ പരാജയപ്പെട്ട എംഎ ബേബി വീണ്ടും ഡൽഹിക്ക്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: വലതും ഇടതും മാറി മാറി വീരേന്ദ്ര കുമാർ ചർച്ച ചെയ്തത് വെറുതെയായില്ല. മാതൃഭൂമി പത്രത്തെ പൂർണ്ണമായും എതിരാക്കാൻ തെരഞ്ഞെടുപ്പ് സമയത്ത് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്ക് താൽപ്പര്യമില്ല. ഇതോടെ രാജ്യസഭാ സീറ്റ് യുഡിഎഫിലെ ഘടകകക്ഷിയായ ജെഡിയുവിന് നൽകാൻ കോൺഗ്രസ് തീരുമാനിച്ചു. മുസ്ലിം ലീഗും കേരളാ കോൺഗ്രസും ഇതിനെ അനുകൂലിക്കുകയാണ്. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ പാലക്കാട് തോൽക്കുമെന്ന് വീരേന്ദ്ര കുമാറിന് പോലും അറിയാമായിരുന്നു. എന്നിട്ടും മത്സിരച്ചത് തോറ്റാൽ ലഭിക്കാൻ സാധ്യതയുള്ള രാജ്യസഭാ സീറ്റിൽ കണ്ണുവച്ചാണ്. അതുകൊണ്ട് തന്നെ ഈ രാജ്യസഭാ സീറ്റ് പാർട്ടിയിൽ നിന്ന് വീരേന്ദ്രകുമാറിന് തന്നെ ലഭിക്കും.

കോൺഗ്രസിനാണ് ജയ സാധ്യതയുള്ള രണ്ടാമത്തെ സീറ്റ്. സ്ഥാനം ഒഴിയുന്നത് ആന്റണിയാണ്. ആന്റണിയുടെ ആരോഗ്യ നില മോശമായപ്പോൾ പലരും ഈ സ്ഥാനം സ്വപ്‌നം കണ്ടവരുണ്ട്. എന്നാൽ അസുഖ പ്രശ്‌നമെല്ലാം മാറിയതോടെ ആന്റണി രാഷ്ട്രീയത്തിൽ സജീവമായി. സോണിയാ ഗാന്ധിക്കും രാഹുൽ ഗാന്ധിക്കും ആന്റണിയെ ഡൽഹിയിൽ വേണം. അവരുടെ പ്രധാന ഉപദേഷ്ടാവാണ് ആന്റണി. ഈ സാഹചര്യത്തിൽ കോൺഗ്രസിൽ ആരും രാജ്യസഭാ സീറ്റ് സ്വപ്‌നം കാണുന്നില്ല. എല്ലാവരും ആന്റണിക്കായി വാദിക്കുന്നു. 

കേരളത്തിൽ ഒഴിവ് വരുന്ന മൂന്നാം സീറ്റിൽ സിപിഎമ്മിന് അവരുടെ സ്ഥാനാർത്ഥിയെ ജയിപ്പിക്കാം. പോളിറ്റ് ബ്യൂറോ അംഗം എം എ ബേബിക്കാകും സീറ്റെന്നാണ് സൂചന. പോളിറ്റ് ബ്യൂറോ അംഗമായി ബേബി ഡൽഹിയിലേക്ക് പ്രവർത്തന മേഖല മാറ്റുകയാണ്. ഡിവൈഎഫ്‌ഐയുടെ ദേശീയ പ്രസിഡന്റായിരുന്ന ബേബി, ഡൽഹിയിലായിരുന്നു ഏറെക്കാലം പ്രവർത്തിച്ചത്. എന്നാൽ പത്തുകൊല്ലം മുമ്പത്തെ നിയമസഭാ തെരഞ്ഞെടുപ്പിൽ കേരളത്തിലേക്ക് നോട്ടമിട്ടു. വിദ്യാഭ്യാസ മന്ത്രിയുമായി. പക്ഷേ ലോക്‌സഭാ തെരഞ്ഞെടുപ്പിലെ തോൽവിയോടെ സംസ്ഥാന രാഷ്ട്രീയത്തിൽ ബേബിയുടെ സാന്നിധ്യം കുറഞ്ഞു. വീണ്ടും ഡൽഹിയിലേക്ക്. നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ ബേബിയെ പോലൊരു നേതാവിനെ രാജ്യസഭയിൽ സിപിഎമ്മിനും വേണം.

ഈ സാഹചര്യത്തിലാണ് ബേബി ഡൽഹിക്ക് പോകുന്നത്. എംപിയാക്കാൻ സിപിഎമ്മിൽ ധാരണയുമായിട്ടുണ്ട്. നിലവിൽ എംപി സ്ഥാനം ഒഴിയുന്ന ബാലഗോപാൽ നിയമസഭയിലേക്ക് മത്സരിപ്പിക്കും. ടിഎൻ സീമയ്ക്ക് തിരുവനന്തപുത്തെ പ്രധാന സീറ്റുകളിൽ ഒന്ന് നൽകുന്നതും സിപിഐ(എം) പരിഗണനയിലുണ്ട്. ഏതായാലും ബേബി ആയതു കൊണ്ട് തന്നെ സിപിഎമ്മിലും രാജ്യസഭാ സീറ്റിൽ രണ്ടഭിപ്രായം ഉണ്ടാകില്ല. കൊല്ലത്തെ ലോക്‌സഭാ തോൽവിയുമായി ബന്ധപ്പെട്ട് ബേബി സംസ്ഥാന നേതൃത്വവുമായി അകൽച്ചയിലായിരുന്നു. തന്റെ നിയമസഭാ മണ്ഡലമായ കുണ്ടറയിൽ പോലും ബേബിക്ക് വോട്ട കുറഞ്ഞു. തുടർന്ന് എംഎൽഎ സ്ഥാനം രാജിവയ്ക്കുമെന്നു ബേബി നിലപാട് എടുത്തു. എന്നാൽ ദേശീയ നേതൃത്വത്തിന്റെ ഇടപെടലിലൂടെ ബേബി എംഎൽഎ ആയി തുടർന്നു.

സിപിഎമ്മിന്റെ ഭാവി ദേശീയ നേതാവായി ബേബിയെ കാണുന്നവരുമുണ്ട്. സീതാറാം യെച്ചൂരിക്ക് ശേഷം ബേബി ജനറൽ സെക്രട്ടറിയാകുമെന്നാണ് വിലയിരുത്തൽ. പാർട്ടിയിൽ കേരള ഘടകത്തിന് സ്വാധീനം കൂടുന്ന സാഹചര്യത്തിലാണ് ഇത്. എംപിയായി ബേബി ഡൽഹിക്ക് പോകുന്നതിന് പിന്നിൽ ഇത്തരമൊരു രാഷ്ട്രീയവുമുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP