Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

അരുവിക്കരയിലെ സ്ഥാനാർത്ഥിയെ ചൊല്ലി കോൺഗ്രസിൽ അടികൊഴുക്കുന്നു; കാർത്തികേയന്റെ ഭാര്യയെ സ്ഥാനാർത്ഥി ആക്കരുതെന്ന് ആവർത്തിച്ച് സ്ഥാനമൊഴിയുന്ന ഡിസിസി പ്രസിഡന്റ്; ആത്മാർത്ഥതയുള്ളവരെ പാർട്ടി തഴയുന്നെന്ന് കെ മോഹൻകുമാറിന്റെ വിമർശനം

അരുവിക്കരയിലെ സ്ഥാനാർത്ഥിയെ ചൊല്ലി കോൺഗ്രസിൽ അടികൊഴുക്കുന്നു; കാർത്തികേയന്റെ ഭാര്യയെ സ്ഥാനാർത്ഥി ആക്കരുതെന്ന് ആവർത്തിച്ച് സ്ഥാനമൊഴിയുന്ന ഡിസിസി പ്രസിഡന്റ്; ആത്മാർത്ഥതയുള്ളവരെ പാർട്ടി തഴയുന്നെന്ന് കെ മോഹൻകുമാറിന്റെ വിമർശനം

മറുനാടൻ മലയാളി ബ്യൂറോ

 തിരുവനന്തപുരം: സംസ്ഥാന രാഷ്ട്രീയം അഴിമതി ആരോപണങ്ങളിൽ മുങ്ങി കുഴഞ്ഞുമറിഞ്ഞ സാഹചര്യത്തിൽ അരുവിക്കരയിൽ നടക്കാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പിനെ ചൊല്ലി കോൺഗ്രസിൽ കലഹം മൂക്കുന്നു. അന്തരിച്ച മുൻ സ്പീക്കർ ജി കാർത്തികേയന്റെ ഭാര്യ ഡോ. എം ടി സുലേഖയെ സ്ഥാനാർത്ഥിയാക്കാനുള്ള നീക്കത്തിനെതിരെയാണ് കോൺഗ്രസ് ജില്ലാ നേതൃത്വത്തിൽ അതൃപ്തി പടരുന്നു എന്ന സൂചനയാണ് പുറത്തുവരുന്നത്. സുലേഖയെ സ്ഥാനാർത്ഥിയാക്കാനുള്ള തീരുമാനത്തിനെതിരെ നേരത്തെ രംഗത്തുവന്ന ഡിസിസി പ്രസിഡന്റ് കെ മോഹൻകുമാർ വീണ്ടും സമാന നിലപാടുമായി രംഗത്തെത്തിയതാണ് നേതൃത്വത്തിന് തിരിച്ചടിയായത്.

സജീവ രാഷ്ട്രീയപ്രവർത്തകരെ മാത്രമേ ജനങ്ങൾ അംഗീകരിക്കൂ എന്നു ചൂണ്ടിക്കാട്ടിയാണ് സ്ഥാനമൊഴിയാനിരിക്കുന്ന ഡിസിസി പ്രസിഡന്റ് കെ മോഹൻകുമാർ രംഗത്തെത്തിയിരിക്കുന്നത്. കാർത്തികേയന്റെ മണ്ഡലമായ അരുവിക്കരയിൽ സുലേഖയെ മത്സരിപ്പിക്കണമെന്ന് കോൺഗ്രസിലെ ഒരു വിഭാഗത്തിന് അഭിപ്രായമുണ്ടായിരുന്നു. ഇതനുസരിച്ച് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും കെപിസിസി പ്രസിഡന്റ് വി എം സുധീരനും നീങ്ങുന്നതിന് എതിരെയാണ് എതിരഭിപ്രായം ഉയരുന്നത്. കാർത്തികേയന്റെ വിയോഗത്തിലെ സഹതാപ തരംഗം മുതലെടുത്ത് വിജയിക്കാമെന്ന കണക്കുകൂട്ടലാണ് ജില്ലാ നേതൃത്വത്തിന്റെ എതിർപ്പിൽ തട്ടി നിൽക്കുന്നത്.

മനുഷ്യാവകാശ കമ്മീഷൻ അംഗമായതിനെ തുടർന്ന് ഡിസിസി പ്രസിഡന്റ് സ്ഥാനം ഒഴിയാനിരിക്കേയാണ് ഡോ സുലേഖയ്‌ക്കെതിരേ മോഹൻകുമാർ രംഗത്തുവന്നിരിക്കുന്നത്. അരുവിക്കരയിൽ ആരെ മത്സരിപ്പിക്കുമെന്ന കാര്യത്തിൽ യുഡിഎഫിൽ ധാരണയാകാതിരിക്കുന്ന സാഹചര്യത്തിൽ മോഹൻകുമാറിന്റെ പ്രസ്താവന പ്രശ്‌നം കൂടുതൽ സങ്കീർണമാകും. ഡിസിസി പ്രസിഡന്റ് സ്ഥാനത്തുനിന്ന് മോഹൻകുമാറിന് യാത്രയയപ്പു നൽകാനുള്ള യോഗമാണ് ഇന്നു ചേർന്നത്. ജില്ലയിലെ കോൺഗ്രസ് പ്രവർത്തകരുടെ വികാരം തന്നെയാണ് മോഹൻകുമാറിന്റെ ഭാഗത്തുനിന്നുമുണ്ടായത്.

കെപിസിസിയും ഹൈക്കമാൻഡും ഡോ. സുലേഖയെ സ്ഥാനാർത്ഥിയാക്കണമെന്ന നിലപാടിലാണ്. ഇതിനെതിരേയാണ് ഇപ്പോൾ ജില്ലാ കോൺഗ്രസ് നേതൃത്വം രംഗത്തെത്തിയിരിക്കുന്നത്. സുലേഖയ്ക്കു സ്ഥാനാർത്ഥിയാകാൻ താൽപര്യമില്ലെങ്കിൽ കാർത്തികേയന്റെ മക്കളെ സ്ഥാനാർത്ഥിയാക്കണമെന്ന നിലപാടാണ് സംസ്ഥാനദേശീയ കോൺഗ്രസ് നേതൃത്വങ്ങൾക്കുള്ളത്. അതേസമയം, കാർത്തികേയന്റെ മരണത്തിനു പിന്നാലെ തന്നെ വിരുദ്ധ നിലപാട് വ്യക്തമാക്കി മോഹൻകുമാറും ഡിസിസി അംഗങ്ങളിൽ പലരും രംഗത്തെത്തിയിരുന്നു.

മറ്റൊരു രാഷ്ട്രീയ പാർട്ടിയിൽ ദീർഘകാലം പ്രവർത്തിച്ചയാൾ പാർട്ടി മാറി വന്നപ്പോൾ എംഎൽഎയാക്കി. രാജ്യാന്തര തലത്തിൽ നയതന്ത്ര രംഗത്തു പ്രവർത്തിച്ചിരുന്നയാൾ രാഷ്ട്രീയത്തിലെത്തിയപ്പോൾ തിരുവനന്തപുരത്ത് എംപിയാക്കി. തിരുവനന്തപുരത്ത് രാഷ്ട്രീയ പ്രവർത്തനം നടത്തുന്നവർക്ക് കോൺഗ്രസിൽ അംഗീകാരം ലഭിക്കുന്നില്ലെന്നാണ് മോഹൻകുമാറടങ്ങുന്ന പക്ഷത്തിന്റെ നിലപാട്. ഈ നിലപാട് പാർട്ടിക്ക് തുടക്കത്തിലേറ്റ തിരിച്ചടിയാണ്.

മറിച്ച് ഇടതുപക്ഷ സ്ഥാർഥിയായി മുന്മന്ത്രി എം വിജയകുമാർ വരാനുള്ള സാധ്യതയാണ് കൂടുതൽ. പതിറ്റാണ്ടുകൾക്ക് ശേഷം ആർഎസ്‌പി യിൽ നിന്നും സീറ്റ് സിപിഎമ്മിന്റെ കൈവശം വരുന്നത്. വി കെ മധുവിന്റെ പേരും ഉയർന്നുകേൾക്കുന്നുണ്ട്. 8 പഞ്ചായത്തുകളാണ് മണ്ഡലത്തിലുള്ളത്. ഇതിൽ അരുവിക്കര, വിതുര, പൂവച്ചൽ, വെള്ളനാട് എന്നിവ കോൺഗ്രസും തൊളിക്കോട്, ആര്യനാട്, കുറ്റിച്ചൽ, ഉഴമലയ്ക്കൽ എന്നിവ ഇടതുപക്ഷവും ഭരിക്കുന്നു. സർക്കാരിനെതിരായ പൊതുവികാരവും പാർട്ടി സീറ്റെന്ന ഘടകവും സിപിഎമ്മിന് ആത്മവിശ്വാസം നൽകുന്നുണ്ട്. കഴിഞ്ഞ തവണ 10674 വോട്ടായിരുന്നു കാർത്തികേയന്റെ ഭൂരിപക്ഷം. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഇത് കുറയുകയും ചെയ്തിരുന്നു.

അതിനിടെ ഡിസിസി പ്രസിഡന്റ് സ്ഥാനം മോഹൻകുമാർ ഒഴിയുമ്പോൾ പകരക്കാരനായി ആര് വരുമെന്ന ചർച്ചകളും കോൺഗ്രസിനുള്ളിൽ സജീവമാണ്. കെ മോഹൻകുമാർ ഒഴിയുന്ന നിലയ്ക്ക് രമണി പി നായർ, കരകുളം കൃഷ്ണപിള്ള എന്നിവരെയാണ് ഡിസിസി പ്രസിഡന്റ് സ്ഥാനത്തേക്കു പ്രഥമ പരിഗണന. അതേസമയം ഐ ഗ്രൂപ്പുകാർ കാലങ്ങളായി കൈവശം വെക്കുന്ന ഡിസിസി പ്രസിഡന്റ് സ്ഥാനം തങ്ങൾക്ക് വേണമെന്ന എ ഗ്രൂപ്പിലെ ഒരു വിഭാഗം ആവശ്യപ്പെടുന്നുണ്ട്. ശരത്ചന്ദ്ര പ്രസാദും ഡിസിസി പ്രസിഡന്റ് സ്ഥാനം ലക്ഷ്യമിട്ട് രംഗത്തുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP