Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വെട്ടിനുപകരം വെട്ട് എന്ന കണ്ണൂർ ശൈലി മാറ്റി ഷുഹൈബ് വധത്തിന് ശേഷം അഹിംസാത്മക സമരത്തിൽ ഉറച്ചുനിന്ന കോൺഗ്രസ്സിന് കൈയടി; ഗാന്ധിയൻ മോഡൽ സമരത്തിലേക്ക് പ്രതിഷേധം മാറ്റിയതിന്റെയും അണികളെ അടക്കിനിർത്തിയതിന്റെയും ക്രെഡിറ്റ് മുഴുവൻ സതീശൻ പാച്ചേനിക്ക്; യുവനേതാവിന്റെ കൊലപാതകത്തിൽ ആദ്യം ഉപവാസമനുഷ്ഠിച്ച് കണ്ണൂരിന്റെ താരകമായി ഡിസിസി പ്രസിഡന്റ്

വെട്ടിനുപകരം വെട്ട് എന്ന കണ്ണൂർ ശൈലി മാറ്റി ഷുഹൈബ് വധത്തിന് ശേഷം അഹിംസാത്മക സമരത്തിൽ ഉറച്ചുനിന്ന കോൺഗ്രസ്സിന് കൈയടി; ഗാന്ധിയൻ മോഡൽ സമരത്തിലേക്ക് പ്രതിഷേധം മാറ്റിയതിന്റെയും അണികളെ അടക്കിനിർത്തിയതിന്റെയും ക്രെഡിറ്റ് മുഴുവൻ സതീശൻ പാച്ചേനിക്ക്; യുവനേതാവിന്റെ കൊലപാതകത്തിൽ ആദ്യം ഉപവാസമനുഷ്ഠിച്ച് കണ്ണൂരിന്റെ താരകമായി ഡിസിസി പ്രസിഡന്റ്

രഞ്ജിത് ബാബു

കണ്ണൂർ: യൂത്ത് കോൺഗ്രസ്സ് നേതാവ് ഷുഹൈബിന്റെ കൊലപാതകത്തിൽ പ്രതിഷേധിച്ച് കണ്ണൂരിൽ നടത്തിയ സഹന സമരത്തിന്റെ പിന്നിലെ ബുദ്ധി ഡി.സി.സി. പ്രസിഡണ്ട് സതീശൻ പാച്ചേനിയുടേത്. കണ്ണൂരിലെ രാഷ്ട്രീയ അക്രമണങ്ങളിൽ അതേ നാണയത്തിൽ തിരിച്ചടിക്കുന്ന സമീപനത്തിൽ നിന്നും ദിശ മാറ്റിയതിന്റെ പിന്നിൽ ഈ നേതാവിന്റെ തന്ത്രപരമായ നീക്കമെന്ന വിലയിരുത്തലാണ് വരുന്നത്. സഹപ്രവർത്തകനെ നാല്പത്തൊന്ന് വെട്ടിൽ കൊല ചെയ്തശേഷം നടന്ന ജില്ലാ തല സമാധാന കമ്മിറ്റിയിൽ മന്ത്രി എ.കെ. ബാലനോടും സിപിഎം ജില്ലാ സെക്രട്ടറി പി.ജയരാജനോടും കടുത്ത ഭാഷയിൽ പ്രതിഷേധിച്ചിരുന്നു സതീശൻ പാച്ചേനി.

എന്നാൽ അതേസമയം, അണികൾ അതിരു വിടുന്നതിനെ നിയന്ത്രിച്ച് നിർത്തുകയും ചെയ്തു. കണ്ണൂരിലൊരു രാഷ്ട്രീയ കൊലപാതകം നടന്നാൽ അതിന് പകരം തിരിച്ചടിയോ അല്ലെങ്കിൽ വ്യാപക അക്രമമോ ആണ് പതിവ് രീതി. എതിരാളികളുടെ വീടുകൾക്ക് നേരെയും പ്രവർത്തകർക്ക് നേരെയും പരക്കെ അക്രമവും ബോംബേറുമെല്ലാം അരങ്ങേറാറുമുണ്ട്. എന്നാൽ പതിവ് ശൈലി ഉപേക്ഷിച്ച് സമാധാനത്തിന്റെ സന്ദേശം അണികളിലും ജനങ്ങളിലും പകർന്ന് നൽകാൻ ചുക്കാൻ പിടിക്കുന്നതിൽ സതീശൻ വിജയിക്കുക തന്നെ ചെയ്തു.

ഷുഹൈബ് വധത്തിൽ സിപിഎമ്മിന്റെ പങ്ക് വെളിപ്പെട്ടിട്ടും തിരിച്ചടിക്കാനോ വെല്ലുവിളിക്കാനോ കോൺഗ്രസ്സ് ജില്ലാ നേതൃത്വം തയ്യാറായിരുന്നില്ല. സിപിഎം-ബിജെപി. സംഘർഷങ്ങളിൽ പരസ്പരം പോർവിളി ഉയരുന്നത് ഒട്ടേറെ രക്തസാക്ഷികളെ സൃഷ്ടിക്കാൻ മാത്രമേ കഴിഞ്ഞിട്ടുള്ളൂ. എതിരാളികൾക്കോ അവരുടെ സ്ഥാപനങ്ങൾക്കോ ഷുഹൈബിന്റെ കൊലപാതകത്തിനു ശേഷം ഒരു പോറൽ പോലും സംഭവിച്ചിട്ടില്ല എന്നത് നേതൃത്വത്തിന്റെ മാതൃകാ പരമായ ഇടപെടലിന്റെ മേന്മ തന്നെയാണെന്ന് എല്ലാവരും സമ്മതിക്കുന്നു. ഒരു കൊലപാതകം നടന്നാൽ മുഖം നോക്കാതെ എതിരാളികളെ അക്രമിക്കുന്ന പതിവും ഇവിടെ സംഭവിച്ചിട്ടില്ല. ഗാന്ധിയൻ രീതിയിലുള്ള സഹന സമരത്തിലേക്ക് പാർട്ടിയെ എത്തിക്കുന്നതിൽ സതീശൻ പാച്ചേനിയുടെ കഴിവു തന്നെയാണ് എടുത്തു പറയേണ്ടത്. അക്രമത്തെ അക്രമംകൊണ്ട് നേരിടുന്നതിന് പകരം അണികളേയും ജനങ്ങളേയും പങ്കാളികളാക്കി ഉപവാസം അനുഷ്ഠിക്കാൻ അദ്ദേഹം സ്വയം തയ്യാറെടുക്കുകയായിരുന്നു.

കണ്ണൂർ കലക്ട്രേറ്റിനു മുന്നിൽ 24 മണിക്കൂർ ഉപവാസ സമരം ആരംഭിച്ചു കൊണ്ട് സതീശൻ പാച്ചേനി തന്നെയായിരുന്നു ഈ സഹന സമരത്തിന് തുടക്കമിട്ടത്. ചോരക്ക് ചോര എന്നതിന് പകരം അഹിംസാത്മക സമരം എന്ന രീതിയിലേക്ക് അദ്ദേഹം കാര്യങ്ങൾ എത്തിച്ചു. അതിനാൽ തന്നെ രാഷ്ട്രീയ ഭിന്നത മറന്ന് സമരപന്തലിലേക്ക് എത്തിയവരും ഏറെ. സ്ത്രീകളുടെ വൻ പങ്കാളിത്തം സമരത്തിന് ഉണ്ടായി എന്നതും ശ്രദ്ധേയമായി. 24 മണിക്കൂർ ഉപവാസത്തിനു ശേഷം സമരം യൂത്ത് കോൺഗ്രസ്സിനെക്കൊണ്ട് സമരം ഏറ്റെടുപ്പിക്കുകയും ചെയ്തു. അവരുടെ ഊഴം കഴിഞ്ഞപ്പോൾ ഇനിയെന്ത് എന്ന ചോദ്യത്തിന് മുന്നിൽ 48 മണിക്കൂർ ഉപവാസ മനുഷ്ഠിക്കാൻ തയ്യാറായി കോൺഗ്രസ്സ് രാഷ്ട്രീയ കാര്യ സമിതി അംഗം കെ.സുധാകരൻ രംഗത്തിറങ്ങുകയായിരുന്നു. ഷുഹൈബ് വധക്കേസിലെ യഥാർത്ഥ പ്രതികളെ പിടികൂടണമെന്നും കേസ് അന്വേഷണം സിബിഐ.ക്ക് വിടണമെന്നും ആവശ്യപ്പെട്ടായിരുന്നു കെ.സുധാകരൻ സമരം ആരംഭിച്ചത്.

മുൻകാലങ്ങളിൽ കോൺഗ്രസ്സ് പ്രവർത്തകർ അക്രമിക്കപ്പെട്ടാൽ എതിരാളികളെ വെല്ലു വിളിക്കുന്ന കെ.സുധാകരനും പതിവ് ശൈലി മാറ്റി ഉപവാസ സമരത്തിന്റെ വക്താവായി മാറി. അതോടെ സമരത്തിൽ ഒറ്റക്കും കൂട്ടായും ധാരാളം ജനങ്ങളെത്തി. പോർവിളികളല്ല പരകം സമാധാന സന്ദേശമാണ് കണ്ണൂരിലെ അക്രമ രാഷ്ട്രീയത്തിനെതിരെ ഉയർത്തേണ്ടതെന്ന സത്യം നേതാക്കളും തിരിച്ചറിഞ്ഞു. അതോടെ നാല്പത്തെട്ട് മണിക്കൂർ ഉപവാസമനുഷ്ഠിക്കാൻ പുറപ്പെട്ട സുധാകരന്റെ സമരം 9 ദിവസത്തിലേക്ക് നീണ്ടു. ഇത് ജനങ്ങൾക്കിടയിൽ കോൺഗ്രസിന് വലിയ സമ്മതിയും നേടിക്കൊടുത്തുവെന്നാണ് വിലയിരുത്തൽ.

ആരോഗ്യ പ്രശ്നങ്ങൾ അനുഭവിച്ചിട്ടും സർക്കാറിന്റെ ഉത്തരവ് പുറത്ത് വരാൻ സുധാകരൻ കാത്തു നിന്നു. ഒടുവിൽ അനുകൂല തീരുമാനമില്ലാതെ ഉപവാസം അവസാനിപ്പിച്ചെങ്കിലും നീതി പീഠത്തിനു മുമ്പാകെ ഷുഹൈബ് വധം എത്തിച്ചതോടെ സമരം അവസാനിപ്പിക്കുയായിരുന്നു. കക്ഷി രാഷ്ട്രീയത്തിനപ്പുറം ജനം അംഗീകരിക്കുന്ന ഒരു സമര മുറയായി കണ്ണൂരിലെ സമരം മാറ്റിയതിന് സതീശൻ പാച്ചേനി കോൺഗ്രസിലും അക്രമരാഷ്ട്രീയത്തിന് എതിരെ നിലകൊള്ളുന്നവർക്കിടയിലും കൈയടി നേടുകയാണ് ഇപ്പോൾ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP